Followers

Friday, April 30, 2021

മൂങ്ങയോട് (കുട്ടിക്കവിത)


















മൂങ്ങേയിങ്ങനെ മൂളാതെ,

ഞങ്ങൾക്കുള്ളിഭയമാണേ...

വട്ടക്കണ്ണു മിഴിക്കല്ലേ

ഞങ്ങളെ നോക്കിക്കൊല്ലല്ലേ.

കണ്ടാൽ സുന്ദരനെന്നാലോ,

ഗൗരവമിറ്റു കുറയ്‌ക്കേണ്ട?

കുട്ടികളല്ലേ നിൻ മുന്നി,

ഒന്നു ചിരിക്കാൻ മടിയെന്തേ?

കൂരിരുളെങ്ങും തിങ്ങുമ്പോൾ

ലോകം നിദ്രയിലാഴുമ്പോൾ

എന്തു രഹസ്യം കാണാനായ് 

കാട്ടുമരത്തിലിരിക്കുന്നൂ?

വെട്ടം തീരെപ്പോയാലും

രാവിലുമെല്ലാം കാണുന്നോൻ!

കണ്ണാടിക്കണ്ണിൽ പ്പതിയാ-

താരും പോകാൻ നോക്കണ്ടാ,

നാട്ടാരെല്ലാം ചൊല്ലുന്നൂ,

ഉൾക്കണ്ണുള്ളൊരുലൂകം നീ!

പക്ഷികളാരും കൂട്ടില്ലേ സൽ-

വീക്ഷണമുള്ളോരു  ചങ്ങാതീ?

ചിറകടിശബ്ദം വയ്ക്കാതെ

ചുറ്റിത്തിരിയും നേരത്ത്

ഇരുചെവിയറിയാതടവിയിതിൽ 

ഇരയെ വീഴ്ത്താന്‍ നീ കേമൻ

കലപില ചൊല്ലുക പതിവില്ലേ?

ഏകാന്തതയെ പ്രിയമെന്തേ?  

നേർത്തൊരു ശബ്ദം പോലും നീ

പെട്ടന്നെങ്ങനെ കേൾക്കുന്നൂ?

ചെവി കൂർപ്പിച്ചൊരുഞൊടിയിനീ

എങ്ങനെ വാസ്തവമറിയുന്നൂ?

എന്തൊരു ഗമയാണമ്പമ്പോ!

എന്തെങ്കിലുമൊന്നുരിയാടൂ...


കുട്ടികളിങ്ങനെ നിർത്താതെ

പയ്യാരങ്ങള്‍ ചൊന്നപ്പോൾ

കൂമനുമല്പം മയമുള്ളിൽ

തോന്നുകയാലേ ചൊല്ലിയവൻ;

നിങ്ങൾ കേട്ടതു ശരിയാണേ,

ഞാനൊരു രാത്രിഞ്ചരനാണേ;

'നത്തു കണക്കെ'ന്നൊരു ചൊല്ലൽ

കേട്ടിട്ടില്ലേ കുട്ടികളേ?

എന്നാൽ നിങ്ങഭയക്കുമ്പോ

ഞാനൊരു ഭീകരനല്ലല്ലോ!


അയ്യോ! പുലരാറായല്ലോ,

എൻ പതിവിന്നു മുറിഞ്ഞല്ലോ,

ഇരുളിൽ നിന്നു  കറങ്ങാതെ

പോവുക വേഗം കുട്ടികളേ

ങ്ങൂഹൂ ങ്ങൂഹൂ ങ്ങൂഹൂഹൂ...

7 comments:

  1. കുട്ടിക്കവിത ഹൃദ്യമായി!
    തീർച്ചയായും, ഈ മാനോഹരമായ കവിത കുട്ടികൾക്കിഷ്ടപ്പെടും.
    ആശംസകൾ ടീച്ചർ

    ReplyDelete
    Replies
    1. വളരെ സന്തോഷം സർ. കുട്ടിക്കവിതകൾ എഴുതാൻ വളരെ ഇഷ്ടമാണ്. പണ്ടൊക്കെ മഹാകവികൾ വരെ തങ്ങളുടെ കഴിവിനെ  കുട്ടിക്കവിതകൾ രചിക്കാനുംകൂടി വേണ്ടി വിനിയോഗിച്ചിരുന്നു. ഇപ്പോൾ പ്രശസ്തരായ അധികമാരും ആ വഴിയ്ക്കു വരുന്നതായി കാണുന്നില്ല. 

      Delete
  2. വളരെ നല്ല കുട്ടിക്കവിത. നന്നായി എഴുതി എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഇത് കുട്ടികൾക്ക് ചൊല്ലാൻ രസമുള്ള കുട്ടിക്കവിതയാണ്. Thankyou

    ReplyDelete
    Replies
    1. വളരെ നന്ദി ധ്രുവകാന്ത്. താങ്കളുടെ പ്രൊഫൈലിൽ അദ്ധ്യാപകൻ എന്നു കണ്ടതിനാൽ കൂടുതൽ സന്തോഷം. കുട്ടികളുടെ ഇഷ്ടങ്ങളും മനോവിചാരങ്ങളും അടുത്തറിയാൻ കഴിയുന്നവരാണല്ലോ അദ്ധ്യാപകർ.

      Delete
    2. Thankyou. ഈ കുട്ടിക്കവിത എന്റെ കുട്ടികൾക്ക് നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. താങ്കളുടെ സമ്മതമുണ്ടെങ്കിൽ.......

      Delete
    3. തീര്‍ച്ചയായും. കുട്ടികള്‍ക്കുപകാരപ്പെടുമെങ്കില്‍ ഏറെ സന്തോഷം. കുട്ടികള്‍ക്കിഷ്ടപ്പെട്ടുവോ എന്ന വിവരം പങ്കൂ വയ്ക്കുമല്ലോ. girijanavaneeth@gmail.com

      Delete