ത്വക്കിന്നു കീഴേ ഘടിപ്പിച്ച ചിപ്പുമായ്
ചത്തുജീവിക്കുന്ന ലോകം പിറക്കയായ്!
കൃത്രിമബുദ്ധിതന്നാധിപത്യത്തിൻ്റെ
കാലം സമാഗതമായ്, വഴിമാറുവിൻ!
എല്ലാമിനി ബുദ്ധിരാക്ഷസൻ ചൊല്ലിടും
മിണ്ടാതെ ചൂണ്ടുവിരൽ താഴ്ത്തിനിൽക്കുവിൻ!
ചാടരുതോടരുതാരുമേ മിണ്ടരു-
തേകലോകാധിപതിയെ വണങ്ങുവിൻ!
രോഗമുണ്ടെങ്ങും ശ്വസിക്കരുതാരും
രോഗാണുമുക്തമാമോക്സിജൻ വാങ്ങണം,
വെള്ളവും മേലിൽ കുടിക്കരുതീയൊരു
ചിപ്പു വച്ചാലലട്ടില്ല പൈദാഹങ്ങൾ!
എങ്ങോട്ടുപോകണമെപ്പോൾ മടങ്ങണം,
കിറ്റുകൊണ്ടപ്പാടെ മെയ് മൂടിവയ്ക്കണം,
വൃദ്ധരെയൊക്കെയകത്തിട്ടു പൂട്ടണം
വ്യായാമം, നാമജപങ്ങൾ തടുക്കണം
ആരെ ഭജിക്കണമെപ്പോൾ ഭജിക്കണ-
മേതേതു പ്രായത്തിലുള്ളോർ ഭജിക്കണം,
കുട്ടികൾ വിദ്യാലയത്തെ മറക്കണം
ആട്ടവും പാട്ടും കളികളും നിർത്തണം
ഒക്കെ ഡിജിറ്റലായ്ത്തീർക്കണം, ചീർത്തൊരു
പൊട്ടയുരുളക്കിഴങ്ങുപോലാക്കണം,
നാലാളു കൂടുന്ന സന്തോഷവേളക-
ളൊക്കെത്തകർത്തുതരിപ്പണമാക്കണം,
ഭീതിപടർത്തുവാൻ മാദ്ധ്യമങ്ങൾക്കൊക്കെയും
ധാരാളമായ് ധനം വീശിയെറിയണം,
ആജ്ഞയുണ്ടേതു ചികിത്സ കൈക്കൊള്ളണ-
മേതു വിഷം കഴിച്ചെപ്പോൾ മരിക്കണം...
മാലോകർ തന്നുടെ ദേഹങ്ങളൊക്കെയും
രാക്ഷസരാസപരീക്ഷണശാലകൾ,
ഒക്കും ചിലപ്പോൾ, ചിലർ ചത്തുപോയിടാം,
സ്വാഭാവികം, ശാസ്‌ത്രമല്ലേ, സ്തുതിക്കുവിൻ!
എല്ലാം വിധിക്കുന്നു ലോകൈകരാക്ഷസൻ
മിണ്ടാതെ ചൂണ്ടുവിരൽ താഴ്ത്തിനിൽക്കുവിൻ!
തെല്ലൊന്നനങ്ങിയാൽ ത്വക്കിന്നടിയിലെ
സാങ്കേതികത്തുണ്ടിലൊക്കെപ്പതിഞ്ഞിടും
സാങ്കേതികത്തുണ്ടിലൊക്കെപ്പതിഞ്ഞിടും
ഭേദ്യമായ്, പിന്നെപ്പിഴയൊടുക്കീടണം
മൂടിയെടുത്തല്പശ്വാസമെടുക്കുകിൽ.
പെറ്റതള്ളയ്ക്കുദകക്രിയ ചെയ്യുവാൻ
സ്വാതന്ത്ര്യമില്ലാത്ത കാലമണഞ്ഞിതാ,
അന്ത്യമായ് ശ്വാസമെടുത്തുമരിക്കുവാൻ
ഭാഗ്യമില്ലാത്തൊരു ലോകമണഞ്ഞിതാ.
എങ്കിലുമെന്താധുനികരാണിന്നു നാം!
മിണ്ടാതെ ചൂണ്ടുവിരൽ താഴ്ത്തിനിൽക്കുവിൻ!
ഒറ്റത്തവണ മരിക്കുവാൻ പേടിച്ചു
നിത്യവും ചത്തുമടുത്തുജീവിക്കുവിൻ,
മച്ചിൻപുറത്തെയിരുട്ടിലൊളിക്കുവിൻ!
പേടിച്ചരണ്ടുചുരുണ്ടുകിടക്കുവിൻ!!
No comments:
Post a Comment