Followers

Friday, April 22, 2022

വൈൽഡ് പ്രേമം

 നമ്മുടെ ന്യായാധിപന്മാരൊക്കെ  ഇപ്പോൾ ഓസ്കാർ വൈൽഡിനു പഠിക്കുകയാണെന്നു തോന്നുന്നു. വിധിയും വിധികർത്താവും മാറിയാലും ഓസ്കാർ വൈൽഡ് ഉദ്ധരണി സ്ഥാനത്തും അസ്ഥാനത്തും  നിർബന്ധം!  കഴിഞ്ഞ ദിവസം മറ്റൊരു ജഡ്ജിയും കോടതിയിൽ  ഓസ്കാർ വൈൽഡിനെ ഉദ്ധരിച്ചതായി നമ്മൾ  കേട്ടതാണല്ലോ.

ഇന്ത്യൻ പീനൽ കോഡിനും ഇന്ത്യൻ ഭരണഘടനയ്ക്കും കേസുമായി ബന്ധപ്പെട്ട ആധികാരികരേഖകൾക്കുമെല്ലാംപകരം ഇപ്പോൾ ചില ഇന്ത്യൻ ന്യായാധിപന്മാർ പാശ്ചാത്യസാഹിത്യകാരന്മാരുടെ വരികളെയാണ്  വിധിനിർണ്ണയത്തിന് ആശ്രയിക്കുന്നത് എന്നാണോ ഇതിൽനിന്നും മനസ്സിലാക്കേണ്ടത്?

നാലു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ റേപ്പ് ചെയ്തുകൊന്ന കേസിലെ പ്രതിയായ മുഹമ്മദ് ഫിറോസിന് മദ്ധ്യപ്രദേശ് ഹൈക്കോടതി വധശിക്ഷ വിധിച്ചു. അതിനെതിരെ പ്രതി നൽകിയ അപ്പീലിൻ്റെ  വിധിയിൽ വധശിക്ഷ റദ്ദു ചെയ്ത് പ്രതിയ്ക്കുള്ള ശിക്ഷ ഇരുപതു കൊല്ലത്തെ കഠിനതടവായി ഇളവു ചെയ്ത  വിധിപ്രസ്താവത്തിൽ സുപ്രീകോടതി  ജസ്റ്റിസ്മാരായ യു. യു. ലളിത്,  എസ് . രവീന്ദ്രഭട്ട്,  ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇപ്രകാരം പറഞ്ഞുവത്രേ:

 “... Since, Section 376A IPC is also applicable to the facts of the case, considering the gravity and seriousness of the offence, the sentence of imprisonment for the remainder of appellant’s natural life would have been an appropriate sentence, however, we are reminded of what Oscar Wilde has said – “The only difference between the saint and the sinner is that every saint has a past and every sinner has a future”. 

“...One of the basic principles of restorative justice as developed by this Court over the years, also is to give an opportunity to the offender to repair the damage caused, and to become a socially useful individual, when he is released from the jail. The maximum punishment prescribed may not always be the determinative factor for repairing the crippled psyche of the offender.”

ഇതിൽ ബേല എം. ത്രിവേദിയെന്ന (ബേല മാധുര്യ ത്രിവേദി) സ്ത്രീന്യായാധിപയാണ് ഓസ്കാർ വൈൽഡിൻ്റെ  മനുഷ്യത്വമൂറുന്ന ആ  ഉദ്ധരണി, റേപ്പിനും കൊലപാതകത്തിനും ഇരയായി പാസ്റ്റും ഫൃൂച്ചറും പ്രസൻറും  ഒക്കെ ഒറ്റയടിയ്ക്കില്ലാതാക്കപ്പെട്ട നാലുവയസ്സുകാരിയുടെ മരണത്തിനുത്തരവാദിയായ പ്രതിയുടെ വധശിക്ഷ തിരുത്തുന്നതിനുള്ള  ന്യായമായി എടുത്തുകാട്ടിയത് എന്നാണ് മനസ്സിലാക്കുന്നത്.  

തങ്ങളുടെ കുഞ്ഞുമകളെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന പ്രതി ഇരുപതുകൊല്ലം കഴിഞ്ഞ് (ഒരുപക്ഷെ, ഇതുപോലുള്ള 'വൈൽഡ് ആരാധകർ' കനിഞ്ഞാൽ  അതിനു മുമ്പും) മഹാനല്ലവനായി സമൂഹത്തിൽ ഓടിനടന്നു കണ്ണിൽക്കാണുന്ന കുഞ്ഞുങ്ങളെയൊക്കെ  പിടിച്ചോമനിച്ച്, പണ്ട് താൻ ഒരു കുഞ്ഞിനും കുടുംബത്തിനും  വരുത്തിവച്ച നഷ്ടം നികത്തി സമൂഹത്തിന് ഉപകാരിയായിമാറുന്ന "future" കാഴ്ച മനസ്സിൽ വിഭാവനം ചെയ്ത് ആ നാലുവയസ്സുകാരിയുടെ മാതാപിതാക്കൾ കോടതിമുറിയിലിരുന്ന്  ആനന്ദാശ്രു പൊഴിച്ചുകാണണം! ഇരിക്കട്ടെ ഈ ബെഞ്ചിൻ്റെ   മനുഷ്യത്വത്തിനും അതിനു പ്രേരകമായ ഓസ്കാർ വൈൽഡിനും ഒരു കുതിരപ്പവൻ അല്ലേ?!

ഇത്തരത്തിൽ കൊല്ലപ്പെട്ടവർക്കും ഇനി കൊല്ലപ്പെട്ടേക്കാവുന്നവർക്കും നിഷേധിക്കപ്പെടുന്ന  നീതി, ഭാവി തുടങ്ങിയവയേക്കാൾ കൊന്നവൻ്റെ ഭാവി എന്തുവിലകൊടുത്തും  സുന്ദരമാക്കാൻ വെമ്പുന്ന ഒരു വല്ലാത്ത ന്യായാധിപചിന്താഗതിയും അതു പ്രകടിപ്പിക്കാൻ അവർ  നടത്തുന്ന പ്രസ്‍താവനകളും   നമ്മുടെസാമൂഹികാന്തരീക്ഷത്തെ  കുറച്ചൊന്നുമല്ല അപകടത്തിലാക്കുന്നത്.    

വിശുദ്ധരായവർക്കെല്ലാം  അത്ര വിശുദ്ധമല്ലാത്ത ഒരു  കഴിഞ്ഞകാലം ഉണ്ടായാലും ഇല്ലെങ്കിലും സമൂഹത്തിന്  ഭീഷണിയാകാത്തിടത്തോളം അതാരും ഗൗരവമേറിയ ഒരു ചർച്ചാവിഷയമായിക്കരുതാറില്ല. അതുപോലെത്ത ന്നെ ഭാവിയിൽ വിശുദ്ധനായേക്കാമെന്ന പരിഗണനയിൽ ഇന്നൊരു കുറ്റവാളി ചെയ്ത കുറ്റകൃത്യത്തിനുള്ള ശിക്ഷ വിവേകമുള്ള ഒരു ന്യായാധിപനും  ഇളവു ചെയ്യുമെന്നും തോന്നുന്നില്ല എന്നതാണ് പുതുന്യായാധിപന്മാരുടെ  ഈ ഉദ്ധരണിപ്രേമം കാണുമ്പോൾ മനസ്സിൽ തോന്നുന്നത്.     

നീതിയെയും ധർമ്മത്തെയും കുറിച്ചുള്ള നമ്മുടെ ആചാര്യന്മാരുടെ പതിവുവചനങ്ങളൊന്നും തങ്ങൾ മാനിക്കില്ലെന്നത് കുറച്ചുകൂടി ആലങ്കാരികമായി പ്രഖ്യാപിക്കണമെന്നേ  ഉദ്ദേശിച്ചുള്ളൂ എന്നു തോന്നുന്നു അവർ ഓസ്കാർ വൈൽഡിൻ്റെ   "every saint has a past..." എന്ന വരി ഉദ്ധരിച്ചതിലൂടെ.  അല്ലാതെ "...every sinner has a future" എന്നതിന്  ഇക്കൂട്ടർക്ക് എന്തുറപ്പാണു തരാനാവുക?

തീർന്നില്ല, ഈ കേസിനെക്കുറിച്ചുള്ള കോടതിയുടെ ഒരു നിരീക്ഷണം കൂടി വായിച്ചാലേ ഈ വിധി പുറപ്പെടുവിച്ച ബെഞ്ചിൻ്റെ അത്യപൂർവ്വമായ ഹൃദയവിശാലത മനസ്സിലാവൂ.

 “As demonstrated earlier, once again one of the most barbaric and ugly human faces has surfaced. A tiny bud like girl was smothered by the appellant before she could blossom in this world. The monstrous acts of the appellant suffocated the victim to such an extent that she had no option but to leave this world. Once again, all the Constitutional guarantees have failed to protect the victim from the clutches of the demonizing acts of the appellant.”

“In the opinion of the Court, any sympathy shown to the appellant would lead to miscarriage of justice. However, it has been brought to the notice of this Court that in series of judgements, this Court has not treated such case as the rarest of rare case.” 

അതായതുത്തമാ, പ്രതി ചെയ്ത കുറ്റകൃത്യം അതിക്രൂരവും പൈശാചികവും ഹീനവും നിന്ദ്യവും ദാരുണവുമൊക്കെത്തന്നെയാണെന്നു ഞങ്ങളും സമ്മതിക്കുന്നു,  എന്നിരുന്നാലും ഇതത്ര "അപൂർവ്വങ്ങളിൽ അപൂർവ്വമായ" കേസെന്നൊന്നും പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് തൽക്കാലം പ്രതിയ്ക്കു  വധശിക്ഷ വേണ്ട, ജയിൽമുറിയിൽ  കിടത്തി സമീകൃതാഹാരമൊക്കെ  കൊടുത്തൂട്ടിയുറക്കി സമൂഹത്തിൻ്റെ  ഭാവിവാഗ്ദാനമാക്കിമാറ്റി ഒരിരുപതുകൊല്ലത്തിനുശേഷം തുറന്നുവിട്ടോളാൻ! 

കുറ്റകൃത്യം ചെയ്തുവെന്നതിനു വേണ്ടത്ര തെളിവില്ലാത്തതിനാൽ പ്രതിയെ വെറുതെ വിടുന്നു എന്ന് ഒരു പരമാധികാരകോടതി അസന്നിഗ്ദ്ധമായി വിധിച്ചാൽ അതിനൊരു മാന്യതയുണ്ട്.  ഇതങ്ങനെയല്ല. പ്രതി കുറ്റം ചെയ്തു എന്നത് തെളിഞ്ഞു. കുറ്റകൃത്യം ഹീന മാണ് എന്നു ബോധ്യവുമുണ്ട്  എന്നാലും കുറ്റകൃത്യത്തിന്‌  അത്ര അപൂർവ്വതയൊന്നുമില്ലെന്നതാണ്  ന്യായീകരണം!

ഇതിൽനിന്നു നാമെന്തു മനസ്സിലാക്കണം? പരമാധികാരം കയ്യാളുന്ന നമ്മുടെ ന്യായാധിപന്മാർ  കൂടുതൽ പുതുമയുള്ള കുറ്റകൃത്യങ്ങൾക്കായി കാത്തിരിക്കുന്നുവെന്നോ? കുറ്റകൃത്യത്തിൻ്റെ  അപൂർവ്വതയെന്നതുകൊണ്ട്  അതിൻ്റെ  തീവ്രതയും പൈശാചികതയുംതന്നെയാണല്ലോ അവർ ഉദ്ദേശിച്ചിരിക്കുക. അവിടെത്തന്നെയാണു പന്തികേട്.

കൂടുതൽ അപൂർവ്വതയുള്ള കേസുകൾ കാത്തിരിക്കുന്ന  ഇത്തരം ബെഞ്ചുകൾക്ക് കുറ്റവാളികളുടെ ശോഭനമായ ഭാവിയിൽ  മാത്രമേ വേവലാതിയുള്ളൂ എന്ന് വരുമോ? ഇത്രയും ഹീനമായ ഒരു  കുറ്റകൃത്യത്തിനുപോലും   അപൂർവത പോരാ എന്ന പേരിൽ ഒന്നാംപ്രതിയുടെ  ശിക്ഷ ഇളവു ചെയ്യുമ്പോൾ  അതു സമൂഹത്തിലെ  കുറ്റവാസനയുള്ളവർക്ക് നൽകുന്ന തെറ്റായ സന്ദേശത്തിൻ്റെ വ്യാപ്തി സിമൻറുബെഞ്ചുകൾക്കുപോലും ഈ കാലില്ലാബെഞ്ചുകളേക്കാൾ നന്നായി മനസ്സിലായേക്കും. 

അല്ലെങ്കിലും കലികാലത്ത് ധർമ്മം ഒറ്റക്കാലിലാണു  നടക്കുക എന്നാണല്ലോ പറയുക.  തപസ്സ്, ദയ, ശൗചം, സത്യം എന്നീ നാലു കാലുകളിലാണ്  ധർമ്മം നിലനിൽക്കുന്നത്. അതിൽ സത്യമൊഴികെയുള്ള മൂന്നുകാലുകളും അഴിഞ്ഞാടുന്ന കലി തകർത്തുകഴിഞ്ഞു. സത്യം എന്ന ശോഷിച്ചുശേഷിച്ച ഒറ്റക്കാലുകൂടി തകർത്താൽ  ധർമ്മനാശം പൂർത്തിയാവും. അതുണ്ടാവാതിരിക്കട്ടെ.

ജനങ്ങളുടെ അവസാനപ്രതീക്ഷയായ സത്യവ്രതരും ധർമ്മിഷ്ഠരുമായ   ന്യായാധിപന്മാർക്കു വംശനാശം സംഭവികാതിരിക്കട്ടെ. ധർമ്മസംസ്ഥാപനമെന്ന പ്രതീക്ഷയുടെ നേർത്ത തിരി കെടാതിരിക്കട്ടെ. ഈ കലികാലത്തു ധർമ്മം ഒറ്റക്കാലിലെങ്കിലും നടന്നോട്ടെ. 

മദ്ധ്യപ്രദേശിലെ ഏതോ കൊച്ചുഗ്രാമത്തിത്തിലെ വീടിൻ്റെ മുറ്റത്തു തൻ്റെ സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഇപ്പോൾ അവിചാരിതമായി എത്തപ്പെട്ട സ്വർഗ്ഗത്തിലിരുന്ന്  ഓസ്കാർ വൈൽഡിനോട് താനാദ്യമായി കേൾക്കാനിടവന്ന   ഉദ്ദരണിയുടെ അർത്ഥമെന്തെന്നും അതിനു  തന്നെ കൊന്നവനുമായി എന്തു ബന്ധമെന്നും ചോദിക്കുന്നുണ്ടാവണം! 

കുഞ്ഞേ, നീ മാത്രമല്ല, ഇവിടെ ജീവിച്ചിരിക്കുന്ന ഭൂരിപക്ഷം ജനങ്ങളും  ഈ ഉദ്ധരണി ഈ ന്യായാധിപന്മാർ പറയുമ്പോഴാണ് ആദ്യമായി കേൾക്കുന്നത്. പണ്ഡിതരാണവർ! നമ്മളെന്തറിഞ്ഞു?! 

വൽക്കഷ്ണം: നമ്മുടെ കേരളത്തിൽ   നാലഞ്ചുകൊല്ലമായിട്ടും  മാദ്ധ്യമകോടതികൾ ചൂടാറാതെ സൂക്ഷിച്ചുകൊണ്ടുനടക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരേയൊരു പീഡനക്കേസുണ്ടല്ലോ എന്നു ഈ വിധിയുടെ പശ്ചാത്തലത്തിൽ വെറുതെ ഒന്നോർത്തുപോയി.

Read news in connection with the post


ആലിംഗനനിർമ്മാല്യം


16-04-2022

ഇന്ന് ഹനുമദ്‌ജയന്തിയാണ്. 

ഇതിഹാസത്തിൻ്റെയും പുരാണങ്ങളുടേയുമെല്ലാം  താളുകളിൽനിന്നും  ഹൃദയത്തിലേറിയ ഭക്തിയുടേയും സൗഹൃദത്തിൻ്റെയും  പർവ്വങ്ങളിൽ ഏറ്റവും മനോഹരവും നിർമ്മലഗന്ധം വഹിക്കുന്നതുമായ ഒരു ദളമാണ് ശ്രീരാമനും ഹനുമാനും തമ്മിൽ ഗാഢമായി ആലിംഗനം ചെയ്തുനിൽക്കുന്ന ഈ രംഗം.  ഇത്രയുംതന്നെ ഉദാത്തവും നിർമ്മലവും മനോഹരവുമായ ഒരു ആലിംഗനം കൂടി ആഴത്തിൽ വേരോടിയിട്ടുണ്ട്  മനസ്സിൽ. അത് പരസ്പരസ്നേഹത്താൽ സർവ്വലോകത്തെയും മറന്നുപോയ കൃഷ്ണകുചേലന്മാരുടെ ആലിംഗനം. ഈ രണ്ട് ആലിംഗനങ്ങൾക്കും  നൽകുവാൻ കഴിഞ്ഞത്രയും സമത്വസങ്കൽപ്പശക്തിയൊന്നും  ഇത്രയും കാലത്തെ ചെറിയ ജീവിതത്തിനിടയിൽ പഠിക്കുവാനും കേൾക്കുവാനുമിടയായ മറ്റു നാടുകളിലെ   ഇതിഹാസങ്ങളിൽനിന്നും  ഇസങ്ങളിൽനിന്നുമൊന്നും  ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ മികച്ച സാമൂഹികൈക്യവും സ്വാതന്ത്ര്യവുമെല്ലാം വാഗ്ദാനം ചെയ്തുകൊണ്ട് കാലാകാലങ്ങളിൽ കടന്നുവന്ന ഇതര ഇസങ്ങളും വിദേശശക്തികളും ഭാരതീയപാരമ്പര്യങ്ങളെ ഉടച്ചുവാർക്കാനുള്ള മുറവിളികളും ഒന്നും ഇപ്പോഴും ഒരിറ്റും മനസ്സിനെ മോഹിപ്പിക്കുന്നുമില്ല. 

ഓം ആഞ്ജനേയായ നമഃ 🙏


വിഷുപ്പാച്ചിൽ

14-04-2022

കണി കാണാനുൾക്കണി കാണാൻ
കാലാകാലപ്പൊരുൾ കാണാൻ
ഒരുമിച്ചിന്നൊരു കണി വയ്ക്കാം
ഉരുളിയിലുലകക്കണി വയ്ക്കാം.
പണി നന്നാവാൻ കണി വയ്ക്കാം
അണിയായിന്നീ കണി വയ്ക്കാം
കണി നന്നാവാൻ പണി ചെയ്യാം
മടിയാതൊന്നായ് പണി ചെയ്യാം
പതിരില്ലാത്തൊരു പണി ചെയ്താൽ
പുലരിയിൽ നല്ലൊരു കണി കാണാം. 


15-04-2022 
വിഷു














Sunday, April 10, 2022

രാമകവിതകൾ

 ഇന്ന് ചൈത്രമാസത്തിലെ  നവമിദിവസം  

ശ്രീരാമനവമി 

 പരിഷ്കൃതരെന്നവകാശപ്പെടുന്ന സമൂഹത്തിൻ്റെ  വിമർശനശരങ്ങൾ എത്രയെല്ലാമേറ്റാലും  രാജ്യം ഭരിക്കുന്ന ഒരു രാജാവിൻ്റെ  ധാർമ്മികതയും അധാർമ്മികതയും  തൻ്റെ കുടുംബസുഖത്തേയും  വ്യക്തിഗതമായ
മുൻഗണനകളേയും  ആശ്രയിച്ചല്ല തീരുമാനിക്കപ്പെടേണ്ടതെന്ന ലോകമാതൃകയായ ഭാരതീയമര്യാദ യുഗങ്ങൾക്കിപ്പുറം ഇന്നും, പ്രത്യേകിച്ച് എല്ലാ രംഗങ്ങളിലേയും ധർമ്മം വികലമായതും മര്യാദയില്ലാത്തതുമായ  വ്യക്തിസ്വാതന്ത്ര്യഘോഷങ്ങളാൽ  അപ്പാടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന   ഈ കലികാലത്തിലും ഏറെ പ്രസക്തിയോടെ  നമ്മെ അടിവരയിട്ട്   ഓർമ്മിപ്പിക്കുന്ന  മര്യാദാപുരുഷോത്തമനായ അയോദ്ധ്യാധിപതിയായ ശ്രീരാമൻ്റെ ജന്മദിനം. 

പലപ്പോഴായി എഴുതിയ നാലു ശ്രീരാമ-ആഞ്ജനേയകവിതകൾ ഈ പുണ്യദിനത്തിൽ ഇവിടെ ഒരിക്കൽക്കൂടി ചേർക്കുന്നു. (ചിത്രങ്ങളിൽ click ചെയ്‌താൽ വലിപ്പമുള്ള  അക്ഷരത്തിൽ വായിക്കാം.)

ഹരേ രാമ!









Friday, April 1, 2022

മായപ്പൊൻമാൻ



മാരീചന്മാർ പല രൂപത്തിലെത്തിടാം
മാരീചൻ പാവം! ജീവഭയമാർക്കുമുണ്ടാം!
മാരീചന്നു പുറകിലുണ്ടു രാവണർ
മാരീചമായ പിൻപറ്റി സീതയെക്കക്കുവോർ !
ലക്ഷ്മണാ! വൃത്തം വരച്ചതിൻ പേർക്ക - 
ന്നപവാദമെത്ര നീ കേട്ടു പോൽ?! ഹാ!
ഇനി ഭരതൻ്റെയൂഴമാ,ണഭിനവ - 
രാവണമാർക്കടവുകൾക്കെന്തുള്ളു പഞ്ഞം!



Saturday, March 19, 2022

ഋതു













ഫാൽഗുനപ്പൗർണ്ണമിപ്പാൽ നുണഞ്ഞാർദ്രമാ-

മോർമ്മകൾ പങ്കിട്ടു യാത്രയായീടുന്നു

ശീതശിശിരർത്തു നേർത്തൊരു തെന്നലായ്.

മഞ്ഞിൻ പുതപ്പു മടക്കുന്നു യാമിനി.



സ്വാഗത! മാഗതനാക വസന്തമേ, 

ചില്ലകളിൽത്തളിരായിപ്പടർന്നു 

നൂറായിരം വർണ്ണങ്ങളായ് വന്നു പൂത്തുല - 

ഞ്ഞാകെയീ ഭൂമിയെയാരാമമാക്കുക!

Sunday, March 6, 2022

പൂന്താനപ്പൂന്തേൻ













കുംഭമാസത്തിലെയശ്വതീനക്ഷത്ര - ജാതനാം പൂന്താനഭാനുവിൻ രശ്മികൾ ഭക്തിതന്നൌഷധപ്പൂന്തേനിരിയ്ക്കുന്ന ശ്രീകുംഭമായ് മാറ്റിയെൻ മാതൃഭാഷയെ! കുംഭത്തിനുള്ളിലിരിയ്ക്കുന്ന സൽക്കാവ്യ - സദ്യയുണ്ടാലമരത്വമാർക്കും ഫലം! സംസാരരോഗം ശമിപ്പിക്കുമുത്തമ - പ്പൂന്താനപ്പാനയ്ക്കു നിത്യവും വന്ദനം! #പൂന്താനംദിനം2022

Tuesday, March 1, 2022

പ്രപഞ്ചനടനം

ഇന്നു മഹാശിവരാത്രി. 

ആ ചിദംബരേശ്വരൻ്റെ സർഗ്ഗനൃത്തത്തിൻ്റെ പൊരുൾ ഗ്രഹിക്കാൻ ഇനിയുമെത്ര ജന്മങ്ങളുടെ നോമ്പെടുക്കണം...













നടേശനൃത്തം ചിദംബരത്തിൽ
തെളിഞ്ഞിടാനായ് നമഃശിവായ.

മഹേശസൂത്രപ്രപഞ്ചതാളം
തിരിഞ്ഞിടാനായ് നമഃശിവായ.

ശിഖാഗ്നിയേന്തും ഇടത്തുകയ്യും
ഉയർന്നുപൊന്തും ഇടത്തുകാലും,

വണങ്ങിടുന്നേനഹന്ത പോക്കും
വലത്തുകാലും നമഃശിവായ.

യമാരിയാടും പ്രപഞ്ചനൃത്ത-
പ്പൊരുൾ ഗ്രഹിക്കാൻ നമഃശിവായ!

************************************


പദപരിചയം 

1. നടേശനൃത്തം - ശിവതാണ്ഡവം 

2. ചിദംബരം - ചിത്താകുന്ന ആകാശം, ദക്ഷിണഭാരതത്തിലെ പ്രശസ്തമായ ശിവക്ഷേത്രം 

3. മഹേശസൂത്രം - മാഹേശ്വരസൂത്രം/ശിവസൂത്രം (താണ്ഡവവേളയിൽ ശിവഡമരുവിൽ നിന്നുതിർന്ന പതിനാലു സൂത്രങ്ങളാണ് ഗുരു പാണിനി രചിച്ച വ്യാകരണശാസ്ത്രത്തിൻ്റെ അടിത്തറ)

4. ശിഖാഗ്നി - ഉയർന്നുപൊന്തുന്ന അഗ്നിനാളങ്ങൾ 

5. യമാരി - യമൻ്റെ ശത്രു, കാലാന്തകൻ 


Monday, February 21, 2022

മാതൃഭാഷാചതുഷ്ടയം

മാതൃഭാഷതൻ മാനം കെടുത്തുന്ന

മാനവർക്കിക്കാലം  മാന്യതയേറിടും!

മാതൃകർണ്ണങ്ങളില്‍ വീഴാനരുതാതെ

മാമകഭാഷയിന്നാകെ മലീമസം.


തൃക്കരങ്ങളാലാദ്യം ഗുരുവരർ

തൃപ്തിയോടെപ്പകർന്നൊരാ ഭാഷയെ

തൃണവല്‍ഗണിച്ചു ചവിട്ടിമെതിച്ചിടും

തൃഷ്ണയാൽ മർത്ത്യരിന്നെത്രയും നിർദ്ദയം!


ഭാഷയിൽ ശ്രേഷ്ഠമാകും  മാതൃഭാഷയെ

ഭാവവിശുദ്ധിയറ്റേറ്റം മലിനമായ് 

ഭാഷ്യഭാഷണക്കുപ്പയിൽ വച്ചവർ

ഭാവനാവൈകൃതങ്ങൾ രചിച്ചിടും 


ഷഡങ്‌ഗനാം  ശിഷ്യനെ വിദ്യയൂട്ടുകിൽ

ഷഡാതതായികൾക്കൊത്തു വരുമവൻ

ഷഡ് വൈരികൾക്കടിപ്പെട്ടുപോകും പ്രജ 

ഷഡീതികൾക്കും നിദാനമായ് മാറിടും.


#അന്താരാഷ്ട്രമാതൃഭാഷാദിനം2022

*******************************************************************


പദസഞ്ചയം 

ചതുഷ്ടയം - നാലു കൂടിയത് (ഇവിടെ, മാ-തൃ-ഭാ-ഷ  എന്നിവ)  

 മാമകഭാഷ -  എന്‍റേതായ   ഭാഷ 

മലീമസം - ദുഷിച്ചത് 

തൃണം - പുല്ല്, നിസ്സാരമായത് 

തൃഷ്ണ - രാഗമോഹാദികൾ, അമിതമായ ആഗ്രഹങ്ങൾ 

ഭാഷ്യം - വ്യാഖ്യാനം 

ഭാഷണം - വാക്ക്, സംസാരം 

ഭാഷ്യഭാഷണക്കുപ്പ - ഭാഷണങ്ങളും അവയുടെ വ്യാഖ്യാനങ്ങളുമാകുന്ന  കുപ്പ

ഷഡങ്‌ഗൻ - മൂഢൻ, വിവേകമില്ലാത്തവൻ 

ഷഡാതതായികൾ - വധശിക്ഷാർഹമായ ആറു തരം ക്രൂരകൃത്യങ്ങൾ                                                               ചെയ്യുന്നവർ (അപരൻറെ വീടിനു തീ വയ്ക്കുന്നവൻ, അപരനു  വിഷം കൊടുക്കുന്നവൻ,  ആയുധവുമേന്തി കൊല്ലാൻ വരുന്നവൻ, അപരൻ്റെ ധനം അപഹരിക്കുന്നവൻ, അപരൻ്റെ പറമ്പു തട്ടിയെടുക്കുന്നവൻ, അപരൻ്റെ ഭാര്യയെ അപഹരിക്കുന്നവൻ  എന്നിങ്ങനെ ആറു കൂട്ടർ  - വസിഷ്ഠസ്മൃതി 3.19 )

ഷഡ്‌വൈരികൾ - നമ്മുടെ അധഃപതനത്തിനു കാരണമായ കാമം, ക്രോധം,                                               ലോഭം, മോഹം, മദം, മാത്സര്യം എന്നീ അശ്രേയസ്‌ക്കരമായ                                         ആറു  മനോവൃത്തികൾ 

ഷഡീതികൾ  - രാജ്യത്തിനു വരുന്ന ആറുതരം ബാധകൾ - അതിവൃഷ്ടി,                                                  അനാവൃഷ്ടി, ശലഭം, എലി, കിളി,  അത്യാസന്നാവസ്ഥയിലെ                                       നൃപന്മാർ or അരാജകാവസ്ഥ മൂലമുള്ള വിദേശാക്രമണം                                               എന്നീ ആറു കാരണങ്ങൾ മൂലം ഉണ്ടാകുന്നത്


Thursday, January 13, 2022

സ്വർഗ്ഗവാതിൽ


ഹൃത്തിലുണ്ടൊരു വൈകുണ്ഠം,

അങ്ങുണ്ടെനിക്കൊരു പ്രിയമിത്രം.

എത്തുമിന്നെന്നെന്നും ഞാൻ

വാക്കു ചൊല്ലുമ്പോഴെല്ലാം

ശാന്തമായ് ചിരി തൂകിക്കൊ-

ണ്ടാത്മമിത്രമുരയ്ക്കുന്നു;

"കാത്തിടാ,മീ ഗേഹം വി-

ട്ടെങ്ങു പോകാൻ നിൻ മിത്രം?!

എപ്പൊഴെത്തി വിളിച്ചാലും

അപ്പൊഴെത്തും നിന്നരികിൽ 

എത്ര വൈകിലുമൊരുനാൾ നീ

എത്തുമെന്നുടെ സവിധത്തിൽ

എന്നതിന്നൊരു സന്ദേഹം

ഇല്ലൊരിക്കലു,മതുമൂലം

നിത്യമിങ്ങു വസിക്കുന്നു

നിൻ്റെ ഹൃദ്-വൈകുണ്ഠത്തിൽ;

വന്നുചേരുക വൈകാതെ

സദ്മാർഗ്ഗമാത്മസ്വരൂപത്തിൽ".


Wednesday, December 22, 2021

സുദാമാവ്

 ഇന്നു  കുചേലദിനം. 

ഭൗതികവും ശാരീരികവുമായ ജീർണ്ണതകൾക്കെല്ലാം പരിഹാരം ജീർണ്ണതയില്ലാത്ത ആത്‌മാവിനെ അറിയാൻ ശ്രമിക്കുകവഴി മനസ്സിനെ എല്ലാ ജീർണ്ണതകളിൽനിന്നും അകറ്റിനിർത്തുകയാണെന്ന   സന്ദേശമാണ് കുചേലദിനം നൽകുന്നത്. 

സുദാമാവ് എന്നാൽ കുചേലനെന്നും സമുദ്രമെന്നും അർത്ഥം.


സുദാമാവ് 





















നിത്യം മനസ്സാം കുചേലനീ സംസാര-
ജീർണ്ണത മുറ്റുമവൽപ്പൊതിക്കാഴ്ചയും 
പേറിപ്പരമാത്മമിത്രമാം ഗോപാല-
കൃഷ്ണനെത്തേടിപ്പുറപ്പെടുംനേരം
പിമ്പേ വരും വിട്ടുപോകാൻ വിടാതെയ-
ഞ്ചിന്ദ്രിയവാജികൾ, മോഹാനുഗാമികൾ,
"സമ്പന്നനാമാത്മമിത്രമുണ്ടാകിലു-
മെന്തുണ്ടു നേട്ട"മെന്നാരായുവാൻ സദാ.
സംശയം വന്നുഭവിപ്പിച്ചിടുന്നുവെൻ 
യാത്ര മുടക്കിക്കുതിക്കും കുതിരകൾ.
വീണ്ടുമീ മായാസമുദ്രത്തിലിങ്ങനെ
നീന്തുമ്പൊഴാത്മനെക്കാണുവാൻ തോന്നിടും.

ചോദിയ്ക്കവേണമിന്നെന്നുടെ ദാരിദ്ര്യ -
മൊക്കെയുമാറ്റി സമ്പന്നനാക്കീടുവാൻ...
കണ്ടാലറിയുമോ? മിണ്ടാൻ തുനിയുമോ?
കണ്ണനെ ഞാൻ കണ്ടതെന്നോ? മറന്നുപോയ്!
അത്യന്തമോഹപ്രലോഭനപീഢക -
ളൊക്കെയും താണ്ടിയിന്നെത്തിയീ ഗോപുരേ!
മാധവായെൻ ഭക്തവത്സലാ, നിന്നെയൊ-
ന്നുള്ളം നിറഞ്ഞിന്നു കാണണമെങ്ങു നീ?

ഓടിയണയുന്നിതാരെൻ സതീർത്ഥ്യനോ,
മിന്നുമീ ദ്വാരക വാഴുമധീശനോ !
ആനന്ദബാഷ്പം തുളുമ്പുന്നു, ശൗരിയാ
നേത്രങ്ങളെൻ നേർക്കുനീട്ടിത്തിരക്കുന്നു, 
" എന്തേ വരാനിത്ര വൈകി നീയെന്നോടു
ഗർവ്വിച്ചു പോരാൻ മടിച്ചതോ? ചൊല്ലു നീ..."


നെഞ്ചോടു ചേർത്തെന്നെയാരേ പുണർന്നി-
ടുന്നൊന്നുമേ ചൊല്ലുവാനാവാത്തതെന്തഹോ!
ഗദ്ഗദം തൊണ്ടയിൽ വന്നു കുടുങ്ങുന്നു,
ആരിതെൻ പാദങ്ങളയ്യോ! കഴുകുന്നു!
എൻ കയ്യിലെയവൽക്കെട്ടു തുറന്നു നീ-
യോരോ പിടി വാരി വായിലിടുമ്പൊഴു-
മെൻ ബന്ധനത്തിൻ്റെ കെട്ടുകൾ പൊട്ടി
ഞാൻ മുക്തനാകുന്നുവെൻ കൃഷ്ണാ! ഹരേ! ഹരേ!

മായാമുകന്ദ! നീ ജാലങ്ങളീ വിധം
കാട്ടിയെൻ ഹൃത്ത്ക്ഷുദ്രദാരിദ്ര്യമാറ്റി നി-
ന്നോടുള്ള  ഭക്തിയാകും സുദാമാവി-
ന്നടിത്തട്ടു പോൽ മനം സമ്പന്നമാക്കണം!
പ്രേയസ്സിൻ പിന്നാലെയോടിത്തളർത്തിടാ- 
തേകണം  ശ്രേയസ്സിൻ കാന്തിയും ശാന്തിയും !


പദാവലി 

സുദാമാവ് - കുചേലൻ, സമുദ്രം 
വാജി             - കുതിര 
മോഹാനുഗാമി - മോഹങ്ങൾക്കു പിമ്പേ പോകുന്നയാൾ 

സതീർത്ഥ്യൻ - സഹപാഠി, ആത്മമിത്രം 
ഹൃത്ത്ക്ഷുദ്രദാരിദ്ര്യം - ഹൃദയനൈർമ്മല്യത്തിനു  ഹാനി വരുത്തുന്ന                                                                       ചിന്തകൾ  
പ്രേയസ്സ്        - ഭൗതികതൃഷ്ണ കൊണ്ടു നേടാവുന്ന  താൽക്കാലികമായ                                                    നേട്ടങ്ങൾ 
ശ്രേയസ്സ്        - ആത്മീയമായ ജ്ഞാനവും തപസ്സും കൊണ്ടു നേടുന്ന  സമഗ്രവും                                ശാശ്വതമായ ഐശ്വര്യം 

Friday, December 3, 2021

----പ്രതിസമത----

 



ഇന്നു കാണുന്നൊരീ സന്ധ്യയോ സുന്ദരി

ഇന്നലെക്കണ്ടൊരു സിന്ദൂരസന്ധ്യയോ?! 


പൂർണ്ണമായൊന്നുപോലില്ലന്യസൃഷ്ടികൾ

പൂർണ്ണത്തിൽ നിന്നുള്ള പൂർണ്ണങ്ങളെന്നിയേ!


വൈവിദ്ധ്യപൂർണ്ണമാം പൂർണ്ണങ്ങളൊക്കെയും

ചേരും പരസ്പരപൂരകസൃഷ്ടികൾ.


ഏകമാമാ നാദവൈഭവംതന്നിൽനി-

ന്നുൽപ്പന്നമാം സഗുണാകാരസൗഷ്ടവം.  


ഏറ്റക്കുറച്ചിലിൻ ചിന്ത വിട്ടൊക്കെയും

ചേരുംപടി ചേർത്തുവച്ചാൽ മനോഹരം!


ഇപ്രപഞ്ചം കാക്കുമാനുരൂപ്യം വെടി -

ഞ്ഞീടാതിരിക്കുകിൽ സച്ചിദാനന്ദം!

Sunday, November 14, 2021

പതക്കപ്പേച്ചുകൾ








"വന്ദനം പതക്കമേയാരു നീ? "

"ഞാനൊരു ഭാഗ്യവാൻ,

രാഷ്ട്രസേവനത്തിൻ നെഞ്ചിൽ

നെഞ്ചുവിരിച്ചിരുപ്പവൻ.  നീയോ?"

"ഞാനുമൊരു പതക്കം,

ഹാ! വികൃതമെൻ ജന്മം...

രാഷ്ട്രവിദ്ധ്വംസനക്കൊടുംനഞ്ചിൻ  

നെഞ്ചിലിരിപ്പാൻ വിധിച്ചവൻ."

Sunday, November 7, 2021

#ദീപാവലി2021








ഭദ്രദീപങ്ങൾതന്നാവലീശോഭയാൽ  
പൗർണ്ണമിയാണിന്നമാവാസിനാളിലും   
ഒന്നിൽനിന്നൊന്നിലേക്കായ് ഭദ്രദീപങ്ങൾ 
മെല്ലെക്കൊളുത്തുന്നുവുൾച്ചിരാതിൻ  തിരി 
പുഞ്ചിരിയായ്ച്ചുണ്ടിലൂറുന്നു മേൽക്കുമേ-
ലാഹ്ളാദമീപ്പൂത്തിരിപ്പൂനിലാവുപോൽ! 

#ദീപാവലി2021
04-11-2021

പ്രപഞ്ചസായാഹ്നം






 പ്രതലമില്ലാതെഴുതുന്നു മായ്ക്കുന്നു

പ്രകൃതിയന്യാദൃശചിത്രങ്ങളനുക്ഷണം!

പ്രകടമാകും പ്രപഞ്ചമേയെൻമിഴി -

പ്പ്രതലമൊന്നിൽപ്പകർത്തട്ടെ നിന്നെ ഞാൻ!

പ്രകൃതഭേദപ്രകാരമെന്നുൾത്തലം

പ്രണയദ്വേഷങ്ങളിൽപ്പെട്ടുപോകിലും

പ്രളയകാലത്തു ഭേദങ്ങളൊക്കെയും

പ്രണവമൊന്നിൽ ലയിക്കട്ടെ ശാന്തമായ്! 


Saturday, October 23, 2021

പുനർവിചിന്തനം

 










പുഴകൾ പാലൂട്ടിയ പുണ്യനാടേ,നിൻ്റെ 

വിധിയീവിധമെന്തു  മാറിനാടേ?

പേമാരി തന്നുള്ളു കണ്ട നാടേ,യിന്നു 

ചെറുചാറ്റൽ കണ്ടാൽ ഭയപ്പതെന്തേ?

മലകളിൽ മാമരം കോച്ചിടുമ്പോഴെന്തു

സുഖനിദ്രപൂണ്ടിരുന്നന്നു നാടേ!

അരുതായ്കയെന്തു നാം ചെയ്തു നാടേ-

യിനി പഴയ ശാന്തിയ്ക്കെന്തു ചെയ്‌വൂ നാടേ?


ഏറും തലയെടുപ്പോടെയീ നാടിനെ-

ക്കാത്തൊരാ മാമലസേനയെ നാം

ദ്രോഹിച്ചു നാൾക്കുനാളേറും ദുരാഗ്രഹ- 

ത്താൽ മതികെട്ടു മദിച്ചനാളിൽ;

വാനിൽ നീന്തും ഹർഷനീരദങ്ങൾതൻ്റെ  

നെഞ്ചകം തൊട്ട ഗിരിനിരകൾ 

അപ്പാടെ മുണ്ഡനം ചെയ്തു നാം നൂതന- 

നാണ്യവിളകൾക്കു ഭൂമിയാക്കീ.  

യന്ത്രങ്ങൾ നിത്യവും മെയ് കാർന്നെടുക്കവേ  

നോവിൽത്തളരും മലനിരകൾ,

കന്മദം ചോരുന്ന പാറകൾ പൊട്ടി -

യടർന്നർദ്ധപ്രാണ,രസ്തശ്ശിരസ്ക്കർ, 

ഏറ്റുമുട്ടാൻ ശേഷി ചോർന്നു നിൽപ്പൂ

കൊടുങ്കാറ്റിനോടും കരിങ്കാറിനോടും,

കാലം പിഴച്ചുവീശും കടൽക്കാറ്റും 

കനൽകാറ്റുമേറ്റുടൽ വേച്ചുനിൽപ്പൂ.


 അക്ഷയപാത്രമാം പശ്ചിമഘട്ടവും  

ചൂഷണമേറ്റു ക്ഷയിച്ചുപോയീ...

നാണയത്തുട്ടുകൾ കൊയ്യുവാൻ കാടായ 

കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ,

മണ്ണിട്ടുമൂടിയ കാട്ടുനീർച്ചോലകൾ-

തൻ പച്ചജീവൻ പിടഞ്ഞൊടുങ്ങീ, 

കാവും കുളവും പടിയിറങ്ങീ 

തറവാടും പൊളിച്ചുവിറ്റുണ്ടു നമ്മൾ,  

നമ്മൾക്കു നാകം പണിഞ്ഞവർതന്നുടെ 

ദീർഘമാം വീക്ഷണം കണ്ടിടാതെ  

പൊട്ടിച്ചിരിച്ചെന്തു പ്രാകൃതമെന്നുച്ച-

ഘോഷം പരിഹസിച്ചാർത്തു മോദം.


നല്ല നാല്പത്തിനാലാറുകൾ ചേർന്നന്നു 

നാടിന്നുയിർ തന്ന നല്ലകാലം

വിസ്മരിച്ചില്ലേ വികസനത്തിന്നുച്ച -

കാഹളത്തിൽ ലയിച്ചന്നു നമ്മൾ? 

തെന്നിത്തെറിച്ചു വെള്ളിക്കൊലുസിട്ടു 

നാടാകെയൊഴുകിയ പാൽപ്പുഴകൾ

ദേശമാകെ ദാഹനീരേറ്റി, വേരുകൾ-

ക്കൂർജ്ജം പകർന്നൊരമ്മപ്പുഴകൾ...

പെട്ടെന്നൊരിക്കൽ പകച്ചുനിന്നൂ ,

നമ്മളമ്മയെച്ചങ്ങലയ്ക്കിട്ട നാളിൽ!

ദാഹം പൊറാഞ്ഞെത്ര കൈവഴികൾ

വറ്റിയമ്മയെ കാത്തർദ്ധപ്രാണരായീ?

വറ്റിയ ചാലുകളൊക്കെയും തിങ്ങും  

മനുഷ്യാധിവാസങ്ങളെങ്ങുമെങ്ങും 

കാടിൻറെ മക്കളെ, കാട്ടുമൃഗങ്ങളെ- 

ക്കാടിറക്കീ,യടിവേരു വെട്ടീ...

വിസ്മരിച്ചേവരും കാടും  പുഴകളും 

കൈകോർത്തുനിന്നൊരാ പോയ കാലം!

ഇന്നൊരു മിന്നൽവെട്ടത്തിലും ഞെട്ടവേ-

യോർക്കുന്നുവോ പോയ നല്ല കാലം?


 ഒന്നല്ല രണ്ടല്ലിരുപതല്ലിന്നെങ്ങു-

മമ്മയെപ്പൂട്ടുമണക്കെട്ടുകൾ,  

ഭൂമിതൻ നാഡീഞെരമ്പുകളൊക്കെയും 

ബന്ധിച്ചുവന്ത്യലാഭക്കൊതിയാൽ. 

വിങ്ങിവിങ്ങിത്തടവിൽക്കിടന്നീടുന്നൊ-

രമ്മപ്പുഴകളൊന്നിച്ചുലഞ്ഞാൽ,

ഭൂമി തന്നുള്ളുരുകിപ്പരന്നൂരുകൾ

മായും, മറയും വികസനങ്ങൾ.

നന്നായ് നനഞ്ഞിടമെന്നു നിനച്ചാകെ-

യൂറ്റിയാലൂഴി തിരിച്ചടിക്കും!

തട്ടിപ്പറിച്ചതും വെട്ടിപ്പിടിച്ചതുമെല്ലാം 

പ്രപഞ്ചം തിരിച്ചെടുക്കും !!


താണുവണങ്ങിയനുവാദവും വാങ്ങി 

വേണ്ടത്ര മാത്രമെടുത്തുകൊള്ളാൻ 

ചൊന്നു, ദാനം തന്നു മണ്ണിൽ മറഞ്ഞവർ- 

തൻ വാക്കുകൾ തന്നെ ശാന്തിമന്ത്രം!

 പഞ്ചഭൂതങ്ങൾക്കുമുണ്ടവസ്ഥാന്തരം,

കണ്ടറിഞ്ഞാൽക്കൊണ്ടറിഞ്ഞിടേണ്ട!

Wednesday, October 20, 2021

വന്ദേ വാല്മീകി കോകിലം



 അശ്വിനമാസത്തിലെ പൗർണ്ണമിദിവസമായ ഇന്ന്  ഭാരതം ആദികവിയായ വാത്മീകിമഹർഷിയുടെ ജന്മദിനമായി കൊണ്ടാടുന്നു.   

എണ്ണിയാലൊടുങ്ങാത്തത്ര തർജ്ജമകളും വ്യാഖ്യാനങ്ങളും  വിവിധഭാഷകളിൽ ഉണ്ടായിട്ടുള്ള കൃതിയാണ്  ആദികാവ്യമായ വാല്മീകി രാമായണം. ശ്രീ തുഞ്ചത്തു രാമാനുജാചാര്യൻ  എഴുതിയ ഭക്തിനിർഭരമായ അദ്ധ്യാത്മരാമായണം ഉൾപ്പെടെ വാൽമീകിരാമായണത്തെ ആസ്പദമാക്കി  രചിക്കപ്പെട്ടിട്ടുള്ള   ഉപഗ്രന്ഥങ്ങളോടെല്ലാമുള്ള അതിയായ ബഹുമാനം  മനസ്സിൽ സൂക്ഷിക്കുമ്പോൾത്തന്നെ ആദികവി വാത്മീകിമഹർഷി എഴുതിയ ആ മൂലകൃതി വായിക്കാനും മനസ്സിലാക്കാനുമുള്ള ഭാഷാപരിജ്ഞാനം ഇല്ലാതെപോയതിൽ   മനസ്സ് പലപ്പോഴും ഖേദിച്ചിട്ടുണ്ട്.  എന്നാൽ പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ നമുക്ക് അറിയുവാനാഗ്രഹമുള്ള കാര്യങ്ങൾ അറിയുവാനും  മനസ്സിലാക്കുവാനുമുള്ള മാർഗ്ഗങ്ങൾ നിരവധിയാണ്. അവയിൽ ആധികാരികമായവ കണ്ടെത്തി വായിച്ചുമനസ്സിലാക്കുവാൻ ഒരല്പം സമയം നിത്യവും നാം ചെലവാക്കിയാൽ അനേകകാലങ്ങളായി ഇതേക്കുറിച്ചൊക്കെ നമ്മുടെ മനസ്സിലുള്ള സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും മുൻവിധികൾക്കുമെല്ലാം  ഒരുവലിയ അളവുവരെ പരിഹാരമാകും.മൂലകൃതികളെ വേണ്ടതുപോലെ അറിയുവാൻ ശ്രമിക്കാതെ അവയുടെ  വ്യാഖ്യാനങ്ങളിലൂടെമാത്രം കടന്നുപോകുമ്പോൾ  വരുന്ന ആശയക്കുഴപ്പങ്ങൾ  തീർക്കാൻ  മൂലകൃതികളെത്തന്നെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്.  അതിനായി നമ്മിൽ അണയാത്ത ആഗ്രഹവും ഉത്സാഹവും ഉണ്ടാകുവാൻ ഗുരുപരമ്പരകൾ അനുഗ്രഹിക്കട്ടെ! 


ഓം ഗുരുഭ്യോ നമഃ 

ഓം വാത്മീക്യായ നമഃ 


Valmiki Ramayanam

https://www.valmiki.iitk.ac.in/


तपस्स्वाध्यायनिरतं तपस्वी वाग्विदां वरम् ।

नारदं परिपप्रच्छ वाल्मीकिर्मुनिपुङ्गवम् ।।1.1.1।।


कोन्वस्मिन्साम्प्रतं लोके गुणवान्कश्च वीर्यवान् ।

धर्मज्ञश्च कृतज्ञश्च सत्यवाक्यो दृढव्रत:।।1.1.2।।


चारित्रेण च को युक्तस्सर्वभूतेषु को हित: ।

विद्वान्क: कस्समर्थश्च कश्चैकप्रियदर्शन: ।।1.1.3।।


आत्मवान्को जितक्रोधो द्युतिमान्कोऽनसूयक: ।

कस्य बिभ्यति देवाश्च जातरोषस्य संयुगे ।।1.1.4।।


एतदिच्छाम्यहं श्रोतुं परं कौतूहलं हि मे ।

महर्षे त्वं समर्थोऽसि ज्ञातुमेवंविधं नरम् ।।1.1.5।।


श्रुत्वा चैतत्ित्रलोकज्ञो वाल्मीकेर्नारदो वच: ।

श्रूयतामिति चामन्त्त्र्य प्रहृष्टो वाक्यमब्रवीत् ।।1.1.6।।


बहवो दुर्लभाश्चैव ये त्वया कीर्तिता गुणा: ।

मुने वक्ष्याम्यहं बुद्ध्वा तैर्युक्तश्श्रूयतान्नर: ।।1.1.7।।


इक्ष्वाकुवंशप्रभवो रामो नाम जनैश्श्रुत: ।

नियतात्मा महावीर्यो द्युतिमान्धृतिमान् वशी ।।1.1.8।।


बुद्धिमान्नीतिमान्वाग्मी श्रीमान् शत्रुनिबर्हण: ।

विपुलांसो महाबाहु: कम्बुग्रीवो महाहनु: ।।1.1.9।।


महोरस्को महेष्वासो गूढजत्रुररिन्दमः ।

आजानुबाहुस्सुशिरास्सुललाटस्सुविक्रमः ।।1.1.10।।


समस्समविभक्ताङ्गस्स्निग्धवर्ण: प्रतापवान् ।

पीनवक्षा विशालाक्षो लक्ष्मीवान् शुभलक्षणः ।। 1.1.11।।


धर्मज्ञस्सत्यसन्धश्च प्रजानां च हिते रतः ।

यशस्वी ज्ञानसम्पन्नश्शुचिर्वश्यस्समाधिमान् ।।1.1.12।।


प्रजापतिसमश्श्रीमान् धाता रिपुनिषूदनः ।

रक्षिता जीवलोकस्य धर्मस्य परिरक्षिता ।।1.1.13।।


रक्षिता स्वस्य धर्मस्य स्वजनस्य च रक्षिता ।

वेदवेदाङ्गतत्त्वज्ञो धनुर्वेदे च निष्ठितः ।।1.1.14।।


सर्वशास्त्रार्थतत्त्वज्ञस्स्मृतिमान्प्रतिभानवान् ।

सर्वलोकप्रियस्साधुरदीनात्मा विचक्षणः ।।1.1.15।।


सर्वदाभिगतस्सद्भिस्समुद्र इव सिन्धुभिः ।

आर्यस्सर्वसमश्चैव सदैकप्रियदर्शनः ।।1.1.16।।


स च सर्वगुणोपेत: कौसल्यानन्दवर्धन: ।

समुद्र इव गाम्भीर्ये धैर्येण हिमवानिव ।।1.1.17।।


विष्णुना सदृशो वीर्ये सोमवत्प्रियदर्शनः ।

कालाग्निसदृशः क्रोधे क्षमया पृथिवीसमः ।।1.1.18।।


धनदेन समस्त्यागे सत्ये धर्म इवापरः ।

तमेवं गुणसम्पन्नं रामं सत्यपराक्रमम् ।।1.1.19।।


ज्येष्ठं श्रेष्ठगुणैर्युक्तं प्रियं दशरथस्सुतम् ।

प्रकृतीनां हितैर्युक्तं प्रकृतिप्रियकाम्यया ।।1.1.20।।


यौवराज्येन संयोक्तुमैच्छत्प्रीत्या महीपति: ।

तस्याभिषेकसम्भारान्दृष्ट्वा भार्याऽथ कैकयी ।।1.1.21।।


पूर्वं दत्तवरा देवी वरमेनमयाचत ।

विवासनं च रामस्य भरतस्याभिषेचनम् ।।1.1.22।।


स सत्यवचनाद्राजा धर्मपाशेन संयत: ।

विवासयामास सुतं रामं दशरथ: प्रियम् ।।1.1.23।।


स जगाम वनं वीर: प्रतिज्ञामनुपालयन्।

पितुर्वचननिर्देशात्कैकेय्या: प्रियकारणात् ।।1.1.24।।


तं व्रजन्तं प्रियो भ्राता लक्ष्मणोऽनुजगाम ह ।

स्नेहाद्विनयसम्पन्नस्सुमित्रानन्दवर्धन: ।।1.1.25।।

വിജയദശമി - സരസ്വതീസ്തുതി

 15/10/2021



ഓംകാരരൂപാ ഗണേശ്വരാ സദ്ക്കാര്യ-

വിഘ്നങ്ങൾ നീക്കിത്തുണച്ചിടേണം.

വാണീ സരസ്വതീ കാക്കണം, നാവിൻ്റെ

കേടുകളൊക്കെയും തീർത്തിടേണം.

നിന്നുടെയക്ഷരമാലാമണികളാൽ

ലോകത്തിന്നജ്ഞാനമാറ്റിടേണം. 

നിൻ ശുഭ്രവസത്രം കണക്കെയീ വിശ്വം

കല്മഷമറ്റു വിളങ്ങിടേണം.

നിൻ വീണതൻ ശ്രുതിശുദ്ധിയീ പാരിൻ്റെ

പാഴ്ശ്രുതിയെല്ലാമകറ്റിടേണം.

നിൻ വരവീണയിൽനിന്നും പിറക്കണം  

സദ്ക്കലാസാഹിത്യസർഗ്ഗലോകം

കച്ഛപം സ്വച്ഛന്ദമുൾവലിയും കണ-

ക്കിന്ദ്രിയശിക്ഷണം നൽകിടേണം.

വേദസ്വരൂപിണീ വേദപ്പൊരുളാകു-

മുൺമയെയുള്ളിൽത്തെളിച്ചിടേണം.

പുസ്തകപാണീ ജഗത്തിനു നിർമ്മല - 

ജ്ഞാനമാം നിൻ വരമേകിടേണം.

നന്മയും തിൻമയും വേറിട്ടറിയുവാൻ

നിന്നരയന്നം തുണച്ചിടേണം. 

സംസാരഭോഗമാം പങ്കത്തിൽ നിന്നു 

മറിവിൻ്റെ പദ്മം വിടർന്നിടേണം.  

ബധിരന്നു കർണ്ണമായ് മൂകന്നു നാദമായ് 

അന്ധന്നു കാഴ്ചയായ് വാഴുമമ്മേ,

നിൻ ചരണാന്തികേ വിദ്യാവരത്തിനായ്   

കൈനീട്ടിനിൽക്കുന്നു ഞങ്ങൾ നിത്യം. 

ദേവീ സരസ്വതീ മൂകാംബികേ 

നാദബ്രഹ്മാദ്മികേ സദാ കുമ്പിടുന്നേൻ !

Monday, October 18, 2021

ഈശ്വരാധീനം മറയുന്ന ദൈവത്തിൻ്റെ സ്വന്തം നാട്

 


കേരളത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങളിലെ  അനധികൃതക്വാറികൾ ഇനിയും നിർബാധം പ്രവർത്തിക്കട്ടെ. കേരളത്തിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് അവ അനിവാര്യമാണല്ലോ! ബുദ്ധിസാമർത്ഥ്യംകൊണ്ടും  അഭിമാനംകൊണ്ടും പ്രബുദ്ധതകൊണ്ടും വികസിച്ചുവികസിച്ചു പൂർവ്വാധികം ശക്തിയോടെയും പതിവായും  പൊട്ടിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സാധാരണജനജീവിതത്തിനു  യോഗ്യമല്ലാത്ത പ്രദേശങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതു നമുക്കു തൽകാലം കണ്ടില്ലെന്നു നടിക്കാം. 

ഉരുൾപൊട്ടി മണ്ണിനടിയിൽ പൂണ്ടുപോയാൽ ശ്വാസംമുട്ടി നരകിക്കാതെ പെട്ടന്നു ജീവൻ വെടിയാനെന്തെല്ലാം ചെയ്യണം എന്നതിനുള്ള പരിശീലനക്ലാസ്സുകളെങ്കിലും ശേഷിച്ച ജനങ്ങൾക്കായി നമ്മുടെ 'ദുരന്തനിർമ്മാണവകുപ്പിൻ്റെ' നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ജനകീയസർക്കാരിനു കനിവുണ്ടാകണം. കാരണം നിന്നനില്പിൽ ജീവനോടെ മണ്ണിനടിയിൽ ആണ്ടുപോകേണ്ടിവരുന്നത് ആർക്ക് എപ്പോഴാണെന്നറിയില്ലല്ലോ. 

പ്രകൃതിദുരന്തങ്ങൾ ഒരിക്കലും നൂറുശതമാനം ഇല്ലാതാക്കുവാൻ എത്ര സാങ്കേതികപുരോഗതിയാർജ്ജിച്ച നാടിനും കഴിയില്ലായെന്നതു വസ്തുതയാണ്. എന്നാൽ ആ വസ്തുതയെ മുൻനിർത്തി പ്രകൃതിയോടു പാലിക്കേണ്ട മര്യാദകൾ പാലിച്ചു വിവേകത്തോടെ മുന്നോട്ടുപോയാൽ ഒഴിവാക്കാൻ കഴിയുന്നതാണു ഭൂരിഭാഗം പ്രകൃതിദുരന്തങ്ങളും എന്നു മനസ്സിലാക്കാത്ത ഭരണാധികാരികളും അവരെ പിന്താങ്ങുന്ന ജനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന അവസ്ഥയാണ് നാമിന്നു കേരളത്തിൽ കാണുന്നത്. സർവ്വചരാചരങ്ങൾക്കും അനുകൂലമായ മിതമായ കാലാവസ്ഥയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. വർഷക്കാലവും വേനൽക്കാലവും വേണ്ടയളവിൽ  അനുഗ്രഹിച്ചിരുന്ന സംസ്ഥാനം. അങ്ങനെയുണ്ടായിരുന്ന കേരളം ഇത്തരത്തിൽ തീവ്രകാലാവസ്ഥയിലേക്കു മാറിത്തുടങ്ങിയത് എന്നുമുതൽക്കാണ്? അനധികൃതനിർമ്മാണങ്ങൾക്കായി നിയമലംഘനവും പ്രകൃതികയ്യേറ്റവും കണ്ണടയ്ക്കുന്നതു പതിവായതുമുതൽക്കെന്ന ഉത്തരം ഏതൊരാൾക്കും  അറിയാം.

പരിസ്ഥിതിലോലപ്രദേശങ്ങളിൽ നിയമം ലംഘിച്ചു പ്രവർത്തിക്കുന്ന പാറമട/കരിങ്കൽ ക്വാറി മുതലാളികളുടെ സ്ഥിരതാമസം എവിടെയൊക്കെയാണെന്നന്വേഷിച്ച് അവരുടെ പേരും വിലാസവും ജില്ലതിരിച്ച്,   വെള്ളം ചേർക്കാതെ പൊതുജനത്തിന്നറിയാനായി പ്രസിദ്ധപ്പെടുത്താൻ ഇവിടുത്തെ ഏതെങ്കിലും മാദ്ധ്യമത്തിനു ധൈര്യമോ ഉത്തരവാദിത്തമോ ഉണ്ടോ? ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും കൊടുക്കേണ്ട നഷ്ടപരിഹാരത്തുക ഈ പാറമട മുതലാളിമാരിൽനിന്നും അവർക്ക് അനധികൃതമായി പ്രവർത്തിക്കാൻവേണ്ട ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ സ്വകാര്യസമ്പാദ്യത്തിൽനിന്നും  ഈടാക്കുന്നതിനു വേണ്ടതുചെയ്യാൻ ഇവിടുത്തെ കോടതികൾ സ്വമേധയാ മുന്നോട്ടുവന്നാൽ ഊർദ്ധ്വൻ വലിച്ചുതുടങ്ങിയ കേരളത്തിൻ്റെ ജീവൻ അല്പകാലം കൂടി പിടിച്ചുനിർത്താം. ഇല്ലെങ്കിൽ നമുക്കൊരുമിച്ച്  ചാനൽചർച്ചയും കഴിഞ്ഞ് പൊടിയുംതട്ടിപ്പോകുന്നവഴിയ്‌ക്ക് ഏതെങ്കിലും ഉരുൾപൊട്ടലിൽപ്പെട്ടൊടുങ്ങാം. ചർച്ച കഴിഞ്ഞിറങ്ങുന്നവരുടെ  കൈവശം മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പെങ്ങാനും ഉണ്ടെങ്കിൽ അതു മഴനനയാതെ അട്ടത്തുകയറ്റി സൂക്ഷിച്ചുവയ്ക്കാനപേക്ഷ! കേരളം ബാക്കിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക്  ഉപകരിച്ചാലോ! ഇതാണാ റിപ്പോർട്ട്. കേരളത്തിൽ വർഷാവർഷം പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒരു പഴയ പരിസ്ഥിതിപഠനറിപ്പോർട്ട്. വായിക്കാത്തവരാരെങ്കിലും ബാക്കിയുണ്ടെങ്കിൽ  താല്പര്യമുണ്ടെങ്കിൽ വായിച്ചുനോക്കാം.  

https://ia800407.us.archive.org/16/items/ReportOfTheWesternGhatsEcologyExpertPanel/western-ghat-gadgil-12.pdf

ഒരു പത്തുനാല്പതു  വർഷങ്ങൾ പുറകോട്ടുപോയാൽ  കേരളത്തിലെ  സിനിമാതീയറ്ററുകളിൽ  സിനിമ തുടങ്ങുന്നതിനുമുമ്പ് പ്രദർശിപ്പിച്ചിരുന്ന ഡോക്യൂമെൻ്റ്റി റീലുകളിലൂടെ ബീഹാറിലേയും ആസ്സാമിലേയും ഉത്തർപ്രദേശിലേയുമെല്ലാം വെള്ളപ്പൊക്കത്തിൻ്റെ ദൃശ്യങ്ങളും വിവരണങ്ങളുമൊക്കെ കണ്ടും കേട്ടും അത്ഭുതം കൂറിയിരുന്ന മലയാളിയെക്കാണാം. വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു, സഹായിക്കണം എന്നു കുറിച്ച  ചെറിയ കടലാസുതുണ്ടുമായി വെള്ളപ്പൊക്കം ബാധിച്ച  സംസ്ഥാനങ്ങളിൽനിന്നും മുഷിഞ്ഞ വസ്ത്രവും ചെമ്പിച്ച മുടിയിഴകളും ദൈന്യതയാർന്ന നോട്ടവുമായി എത്തിയിരുന്ന കുടുംബങ്ങൾക്ക് സഹായം ചെയ്തവരും ചെയ്യാഞ്ഞവരുമായ മലയാളികളെക്കാണാം. ആസ്സാമിലേയും ബീഹാറിലേയുമൊക്കെപ്പോലെ തങ്ങളുടെ നാട്ടിൽ വർഷംതോറും വെള്ളപ്പൊക്കം ഉണ്ടാകാൻ ഒരുകാലത്തും സാദ്ധ്യതയില്ലെന്നു മലയാളികൾ അന്നു  ധരിച്ചിരുന്നു!  അന്നും കേരളത്തിൽ വർഷക്കാലമുണ്ടായിരുന്നു. കള്ളക്കർക്കിടകവും തുലാവർഷവും ഇടവപ്പാതിയും ഇടിവെട്ടിപ്പെയ്ത്തുമുണ്ടായിരുന്നു. നാല്പത്തിനാലു പുഴകളുണ്ടായിരുന്നു, തോടുകളും അണക്കെട്ടുകളുമുണ്ടായിരുന്നു. അന്നു പക്ഷേ മലയാളിയിൽ അധർമ്മവും അത്യാർത്തിയും നെഗളിപ്പും നിന്ദയും  ഇത്രത്തോളമുണ്ടായിരുന്നില്ല.  വോട്ടുരാഷ്ട്രീയവും രാഷ്ട്രീയാന്ധതയും മതപ്രീണനവുംമൂലം ഏതഴിമതിയ്ക്കും കൂട്ടുനിൽക്കാൻ ഭരണാധികാരികൾക്ക് ഇന്നുള്ളത്ര ലജ്ജയില്ലായ്മയുണ്ടായിരുന്നില്ല. കാടും മലകളും പുഴകളും തോടുകളും  നിർദ്ദാക്ഷിണ്യം കയ്യേറാൻ അനുവദിക്കാൻ അവർക്ക് അൽപ്പമെങ്കിലും  മനഃസാക്ഷിക്കുത്തുണ്ടായിരുന്നു. സർവ്വോപരി, രാഷ്ട്രീയനാട്യങ്ങൾക്കിടയിൽപ്പോലും നാടിനോടും ജനങ്ങളോടും  ഒരൽപം സ്നേഹവും കരുതലും  പ്രതിബദ്ധതയും നേരായും  അവർക്കുണ്ടായിരുന്നു! പൊതുജനങ്ങളിൽ ഭൂരിപക്ഷത്തിനും പൗരബോധവും ധർമ്മബോധവുമുണ്ടായിരുന്നു. ഇന്നു മലയാളിയും മലയാളിയുടെ കേരളവും വല്ലാതെ മാറിപ്പോയി. ആ മാറ്റം പ്രകൃതിയിലും കാണുമല്ലോ.

വർഷാവർഷം ഓണവും ക്രിസ്തുമസ്സും ബക്രീദുമൊക്കെ ആശംസിക്കുന്നതുപോലെ ഒരു സാധാരണ ചടങ്ങായിമാറിയിരിക്കുന്നു കേരളത്തിലിപ്പോൾ ഉരുൾപൊട്ടൽ കണ്ടു ഞെട്ടിത്തരിക്കലും അനുശോചനം രേഖപ്പെടുത്തലും. 

പ്രകൃതിയ്ക്കു നിശ്ചയമായും ചില നിഷ്ഠകളുണ്ട്. സ്വാഭാവികമായ ചിട്ടവട്ടങ്ങളുണ്ട്. അഹങ്കാരവും അകനിന്ദയും മനുഷ്യനിർമ്മിതബുദ്ധിയും അധികരിക്കുമ്പോൾ അതെല്ലാം അശാസ്ത്രീയമാണെന്നും അന്ധവിശ്വാസമാണെന്നും തോന്നും. പ്രകൃതിശക്തികളെ നിയന്ത്രിക്കാൻ ഭൗതികജ്ഞാനം  മാത്രം മതിയെന്നുതോന്നും.  ഇരിക്കുന്ന കൊമ്പുതന്നെ മുറിച്ചാലും കുഴപ്പമില്ലെന്നും തോന്നും. അങ്ങനെ ഇരിക്കുന്ന കൊമ്പു മുറിക്കാൻ കൂട്ടുനിൽക്കുകയാണ് അഭിനവമലയാളി. 



Thursday, October 7, 2021

നവരാത്രീസ്തോത്രം





ഒന്നാംദിവസം 

ശൈലപുത്രീവന്ദനം 












ശൈലപുത്രീ, ഹൈമവതീ, പ്രഥമേ,

ഘോരതപശ്ചര്യേ, നന്ദിവാഹനേ, സതീ,

ത്രിശൂലം തവദക്ഷിണഹസ്തേ, 

നളിനം വാമഹസ്തേ, ഗിരിജേ,

ധർമ്മകാമാർത്ഥമോക്ഷദേ, ശുഭേ, 

സകലചരാചരസംരക്ഷകേ, ശിവേ,

മൂലാധാരവസിതേ, സുപ്തേ, 

നവരാത്ര്യാരംഭകേ നമസ്തേ!

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


രണ്ടാംദിവസം

ബ്രഹ്മചാരിണീസ്തുതി


ദ്വിതീയേ, ബ്രഹ്മചാരിണീ, ദേവീ

സ്വാധിഷ്ഠാനനിലയേ, സ്ഥൈര്യേ

ശുഭ്രവസ്ത്രാവൃതേ, സദാശിവേ

കമണ്ഡലൂസഹിതവർത്തിതേ

ജപമാലാധരീ, കഠിനതാപസീ 

നഗ്നപാദചരീ, ദൃഢമാനസേ 

നിരാഹാരവ്രതേ, അപർണ്ണേ

താപത്രയസംഹാരിണീ നമസ്തേ !

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏



മൂന്നാംദിവസം

ചന്ദ്രഘണ്ടാസ്തുതി














തൃതീയേ  ചന്ദ്രഘണ്ടേ, മാതേ,

ചന്ദ്രമൗലീവധൂത്തമേ,  

ഘണ്ടചന്ദ്രക്കലാഫാലേ,

മണിപൂരകസ്ഥിതേ 

വ്യാഘ്രാരൂഢേ, ഭയാപഹേ 

 ത്രിനേത്രേ, ദശകരോജ്ജ്വലേ, 

ഹസ്തൈര്‍ പദ്മബാണധനുഷ്ഖഡ്ഗം,  

ഗദാശൂലം ച കമണ്ഡലു 

അധർമ്മസംഹാരികേ ചണ്ഡീ

അഭിവൃദ്ധിപ്രദായിനീ 

ശാന്തശിവാനുഭവകാരിണീ 

സ്തുതി, നിന്ദാവിരാഗിണീ

സമചിത്തമനോബുദ്ധി-

പ്രദേ, സമവിഭാവനേ, 

ഇച്ഛാശക്തിപ്രദേ ഭദ്രേ 

പരാശക്തീ നമോസ്തുതേ! 

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 നാലാംദിവസം

കൂശ്മാണ്ഡദേവീസ്തുതി 














ചതുർത്ഥേ കൂശ്മാണ്ഡരൂപിണീ ദേവീ

ബ്രഹ്മാണ്ഡോത്പ്പന്നകാരിണീ 

സുസ്മേരവദനേ സൂര്യമണ്ഡലവാസിനീ    

അനാഹതസ്ഥിതൈരാദിസ്വരൂപിണീ 

ഉമേ തേജോമയീ ശക്തീ 

സകലലോകപ്രകാശിനീ  

അഷ്ടഭുജേ സർവ്വസിദ്ധിപ്രദേ ലക്ഷ്മീ

നമസ്‌തേ  ശരണാഗതവത്സലേ 






🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

അഞ്ചാംദിവസം 

സ്കന്ദമാതാസ്തുതി 























പൂജ്യന്തേ പഞ്ചമീദുർഗ്ഗേ   സ്കന്ദമാതേ ദയാനിധീ 
മാതൃവാത്സല്യസുധേയംബേ വിശാലഹൃദയേ ശിവേ 
അഭയമുദ്രാങ്കിതഹസ്തേ കാർത്തികേയസമന്വിതേ
വിശുദ്ധിചക്രനിലയേ സത്സന്താനപ്രദായിനീ    
മൃഗേന്ദ്രവാഹനം വന്ദേ ചതുർബാഹുവിരാജിതേ 
വന്ദേ ഷണ്മുഖജനയിത്രി ആദിമാതേ നമോസ്തുതേ

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആറാംദിവസം 

കാത്ത്യായനീസ്തുതി 




ഷഷ്ഠം കാത്ത്യായനീ ദേവീ 
നമസ്തേ ഭുവനേശ്വരീ 
ചതുർഭുജേ വരാഭയമുദ്രേ 
ഖഡ്ഗപപദ്മാദിധാരിണീ   
ശിഷ്ടവത്സലേ  ദുഷ്ടനാശിനീ 
മഹിഷാസുരമർദ്ദിനീ 
യോഗമായേ  കൃഷ്ണസോദരീ 
ഭഗവതീ ദേവകീസുതേ  
വ്രജഗോപീവരദായിനീ 
കൃഷ്ണപ്രേമപ്രദായിനീ 
ആജ്ഞാചക്രനിവാസിതേ 
സർവ്വമംഗളേ നമോസ്തുതേ🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 ഏഴാംദിവസം 
കാലരാത്രീസ്തുതി 


സപ്തമം കാലരാത്രീ  കാളീ 
കാലസംഹാരകാരിണീ 
വിദ്യുത്തരംഗമാലാഭൂഷേ 
ജ്വലിതേ ഗോളത്രിലോചനേ 
ശ്വാസനിശ്വാസാഗ്നിവർഷിണീ  
ഗർദഭാരൂഢചപ്രകേശിനീ 
കരാളവദനേ  മേഘവർണ്ണേ ഘോരേ 
അഭയം ശത്രുഭയനിവാരിണീ 
അഗ്നിഭയസംഹാരികേ മാതേ 
ഭ്രമനാശിനീ  ഋണാന്തകീ   
ചതുർഭുജേ ഖഡ്ഗപാണേ രൗദ്രേ
ഭക്തവാത്സല്യശാലിനീ 
ശിഷ്ടജനപാലിനീ ശുഭങ്കരീ   
നമസ്തേ ദർപ്പനാശിനീ 
നമസ്തേ കുലരക്ഷിണീ ഭദ്രേ 
പാഹി പാഹി സദാശിവേ 

[കാലരാത്രീദേവിയുടെ ഈ ചിത്രവും വർണ്ണനയും ഉൾക്കൊള്ളാനാവാതെ കണ്ണുകൾ പിൻവലിക്കുന്നവർ കണ്ടേക്കാം. പക്ഷേ ബാഹ്യരൂപം എത്ര ദുസ്സഹമായാലും ഏവരിലും കുടികൊള്ളുന്നത് ശക്തിമത്തായ ഈശ്വരചൈതന്യമാണെന്നു കുഞ്ഞിലേ മനസ്സിനെ പരിശീലിപ്പിക്കുന്നതിൽ ദേവിയുടെ ഈ ഭാവവും രൂപവും വളരെയധികം സഹായകമാണെന്നാണ് സ്വാനുഭവം.
നാമോരോരുത്തരിലുമുണ്ട് അളവിൽ ഏറിയും കുറഞ്ഞും, മാറിമാറിവരുന്ന ഈ ഭാവങ്ങളോരോന്നും. അവയെ തിരിച്ചറിഞ്ഞ് ശരിയായ അളവിൽ ധാർമ്മികമായി ക്രമീകരിച്ചാൽ ജീവിതം ഭദ്രമാവുകയും ചെയ്യും. നമ്മിൽ മറഞ്ഞിരിക്കുന്ന ശക്തിചൈതന്യസ്രോതസ്സിനെ ശ്രദ്ധാപൂർവ്വം ഉദ്ദീപിപ്പിക്കൽകൂടിയാണ് നവരാത്രി ആഘോഷത്തിൻറെ ലക്‌ഷ്യം.🙏]

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


 എട്ടാംദിവസം 
ദുർഗ്ഗാഷടമി 

മഹാഗൗരീസ്തുതി 



മഹാദുർഗ്ഗാഷ്ടമീദേവീ മഹാഗൗരീ മഹേശ്വരീ 
ഗംഗാസ്നാനവതീ ശുഭ്രേ ചതുർഭുജസമന്വിതേ 
വാമഹസ്തേ ത്രിശൂലം ച ഡമരൂ ദക്ഷിണകരേ 
വരദാഭയമുദ്രാങ്കിതപാണീ ധവളവർണ്ണിനീ  
ശ്വേതഋഷഭാരൂഢേ  മൃഗേന്ദ്രക്ഷുധ്ധ്വംസിനീ 
ശങ്കരപ്രണയഭാജനേ ഇഷ്ടമാംഗല്യദായിനീ
സോമചക്രപ്രചോദകേ സർവ്വസങ്കടമോചിനി 
പൂർവ്വസഞ്ചിതപാപഘ്നേ അന്നപൂർണ്ണേ നമോസ്തുതേ 
നമസ്തേ ശുഭദായിനീ മഹാദേവപ്രമോദിനീ 
നമസ്തേ ശിവശങ്കരീ ശങ്കരാർദ്ധശരീരിണീ 





🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏


ഒമ്പതാംദിവസം 
മഹാനവമി 


സിദ്ധിദാത്രീസ്തുതി 
















































സിദ്ധിദാത്രീ സദ്‌ഗതീദാത്രീ  
മഹാനവമീസംപൂജിതേ 
ചതുർഭുജേ ശംഖുചക്ര-
ഗദാപദ്മേന സംസ്‌തുതേ 
മൃഗേന്ദ്രവാഹനേ രാജ്ഞീ  
മധുകൈടഭധ്വംസിനീ 
മനോദൗർബല്യശോഷിണീ 
ധൈര്യസ്ഥൈര്യപ്രദായിനീ 
അണിമാദിഗുണോദ്ദീപേ   
ആത്മനിർവാണദായിനീ 
സ്വർണ്ണവർണ്ണേ ത്രിലോചനേ 
കാര്യകാരണകാരിണീ 
ദേവാസുരയക്ഷഗന്ധർവ്വ 
സർവ്വസംപൂജ്യസേവിതാ 
പ്രഫുല്ലപദ്മസ്ഥിതേ സർവ്വ-
ശസ്ത്രശാസ്ത്രവിശാരദേ 
ശിവാർദ്ധാംഗിനീ ശക്തീ 
വേദസമ്പദ്പ്രദായിനീ
അംബായാം ചരണം വന്ദേ 
ജഗദംബേ നമോ നമഃ 

Monday, August 23, 2021

വൈപരീത്യം


ഒരു ജാതിയൊരുമതമൊരു ദൈവമെന്നുള്ള 
വേദമൊന്നേ  കാതിലോതീ സദാ ഗുരു, 
ജാതിയെച്ചൊല്ലികലഹിച്ചിടാതതിൻ 
ധർമ്മമനുഷ്ഠിക്കുവാൻ ചൊന്നു ശ്രീഗുരു; 
എങ്കിലോ നമ്മൾ ഗുരുദേവനെയൊരു 
ജാതിതൻ ദൈവമാക്കിച്ചുരുക്കിയോർ!

മദ്യം വിഷമതുണ്ടാക്കരു,താരും 
കുടിക്കരു,താർക്കും കൊടുക്കരുതെന്നു-
മെന്നെന്നും പ്രബോധനംചെയ്ത ഗുരുവിനെ 
ദൈവമായ്ക്കാണ്മവർക്കിന്നു നേതാവൊരു 
മദ്യവ്യാപാരിയായ്ത്തീർന്നതും വിപ്ലവം!

പൊള്ളയായുള്ളോരു വിപ്ലവങ്ങൾ പല 
മാരീചവേഷങ്ങളിൽ വന്നുപോകവേ-
യെല്ലാം നിരീക്ഷിച്ചിരിക്കുന്നു സദ്ഗുരു,- 
വെല്ലാം സദയം പൊറുക്കേണമെൻ ഗുരോ!



Tuesday, August 17, 2021

ചിങ്ങപ്പൊരുൾ

 




ചിങ്ങരാശിയിലിരുന്നരുളും ദിനകരൻ 
ചക്രവാളത്തിലാദ്യകിരണം തൊടുക്കവേ 
ശുഭശ്രാവണസുഖരശ്മികളതത്രയും 
കനിവൊടഖിലാണ്ഡമൊക്കെപ്പരക്കയായ്, 
ഹരിതവനനിബിഢനദീഫലലതാവലികളാ-
ലാവൃതമാകുമാ സുഭഗപ്രദേശവും 
തരളിതമൻപൊടു തിരിച്ചധിപന്നു നേർക്കുവ,-
ച്ചുഷസി,യതിസാദരം ധര നമസ്കരിക്കയായ്! 

"വരിക വരിക! ഭവതീ, ധരണീ, ഋതുവതീ,
സുദിനമി,തിന്നവിടെ ശ്രാവണമെത്തിയോ?
പറകയതു തവമനസ്സിലിന്നെന്തെന്നാശു നീ 
തരുവതിനതെനിക്കൊരമാന്തവുമില്ലെടോ!"

"പറയുവതെന്താവതിപ്പൊഴുതു ഞാൻ ബത! 
പകലിരവുമൊരുപോലെക്കറങ്ങീടവേ?
സുകൃതമൊടാ പ്രകൃതിയുമൊത്തിരുന്ന നാളുകൾ 
തിരികെത്തരികെനിക്കതേയൊരാഗ്രഹം...,
പല ഋതുക്കളിലതതുപ്രകാരമായ് വരും 
വിഹിതകർമ്മങ്ങളതാചരിക്കുവാൻ ചിരം 
തവപൊരുളിതെന്നലസരാം സുതർക്കു  നീ-
യലിവൊടരുളണം  സൗരയൂഥപ്രഭോ!
വിനയമൊടു വേണമിറുക്കുവതൊരു തളിരില-
യതു,മതിനൊരു വകതിരിവകമേ നിറയ്ക്കണം"

"തവഹിതമതനവരതമവിഘ്നമായ് 
തുടരുമതിനു മതി നടുവിലെഴുമഹമെടോ!"
അവനിയുമിതു ശ്രവിച്ചതികൃതാർത്ഥയായ്  
സ്വപഥഗതി തുടരുവനിതി സുഖമഖിലം ഭവിക്കുവാൻ!

സ്വധർമ്മവഴി നിസ്സംശയമഖിലരും ഗമിക്കുകിൽ 
പുനരുലകിന്നു സുഖമെന്തതിലും വിശേഷമായ്?! 


Thursday, July 29, 2021

പണ്ടാരപർവ്വം ആട്ടക്കഥ

 







പണ്ടൊരുനാളിൽ പട്ടണനടുവിൽ 
സചിവൻമാരുടെ സഭയുടെ നടുവിൽ 
പണ്ടാരത്തെച്ചൊല്ലിയൊരുഗ്രൻ 
ശണ്ഠ നടന്നമ്പമ്പോ ചൊല്ലാം! 

പണ്ടാരത്തിലെ ചെല്ലും ചെലവും
ചൊല്ലാൻ മന്ത്രിയണഞ്ഞൊരുനേരം
മുദ്രകൾ കാട്ടീ, മുഷ്ടി ചുരുട്ടീ,
എതിരാളികളുടനോടിയടുത്തൂ
  
പാണ്ടൻനായ്ക്കൾ കടിപിടികൂടും 
പോലെയുറക്കെക്കുരയും വിളിയും     
ഉന്തും തള്ളും പിടിയും വലിയും 
അംഗന തന്നുടെ കടിയും മാന്തും 

മുണ്ടു മടക്കിക്കുത്തിയ ചേട്ടൻ 
കണ്ണിൽക്കണ്ടവ തച്ചുതകർത്തൂ, 
സഭയുടെ നടുവിൽക്കെട്ടിയകൈവരി 
ചാടിക്കയറീ മർക്കടവീരർ  

അദ്ധ്യക്ഷന്നുടെ സിംഹാസനമതു 
പൊക്കിയെടുത്തുചുഴറ്റിയെറിഞ്ഞൂ, 
സങ്ഗണകത്തിൻ വയറും കുടലും 
'മുപ്പുരവൈരി'യറുത്തുമുറിച്ചൂ, 

മസ്തകസേതു ചവിട്ടി നടന്നവ-
നടി തെറ്റീറ്റുടനവനിയിൽ വീണൂ, 
യോദ്ധാവിന്നുടൽ  മഞ്ചലിലേറ്റി 
നടന്നുമറഞ്ഞൊരു സംഘം ശീഘ്രം, 

എല്ലാം കണ്ടു കസാലയിലന്നൊരു 
കല്ലായ് മുഖ്യനിരുന്നൂ  കോണിൽ...   
കഷ്ടം! കഷ്ടം! കുപ്പത്തൊട്ടിയിൽ 
വീണാലിതിലും ഭേദമതല്ലോ!  

പണ്ടാരത്തെച്ചൊല്ലിയുടക്കിയ 
പണ്ടാരികളെ മറക്കില്ലാരും.
കേമംതന്നെ ജനായത്തത്തിൻ 
ശ്രീകോവിലിലെക്കയ്യാങ്കളികൾ! 


ആഗ്യം കാട്ടിച്ചൊല്ലീ സ്പീക്കർ,
'കോഴാനാഥൻ' പത്രിക പൊക്കീ; 
കോലാഹലസഭനടുവിൽ വച്ചാ 
ബഡ്ജറ്റങ്ങനെ നിലവിൽ വന്നൂ!

നിത്യാഭ്യാസിയ്ക്കുണ്ടോ ബാലകർ 
തന്നുടെ ലീലകൾ കണ്ടാലിണ്ടൽ!
ഹർഷോന്മാദം കൊണ്ടനുയായികൾ 
ലഡ്ഡു കടിച്ചുനുണഞ്ഞൂ മധുരം... 

ഓർത്താലിനിയും മാനംകെട്ടൊരു 
വേഷംകെട്ടുകളനവധിയുണ്ടേ! 
വേലികൾ വിളവുകൾ തിന്നുമുടിപ്പൂ  
വെളവും കാട്ടി ഞെളിഞ്ഞുനടപ്പൂ. 

പൊതുമുതലിട്ടുചവിട്ടിമെതിച്ചവ-
രെല്ലാമിന്നു ഭരിക്കുന്നവരായ്,
കള്ളത്തരവും ചതിയും കൊലയും 
അധികാരത്തിനലങ്കാരവുമായ്. 

വർഷം പലതുകഴിഞ്ഞിട്ടിപ്പോൾ 
കോടതിമുമ്പിൽ പാവത്താന്മാർ 
താണുവണങ്ങിച്ചൊല്ലുന്നൊന്നും  
കേസാക്കരുതെന്നുടയമ്പ്രാനേ!

അന്നുണ്ടായോരു കയ്യാങ്കളിയുടെ 
കോപ്പികളനവധി  നാട്ടിൽ സുലഭം 
ആയതുകൊണ്ടൊരു  രക്ഷയുമില്ലീ 
മാലോകർക്കൊരു മറവിയുമില്ലേ? 

അസ്ഥാനത്തൊരു വടവൃക്ഷത്തെ- 
ത്തണലായ്‌കൊണ്ടു നടക്കുന്നരചൻ. 
പ്രജകൾക്കാരൊരു തണലെന്നോർക്കാൻ 
നമ്മൾക്കില്ലവകാശം തെല്ലും, 

നാടുഭരിക്കുന്നോർക്കു നറുക്കിടു-
മന്നോർക്കാതിന്നില്ലൊരു ഫലവും; 
ബോധംകെട്ട പ്രജയ്ക്കു ലഭിയ്ക്കും 
നാണംകെട്ടൊരു നായകവൃന്ദം. 

കിറ്റുതരുമ്പോളല്പം വിഷമാ 
കെട്ടിൽ വച്ചാലുത്തമമായീ 
ജീവിക്കാനൊരു വഴികാണാഞ്ഞാൽ 
പാഷാണം തിന്നന്ത്യം പൂകാം! 


അനുബന്ധം
***************** 
ഇന്നാ സചിവൻതന്നുടെ മകന-
ന്നപ്പനെയാട്ടിയ  പാർട്ടിയ്ക്കുള്ളിൽ!
ദോഷം ചൊല്ലരുതേതും, തമ്മിലെ 
സ്നേഹം കണ്ടാൽ കണ്ണീർ പൊടിയും!
രാഷ്ട്രീയത്തിലതുണ്ടോ ജനകൻ, 
ജനനിയതെന്നൊരു സങ്കല്പങ്ങൾ!  
അപ്പൻ, മകനെന്നില്ലപ്പപ്പോൾ 
കാണുന്നവരെല്ലാമപ്പന്മാർ!
********************************************************

പദാർത്ഥം 
  • പണ്ടാരം            -  ഭണ്ഡാരം, ഖജനാവ്
  • സചിവൻ          -  മന്ത്രി 
  • സങ്ഗണകം    - കമ്പ്യൂട്ടർ 
  • മുപ്പുരവൈരി -  ശിവൻ 
  • മസ്തകം               -  തലമണ്ട
  • സേതു                -  പാലം 
  • പണ്ടാരി             -  ഭണ്ഡാരം കാക്കുന്നവൻ, ഖജാന്‍ജി
  • ജനായത്തം      -  ജനാധിപത്യം 
  • കോഴാനാഥൻ -  കോഴയുടെ നാഥൻ
  • ഇണ്ടൽ               -  വിഷമം, വ്യാകുലത
  • പാഷാണം        -  വിഷം 


കേരളജനാധിപത്യത്തിലെ ചില നാണംകെട്ട ഓർമ്മകൾ