Followers

Tuesday, August 17, 2021

ചിങ്ങപ്പൊരുൾ

 




ചിങ്ങരാശിയിലിരുന്നരുളും ദിനകരൻ 
ചക്രവാളത്തിലാദ്യകിരണം തൊടുക്കവേ 
ശുഭശ്രാവണസുഖരശ്മികളതത്രയും 
കനിവൊടഖിലാണ്ഡമൊക്കെപ്പരക്കയായ്, 
ഹരിതവനനിബിഢനദീഫലലതാവലികളാ-
ലാവൃതമാകുമാ സുഭഗപ്രദേശവും 
തരളിതമൻപൊടു തിരിച്ചധിപന്നു നേർക്കുവ,-
ച്ചുഷസി,യതിസാദരം ധര നമസ്കരിക്കയായ്! 

"വരിക വരിക! ഭവതീ, ധരണീ, ഋതുവതീ,
സുദിനമി,തിന്നവിടെ ശ്രാവണമെത്തിയോ?
പറകയതു തവമനസ്സിലിന്നെന്തെന്നാശു നീ 
തരുവതിനതെനിക്കൊരമാന്തവുമില്ലെടോ!"

"പറയുവതെന്താവതിപ്പൊഴുതു ഞാൻ ബത! 
പകലിരവുമൊരുപോലെക്കറങ്ങീടവേ?
സുകൃതമൊടാ പ്രകൃതിയുമൊത്തിരുന്ന നാളുകൾ 
തിരികെത്തരികെനിക്കതേയൊരാഗ്രഹം...,
പല ഋതുക്കളിലതതുപ്രകാരമായ് വരും 
വിഹിതകർമ്മങ്ങളതാചരിക്കുവാൻ ചിരം 
തവപൊരുളിതെന്നലസരാം സുതർക്കു  നീ-
യലിവൊടരുളണം  സൗരയൂഥപ്രഭോ!
വിനയമൊടു വേണമിറുക്കുവതൊരു തളിരില-
യതു,മതിനൊരു വകതിരിവകമേ നിറയ്ക്കണം"

"തവഹിതമതനവരതമവിഘ്നമായ് 
തുടരുമതിനു മതി നടുവിലെഴുമഹമെടോ!"
അവനിയുമിതു ശ്രവിച്ചതികൃതാർത്ഥയായ്  
സ്വപഥഗതി തുടരുവനിതി സുഖമഖിലം ഭവിക്കുവാൻ!

സ്വധർമ്മവഴി നിസ്സംശയമഖിലരും ഗമിക്കുകിൽ 
പുനരുലകിന്നു സുഖമെന്തതിലും വിശേഷമായ്?! 


2 comments: