അവളല്ലാതെ മറ്റാര്?
മഹാദേവാ, നിൻ്റെ പുണ്യകൈലാസഭൂമിയിലേക്കുള്ള യാത്രയ്ക്കായി എന്നെ അനുവദിച്ച നീ എന്നിൽ അതിനായി അടയാളപ്പെടുത്തിയ യോഗ്യത എന്താണ്? വെറും ആഗ്രഹം കൊണ്ടോ പണമോ സ്വാധീനമോ ആരോഗ്യമോ ഉണ്ടായതുകൊണ്ടോ നൂതനയാത്രാസംവിധാനങ്ങളും വിദഗ്‌ദ്ധരായ യാത്രാസംഘാടകരും ഉള്ളതുകൊണ്ടോമാത്രം ഒരാൾക്കും അഭൗമചൈതന്യം നിറഞ്ഞ നിൻ്റെയാ ശിവഭൂമിയിലേയ്ക്കുള്ള യാത്ര പൂർത്തീകരിക്കുവാനാകില്ലല്ലോ!
സ്വപ്നതുല്യമായ കൈലാസയാത്ര കഴിഞ്ഞെത്തിയ ദിനങ്ങളിളെല്ലാം ഞാൻ മഹാദേവനോടു ചോദിച്ചുകൊണ്ടേയിരുന്നു.
പതിയെപ്പതിയെ, ആദ്യം അവ്യക്തവും ക്രമേണ വ്യക്തവുമായി എൻ്റെയുള്ളിൽ ചില ഓർമ്മകൾ ദൃശ്യങ്ങളായി തെളിഞ്ഞുവരാൻ തുടങ്ങി.
ചെറുതോടുകളും പുഴകളും പച്ചപ്പും ചെറുകുന്നുകളും പശ്ചിമഘട്ടമലനിരകളുമൊക്കെ നിറഞ്ഞ കേരളത്തിൻറെ വഴികളിലൂടെ തീവണ്ടിയിൽ, ബസ്സിൽ, കാറിൽ ഒക്കെ യാത്ര ചെയ്യുന്ന ഒരു കൊച്ചു കുട്ടി. പുറകോട്ടോടിമറയുന്ന വാഹനജാലകദൃശ്യങ്ങളിലേയ്ക്കു കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന ആ കുട്ടിയിൽ ഓരോരോ കൗതുകഭാവനകൾ വിരിഞ്ഞുകൊണ്ടിരുന്നു.
ദൂരെ കാണുന്ന ആ മലനിരകൾക്കപ്പുറം എന്തായിരിക്കും?
ആ മലനിരകളുടെ മുകളിലേയ്ക്കു നടന്നു കയറിപ്പോയാൽ എങ്ങനെയുണ്ടായിരിക്കും?
ചിലയിടത്തെല്ലാം വൃക്ഷങ്ങൾ നഷ്‌ടമായി മലകൾ മൊട്ടത്തലക്കൂട്ടങ്ങൾ പോലെ ആയിപ്പോയതെന്തുകൊണ്ടാണ്?
അവിടെ മനുഷ്യർ ഉണ്ടായിരിക്കുമോ?
രാത്രിയിലെ ഇരുട്ടിൽ ആ മലകൾ കാണാൻ എങ്ങനെയുണ്ടാകും???
ആകാശത്തിനു കീഴെ ഒഴുകുന്ന മേഘങ്ങൾക്കും കാറ്റിനും പുഴകൾക്കുമൊപ്പം, കാണുന്ന ഓരോ മലമുകളിലേയ്ക്കും നടന്നുനടന്നലിഞ്ഞു പതിയെ ഒരു വെളിച്ചത്തിൻ്റെ പൊട്ടുപോലെയങ്ങനെ മറഞ്ഞുപോകുന്ന തന്നെത്തന്നെ മനസ്സിൽ ഭാവന ചെയ്തുരസിച്ചുകൊണ്ട് ആ കുട്ടിയിരുന്നു. യാത്രകൾക്കിടയിൽ കുട്ടി ജീവിതത്തിൻ്റെ സ്വാഭാവികമായ മാറ്റങ്ങളിലേയ്ക്കും തിരക്കുകളിലേക്കും വളർന്നുവെങ്കിലും ആ ഭാവനകൾ മാത്രം കൗതുകമൊട്ടും കുറയാതെ എന്നും മനസ്സിൽ പച്ച പിടിച്ചുനിന്നു.
തീവ്രമായ ആ ഭാവന അല്ലെങ്കിൽ ആ സങ്കല്പം ഇന്ന് അനുഭവമായി, ഈ ജന്മത്തിൽ സാദ്ധ്യമായേക്കാവുന്ന അതിൻ്റെ പാരമ്യാവസ്ഥയായ കൈലാസപർവ്വതഭൂമിയിൽത്തന്നെ ചെന്നെത്തിയല്ലോ എന്നത് ഓർക്കുന്തോറും ഞാനാകുന്ന ആ കുട്ടിയിൽ ഉണ്ടാകുന്ന അവാച്യമായ ഒരു ആഹ്‌ളാദാനുഭൂതി ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു.
എന്നും ഭാവനയിൽ ആഗ്രഹിച്ചനുഭവിച്ച ഓരോ മലകയറ്റത്തിലും എന്നോടൊപ്പം ആ മലമകൾ, ഗിരിജയായി, പരാശക്തിയായി
"തഥാസ്തു തഥാസ്തു" എന്നനുഗ്രഹിച്ചുകൊണ്ടു സദാ എൻറെയുള്ളിൽത്തന്നെയുണ്ടായിരുന്നുവെന്നത് ഇപ്പോൾ എൻ്റെ ഭാവനയല്ല, ബോധ്യമാണ്.
ശിവപാതിയായ അവളല്ലാതെ മറ്റാര് എന്നെയാ ശിവഭൂമിയിലെത്തിയ്ക്കാൻതക്ക കെൽപ്പുള്ളവൾ?!
സദാശിവയായി, അഗജയായി, അചഞ്ചലയായി ദേവഭൂതാദിഗണാവൃതയായി അനാദികാലംമുതൽ തൻ്റെ പ്രിയനായ മഹാകൈലാസനാഥൻ്റെ പശ്ചിമമുഖത്തോടു മുഖംനോക്കി അഖണ്ഡമണ്ഡലങ്ങളും തന്നിൽ ലയിപ്പിച്ചുനിൽക്കുന്ന ആ പർവ്വതപുത്രിയെ അവിടെ, അന്നാ കൈലാസഭൂമിയിൽവച്ചു ദർശിച്ച മാത്രയിൽ "ഹോ! അമ്മേ, സാക്ഷാൽ പ്രകൃതിസ്വരൂപിണി" എന്നൊരു ശബ്ദരഹിതമായ വിളി നാഭിയിൽനിന്നുയർന്നു. അതിൻ്റെ തരംഗങ്ങൾ അനാഹതത്തിലെത്തി ശ്രീപാർവ്വതീസാന്നിധ്യമറിയിച്ച് ഭക്ത്യാദരപൂർണ്ണമായ ഒരു ആന്തലോടെ അകവും പുറവും നിറഞ്ഞുകവിഞ്ഞൊഴുകുന്നത് ആനന്ദാശ്രുക്കളിറ്റുവീണ തൊഴുകൈയ്യോടെ അറിഞ്ഞനുഭവിച്ചുനിന്ന സ്തബ് ധമായ നിമിഷങ്ങൾ ഇനിയും ജന്മജന്മാന്തരങ്ങളെത്ര കഴിഞ്ഞാലും മറക്കാത്തവിധം ചിത്തത്തിൽ ആഴ്ന്നുപതിഞ്ഞിരിക്കുന്നു.
പ്രകൃതിരമണീയതയെക്കാൾ പ്രകൃതിഗാംഭീര്യത്തെയാണു കൈലാസഭൂമിയുൾപ്പടുന്ന തിബത്തിലെങ്ങും നമുക്ക് അനുഭവിക്കാനാവുക. കൈലാസഭൂമിയിൽ മാത്രമല്ല, ലോകത്തിലെവിടെയും കാണുന്ന ഓരോ പർവ്വതശൃംഗത്തിനും ഏതെങ്കിലുമൊക്കെ ദേവീദേവവിഗ്രഹങ്ങളോടു സാമ്യം തോന്നുക സ്വാഭാവികമാണ്. എങ്കിലും ഈ ശൃംഗത്തിൻ്റെ സവിശേഷഗാംഭീര്യമാർന്ന രൂപവും ഭാവവും സ്ഥാനവുമെല്ലാം നമുക്കു പകർന്നുനൽകുന്ന ആ ദിവ്യമായ അനുഭൂതിയെ അറിയാതിരിക്കാനാവില്ലല്ലോ!
അതെ! എന്നെ സദാ സന്തോഷിപ്പിച്ച, മനോകായങ്ങളാൽ ഞാൻ ചെന്നടുക്കാൻ ആഗ്രഹിച്ച ചെറുതും വലുതുമായ മലകളിലും കുന്നുകളിലും പഞ്ചഭൂതാത്മകമായ സർവ്വചരാചരപ്രകൃതിയിലും കുടികൊള്ളുന്ന ആ ശക്തിസ്വരൂപിണി ഇതാ ഇവിടെ മനുഷ്യനിർമ്മിതമായ യാതൊരു ആടയലങ്കാരവുമില്ലാതെ പദ്മാസനസ്ഥയായ ദേവീവിഗ്രഹസമാനയായങ്ങനെ ലോകാനുഗ്രഹബുദ്ധിയോടെ, കൈലാസനാഥൻ്റെ പശ്ചിമമുഖത്തെ ഉറ്റുനോക്കി പ്രേമപൂർവ്വം വിരാജിക്കുന്നു!
അമ്മേ ശരണം!
ശംഭോ! നിൻ്റെ തെളിഞ്ഞ മുഖദർശനം മൂടലില്ലാത്ത സത്യംപോലെ അസുലഭസുലഭമായി നല്കിയനുഗ്രഹിച്ച മഹാദേവ! ശിവബോധത്തിലേക്കെന്നെ ഉയർത്തുക!



No comments:
Post a Comment