Followers

Tuesday, December 30, 2014

ആനന്ദക്കടൽ




കടലല മാടി വിളിക്കുന്നുണ്ടൊരു 
കുളിരലയുണരുന്നുണ്ടതു കരളിൽ 
ഇടതടവില്ലാതുയരും തിരകൾ
അനവരതം ചിന്തും നുര കരയിൽ 

ഭൂഗോളത്തെ കെട്ടിപ്പുണരും 
നീർക്കമ്പളമിതു മായാജാലം !
അരികില്ലാത്തോരവനിയിലാഴി-
യിതടി തെറ്റാതെ കിടക്കുവതെങ്ങിനെ?!

പലപല സമയം ബഹുവിധ വർണം, 
ഭാവം പ്രവചിച്ചീടുക കഠിനം!  
വെണ്‍നുര മൂടിയ വൻതിരയുള്ളി-
ലൊളിപ്പിച്ചിടുമതു ശീല സഹസ്രം! 

മദ്ധ്യാഹ്നത്തിൽ വെള്ളിക്കൊലുസ്സും 
സായാഹ്നത്തിൽ സ്വർണക്കൊലുസ്സും 
ചാർത്തി വരുന്നൊരു നൃത്തക്കാരി 
ചുവടുകളെന്തൊരു ചടുലം ചടുലം! 

മയിലുകളായിര മഴകിൽ മഴവിൽ 
പീലി വിരിച്ചു വരുന്നതു പോലെ, 
ബഹുവർണപ്പട്ടാംബരഞൊറികൾ 
കാറ്റിലുലഞ്ഞാടുന്നതു പോലെ. 

പനിമതി വാനിലുദിക്കും നേരം 
പാരാവാരം പ്രണയ വിലോലം 
നിശയാം മഷിയിൽ മുങ്ങിയ ജലധി 
യിലിട കലരുന്ന നിലാവിൻ വികൃതി. 

കിലുകിലെയാർത്തു ചിരിക്കും കുട്ടിക-
ളൊത്തൊരു മത്സര മോടിത്തൊട്ടും, 
കെട്ടിമറിഞ്ഞും കാലിൻ കീഴിലെ 
മണ്ണ് കവർന്നിട്ടോടിമറഞ്ഞും 

കരയിൽ കുഞ്ഞികൈകൾ തീർക്കും 
കലകൾ കാണാനോടിയടുക്കും, 
കലപില കൂട്ടിക്കലഹിക്കും പോൽ 
കരയെ മായ്ച്ചിട്ടലകൾ കൊഞ്ചും.

കാറും കോളും കണ്ടാലാഴ- 
ക്കടലിൻ ഭാവം പാടേ മാറും! 
കരുണക്കണ്ണിൽ ക്രോധം പാറും 
മത്തേഭം പോൽ നാശം വിതറും, 

കളിചിരിയെല്ലാം മാഞ്ഞിട്ടോള -
ക്കൈകൾ  കരയെ തച്ചു തകർക്കും... 
പിന്നൊരു മാത്രയിൽ ശാന്തം പാവം !
എല്ലാം സ്വപ്നം പോലെ വിചിത്രം !!

ആഴിയുമൂഴിയുമാകാശവു-
മൊത്താരിലുമുന്മാദത്തെയണയ്ക്കും 
പാരിൽ തിങ്ങിടുമാനന്ദക്കടൽ 
കാണാതുഴറി നടപ്പൂ  നമ്മൾ 

വശ്യമാനോഹരമീശ്വരനരുളിയ 
വിശ്വമനന്ത പ്രപഞ്ചപയോധി 
മത്തു പിടിപ്പിച്ചീടും പ്രകൃതി-
യ്ക്കൊപ്പം വരുമോ വീഞ്ഞിൻ ലഹരി!! 



12 comments:

  1. മനോഹരമായിരിക്കുന്നു ഭാവന
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. വായിക്കുന്നവരിലേയ്ക്കും ആ ഭാവന എത്തുന്നു എങ്കിൽ ഈശ്വരാനുഗ്രഹം. സാറിനു നന്ദി.

      Delete
  2. പ്രകൃതിക്കൊപ്പം ഒരു ലഹരിയും വരില്ല അതിന്റെ ഉപാസകര്‍ക്ക്.
    മനോഹരമായകവിത.

    ReplyDelete
    Replies
    1. മനുഷ്യൻറെ ആസ്വാദനം ഒരിക്കലും ഉപാസനയിൽ മാത്രം ഒതുങ്ങില്ലല്ലോ. അവൻ സ്വാർത്ഥനായ ഉപഭോക്താവ് കൂടി ആകുന്നിടത്ത് പ്രകൃതിയിൽ ഒന്നിനും സ്വസ്ഥതയില്ലാതാകുന്നു. In my opinion, Nature is the proof for the real existence of God. Human beings are unable to control its unpredictable power. നമിക്കുന്നു ഈ വിശ്വപ്രകൃതിയെ...

      Delete
  3. കടലിനെ കുറിച്ച് നിരവധി കവിതകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ താളത്തില്‍ രചിച്ച ഈ കവിത അല്പം വേറിട്ട്‌ കണ്ടു. കടലിന്‍റെ വിവിധ ഭാവങ്ങളെ ലളിതമായി , എന്നാല്‍ രസകരമായി എഴുതിയിട്ടുണ്ട്. കരയില്‍ കുഞ്ഞികൈകള്‍ തീര്‍ക്കും എന്നുതുടങ്ങിയ വരികള്‍ നല്ല ഉദാഹരണം ആണ്. പക്ഷെ മനുഷ്യന്‍റെ പലതരത്തിലുള്ള ഇടപെടല്‍ കാരണം കടലും മരിച്ചു കൊണ്ടിരിക്കുന്നു എന്നും ഓര്‍ക്കുക.

    ReplyDelete
    Replies
    1. പുതിയ വായനക്കാർ അഭിപ്രായവുമായി എത്തുന്നത്‌ സന്തോഷം. നല്ല വാക്കുകൾക്കു നന്ദി. ദൈവ സൃഷ്ടികളിൽ മനുഷ്യൻ മാത്രമാണ് പ്രകൃതിയ്ക്ക് ഇണങ്ങാതെ ജീവിക്കാൻ ശ്രമിക്കുന്നത്. അത് തന്നെയാണ് അവൻറെ നാശവും.

      'കുഞ്ഞിക്കൈകൾ' എന്നതിലെ അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട്.

      Delete
  4. കടലിനെ കുറിച്ചൊരു കവിത.കടലിന്റെ വിവിധ ഭാവങ്ങൾ അത്ര ഭംഗിയായില്ല എന്നൊരു തോന്നൽ . ആ ഭാഗം നീണ്ടു പോയെന്നും ഭാവ മാറ്റം അത്ര വിസ്വസനീയമായില്ല എന്നും.

    കവിത നന്നായി. നിറയെ എഴുതാൻ ഒരു പുതുവത്സരം വരട്ടെ ഗിരിജ.

    ReplyDelete
  5. ടീച്ചറുടെ കവിതകള്‍ താളാത്മകമായി പാടുവാന്‍ കഴിയുന്നവയുമാണ്. പുതുവര്‍ഷം ഗംഭീരമാകട്ടെ.... ആശംസകള്‍.

    ReplyDelete
  6. കവിതയെ ആഴത്തില്‍ വിലയിരുത്താന്‍ അറിയില്ല ,,, പുതുവര്‍ഷാശംസകള്‍

    ReplyDelete
  7. വേലിയേറ്റവും വേലിയിറക്കവും കടലിനു പലവിധ രൌദ്രഭാവങ്ങളും നല്‍കുന്നുണ്ട് .എപ്പൊഴും ശാന്തമായിരിക്കുവാന്‍ കടലിനു ആവുകയില്ല .ആശംസകള്‍

    ReplyDelete