Followers

Saturday, October 23, 2021

പുനർവിചിന്തനം

 










പുഴകൾ പാലൂട്ടിയ പുണ്യനാടേ,നിൻ്റെ 

വിധിയീവിധമെന്തു  മാറിനാടേ?

പേമാരി തന്നുള്ളു കണ്ട നാടേ,യിന്നു 

ചെറുചാറ്റൽ കണ്ടാൽ ഭയപ്പതെന്തേ?

മലകളിൽ മാമരം കോച്ചിടുമ്പോഴെന്തു

സുഖനിദ്രപൂണ്ടിരുന്നന്നു നാടേ!

അരുതായ്കയെന്തു നാം ചെയ്തു നാടേ-

യിനി പഴയ ശാന്തിയ്ക്കെന്തു ചെയ്‌വൂ നാടേ?


ഏറും തലയെടുപ്പോടെയീ നാടിനെ-

ക്കാത്തൊരാ മാമലസേനയെ നാം

ദ്രോഹിച്ചു നാൾക്കുനാളേറും ദുരാഗ്രഹ- 

ത്താൽ മതികെട്ടു മദിച്ചനാളിൽ;

വാനിൽ നീന്തും ഹർഷനീരദങ്ങൾതൻ്റെ  

നെഞ്ചകം തൊട്ട ഗിരിനിരകൾ 

അപ്പാടെ മുണ്ഡനം ചെയ്തു നാം നൂതന- 

നാണ്യവിളകൾക്കു ഭൂമിയാക്കീ.  

യന്ത്രങ്ങൾ നിത്യവും മെയ് കാർന്നെടുക്കവേ  

നോവിൽത്തളരും മലനിരകൾ,

കന്മദം ചോരുന്ന പാറകൾ പൊട്ടി -

യടർന്നർദ്ധപ്രാണ,രസ്തശ്ശിരസ്ക്കർ, 

ഏറ്റുമുട്ടാൻ ശേഷി ചോർന്നു നിൽപ്പൂ

കൊടുങ്കാറ്റിനോടും കരിങ്കാറിനോടും,

കാലം പിഴച്ചുവീശും കടൽക്കാറ്റും 

കനൽകാറ്റുമേറ്റുടൽ വേച്ചുനിൽപ്പൂ.


 അക്ഷയപാത്രമാം പശ്ചിമഘട്ടവും  

ചൂഷണമേറ്റു ക്ഷയിച്ചുപോയീ...

നാണയത്തുട്ടുകൾ കൊയ്യുവാൻ കാടായ 

കാടുകൾ വെട്ടിത്തെളിച്ചു നമ്മൾ,

മണ്ണിട്ടുമൂടിയ കാട്ടുനീർച്ചോലകൾ-

തൻ പച്ചജീവൻ പിടഞ്ഞൊടുങ്ങീ, 

കാവും കുളവും പടിയിറങ്ങീ 

തറവാടും പൊളിച്ചുവിറ്റുണ്ടു നമ്മൾ,  

നമ്മൾക്കു നാകം പണിഞ്ഞവർതന്നുടെ 

ദീർഘമാം വീക്ഷണം കണ്ടിടാതെ  

പൊട്ടിച്ചിരിച്ചെന്തു പ്രാകൃതമെന്നുച്ച-

ഘോഷം പരിഹസിച്ചാർത്തു മോദം.


നല്ല നാല്പത്തിനാലാറുകൾ ചേർന്നന്നു 

നാടിന്നുയിർ തന്ന നല്ലകാലം

വിസ്മരിച്ചില്ലേ വികസനത്തിന്നുച്ച -

കാഹളത്തിൽ ലയിച്ചന്നു നമ്മൾ? 

തെന്നിത്തെറിച്ചു വെള്ളിക്കൊലുസിട്ടു 

നാടാകെയൊഴുകിയ പാൽപ്പുഴകൾ

ദേശമാകെ ദാഹനീരേറ്റി, വേരുകൾ-

ക്കൂർജ്ജം പകർന്നൊരമ്മപ്പുഴകൾ...

പെട്ടെന്നൊരിക്കൽ പകച്ചുനിന്നൂ ,

നമ്മളമ്മയെച്ചങ്ങലയ്ക്കിട്ട നാളിൽ!

ദാഹം പൊറാഞ്ഞെത്ര കൈവഴികൾ

വറ്റിയമ്മയെ കാത്തർദ്ധപ്രാണരായീ?

വറ്റിയ ചാലുകളൊക്കെയും തിങ്ങും  

മനുഷ്യാധിവാസങ്ങളെങ്ങുമെങ്ങും 

കാടിൻറെ മക്കളെ, കാട്ടുമൃഗങ്ങളെ- 

ക്കാടിറക്കീ,യടിവേരു വെട്ടീ...

വിസ്മരിച്ചേവരും കാടും  പുഴകളും 

കൈകോർത്തുനിന്നൊരാ പോയ കാലം!

ഇന്നൊരു മിന്നൽവെട്ടത്തിലും ഞെട്ടവേ-

യോർക്കുന്നുവോ പോയ നല്ല കാലം?


 ഒന്നല്ല രണ്ടല്ലിരുപതല്ലിന്നെങ്ങു-

മമ്മയെപ്പൂട്ടുമണക്കെട്ടുകൾ,  

ഭൂമിതൻ നാഡീഞെരമ്പുകളൊക്കെയും 

ബന്ധിച്ചുവന്ത്യലാഭക്കൊതിയാൽ. 

വിങ്ങിവിങ്ങിത്തടവിൽക്കിടന്നീടുന്നൊ-

രമ്മപ്പുഴകളൊന്നിച്ചുലഞ്ഞാൽ,

ഭൂമി തന്നുള്ളുരുകിപ്പരന്നൂരുകൾ

മായും, മറയും വികസനങ്ങൾ.

നന്നായ് നനഞ്ഞിടമെന്നു നിനച്ചാകെ-

യൂറ്റിയാലൂഴി തിരിച്ചടിക്കും!

തട്ടിപ്പറിച്ചതും വെട്ടിപ്പിടിച്ചതുമെല്ലാം 

പ്രപഞ്ചം തിരിച്ചെടുക്കും !!


താണുവണങ്ങിയനുവാദവും വാങ്ങി 

വേണ്ടത്ര മാത്രമെടുത്തുകൊള്ളാൻ 

ചൊന്നു, ദാനം തന്നു മണ്ണിൽ മറഞ്ഞവർ- 

തൻ വാക്കുകൾ തന്നെ ശാന്തിമന്ത്രം!

 പഞ്ചഭൂതങ്ങൾക്കുമുണ്ടവസ്ഥാന്തരം,

കണ്ടറിഞ്ഞാൽക്കൊണ്ടറിഞ്ഞിടേണ്ട!

No comments:

Post a Comment