Followers

Sunday, July 5, 2015

വാക പറഞ്ഞത്




മരമന്നു ചൊല്ലിയെന്നോട് മെല്ലെ 
ഇലപോയൊരെൻ മേനി നോക്കിടല്ലേ 
ആകെത്തളിർത്തു ഞാൻ പൂത്ത് നിൽക്കാം 
നീ വരും നാളിതിലേ വരുമ്പോൾ 

ശിശിരത്തിലെന്നുടൽ കണ്ടിടുമ്പോൾ 
പിരിയുന്ന കൈവഴിയെന്നു തോന്നാം 
വേനലിൽ വരികെന്നരികത്തു നീ 
തീ പൂത്തു നിൽക്കുമെൻ ഭംഗി കാണാൻ 

വാനവും വീഥിയുമൊന്നടങ്കം 
ചെമ്പട്ടുടുത്തൊരാ ചേല് കാണാൻ
നീ വരും പാതയിലന്നു നിന്നെ 
കാത്തു  ഞാനഗ്നിയിൽ മുങ്ങി നിൽക്കാം 

കാലഭേദങ്ങളെയേറ്റു വാങ്ങും 
വാകയിലോർമ്മകൾ പൂത്തു നിൽക്കും 
ആർദ്രമാം ചിന്തകൾക്കാരു നൽകി 
വാകമരത്തണൽ  ചാരുഭംഗി !

സായന്തനച്ചോപ്പഴിഞ്ഞു വീഴ്കെ 
ഓരോ ദിനവും പിരിഞ്ഞു പോകെ 
സൂര്യനെ വെല്ലും ചുവപ്പു ചാർത്തി 
നിൽക്കുന്ന വാകയെയോർത്തു പോകും



ആലാപനം 
https://www.youtube.com/watch?v=rlJXlIpy7m8

കാലവൃക്ഷം


കാലവൃക്ഷത്തെയിറുകെപ്പുണരുന്നു-
യിപ്രപഞ്ചത്തിന്നടിവേരുകൾ 

കാലപ്പകർച്ചകൾ കണ്ടു നിന്നീടുന്നു
വേരുകൾ മൂടും മരക്കണ്ണുകൾ 

കാലം കണക്കെ  ഞാൻ   കാത്തു വയ്ക്കുന്നുവാ 
ഭൂതകാലത്തിന്റെ നേർചരിത്രം  

കത്തും വെയിലിലും ചീറും മഴയിലും 
കാലത്തിനൊപ്പം വളർന്നു ഞാനും  

പാടെ തളിർത്തതുമാകെപ്പൊഴിഞ്ഞതും  
പൂ മൂടി നിന്നതും കാറ്റിലുലഞ്ഞതും

കാലമെൻ ചുറ്റിലുമോടി നടന്നതും 
വേരു ചികഞ്ഞു ഞാനോർത്തെടുക്കാം 

 ഒരു കുഞ്ഞു വിത്തിൽ നിന്നിത്രയും 
നാൾ കടന്നിന്നിനെ ഞാൻ മുദാ നോക്കി നില്പൂ

വർഷവലയങ്ങളെത്രയെൻ വല്ക്ക-
ത്തിനുള്ളിൽ വൃത്തങ്ങൾ വരച്ചു തീർത്തു 

വിണ്ണിൻറെയൊപ്പം പടർന്നു, വിന്നെന്നില -
ച്ചാർത്തിൽ  പല കിളിക്കൂടൊരുക്കം 

മണ്ണിൻറെയുന്മാദ ഗന്ധം ശ്വസിച്ചെൻറെ 
വേരുകൾ  കീഴേയ്ക്ക് പാഞ്ഞിടുന്നു 

നീരൊഴുകും വഴി തേടിടുമെന്നുടെ  
തായ് വേരിനൊപ്പം വരിക  നീയും 

തായ് വേരും താതൻറെ വാക്കും തണലേകു- 
മിക്കാല വൃക്ഷവുമാലംബനം! 





Saturday, July 4, 2015

പഴഞ്ചൊല്‍പ്പെരുമ

[പുതുതായി ഒന്നുമില്ലെങ്കിലും ഓർമ്മ പുതുക്കുംതോറും പുതിയ വെളിച്ചം തരുന്ന നമ്മുടെ സ്വന്തം  പഴംചൊല്ലുകൾ. ആ നല്ല ചൊല്ലുകളിലൂടെ ഒരു യാത്ര...]

പതിരില്ലാപ്പഴംചൊല്ലിൻ 
നിറവാർന്ന കതിർ ചൂടി 
വിളയുന്ന വയലിന്‍റെ- 
യഴകൊത്ത മലയാളം! 

പഴംചൊല്ലിന്നകം പൊരു-
ളറിയുന്നോൻ വിനയത്താ-
ലൊരുനാളും തുളുമ്പിടാ -
നിറകുടമായ്ത്തീരും 

പലതുള്ളിപ്പെരുവെള്ളം 
നിറയുമൊരറിവിന്‍റെ 
പഴംചൊല്ലിന്നലകളെ 
പുൽകുവാനണയാമോ ?

ഒന്നെന്നാലടിയ്‌ക്കേണ -
മടക്കുവാനുലയ്ക്കയാൽ,
അടി മേലേയില്ലൊരൊടിയും 
നല്ലതായ് വളർന്നീടാൻ 

അതിയായി വിളഞ്ഞെന്നാ-
ലെടുത്തീടാ വിത്തിന്നും ,
കതിരിന്മേൽ വളം വച്ചാൽ 
നന്മ വിളയില്ലൊരുനാളും 

ചൊട്ടയിലെ ശീലമെല്ലാം 
ചുടലയോളം കൂട്ടുപോരും,
നായതൻറെ വാലിതുണ്ടോ 
കുഴലിലിട്ടാൽ നിവരുന്നു?!

മുളയിലറിയാമെത്രയളവതു 
വിളയുമെന്നതുകൊയ്ത്തുനാളിൽ ,
അഞ്ചിൽ വിളയുകയില്ലയെന്നാ-
ലമ്പതിലും വിളയുകില്ല 

മൂത്തവർതൻ വാക്കുകളോ 
ആദ്യമാദ്യം കയ്ക്കുമല്ലോ 
പിന്നെപ്പിന്നെ മധുരിയ്ക്കും 
നല്ല നെല്ലിക്കയെപോലെ!

ഉണ്ണിയെക്കണ്ടറിഞ്ഞീടാ -
മൂരിലുള്ള പഞ്ഞമെല്ലാം ,
മത്ത കുത്തുകിൽ മുളയ്ക്കുമോ 
കുമ്പളത്തിൻ വള്ളി മണ്ണിൽ !

അടയ്ക്കയോ മടയിൽ  വയ്ക്കാ-
മടയ്ക്കാമരമൊക്കുകില്ല ,
ചൊല്ലിക്കൊടു, നുള്ളിക്കൊടു,
തല്ലിക്കൊടു, തള്ളിക്കള 

മറന്നങ്ങു തുള്ളിയെന്നാൽ 
മറിഞ്ഞങ്ങു  വീണുപോകും ,
അടി തെറ്റിയൊരാനപോലും
നിലം പൊത്തിടുമതിവഗം  

അമൃതും വിഷമായീടു-
മധികം സേവിച്ചിടുകിൽ ,
തലമറന്നൊരു നാളുമെണ്ണ 
തേയ്ക്കരുതെന്നോർമ്മ വേണം 

താൻപാതി ദൈവം പാതി-
യോർക്കേണം,  മടി മൂലം
മലയൊന്നു ചുമന്നീടും 
മടിയന്മാർ തൻചുമലിൽ

ആശിയ്ക്കുകിലണ്ണാനോ 
ആനയാകില്ലെന്നാലും 
ആകുന്നതു ചെയ്തീടാൻ 
മതിയൊരണ്ണാൻകുഞ്ഞുപോലും! 

അക്കരെപ്പോയ് നിന്നുവെന്നാ-
ലിക്കരെയൊരു പച്ചതോന്നും 
ഇക്കരേയ്ക്കുടനണഞ്ഞീടിൽ 
അക്കരേയ്ക്കോ പച്ച പോകും!

മിന്നിടുന്ന വസ്തുവെല്ലാം 
പൊന്നതല്ലെന്നറിയേണം,  
മുറ്റത്തൊരു  മുല്ല പൂത്താ-
ലില്ല മണമതിനെന്നുതോന്നും 

പോയ ബുദ്ധി പോരുകില്ല
ആന വന്നുവലിച്ചാലും,
പയ്യെപ്പയ്യെ തിന്നുമെന്നാൽ 
പനപോലും തിന്നുതീർക്കാം! 

ഇരുന്നിട്ടു നീട്ടിടേണം 
കരുതലോടെ കാലുകളെ ,
ഒരുമിച്ചിരു വള്ളത്തിൽ 
കാലൂന്നരുതൊരുനാളും 

പഠിയുംമുമ്പു പണിയ്ക്കരാകാൻ 
നോക്കിയാലതു ദോഷമാകും ,
മുറിവൈദ്യൻ മുറിയറിവാ-
ലാളുകളെക്കൊന്നിടുംപോൽ 

അപായം വന്നണഞ്ഞെന്നാ -
ലുപായം തോന്നിടുമെങ്കിൽ, 
മലപോലെ വന്നതെല്ലാം 
മഞ്ഞുപോലെയുരുകീടും 

തീയിൽനിന്നു കുരുത്തതുണ്ടോ 
വെയിലത്തു വാടിടുന്നു ?,
മഞ്ഞു പെയ്താൽ കുതിരുമോ 
തലയുയർന്നൊരു മലനിരകൾ  ?

ഉർവശീശാപം ചിലപ്പോ-
ളുപകാരവുമായേക്കാം
നായ്ക്കുമുണ്ടൊരു നല്ലനാളെ-
ന്നുള്ള ചൊല്ലതു  കേട്ടതില്ലേ ?

...........
...........

എണ്ണിയാലുമൊടുങ്ങാത്ത 
നല്ല ചൊല്ലുകൾ പഠിച്ചീടിൽ 
നേർവഴിയ്ക്കു നയിക്കുന്നൊരു 
നല്ല മുത്തച്ഛന്നു സമം!

പതിരില്ലാപ്പഴംചൊല്ലി-
ന്നതിരില്ലാ  മലയാളം
മതിയാവോളം നുകർന്നാൽ 
മതിയുറയ്ക്കും   നിശ്ചയം! 

Tuesday, May 26, 2015

പെണ്ണിരകൾ

[ഇത് കഴിഞ്ഞ കഥകൾ... 




ഇനിയും എത്ര ജീവൻ പൊലിയണം നമ്മുടെ ബോധം നേരായ വഴിയ്ക്ക് വരാൻ? നമുക്ക് പ്രതികരണശേഷിയുണ്ടാവാൻ? കാലണയ്ക്ക്  ഗുണമില്ലാത്ത നമ്മുടെ
നിയമ വ്യവസ്ഥകളിൽ മാറ്റം വരാൻ ???]


പെണ്ണിരകൾ

പെണ്ണുടലൊന്നു പിടഞ്ഞു വീഴുന്നുണ്ട്‌ 
വണ്ടിയിൽ നിന്നും ചിതറിത്തെറിച്ചതാ 
ചിത്രം പകർത്തുവാൻ പാഞ്ഞടുത്തീടുന്നു
കണ്ടു നിന്നീടും ജനാവലിയൊക്കെയും 

പണ്ടിതു പോലൊരു സംഭവമുണ്ടായ 
നാളിവർക്കൊത്തില്ല  ചിത്രീകരിക്കുവാൻ 
ഭാഗ്യത്തിനാലിന്നു  കണ്‍മുന്നിലായിതാ 
വീണ്ടുമതേ പോലെ മറ്റൊരു പെണ്ണുടൽ !

ദീനാനുകമ്പയ്ക്കു നേരമില്ലൊട്ടുമേ
നോവിനാൽ പെണ്ണിര മണ്ണിലിഴയിലും
ചിത്രമെടുക്കണം  ദൈന്യത തോന്നണം 
നാളത്തെ പത്രത്തലക്കെട്ടിതാവണം  

ആളുകൾ വന്നു കൂടുന്നുണ്ട് ചുറ്റിലും 
മിന്നും വെളിച്ചങ്ങൾ തിന്നുന്നു പെണ്ണിനെ 
വ്യഗ്രതയാരിലുമില്ല പോൽ ലേശവും 
ജീവൻ വെടിയുന്ന പെണ്ണിനെ കാക്കുവാൻ 

പത്രധർമ്മത്തിനാൽ വീർപ്പു മുട്ടുന്നവർ, 
കാര്യമറിയുവാൻ തിക്കിത്തിരിച്ചവർ,
മുഖപുസ്തകച്ചുമർ മേലെ തറയ്ക്കുവാ-
നുള്ളൊരു ചിത്രമെടുത്തിടാൻ വന്നവർ... 

നാളത്തെ വാർത്തയിൽ നീയാണു  നായിക 
ജീവൻ പൊലിഞ്ഞാലുമെന്തിന്നു  സങ്കടം?
മാനത്തെയോർത്തു വിലപിച്ചിടേണ്ട നീ 
മേലിലോ  നീ വിലയേറും പൊതുമുതൽ !

തീ പാറും ചർച്ചയിൽ നീ കേന്ദ്രമായിടും 
നിൻ ചരിത്രമവർ  മാറ്റിക്കുറിച്ചിടും, 
കണ്ടവരൊക്കെക്കവിത രചിച്ചിടും 
കവിതക്കൊരായിരമിഷ്ടം ലഭിച്ചിടും 

കൈകളിൽ കത്തും മെഴുതിരിയേന്തി-
പ്പദയാത്രയൊട്ടു  നടത്തും പല ജനം  
സ്ത്രീവാദികൾ നിരയായിക്കൊടിയേന്തി  
യുച്ചഘോഷം മുഴക്കീടും  കുറച്ചു നാൾ 

പിന്നെ പ്പതിയെ മറവിയിലാണ്ടുപോം 
പുത്തനിരകൾ മുറ പോലെ വന്നിടും 
നിഷ്ക്രിയരായി പ്പതിവു പോൽ നിന്നിടും 
നീതി, നിയമവും ഞാനുമീ  നിങ്ങളും 

കുറ്റം നടന്നുവോവെന്നു തിരക്കുവാൻ 
കുറ്റത്തലപ്പത്തിരിപ്പവൻ വന്നിടും!
കണ്ടെത്തിടും, കൊടും കുറ്റവാളിക്കു മേൽ 
കുറ്റങ്ങൾ ചാർത്തുവാനില്ല തെളിവു പോൽ 

പാവം, പിഴയവൻ ചെയ്തില്ല, പിന്നെയോ 
ആണ്‍കുട്ടികൾ ചെറു തെറ്റുകൾ (!) ചെയ്തിടും 
ശബ്ദമുയർത്തിയ പെണ്ണു മരണ -
പ്പെടും മുൻപ് പ്രേരണാക്കുറ്റം ചുമത്തണം!

കാലന്റെ കോട്ടും നുണക്കഥക്കെട്ടുമായ് 
വാദിച്ചിടുന്നഭിഭാഷകനുച്ചത്തിൽ 
മാറ്റിക്കുറിക്കുന്നവൻ  നീതി തൻ പൊരുൾ 
ഏറും പണക്കിഴിത്തൂക്കത്തിനൊപ്പം 

കൊട്ടുവടി കൊണ്ടു പ്രജ്ഞ കെടും വരെ 
നീതിയെ താഢിച്ചിടുന്നു ന്യായാധിപർ  
ധർമബോധം വെടിഞ്ഞെത്ര നിർല്ലജ്ജമാ 
ന്യായപീഠം തന്നിലേറി ഞെളിഞ്ഞിവർ 

ഉണ്ണിക്കൊലയാളിയെപ്പരിപാലിച്ചു 
ശക്തനാക്കീടുവാനാജ്ഞയിറക്കുന്നു !
ശയ്യാവലംബിയാം പെണ്ണിരകൾക്കന്ത്യ-
ശ്വാസം വരെ ജീവപര്യന്തശിക്ഷതാൻ 

കണ്‍ കെട്ടി നിൽക്കുന്നു മറ്റൊരു പെണ്ണുടൽ
ജഡ്‌ജിയ്ക്കു  പിന്നിലായ്, കാലങ്ങളേറെയായ് 
തൂങ്ങും തുലാസിന്റെ തൂങ്ങാത്ത തട്ടിലായ് 
തോൽവിയടയുന്ന പെണ്‍മാനമേന്തിയോൾ!


കണ്‍കെട്ടഴിക്കുക, തൃക്കണ്‍ തുറന്നിട്ടു 
സംഹരിച്ചീടുകീ കാല ജന്മങ്ങളെ 
കരിനിണം തിങ്ങിടും മാറു പിളർന്നൊരീ  
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക
കാട്ടുനീതിക്കു മേൽ കാർക്കിച്ചു തുപ്പുക

Saturday, May 9, 2015

ഊർദ്ധ്വപർവ്വം

1

പൊട്ടിച്ചിരിക്കുന്നു കോപമടക്കിയുൾ - 
ക്കണ്ണിലൂറും സഹതാപമോടും 
താനിരിക്കും ചില്ല നേർക്കു തൻ വാളോങ്ങി 
നിൽക്കുന്ന മർത്ത്യനെ  നോക്കി വൃക്ഷം 

വൃക്ഷത്തണൽ കൊണ്ടു ചിത്രമെഴുതിയും 
ചിത്തങ്ങളിൽ കുളിർ നീർ നിറച്ചും 
സംവത്സരങ്ങളായ് ജീവൻ പകർന്നൊരാ
വൻനദി വറ്റി വരണ്ടിടുന്നു 

ജീവൻ വെടിയുന്നതിൻ മുൻപു മത്സ്യമാ 
വേവും കരളുമായ്‌ ചൊല്ലിടുന്നു,
വീഴ്ത്തരുതേ വിഷം ശേഷിച്ച നീറ്റിലെൻ 
കുഞ്ഞു മത്സ്യങ്ങൾ ശ്വസിച്ചിടട്ടെ 

വേരറ്റ മാമരക്കൊമ്പുകൾക്കുള്ളിലാ
കൂടും തകർന്നു കേഴുന്നു പക്ഷി, 
ഒരു ചില്ലയെങ്കിലും ബാക്കി വച്ചേക്കുകെൻ
മക്കൾക്കു സന്ധ്യയിൽ കൂടണയാൻ  

കാലമറിയിച്ചു വന്നുപോകും കാല-
വർഷം വരാതെയാകും വരും നാൾ 
തീക്കനൽ ചീറ്റും ചുഴലിക്കൊടുംകാറ്റി-
ലിറ്റു മരത്തണൽ നീ കൊതിക്കും 

കത്തുന്ന വേനലാൽ  വിണ്ടൊരീ  ഭൂമിയെൻ 
മേനിയാകെ നീറി നൊന്തിടുമ്പോൾ 
അച്ചുതണ്ടിൻ നില തെറ്റി ഞാൻ വേയ്ച്ചിടും, 
ഭൂദുരന്തം നിൻ കുലം മുടിക്കും  

ഊഴി തൻ മാറ് പിളർന്നു നീയെത്ര നാൾ 
നാട്ടും വിജയ കൊടിക്കൂറകൾ?
നിൻ ജഡം മൂടുവാൻ വൈകാതെ തന്നെയീ 
വെന്നിക്കൊടികൾ തുണയ്ക്കു പോരും ! 

അന്നു പക്ഷെ നിനക്കന്ത്യമായ് വായ്ക്കരി-
ക്കുണ്ടാകയില്ലൊരു  സന്തതിയും  
ഒരു തുണ്ടു ഭൂമിയും ബാക്കി വയ്ക്കാതെ നിൻ 
മക്കളെ നീ  കൊന്നൊടുക്കയല്ലോ 

2.

കൂട്ടമായ്‌ പോകുന്നതെങ്ങു മനുഷ്യനെ 
കൂടാതെയുള്ള ചരാചരങ്ങൾ?!
കണ്ടു തൻ സങ്കടം ചൊല്ലുവാൻ മണ്ടുന്നു 
ഈശ്വര സന്നിധാനമതിങ്കൽ 

ദൈവം തല തന്റെ കൈകളാൽ താങ്ങി 
കുനിഞ്ഞു കുമ്പിട്ടു പരിതപിപ്പൂ;
ഭാസ്മാസുരന്നു വരം കൊടുത്തന്നു കൈ 
പൊള്ളിയ പാഠം മറന്നു പോയ്‌ ഞാൻ !*

ഇപ്രപഞ്ചത്തിൻ നിറുകയിൽ നിന്നെ ഞാൻ 
മന്നനായ് വാഴിച്ചതെന്റെ പാപം 
മാപ്പു ചോദിക്കുന്നു ശേഷിച്ച ജീവ -
ജാലങ്ങളെ, പശ്ചാത്തപിക്കുന്നു ഞാൻ 

പ്രകൃതിയ്ക്കരിയായി  വാഴുന്നൊരു  ജന്തു 
മാത്രമേയെൻ സൃഷ്ടി തന്നിലുള്ളൂ.
സംഹരിച്ചീടുവാൻ നേരമായ് മർത്ത്യനെ  
പാരിൽ ജീവൻ നില നിന്നിടാനായ്  

മറ്റു വഴികളടച്ചുവെൻ മുന്നിൽ  നീ
നൃത്തമാടുന്നഹങ്കാരമോടെ
മർത്ത്യാ  കരുതിയിരുന്നുകൊൾകെൻ  കനൽ
കത്തുന്ന ചൂടിലുടൽ ദഹിക്കാൻ   

പണപ്പെട്ടി മേൽ  പട്ടുമെത്ത വിരിച്ചു  നിൻ 
പട്ടടയിൽ നീ കിടന്നിടുമ്പോൾ 
പ്രകൃതിയല്ലാതെ മറ്റൊന്നല്ലയീശ്വര-
നെന്ന സത്യം നീയറിഞ്ഞുകൊൾക .


*(ഭഗവാൻ ശിവനെ തപസ്സ് ചെയ്ത അസുരന്  തൊട്ടതെല്ലാം ഭസ്മമാക്കാനുള്ള വരം കൊടുത്തതും വരം ഫലിക്കുമോ എന്ന് അറിയാൻ  ഭഗവാന്റെ മേൽ  തന്നെ പരീക്ഷണത്തിന് ഒരുങ്ങുകയും ചെയ്ത ഭസ്മാസുരന്റെ പുരാണ കഥ ഓർക്കുക )

Friday, April 3, 2015

കുനിഞ്ഞ തലയോടെ നമ്മുടെ വിനോദസഞ്ചാരം






താജ് മഹൽ...      പ്രൈമറി വിദ്യാഭ്യാസകാലം മുതൽ കേട്ടറിഞ്ഞ്   മനസ്സിൽ അത്ഭുതാതിരേകത്തോടെ  മാത്രം സൂക്ഷിച്ചിരുന്ന വെണ്ണക്കൽ സൗധം... നേരിൽ കാണാൻ ഭാഗ്യമുണ്ടായത് ഈ നാൽപ്പത്തിയാറാം വയസ്സിൽ. വേണ്ടിയിരുന്നില്ല എന്ന് വേദനയോടെ, അതിലേറെ ആത്മരോഷത്തോടെ തോന്നിപ്പോയ ഒരു സന്ദർശനം. മനസ്സിലെ ആ സുന്ദര സൗധത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഒട്ടും അഭിമാനകരമല്ലാത്ത, ലോകത്തിനു മുന്നിൽ തല താഴ്ന്നു പോകുന്ന  ചില കാഴ്ചകൾ പറന്നു നടക്കുന്നു.


ചരിത്ര സ്മാരകങ്ങളുടെ കാര്യത്തിൽ ധനികരാണ് നമ്മൾ ഇന്ത്യക്കാർ. താജ്മഹൽ എന്ന ലോകാത്ഭുതം എന്റെ രാജ്യത്തിലാണ് എന്ന് അഭിമാനപൂർവം പറയുന്നവരാണ് നാമെല്ലാം. പക്ഷെ ഈ ചരിത്ര സമൃദ്ധിയും വൈവിധ്യവും  നമ്മൾ അർഹിക്കുന്നുണ്ടോ? ഇല്ല എന്ന ഉത്തരമാണ് ഈ വൈകിയ വേളയിലെ താജ്മഹൽ സന്ദർശനം എനിക്ക് നൽകിയത്. മാണിക്യം കുപ്പയിലായാലും തിളങ്ങും എന്ന് ഒരു ചൊല്ലുണ്ട്. എന്നാൽ മാണിക്യമായാലും മരതകമായാലും ഞങ്ങൾക്കത് കേവലം കുപ്പയ്ക്ക് സമം എന്ന് ലോകത്തിനോടു വിളിച്ചുപറയുന്നത്‌ പോലെ ഒരു തോന്നലാണ് ഈ സന്ദർശനം എന്നിൽ ഉണ്ടാക്കിയത്.

ഇത്തരമൊരു വികാരത്തിന് കാരണമായ കാഴ്ച്ചയെ കുറിച്ച് പറയാം. താജ്മഹൽ സന്ദർശനത്തിന് എത്തുന്നവർക്ക് ചെരുപ്പ് പുറത്ത് ഊരി  വയ്ക്കുന്നത് ഒഴിവാക്കാനായി  ചെരുപ്പിന് പുറത്തു കൂടി ഇടാൻ ഒരു തരം white recycled fiber cover വിതരണം ചെയ്യുന്നുണ്ട്. 



കാലിൽ ഇട്ട് രണ്ടടി നടക്കുമ്പോൾ തന്നെ അത് കീറിപ്പറിഞ്ഞ് കാലിൽ നിന്ന് ഊരി പ്പോകും. പിന്നീടുള്ള കാഴ്ച ഭാരതത്തിന്റെ ചരിത്ര സമൃദ്ധിയിൽ അഭിമാനിക്കുന്നവർക്കെല്ലാം  ഹൃദയഭേദകമാണ് എന്ന് പറയാതെ വയ്യ. പതിനായിരക്കണക്കിനു സന്ദർശകർ നിത്യേന എത്തുന്ന ഈ ചരിത്ര സ്മാരകത്തിന്റെ  അകത്തളങ്ങളിലും പുറത്തും മുക്കിലും മൂലയിലും  ഈ കീറിപ്പറിഞ്ഞ കവറുകൾ കുന്നു കൂടി കിടക്കുന്ന കാഴ്ച ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്. ഒരു കാറ്റടിച്ചാൽ   അവ  നമ്മുടെ മുഖത്തേയ്ക്കു പറന്നടുക്കും, ഇന്ത്യയുടെ  മുഖത്ത് കരി പുരട്ടാൻ വരുന്ന ശത്രുക്കളെ പോലെ. ഒരു സന്ദർശകനും തൻറെ കാലിൽ നിന്ന് ഊരി വീഴുന്ന ഈ വൃത്തികേട്‌ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുന്നതായി കണ്ടില്ല. പൗരധർമം എന്ന ഗുണത്തിന്റെ കണിക പോലും എങ്ങും കണ്ടില്ല. എന്നു മാത്രമല്ല, കെട്ടിടത്തിനു വെളിയിൽ വെള്ളമൊഴുകാനായി പണിതിട്ടുള്ള സിമന്റു ചാലിൽ കുട്ടികളെ മലമൂത്ര വിസർജ്ജനത്തിന് ഇരുത്തുന്ന മാതാപിതാക്കളെയും കാണേണ്ടിവന്നു! ഭാരതത്തിൽ നില നിന്നിരുന്ന വിവിധ രാജവംശങ്ങളുടെ തനതായ വാസ്തുശില്പവൈവിധ്യത്തിനും വൈദഗ്ദ്ധ്യത്തിനും    ലോകമെമ്പാടും  പ്രശസ്തി നേടിത്തരുന്നതിൽ പ്രധാന പങ്കു വഹിച്ച  നമ്മുടെ അഭിമാന സ്തംഭമായ താജ്മഹലിനെ പറ്റി തന്നെയാണ് ഈ പറയുന്നത്. 





!!!!!!!!


യു പി സർക്കാരിൻറെ  പിടിപ്പുകേടിന്റെ മകുടോദാഹരണമാണ് ഈ കാഴ്ചകൾ. "ആണ്‍കുട്ടികളായാൽ തെറ്റ് ചെയ്തെന്നിരിക്കും" എന്ന് ഉദ്ഘോഷിച്ച, യു പി യുടെ  പഴയ ഭരണാധികാരിയായ മുലായം സിംഗിന്റെ സുപുത്രൻ വാഴുന്ന നാട് ! ഇവിടെ മറ്റെന്ത് പ്രതീക്ഷിക്കാൻ?  ആരുടെ നന്മയ്ക്കു വേണ്ടിയാണ് കാല് പൊതിയാനുള്ള ഈ കവറുകൾ വിതരണം ചെയ്യുന്നത് എന്നറിയില്ല. അത് ഈ മനോഹര സൗധത്തി ന്റെ നിലത്ത് അഴുക്ക്‌ പുരളാതിരിക്കാനാണെന്ന ന്യായമാണ് ഏറെ വിരോധാഭാസം.

ഇന്ത്യ ഭരിച്ച വിവിധ രാജവംശങ്ങൾ പണിതു വച്ച എണ്ണമറ്റ ഈ മഹാ സൗധങ്ങളും സ്മാരകങ്ങളും  ഉയർത്തി പ്പിടിച്ചാണ് നാളിതുവരെയും നമ്മൾ നമ്മുടെ ചരിത്രവൈവിധ്യത്തെ പറ്റി അഹങ്കരിച്ചിരുന്നത്. പുതിയ രീതികളും കീഴ്വഴക്കങ്ങളും കാണുമ്പോൾ അധികകാലം ഈ അഹങ്കാരത്തിന് ആയുസ്സ് ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ തന്നെ താജ്മഹലിന്റെ പ്രശസ്തമായ വെണ്ണക്കൽ ഭിത്തികൾ അന്തരീക്ഷ മലിനീകരണം മൂലം കറുത്ത കുത്തുകളോടു കൂടിയ മഞ്ഞ നിറമായിക്കഴിഞ്ഞിരിക്കുന്നു.   

എവിടെ നമ്മുടെ ടൂറിസം അധികാരികൾ? 
ആരുണ്ട്‌  ഈ നാണക്കേടിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ? 

കൂട്ടത്തിൽ പറയട്ടെ, കാലങ്ങളായി നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നവയാണ് ദില്ലിയിലെ എണ്ണമറ്റ ചരിത്ര സ്മാരകങ്ങൾ എന്നത് അഭിനന്ദനാർഹമാണ്. പ്രത്യേകിച്ചും ഹുമയുൻസ് ടൂമ്പ്, ഇസാഖാൻ മെമ്മോറിയൽ, പുരാന ഖില തുടങ്ങിയ എണ്ണമറ്റ സ്മാരകങ്ങൾ. ഭാവി തലമുറകൾ കണ്ടറിയേണ്ട ചരിത്ര ശേഷിപ്പുകൾ  നശിക്കാതെ കാക്കേണ്ടത്‌ നമ്മുടെ കടമയാണ്. 

ജയ്‌ ഹിന്ദ്‌!

Monday, March 16, 2015

മാ മാനുഷാ !



തമ്മിൽ തല്ലി മരിക്കും തലമുറ 
തൻ ദു:സ്വപ്നം  നിത്യം കാണ്‍കെ 
ഭീതിതമോർത്താൽ ലോകത്തിൻ ഗതി 
കാണാൻ നമ്മൾ ശേഷിച്ചിടുമോ?

പുത്തൻ തലമുറ സംസ്ക്കാരത്തിൻ 
മുത്തു പെറുക്കാനെത്തും നേരം 
ചിപ്പിക്കുള്ളിൽ ചപ്പും ചവറും 
കുത്തി നിറച്ചു കൊടുപ്പൂ നമ്മൾ

മുത്തച്ഛൻമാർ നൽകിയ നന്മ-
പ്പത്തരമാറ്റിൻ മുത്തുകളായിര 
മല്ലോ നമ്മൾ പോരും വഴികളി-
ലെത്രയലക്ഷ്യം വിറ്റു തുലച്ചു 

പകരം വാങ്ങിയ തീക്കട്ടകളോ 
മാറിപ്പോയീ ചാമ്പൽക്കരിയായ്  
മിന്നുന്നതു കണ്ടെത്ര കൊതിച്ചൂ 
സമ്പത്താണെന്നന്നു നിനച്ചു 

നൽകുവതെന്തിനി തലമുറകൾക്കായ്  
പരതുവതെവിടെ പാരമ്പര്യം?
കൈ വിട്ടതിനെ കണ്ടു പിടിക്കാൻ 
മോഹിക്കുന്നൂ തിരികെ നടക്കാൻ 

നല്ല പിതാമഹർ നട്ടു നനച്ചു 
വളർത്തിയ തണലിൻ പന്തൽക്കുടകൾ 
കൊത്തിനുറുക്കി കീശയിലാക്കി 
കത്തും വൈരക്കോട്ടകൾ കെട്ടി 

കോട്ടയ്ക്കുള്ളിൽ പെട്ടിട്ടുഴറും 
എട്ടും പൊട്ടും തിരിയാ തലമുറ 
കണ്ണു മിഴിച്ചവർ കാണുന്നൂ നാം 
കാട്ടും നാണക്കേടിൻ ചരിതം 

മൂത്തവർ ചൊല്ലും മുതുനെല്ലിക്കയിൽ
പാഷാണ ത്തിന്നംശമിരുന്നാൽ 
ഭക്ഷിച്ചിടുമൊരു  തലമുറകൾക്കും 
പോകെ പോകെ മധുരം തോന്നും !

പക്ഷം ചേർന്നൊരു  വിഷവൃക്ഷത്തിൻ 
വിത്തു കിളിർപ്പിച്ചീടരുതിനിയും 
വിളയും നിലമിതു പാകണമിവിടെ 
തണൽ വൃക്ഷത്തിൻ വിത്തുകളധികം  

നന്മക്കനികൾ തിന്നാൻ കിളികൾ 
വന്നണയേണം  നിത്യം നിത്യം 
നൽകും മരമായ്‌ തലമുറയിവിടെ 
പടരണമെന്നും വിശ്വം നിറയെ 

കാണണമെന്നും കണ്ണിൻ മുന്നിൽ 
പിഞ്ചുമുഖങ്ങൾ കർമ പഥത്തിൽ 
അച്ചിൽ വച്ചൊരു കളിമണ്ണ,വരുടെ 
ചിത്തം കുത്തി മുറിക്കരുതാരും 

യുദ്ധക്കളമായ് തീർക്കരുതിവിടം 
ലോകത്തറവാടിൻ നൽമുറ്റം 
നമ്മൾക്കാരോ ദാനം തന്നൊരു 
നന്മകൾ കാക്കാൻ നാം ബാധ്യസ്ഥർ 

സംസ്കാരത്തിൻ ലോപം കൂടാ-
തുള്ളൊരു ജനസമ്പത്താണനിശം 
നിത്യം നാടിൻ നാമമുയർത്തും
നിർണായകമാം സ്വത്തതു കണിശം 

പണിയണമതിനായ്,വൈകരുതിനിയും 
വിദ്വേഷത്തിൻ മതിലുകൾ നീക്കാം  
മറ്റൊന്നെന്നൊരു വേർതിരിവില്ലാ -
തെല്ലാമൊന്നെന്നുള്ളൊരു മനസ്സായ്...

Wednesday, February 4, 2015

വെണ്മലയാളം

[മാതൃഭാഷ എന്ന ചിന്ത  പലപ്പോഴും പലരുടെയും  കവിതയ്ക്കു വിഷയീഭവിച്ചിട്ടുള്ളതാണ് . അതുകൊണ്ടുതന്നെ  ആ വിഷയം വീണ്ടും ഒരു കവിതയാക്കാൻ ഇതുവരെ ധൈര്യമുണ്ടായിരുന്നില്ല, വള്ളത്തോളും മറ്റുപല മഹാകവികളും യഥേഷ്ടം മനോഹരമായി വർണിച്ചിട്ടുള്ള ഈ വിഷയത്തെക്കുറിച്ചു വീണ്ടും എഴുതുമ്പോൾ  അത് ഒരു പകർത്തിയെഴുത്തു മാത്രമായേ  വായനക്കാർക്കു തോന്നുകയുള്ളൂ എന്നതായിരുന്നു ഭയം. ഇതിപ്പോൾ ഒരു സഹപ്രവർത്തക ഒരു പ്രത്യേക ആവശ്യത്തിലേയ്ക്കായി മലയാള ഭാഷയെ കുറിച്ചു നാലുവരി എഴുതിക്കൊടുക്കുമോ എന്നു ചോദിച്ചപ്പോൾ എഴുതാൻ ശ്രമിച്ചതാണ് ഇതിലെ ആദ്യ നാലുവരികൾ. എന്നാൽ പിന്നീട് അതിനെ വെറും നാലുവരിയായി ഉപേക്ഷിക്കാൻ  മനസ്സു വരാഞ്ഞതു കൊണ്ട് ബാക്കി വരികൾ കൂടി എഴുതിച്ചേർക്കാൻ  ഒരു ശ്രമം നടത്തി. നമ്മുടെ മലയാള ഭാഷയെ വർണിക്കാൻ ഇത്രയൊന്നും ഭാവന പോര എന്നറിയാം. എങ്കിലും അണ്ണാറക്കണ്ണനും തന്നാലായതുപോലെ ഒരു  കുഞ്ഞു മലയാള മണ്‍തരി ഇവിടെ ചേർത്തുവയ്ക്കുന്നു. ]



തുമ്പപ്പൂപോൽ പരിശുദ്ധിയോലുന്നൊരീ  
തൂവെൺമലയാളമെന്‍റെ ഭാഷ 
അന്നൊരുനാൾ പിഞ്ചുകുഞ്ഞായിരിക്കവേ-
യമ്മയും ചൊല്ലിയ മാതൃഭാഷ 

കുഞ്ഞുങ്ങളാദ്യമായമ്മയെന്നോതുമ്പോൾ 
സ്നേഹം തുടിക്കും വാത്സല്യഭാഷ 
അച്ഛനെന്നുള്ളോരു വാക്കിൽ കടലോള-
മാദരവേറ്റും ഗംഭീരഭാഷ 

നാടോടിപ്പാട്ടിൻറെയീണം പഴകിയ 
നാട്ടുവരമ്പിൽ നാം കേട്ട ഭാഷ 
ഞാറുകൾ താളത്തിലാടുമ്പോൾ കർഷകർ 
മൂളിയിരുന്നതാം നാട്ടുഭാഷ 

വഞ്ചിപ്പാട്ടിൻ തക തെയ്യക്കം താളത്തിൽ 
വള്ളങ്ങൾ തുള്ളിക്കളിക്കും ഭാഷ 
വള്ളത്തോൾ പാടിപ്പുകഴ്ത്തിയ കേരള 
മണ്ണിന്‍റെ സ്പന്ദനമാർന്ന  ഭാഷ 

പഞ്ചവർണ്ണക്കിളിശാരികയൊന്നിനെ 
തുഞ്ചൻ പഠിപ്പിച്ച പദ്യഭാഷ 
മർമ്മത്തിലേറ്റിടും നർമത്തിന്നമ്പുകൾ 
തഞ്ചത്തിലെയ്ത കുഞ്ചന്‍റെ ഭാഷ 

ചെഞ്ചെമ്മേ പൊന്നുണ്ണിക്കണ്ണന്‍റെ ലീലകൾ 
ചേലിൽ ചെറുശ്ശേരി ചൊന്ന ഭാഷ 
ഭക്തി തന്നുത്തുംഗശൃംഗത്തിലെത്തിച്ച 
പൂന്താനപ്പൂങ്കുഴമ്പായ ഭാഷ 

നാരികൾക്കെന്നെന്നും മാതൃകയായിന്ദു-
ലേഖ പിറവിയെടുത്ത ഭാഷ 
മാർത്താണ്ഡവർമയും ധർമരാജാവുമായ് 
മാർഗ്ഗമീ നാട്ടിൽത്തെളിച്ച ഭാഷ 

പേരാറുമോമൽപ്പെരിയാറും ചേർന്ന-
മൃതൂട്ടി വളർത്തിയ കാവ്യ ഭാഷ 
സഹ്യസാനുക്കളിൽ നിന്നഭിമാനമോ-
ടെന്നുമുയർന്നു കേട്ടീടും ഭാഷ 

പൂരങ്ങളുൽസവം തെയ്യം തിരനോട്ട-
മെന്നുമരങ്ങിൽ  നിറയും ഭാഷ 
മുത്തുക്കുട ചൂടിയെത്തും ഗജവീരർ 
തൻറെ തലയെടുപ്പൊത്ത ഭാഷ 

ഗന്ധർവഗായകർ തൻ സ്വരമാധുര്യ-
മാവോളം കോരിക്കുടിച്ച ഭാഷ 
ദിക്കുകൾ മാറവേ മാറുന്ന ശൈലികൾ-
കൊണ്ടു സമ്പന്നമായ്ത്തീര്‍ന്ന ഭാഷ. 

ഭാഷയെ വർണ്ണിപ്പാനാവോളം വന്ദിപ്പാ-
നീ മർത്യജന്മമിതെത്ര തുച്ഛം! 
എങ്കിലും വന്നുപിറക്കേണം മണ്ണിതിൽ 
ഭാഷയെ മാതാവായ് മാനിക്കുവോർ

ചേലൊത്ത ഭാഷയ്ക്കു ചേരാത്ത വാക്കുകൾ 
ചൊല്ലി വികൃതമാക്കീടരുതേ 
നാളത്തെ കുഞ്ഞുങ്ങളീ മലയാളത്തെ 
നെഞ്ചേറ്റിടട്ടഭിമാനമോടെ!
നെഞ്ചേറ്റിടട്ടഭിമാനമോടെ! 

Wednesday, January 14, 2015

യുവവാണി

[ ഇന്നത്തെ യുവതയുടെ ചിത്രം ഒന്ന് വരച്ചു കാട്ടാൻ ശ്രമിക്കുകയാണിവിടെ. മുഴുവൻ യുവാക്കളും ഇങ്ങിനെയാണെന്ന് ഇതിനർത്ഥമില്ല. എന്നാലും സമൂഹത്തിൽ  ഓരോരോ  കാലങ്ങളിൽ വന്നു പെടുന്ന ചില പുഴുക്കുത്തുകൾ,  അതങ്ങിനെ മുഴച്ചു നിൽക്കും. അത്തരം ചില സ്വഭാവ വൈചിത്ര്യങ്ങളിലേക്കാണ്  വായനക്കാരുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്.]


അരയിലൊരൂഞ്ഞാലു പോലെ ചാഞ്ചാടുന്ന 
കൗങ്ങിൻ തടിയൊക്കും കാലുറയും 
കർണങ്ങളിൽ നിന്നു തൂങ്ങിയാടീടുമാ  
വള്ളികൾ ചുറ്റുമുടലഴകും  

നിറുകന്തലയതു ചീങ്കണ്ണി തന്നുടെ 
മുതുകു പോൽ തോന്നിക്കും കേശത്തോടും
ചെമ്പൻ നിറം തേച്ചലങ്കരിച്ചീടുമാ 
തലയതു ചെമ്പോത്തോ ചെങ്കീരിയോ!

ഇമ്മട്ടിൽ ചുറ്റിത്തിരിയുന്നുണ്ടാവോളം 
പുത്തൻ പുതു സുകുമാരകന്മാർ 
ഫാഷൻ പലതരം തന്നുടെ ദേഹത്തു 
കാട്ടിപ്പരീക്ഷിക്കും കോമളന്മാർ 

കുമരികളാവട്ടെ ലാടം തറച്ചൊരു 
പീഠത്തിലേറി നടന്നിടുന്നു,  
കുതിരക്കുളമ്പടിയോ സുകുമാരികൾ 
തന്നുടെയന്ന നട നടയോ!

കാലിലിറുകിപ്പിടിച്ചുള്ള 'ലെഗ്ഗിയോ'
ചായമടിച്ചൊരു കാലു താനോ!
കാലതിൽ കേറ്റിയിറക്കുവാനുള്ളൊരു 
യത്നമതോർത്താൽ നമിച്ചിടേണം!!

 ജന്മനായുള്ളൊരു നല്ലോരു വേണിയെ 
കഞ്ഞിയിൽ മുക്കിയ നൂല് പോലെ 
നീട്ടി വലിച്ചിട്ടു തേച്ചു മിനുക്കുന്നു 
മുറ്റമടിക്കുന്ന ചൂലു  പോലെ!

കണ്ടുനിന്നീടുകിലയ്യോ  ബഹുരസം 
പച്ചപ്പരിഷ്കാര വിഡ്ഢി വേഷം 
കാലത്തിനൊത്തുള്ള  കോലമണിയുവാൻ 
കോമാളിയായി ചമഞ്ഞീടണോ? 

കുമരീകുമാരകൻമാർ ചൊല്ലും ഭാഷ
മലയാളമോവാംഗലേയമതോ  
രണ്ടും തികയാതരോചകം കേൾക്കുവാൻ 
ജാഡയ്ക്കു നാവു മുളച്ച പോലെ! 

'ബ്രോ'യെന്നും 'ട്യൂടെ'ന്നും 'ഡാഡെ'ന്നും 'മോ'മെന്നും 
നീട്ടിക്കുറുക്കും  വിളിപ്പേരുകൾ, 
നാക്ക് വളയ്ക്കുകിൽ പെറ്റമ്മ തൻ മാനം 
കപ്പലു കേറും പദാവലികൾ!

സഞ്ചരിച്ചീടുന്ന  സംസാര യന്ത്രത്തെ (മൊബൈൽ ഫോൺ)
സംസാരമെന്നു നിനയ്ക്കുമിവർ, 
ചാറ്റിങ്ങും ചീറ്റിങ്ങും പോക്കറ്റിലുള്ളോരാ  
യന്ത്രത്തിൽ തോണ്ടി നടത്തുമിവർ 

ലക്ഷ്യമില്ലൊന്നിനും  പക്ഷമില്ലൊന്നിലും 
സ്വന്തമഭിപ്രായമില്ലൊന്നിലും, 
നൈമിഷികമാകും മായാ സുഖങ്ങളി-
ലുന്മത്തരായ് മതി കെട്ടിടുന്നു

മാതൃകയാക്കുവാനില്ലിവർക്കാരുമി-
ന്നാരെ പഴിക്കും, സുകൃതക്ഷയം!
നേർവഴിയോതേണ്ടോർ മദ്യശാലയ്ക്കുള്ളിൽ 
പൊങ്ങും ലഹരി നുകർന്നിരിപ്പൂ 

അപ്പൂപ്പനമ്മൂമ്മമാരൊക്കെ വൃദ്ധ 
സദനങ്ങൾ തൻറെയകത്തളത്തിൽ 
ദു:ഖിച്ചിരിക്കുന്നു മാർഗം തെളിക്കേണ്ട 
ദീപം കൊളുത്തുവാനായിടാതെ. 

ആരാരു ചെന്നൊന്നു നല്ല വാക്കോതിടു-
മീ പുതു നാമ്പുകൾ വാടിടാതെ ?
താഴേയ്ക്കു നോക്കി വീഴാതെ നടക്കുവാൻ 
തമ്പുരാൻ ത്രാണി കൊടുത്തിടട്ടെ!  

Tuesday, December 30, 2014

ആനന്ദക്കടൽ




കടലല മാടി വിളിക്കുന്നുണ്ടൊരു 
കുളിരലയുണരുന്നുണ്ടതു കരളിൽ 
ഇടതടവില്ലാതുയരും തിരകൾ
അനവരതം ചിന്തും നുര കരയിൽ 

ഭൂഗോളത്തെ കെട്ടിപ്പുണരും 
നീർക്കമ്പളമിതു മായാജാലം !
അരികില്ലാത്തോരവനിയിലാഴി-
യിതടി തെറ്റാതെ കിടക്കുവതെങ്ങിനെ?!

പലപല സമയം ബഹുവിധ വർണം, 
ഭാവം പ്രവചിച്ചീടുക കഠിനം!  
വെണ്‍നുര മൂടിയ വൻതിരയുള്ളി-
ലൊളിപ്പിച്ചിടുമതു ശീല സഹസ്രം! 

മദ്ധ്യാഹ്നത്തിൽ വെള്ളിക്കൊലുസ്സും 
സായാഹ്നത്തിൽ സ്വർണക്കൊലുസ്സും 
ചാർത്തി വരുന്നൊരു നൃത്തക്കാരി 
ചുവടുകളെന്തൊരു ചടുലം ചടുലം! 

മയിലുകളായിര മഴകിൽ മഴവിൽ 
പീലി വിരിച്ചു വരുന്നതു പോലെ, 
ബഹുവർണപ്പട്ടാംബരഞൊറികൾ 
കാറ്റിലുലഞ്ഞാടുന്നതു പോലെ. 

പനിമതി വാനിലുദിക്കും നേരം 
പാരാവാരം പ്രണയ വിലോലം 
നിശയാം മഷിയിൽ മുങ്ങിയ ജലധി 
യിലിട കലരുന്ന നിലാവിൻ വികൃതി. 

കിലുകിലെയാർത്തു ചിരിക്കും കുട്ടിക-
ളൊത്തൊരു മത്സര മോടിത്തൊട്ടും, 
കെട്ടിമറിഞ്ഞും കാലിൻ കീഴിലെ 
മണ്ണ് കവർന്നിട്ടോടിമറഞ്ഞും 

കരയിൽ കുഞ്ഞികൈകൾ തീർക്കും 
കലകൾ കാണാനോടിയടുക്കും, 
കലപില കൂട്ടിക്കലഹിക്കും പോൽ 
കരയെ മായ്ച്ചിട്ടലകൾ കൊഞ്ചും.

കാറും കോളും കണ്ടാലാഴ- 
ക്കടലിൻ ഭാവം പാടേ മാറും! 
കരുണക്കണ്ണിൽ ക്രോധം പാറും 
മത്തേഭം പോൽ നാശം വിതറും, 

കളിചിരിയെല്ലാം മാഞ്ഞിട്ടോള -
ക്കൈകൾ  കരയെ തച്ചു തകർക്കും... 
പിന്നൊരു മാത്രയിൽ ശാന്തം പാവം !
എല്ലാം സ്വപ്നം പോലെ വിചിത്രം !!

ആഴിയുമൂഴിയുമാകാശവു-
മൊത്താരിലുമുന്മാദത്തെയണയ്ക്കും 
പാരിൽ തിങ്ങിടുമാനന്ദക്കടൽ 
കാണാതുഴറി നടപ്പൂ  നമ്മൾ 

വശ്യമാനോഹരമീശ്വരനരുളിയ 
വിശ്വമനന്ത പ്രപഞ്ചപയോധി 
മത്തു പിടിപ്പിച്ചീടും പ്രകൃതി-
യ്ക്കൊപ്പം വരുമോ വീഞ്ഞിൻ ലഹരി!! 



Thursday, December 25, 2014

പണ്ടത്തെ ചങ്കരൻ


ജാതി ചോദിച്ചിടുന്നില്ലെന്നൊരു ഭിക്ഷു 
ചണ്ഡാലഭിക്ഷുകിയോടന്നുര ചെയ്തു 
ഇന്നാ വഴിയിലോ കാണുന്നു നീളവേ 
ജാതിപ്പിശാചിൻ മുടിയഴിഞ്ഞാട്ടങ്ങൾ 

തൻ മതഗ്രന്ഥമൊരു  വേളപോലുമൊ-
ന്നാകെ  പഠിച്ചിടാൻ നേരമില്ലാത്തവർ 
തമ്മിലടിക്കുന്നു തൻ ജാതി തന്നുടെ
ശ്രേഷ്ഠത
യെണ്ണിപ്പറഞ്ഞും പറയിച്ചും 

ജാതിയെയുദ്ധരിച്ചീടുവാനല്ലിതു  
കേവലം കണ്ണിൽ പൊടിയിടൽ നിശ്ചയം  
വാഴുന്നവരുടെ പോഴത്തമൊക്കെയും
തീയാൽ മറച്ചിട്ടു വാഴ വെട്ടും തന്ത്രം 

വിത്തത്തിലാർത്തി നുരച്ചിടും നേരത്ത് 
ജാതിയും ജാതകം തന്നെയും വിൽപ്പവർ 
കൂട്ടത്തിലുണ്ടധികാരമെന്നാകിലോ
ധാർഷ്ട്യത്തൊടൊക്കെയും തച്ചു തകർപ്പവർ 

നാട്യമാടും  ബദ്ധവൈരികളെന്നപോൽ 
മിത്രങ്ങളായിടും പിന്നാമ്പുറങ്ങളിൽ 
തമ്മിലടിപ്പിച്ചൊഴുക്കുയ ചെന്നിണം 
പങ്കു ചേർന്നൂറ്റിക്കുടിക്കും നരികൾപോൽ 

ജാതിക്കു വേണ്ടി പകുത്തു പകുത്തിനി 
ബാക്കിയില്ലീ മണ്ണ് മാനവജാതിക്കായ് 
ഈ നാട് ഭ്രാന്താലയമെന്നു പണ്ടൊരു 
ചിന്തകൻ  ചൊന്നതു സത്യമെന്നേ വരൂ 

ഇപ്പാഴ്മരത്തിന്റെ വേരുകളെത്ര  
പതിറ്റാണ്ടു മുൻപെയുന്മൂലനം ചെയ്തവർ 
ചോദിച്ചിടുന്നൂ കുടത്തിൽ ബന്ധിച്ചൊരു 
ഭൂതത്തെ വീണ്ടുമാവാഹിച്ചു ണർത്തിയോ ?

ചോദിചിടുന്നൂ പരിഹാസമോടവർ 
തീക്കൊള്ളിയോ മടിശ്ശീലയിലേറ്റുന്നു ?
സാക്ഷര ലോകമെന്നുച്ചത്തിലിങ്ങനെ 
ഭള്ളു പറഞ്ഞിടാൻ ലജ്ജയില്ലേതുമേ!

ഇന്നു പൊതുജനം ജാതിമതഭേദ- 
മെല്ലാം വെടിഞ്ഞു നന്നായ്ക്കഴിയുമ്പൊഴും    
നാടു  ഭരിക്കുവോർക്കോട്ടു പിടിക്കുവാ-
നായുധമിന്നുമീ ജാതിക്കുതന്ത്രങ്ങൾ.  
 
എന്നും ജനങ്ങളെ തമ്മിലടിപ്പിച്ച-
ധികാരമോഹികൾ വഴുന്നെവിടെയും, 
ഇന്നാടിൻ ഭരണവ്യവസ്ഥയൊഴിച്ചാരു 
ജാതി ചോദിക്കുന്നിവിടെ പരസ്യമായ്? 

വ്യക്തിതൻ ജാതിയവൻ്റെയാവകാശ-
മെന്തിനു കണ്ണതിൽ നാട്ടുന്നു സർക്കാർ?
സംവരണം നൽകിയെന്നും  നിറയ്ക്കുന്നു  
ജാതികൾക്കുള്ളിലാലസ്യവും സ്പർദ്ദയും. 
  
നൂറ്റാണ്ടു പിന്നോട്ടുരുട്ടുന്ന വേലയി-
ലേർപ്പെട്ടു മേനി വിയർക്കുന്ന പാമരർ 
തന്നോടു മണ്ണിൽ മറഞ്ഞവർ ചോദിപ്പൂ 
പണ്ടത്തെ ചങ്കരാ തെങ്ങിലോയിപ്പൊഴും?!