ഇന്നു ഹനുമദ്‌ജയന്തി
ഇതിഹാസകഥാപാത്രങ്ങളിൽ വച്ചേറ്റവും സ്നേഹം തോന്നിയിട്ടുള്ളവരിൽ മുമ്പനാണു ശ്രീ ഹനുമാൻ. ദുഖിച്ചിരുന്ന സീതാദേവിയുടെ മനസ്സിനെ ആശ്വാസവചനങ്ങളാൽ തണുപ്പിച്ചതുകൊണ്ടു മാത്രമല്ല, സീതാദുഃഖത്തിനു കാരണക്കാരനായ ദശാനനനെ ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തതുകൊണ്ടാണു
വാനരശ്രേഷ്ഠനായ ഹനുമാൻ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷരാക്ഷസന്മാരെ കൈകാര്യം ചെയ്യുവാൻ മനസ്സും കരുത്തും ഉള്ള ഒരു കഥാപാത്രത്തെ ഏതു സ്ത്രീയാണു വില മതിയ്ക്കാതിരിക്കുക!
ജയ് ശ്രീ ഹനുമാൻ!
[കവിതയിലെ വരികൾക്കു ആദികവിയായ വാല്മീകീമുനിയോടു കടപ്പെട്ടിരിക്കുന്നു. അല്ലെങ്കിലും നമ്മുടെ ഗുരുപരമ്പരകൾ നല്കിയതല്ലാതെ മറ്റെന്തറിവുണ്ടീ മാനവരാശിയ്ക്ക് അവകാശപ്പെടാൻ?!]
ഓം ഗുരുഭ്യോ നമഃ
----------------------------------------------------------------------------------------------------------
ഹനുമദ്‌വന്ദനം
രാമദുഃഖത്തെ ശമിപ്പിച്ച നിർമ്മല-ഭക്തനാമാഞ്ജനേയന്നെ സ്മരിച്ചിടാം,
രാമാനുസാരണം മൈഥിലീപുത്രിതൻ
താപം തണുപ്പിച്ചവന്നെ സ്മരിച്ചിടാം.
നിഷ്പ്രയാസം ജലക്രീഡാസമം, ക്ഷണം
ആഴിയെ ലംഘിച്ചു പ്രാപിച്ചു ലങ്കയെ!
ശിംശപാവൃക്ഷച്ചുവട്ടിലിരുന്നിടും
ഭൂമീതനയയെക്കണ്ടുവണങ്ങിനാൻ;
ജാനകീദേവിതൻ കണ്ണുനീർത്തീയിനാൽ
ലങ്കയെച്ചുട്ടുപൊട്ടിച്ചൂ കപിവരൻ,
മാതൃനിന്ദയ്ക്കു തുനിഞ്ഞവൻ തന്നുടെ
പ്രാസാദമാക്ഷണം ഭസ്മസമാനമായ്.
മനോശീഘ്രഗാമിയും മാരുതതുല്യനു-
മാകും മനോജയൻ, ബുദ്ധിവിശാരദൻ,
വാനരസേനാപതി, മാരുതസ്സുതൻ,
ശ്രീരാമവാക്യം ശിരസ്സാ വഹിച്ചവൻ;
അഞ്ജനാപുത്രനാം വാനരവീരകൻ,
ജാനകീശോകവിനാശനകാരണൻ,
മർക്കടനായകൻ
ഇന്ദ്രിയേശോത്തമൻ,
വന്ദനാർഹൻ, മഹാലങ്കാഭയങ്കരൻ!
ആഞ്ജനേയൻ തൻ്റെയാനനം പാടല-
വർണ്ണസമം,ഹേമശൈലശരീരവാൻ,
പാരിജാതതരുമൂലാധിവാസിയാം
പവമാനപുത്രനെ ചിത്തേ സ്മരിച്ചിടാം.
എങ്ങെങ്ങു ശ്രീരാമമന്ത്രമുയർന്നിടു-
മങ്ങങ്ങു സാഷ്ടാംഗവന്ദനം ചെയ്തിടും
രാമദൂതൻ, ഭക്തിബാഷ്പവിലോചനൻ
രാക്ഷസാന്തകൻതന്നെ സ്മരിച്ചിടാം.
No comments:
Post a Comment