1
പൊട്ടിച്ചിരിക്കുന്നു കോപമടക്കിയുൾ -
ക്കണ്ണിലൂറും സഹതാപമോടും
താനിരിക്കും ചില്ല നേർക്കു തൻ വാളോങ്ങി
നിൽക്കുന്ന മർത്ത്യനെ നോക്കി വൃക്ഷം
വൃക്ഷത്തണൽ കൊണ്ടു ചിത്രമെഴുതിയും
ചിത്തങ്ങളിൽ കുളിർ നീർ നിറച്ചും
സംവത്സരങ്ങളായ് ജീവൻ പകർന്നൊരാ
വൻനദി വറ്റി വരണ്ടിടുന്നു
ജീവൻ വെടിയുന്നതിൻ മുൻപു മത്സ്യമാ
വേവും കരളുമായ് ചൊല്ലിടുന്നു,
വീഴ്ത്തരുതേ വിഷം ശേഷിച്ച നീറ്റിലെൻ
കുഞ്ഞു മത്സ്യങ്ങൾ ശ്വസിച്ചിടട്ടെ
വേരറ്റ മാമരക്കൊമ്പുകൾക്കുള്ളിലാ
കൂടും തകർന്നു കേഴുന്നു പക്ഷി,
ഒരു ചില്ലയെങ്കിലും ബാക്കി വച്ചേക്കുകെൻ
മക്കൾക്കു സന്ധ്യയിൽ കൂടണയാൻ
മക്കൾക്കു സന്ധ്യയിൽ കൂടണയാൻ
കാലമറിയിച്ചു വന്നുപോകും കാല-
വർഷം വരാതെയാകും വരും നാൾ
തീക്കനൽ ചീറ്റും ചുഴലിക്കൊടുംകാറ്റി-
ലിറ്റു മരത്തണൽ നീ കൊതിക്കും
കത്തുന്ന വേനലാൽ വിണ്ടൊരീ ഭൂമിയെൻ
മേനിയാകെ നീറി നൊന്തിടുമ്പോൾ
അച്ചുതണ്ടിൻ നില തെറ്റി ഞാൻ വേയ്ച്ചിടും,
ഭൂദുരന്തം നിൻ കുലം മുടിക്കും
ഊഴി തൻ മാറ് പിളർന്നു നീയെത്ര നാൾ
നാട്ടും വിജയ കൊടിക്കൂറകൾ?
നിൻ ജഡം മൂടുവാൻ വൈകാതെ തന്നെയീ
വെന്നിക്കൊടികൾ തുണയ്ക്കു പോരും !
അന്നു പക്ഷെ നിനക്കന്ത്യമായ് വായ്ക്കരി-
ക്കുണ്ടാകയില്ലൊരു സന്തതിയും
ഒരു തുണ്ടു ഭൂമിയും ബാക്കി വയ്ക്കാതെ നിൻ
മക്കളെ നീ കൊന്നൊടുക്കയല്ലോ
2.
കൂട്ടമായ് പോകുന്നതെങ്ങു മനുഷ്യനെ
കൂടാതെയുള്ള ചരാചരങ്ങൾ?!
കണ്ടു തൻ സങ്കടം ചൊല്ലുവാൻ മണ്ടുന്നു
ഈശ്വര സന്നിധാനമതിങ്കൽ
ദൈവം തല തന്റെ കൈകളാൽ താങ്ങി
കുനിഞ്ഞു കുമ്പിട്ടു പരിതപിപ്പൂ;
ഭാസ്മാസുരന്നു വരം കൊടുത്തന്നു കൈ
പൊള്ളിയ പാഠം മറന്നു പോയ് ഞാൻ !*
ഇപ്രപഞ്ചത്തിൻ നിറുകയിൽ നിന്നെ ഞാൻ
മന്നനായ് വാഴിച്ചതെന്റെ പാപം
മാപ്പു ചോദിക്കുന്നു ശേഷിച്ച ജീവ -
ജാലങ്ങളെ, പശ്ചാത്തപിക്കുന്നു ഞാൻ
പ്രകൃതിയ്ക്കരിയായി വാഴുന്നൊരു ജന്തു
മാത്രമേയെൻ സൃഷ്ടി തന്നിലുള്ളൂ.
സംഹരിച്ചീടുവാൻ നേരമായ് മർത്ത്യനെ
പാരിൽ ജീവൻ നില നിന്നിടാനായ്
മറ്റു വഴികളടച്ചുവെൻ മുന്നിൽ നീ
നൃത്തമാടുന്നഹങ്കാരമോടെ
മർത്ത്യാ കരുതിയിരുന്നുകൊൾകെൻ കനൽ
കത്തുന്ന ചൂടിലുടൽ ദഹിക്കാൻ
കത്തുന്ന ചൂടിലുടൽ ദഹിക്കാൻ
പണപ്പെട്ടി മേൽ പട്ടുമെത്ത വിരിച്ചു നിൻ
പട്ടടയിൽ നീ കിടന്നിടുമ്പോൾ
പ്രകൃതിയല്ലാതെ മറ്റൊന്നല്ലയീശ്വര-
നെന്ന സത്യം നീയറിഞ്ഞുകൊൾക .
*(ഭഗവാൻ ശിവനെ തപസ്സ് ചെയ്ത അസുരന് തൊട്ടതെല്ലാം ഭസ്മമാക്കാനുള്ള വരം കൊടുത്തതും വരം ഫലിക്കുമോ എന്ന് അറിയാൻ ഭഗവാന്റെ മേൽ തന്നെ പരീക്ഷണത്തിന് ഒരുങ്ങുകയും ചെയ്ത ഭസ്മാസുരന്റെ പുരാണ കഥ ഓർക്കുക )
*(ഭഗവാൻ ശിവനെ തപസ്സ് ചെയ്ത അസുരന് തൊട്ടതെല്ലാം ഭസ്മമാക്കാനുള്ള വരം കൊടുത്തതും വരം ഫലിക്കുമോ എന്ന് അറിയാൻ ഭഗവാന്റെ മേൽ തന്നെ പരീക്ഷണത്തിന് ഒരുങ്ങുകയും ചെയ്ത ഭസ്മാസുരന്റെ പുരാണ കഥ ഓർക്കുക )
കോടാലിയേന്തി നിൽക്കുന്ന മനുഷ്യനെ നോക്കി സഹതപിക്കുന്ന വൃക്ഷത്തേയും,ഇറ്റു പ്രാണവായുവിനായ് കേണു അന്ത്യശ്വാസം വലിക്കുന്ന മത്സ്യത്തേയും,ചേക്കേറാൻ ചില്ലകളില്ലാതെ കേഴുന്ന പക്ഷിയേയും പ്രതീകമാക്കി മനുഷ്യന്റെ അനിവാര്യമായ ദുരന്തം ചിത്രീകരിച്ചിരിക്കുന്ന മനോഹരമായ കവിത.
ReplyDeleteവാളെടുത്തവൻ വാളാൽ!!!.എല്ലാം നശിക്കട്ടെ.!!!
ഭാവുകങ്ങൾ റ്റീച്ചർ.
എല്ലാം നശിക്കും എന്ന് വിലപിക്കുമ്പോഴും ഒന്നും നശിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥന തന്നെയാണ് ഉള്ളിൽ .
Deleteഒന്നും നശിക്കാതിരിക്കട്ടെ. അല്ലെങ്കില്‍ വരുന്ന തലമുറ നമ്മളെയൊക്കെ ശപിക്കും. കവിത അതിമനോഹരമായി
ReplyDeleteഅതെ
Delete"അരുതേ കാട്ടാളാ"എന്നോതുവാനൊരു
ReplyDeleteമാമുനിയുംഉണ്ടാവാതെ?അതല്ലോ കഷ്ടം!!
മൂര്‍ച്ചയുള്ള വരികള്‍
ആശംസകള്‍
കാട്ടാളന്മാർ എത്ര ഭേദം !
Deleteനല്ല വരികള്‍... എല്ലാവര്‍ക്കും ഒരു തിരിച്ചറിവുണ്ടാകും എന്ന് പ്രത്യാശിക്കാം.
ReplyDeleteഉണ്ടായില്ലെങ്കിൽ ആരും ഇല്ല.
Deleteആവാസവ്യവസ്ഥയ്ക്കു വേണ്ടി നാം പൊരുതിയില്ലേല്‍
ReplyDeleteഭൂമി വെറുമൊരു തീഗോളമാകും
ദൈവം രക്ഷിക്കട്ടെ !
പ്രകൃതി കനിഞ്ഞാൽ ദൈവം കനിഞ്ഞു എന്നാണ്
Delete.പ്രകൃതിയെ കരയിപ്പിക്കുന്നവരെ അവരും കരയിപ്പിക്കും
ReplyDelete'സർവ്വം സഹ' എന്ന ലേബൽ മാറ്റാറായി
Deleteകുറച്ചു നാള്‍ കഴിഞ്ഞു ഇതൊക്കെ മാറും....
ReplyDeleteഅനുഭവിക്കുമ്പോഴെ പഠിക്കൂ.............
അനുഭവിച്ചിട്ടും പഠിക്കുന്നില്ലല്ലോ ! വായനയ്ക്ക് നന്ദി വിനീത്
Deleteവൃക്ഷം പറയുന്നത് പോലെയാണ് കവിത തുടങ്ങിയത്. അങ്ങിനെയാണ് തോന്നിയത്. ആ സങ്കൽപ്പത്തോട് യോജിച്ചില്ല അടുത്ത മൂന്നു ഖണ്ഡിക കൾ. നദി വറ്റിയതും, മത്സ്യവും കിളിയും പറയുന്നതും. അതല്ല മറ്റൊരാൾ ആണ് പറയുന്നത് എങ്കിൽ " നില തെറ്റി ഞാൻ വേയ്ച്ചിടും" എന്നത് യോജിയ്ക്കാതെ പോകും.
ReplyDeleteഇന്നത്തെ ലോകത്തിന് ഒരു അപായ സൂചന നൽകുന്ന നല്ല ആശയം. പണപ്പെട്ടി മേൽ പട്ടുമെത്ത എന്നിടത്തെന്ന പോലെ ചിലയിടങ്ങളിൽ വായനാ സുഖം വന്നില്ല എന്ന ചെറിയ ഒരു തോന്നൽ.
നല്ല കവിത.
പറയുന്നത് വൃക്ഷം മാത്രമല്ല, മനുഷ്യനോഴികെയുള്ള സകല ചരാചരങ്ങളും ഭൂമിദേവിയും പ്രകൃതിയാകുന്ന ഈശ്വരൻ തന്നെയും ആണ് എന്നുള്ള ആശയത്തിലാണ് എഴുതാൻ ശ്രമിച്ചത്. അതാവട്ടെ, സ്വാർത്ഥനായ മനുഷ്യനോടും. വായനാസുഖത്തിന്റെ പോരായ്മ എനിക്കും തോന്നി. വിശദമായ അഭിപ്രായത്തിന് നന്ദി.
Delete