Followers

Monday, March 16, 2015

മാ മാനുഷാ !



തമ്മിൽ തല്ലി മരിക്കും തലമുറ 
തൻ ദു:സ്വപ്നം  നിത്യം കാണ്‍കെ 
ഭീതിതമോർത്താൽ ലോകത്തിൻ ഗതി 
കാണാൻ നമ്മൾ ശേഷിച്ചിടുമോ?

പുത്തൻ തലമുറ സംസ്ക്കാരത്തിൻ 
മുത്തു പെറുക്കാനെത്തും നേരം 
ചിപ്പിക്കുള്ളിൽ ചപ്പും ചവറും 
കുത്തി നിറച്ചു കൊടുപ്പൂ നമ്മൾ

മുത്തച്ഛൻമാർ നൽകിയ നന്മ-
പ്പത്തരമാറ്റിൻ മുത്തുകളായിര 
മല്ലോ നമ്മൾ പോരും വഴികളി-
ലെത്രയലക്ഷ്യം വിറ്റു തുലച്ചു 

പകരം വാങ്ങിയ തീക്കട്ടകളോ 
മാറിപ്പോയീ ചാമ്പൽക്കരിയായ്  
മിന്നുന്നതു കണ്ടെത്ര കൊതിച്ചൂ 
സമ്പത്താണെന്നന്നു നിനച്ചു 

നൽകുവതെന്തിനി തലമുറകൾക്കായ്  
പരതുവതെവിടെ പാരമ്പര്യം?
കൈ വിട്ടതിനെ കണ്ടു പിടിക്കാൻ 
മോഹിക്കുന്നൂ തിരികെ നടക്കാൻ 

നല്ല പിതാമഹർ നട്ടു നനച്ചു 
വളർത്തിയ തണലിൻ പന്തൽക്കുടകൾ 
കൊത്തിനുറുക്കി കീശയിലാക്കി 
കത്തും വൈരക്കോട്ടകൾ കെട്ടി 

കോട്ടയ്ക്കുള്ളിൽ പെട്ടിട്ടുഴറും 
എട്ടും പൊട്ടും തിരിയാ തലമുറ 
കണ്ണു മിഴിച്ചവർ കാണുന്നൂ നാം 
കാട്ടും നാണക്കേടിൻ ചരിതം 

മൂത്തവർ ചൊല്ലും മുതുനെല്ലിക്കയിൽ
പാഷാണ ത്തിന്നംശമിരുന്നാൽ 
ഭക്ഷിച്ചിടുമൊരു  തലമുറകൾക്കും 
പോകെ പോകെ മധുരം തോന്നും !

പക്ഷം ചേർന്നൊരു  വിഷവൃക്ഷത്തിൻ 
വിത്തു കിളിർപ്പിച്ചീടരുതിനിയും 
വിളയും നിലമിതു പാകണമിവിടെ 
തണൽ വൃക്ഷത്തിൻ വിത്തുകളധികം  

നന്മക്കനികൾ തിന്നാൻ കിളികൾ 
വന്നണയേണം  നിത്യം നിത്യം 
നൽകും മരമായ്‌ തലമുറയിവിടെ 
പടരണമെന്നും വിശ്വം നിറയെ 

കാണണമെന്നും കണ്ണിൻ മുന്നിൽ 
പിഞ്ചുമുഖങ്ങൾ കർമ പഥത്തിൽ 
അച്ചിൽ വച്ചൊരു കളിമണ്ണ,വരുടെ 
ചിത്തം കുത്തി മുറിക്കരുതാരും 

യുദ്ധക്കളമായ് തീർക്കരുതിവിടം 
ലോകത്തറവാടിൻ നൽമുറ്റം 
നമ്മൾക്കാരോ ദാനം തന്നൊരു 
നന്മകൾ കാക്കാൻ നാം ബാധ്യസ്ഥർ 

സംസ്കാരത്തിൻ ലോപം കൂടാ-
തുള്ളൊരു ജനസമ്പത്താണനിശം 
നിത്യം നാടിൻ നാമമുയർത്തും
നിർണായകമാം സ്വത്തതു കണിശം 

പണിയണമതിനായ്,വൈകരുതിനിയും 
വിദ്വേഷത്തിൻ മതിലുകൾ നീക്കാം  
മറ്റൊന്നെന്നൊരു വേർതിരിവില്ലാ -
തെല്ലാമൊന്നെന്നുള്ളൊരു മനസ്സായ്...

16 comments:

  1. Nice Message.....മൂല്യച്യുതികളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ..

    ReplyDelete
    Replies
    1. അയ്യോ! ഇതാരാ? ഇതെന്താ പതിവില്ലാതെ ഈ വഴിക്ക്! Thank you ... thank you.

      Delete
  2. നമുക്കു നാമേ പണിവതു നാകം
    നരകവുമതുപോലേ!

    ReplyDelete
    Replies
    1. അതെ. രണ്ടും പണിയുന്നത് നമ്മുടെ വികാര വിചാരങ്ങൾ കൊണ്ടും.

      Delete
  3. നന്മ ലക്ഷ്യമാക്കുന്ന വരികള്‍...

    എനിക്കുണ്ടൊരു ലോകം.
    നിനക്കുണ്ടൊരു ലോകം.
    നമുക്കില്ലൊരു ലോകം.

    കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ ഓര്‍മ്മ വരുന്നു.

    ReplyDelete
    Replies
    1. വളർന്നു വരുന്ന നമ്മുടെ ഭാവി തലമുറയ്ക്ക് ലോകമില്ലാതാവുന്നു. സുരക്ഷിതത്വത്തിന്റെ, സമാധാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ, പ്രകൃതി സമ്പത്തിൻറെ .... നന്മയുടെ ലോകം. അതിനുത്തരവാദികൾ എന്ന പഴി നമ്മുടെ തലമുറയുടെ പേരിൽ ചരിത്രം എഴുതിച്ചേർക്കും.

      Delete
  4. നഷ്ട്ടപ്പെടുന്ന മൂല്യങ്ങളും പാരമ്പര്യങ്ങളും ആലോചിച്ച് മനസ്താപപ്പെടുന്ന കവിത. ഒപ്പം നന്മയിലേക്ക് തിരിച്ചു പോകാൻ ഒരു ആഹ്വാനവും. നന്നായി. കാലം ആവശ്യപ്പെടുന്നതും ഇത് തന്നെ.

    മുത്തച്ഛൻ മാർ തന്ന മുത്തുകൾ വിറ്റു തുലച്ചു എന്ന് പറയുന്നു. ആർക്ക് വിറ്റു? കളഞ്ഞു കുളിച്ചു അതല്ലേ ശരി?

    നെല്ലിക്കയുടെ ആ വരി ..പാഷാണം (ആ പദ പ്രയോഗം അത്ര യോജിച്ചില്ല).. അത് അത്ര കൃത്യമായി അർത്ഥം മനസ്സിലാക്കി തരുന്നില്ല.

    എന്തൊക്കെ നഷ്ട്ടപ്പെട്ടു എന്നും എങ്ങിനെയൊക്കെ അത് തിരിച്ചു നേടണം എന്നും കുറെ ക്കൂടി വ്യക്തമാക്കിയിരുന്നുവെങ്കിൽ കൂടുതൽ ഉള്ളിൽ തട്ടിയേനെ.കുറേക്കൂടി ഉള്ളിൽ നിന്നും വന്നു എന്നും തോന്നിയേനെ.

    ഇതൊന്നും അത്ര വലിയ കാര്യങ്ങൾ അല്ല.

    നന്നായി എഴുതി. നല്ല ആശയം. അവതരണവും നന്നായി ഗിരിജ.

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. പരമ്പരാഗതമായി നമുക്ക് കിട്ടിയ വില പിടിച്ച മൂല്യങ്ങൾ പലതും ഭാവി തലമുറയ്ക്ക് ഒരു തരത്തിലും പ്രയോജനപ്പെടാത്ത നശ്വര പ്രതാപം സമ്പാദിക്കുന്നതിനുവേണ്ടി അടിയറ വച്ചു എന്നാണ് പറയാൻ ഉദ്ദേശിച്ചത്. പാഷാണം എന്ന് ഉദ്ദേശിച്ചത് മുതിർന്നവർ കുട്ടികളുടെ ഉള്ളിൽ അറിഞ്ഞും അറിയാതെയും കുത്തിവയ്ക്കുന്ന വിവിധയിനം സ്പർദ്ദകളും ചേരിതിരിവുകളും മറ്റു ദുഷിച്ച പ്രവണതകളും ഒക്കെ തന്നെയാണ്. കുട്ടികളുടെ മനസ്സ് തെളിഞ്ഞ കടലാസ് ആണ്. അവിടെ മുതിർന്നവർ കോറിയിടുന്ന തെറ്റായ സന്ദേശങ്ങൾ ഉറച്ചു പോയാൽ പിന്നീട് മായ്ച്ചുകളയുക അസാധ്യമാവും. നമ്മുടെ ഇളമുറക്കാർ നശിച്ചുപോകുന്നുണ്ടെങ്കിൽ അതിനു പൂർണഉത്തരവാദിത്തം നമ്മളടങ്ങുന്ന മുതിർന്ന തലമുറയ്ക്ക് തന്നെയാണ്. ഇത്രയൊക്കെയാണ് പറയാൻ ഉദ്ദേശിച്ചത്. എത്രത്തോളം ഫലപ്രദമായി അത് പകർത്താൻ കഴിഞ്ഞു എന്നറിയില്ല.

      Delete
  5. നന്മ വളരാന്‍ ആഗ്രഹിക്കുന്ന മനസ്സിന്‍റെ ഉല്‍കണ്ഠ വരികളിലൂടെ മനസ്സിലാക്കുന്നു..................
    (അഭിപ്രായം എഴുതിയിരുന്നതാണ്‌!.അത്‌ കാണാതെവന്നപ്പോഴാണ് വീണ്ടും എഴുതിയത്)
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. മുൻപെഴുതിയ അഭിപ്രായം ഇൻബോക്സിൽ വന്നിട്ടില്ലല്ലോ സർ. രണ്ടാമത് എഴുതിയതിനും നല്ല അഭിപ്രായത്തിനും ഒരുപാട് നന്ദി.

      Delete
  6. പുത്തൻ തലമുറയെപ്പറ്റിയുള്ള ആശങ്ക, നൊമ്പരം, പ്രതീക്ഷ എല്ലാം വരികളിലൂടെ വായിച്ചറിയാൻ പറ്റുന്നു. ആശംസകൾ ടീച്ചർ.

    ReplyDelete
  7. നന്നായിട്ടുണ്ട്‌...

    ചില കവിതകൾ വായിച്ച്‌ മനസിലാക്കണമെങ്കിൽ നല്ല ബുദ്ധിമുട്ടാ.

    ഞാൻ വെറുതേ ഇക്കവിത ഒന്നു ചൊല്ലി നോക്കി.നല്ല ഈണത്തിൽ ചൊല്ലാം.തുള്ളൽപാട്ടിന്റെ ഈണത്തിലും..

    ReplyDelete
    Replies
    1. ബ്ലോഗിലേയ്ക്ക്‌ സ്വാഗതം. വായിക്കാനും ചൊല്ലിനോക്കാനും സമയം കണ്ടെത്തിയതിന് വളരെ നന്ദി.

      Delete
  8. തിരിച്ചറിയാനാകാത്ത വിധം എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയാണ് ശരിക്കും അനുഭവപ്പെടുന്നത്. നഷ്ടപ്പെടുത്തുന്ന നന്മകള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാതെ ആകെ മാറിക്കൊണ്ടിരിക്കുന്നു. നല്ലതേത് ചീത്തയേത് എന്ന സംശയം കടന്നു വരുന്നു. കവിതയില്‍ സൂചിപ്പിച്ചത് പോലെ "കാണാന്‍ നമ്മള്‍ ശേഷിച്ചിടുമോ " എന്നത് തന്നെയാണ് മുഖ്യ പ്രശ്നവും. കാരണം ഒരു നൂറ്റാണ്ട് പോലും ആയുസ്സില്ലാത്ത മനുഷ്യ ജീവിതത്തിനിടക്ക് കാര്യമായ വലിയ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ല. എല്ലാം കാണണം അനുഭവിക്കണം എന്ന ത്വര മനുഷ്യരില്‍ കൂടിക്കൊണ്ടിരിക്കുന്നു.

    കവിത ഇഷ്ടായി.

    ReplyDelete
    Replies
    1. വായനയ്ക്ക്ന നന്ദി റാംജി. നമ്മൾ ശേഷിച്ചിടില്ലെന്ന അറിവിനേക്കാൾ ഭീകരമാണ് നമുക്ക് ശേഷം ഇവിടെ തലമുറകൾ ശേഷിച്ചിടില്ലെന്നത്.

      Delete