15/10/2021
ഓംകാരരൂപാ ഗണേശ്വരാ സദ്ക്കാര്യ-
വിഘ്നങ്ങൾ നീക്കിത്തുണച്ചിടേണം.
വാണീ സരസ്വതീ കാക്കണം, നാവിൻ്റെ
കേടുകളൊക്കെയും തീർത്തിടേണം.
നിന്നുടെയക്ഷരമാലാമണികളാൽ
ലോകത്തിന്നജ്ഞാനമാറ്റിടേണം.
നിൻ ശുഭ്രവസത്രം കണക്കെയീ വിശ്വം
കല്മഷമറ്റു വിളങ്ങിടേണം.
നിൻ വീണതൻ ശ്രുതിശുദ്ധിയീ പാരിൻ്റെ
പാഴ്ശ്രുതിയെല്ലാമകറ്റിടേണം.
നിൻ വരവീണയിൽനിന്നും പിറക്കണം
സദ്ക്കലാസാഹിത്യസർഗ്ഗലോകം
കച്ഛപം സ്വച്ഛന്ദമുൾവലിയും കണ-
ക്കിന്ദ്രിയശിക്ഷണം നൽകിടേണം.
വേദസ്വരൂപിണീ വേദപ്പൊരുളാകു-
മുൺമയെയുള്ളിൽത്തെളിച്ചിടേണം.
പുസ്തകപാണീ ജഗത്തിനു നിർമ്മല -
ജ്ഞാനമാം നിൻ വരമേകിടേണം.
നന്മയും തിൻമയും വേറിട്ടറിയുവാൻ
നിന്നരയന്നം തുണച്ചിടേണം.
സംസാരഭോഗമാം പങ്കത്തിൽ നിന്നു
മറിവിൻ്റെ പദ്മം വിടർന്നിടേണം.
ബധിരന്നു കർണ്ണമായ് മൂകന്നു നാദമായ്
അന്ധന്നു കാഴ്ചയായ് വാഴുമമ്മേ,
നിൻ ചരണാന്തികേ വിദ്യാവരത്തിനായ്
കൈനീട്ടിനിൽക്കുന്നു ഞങ്ങൾ നിത്യം.
ദേവീ സരസ്വതീ മൂകാംബികേ
നാദബ്രഹ്മാദ്മികേ സദാ കുമ്പിടുന്നേൻ !
No comments:
Post a Comment