[ ശ്രീമഹാദേവൻറെ കടാക്ഷത്താലും പിതൃപരമ്പരയുടെ പുണ്യത്താലും പൂർവ്വജന്മത്തിലെന്നോ ചെയ്ത സത്ക്കർമ്മത്താലും കുടുംബാംഗങ്ങളുൾപ്പെടെ ഒരുപാടു പേരുടെ പിന്തുണയോടെയും ലഭിച്ച ഈ കൈലാസമാനസസരോവരദർശനസൗഭാഗ്യത്തെ വീണ്ടും വീണ്ടും ഹൃദയത്തിൽ അനുഭവിച്ചുകൊണ്ട്, ആ അനുഭവം വാക്കുകളിൽ ചുരുക്കാൻ ആകില്ലെന്നറിഞ്ഞാലും മാഹേശ്വരസൂത്രമാകുന്ന അക്ഷരമാലയെ സമാശ്രയിച്ചുകൊണ്ട് ആ ദർശനമാഹാത്മ്യത്തെ എന്നാലാകുംവിധം പുറത്തേയ്ക്കു പ്രവഹിപ്പിക്കുവാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ കൈലാസമനസസരോവരദർശനശ്രേണിയിലെ ആദ്യത്തെ അക്ഷരനിവേദ്യമായി ഒരു കവിത... ]
ഈ യാത്രയെ ഏറ്റവും ഭംഗിയായും ഉത്തരവാദിത്തത്തോടെയും സമർപ്പണബുദ്ധിയോടെയും മുന്നിൽനിന്നു നയിച്ച മോചിതാസ് മോക്ഷയ്ക്കു ഹൃദയപൂർവ്വം നന്ദി, നമസ്കാരം 🙏🙏
നീലവാനവിതാനമോ,
മനതാരണിഞ്ഞ തടാകമോ ?
അകതാരിലോയിഹ പാരിലോ ?
നിലയെങ്ങിതെന്നു ഭ്രമിപ്പു ഞാൻ!
ചഞ്ചലേന്ദ്രിയവൃന്ദവും
സ്തബ്ദ്ധരായ് ക്ഷണമാത്രയിൽ,
സരസ്സേതിതിൽ? നഭസേതഹോ!
മനസ്സാകെ നിശ്ചലമാകയോ!
മാനസ്സസരസ്സാകുമീ
പരിശുദ്ധനീലജലാശയം
കണ്ടുനിൽപ്പതിനെന്തു പുണ്യ-
മിതെന്നു ചെയ്തതു ഞാനഹോ!
ഘനമൗനനീലതടാകമെന്നുടെ
യുൾത്തടത്തിലലിഞ്ഞതോ?
നിറവാർന്നു വീണു പരന്നതോ
മനഃശാന്തി തന്നുടെ നീലിമ ?!
ബോധമാം സരസീരുഹം
വിരിയുന്ന നീലസരസ്സിതിൽ
കലരുന്നുവെൻ മതിവെണ്ണിലാ
കരിവാവുടച്ച തടില്ലതാ!
പോകതില്ലിവിടം മറന്നെ-
ന്നോർമ്മകൾ പുനരെങ്ങുമേ,
ദേഹമിന്നിവിടം വിടാ,മെൻ
ദേഹിതൻ ഗൃഹമിങ്ങുതാൻ!
പൂർവ്വജൻമകൃതംപ്രതി
ഗതിയേറിയങ്ങനെ പോകവേ -
ജൻമഗേഹമണഞ്ഞിതോ?
ഹൃദി മൃത്യുഭീതിയൊഴിഞ്ഞതോ?!
ശിവപാർവ്വതീസഹിതം ചിരം
വാഴുവാനിഹ വന്നു ഞാൻ,
സർവ്വജീവചരാചരം ജഢ-
മോഹമറ്റുയരുന്നിടം!
വീണ്ടുമെന്നെ വരുത്തണേ
ശിവബോധമാം സരസ്സിൽ പരം;
മതി വീണലിഞ്ഞുണരുംവരെ,
ശിവമോദമാർന്നുയരും വരെ!
ശിവപാദധൂളി പതിഞ്ഞൊരീ
ഹിമഭൂമി വിട്ടകലുമ്പൊഴും
ശിവനാഭി തന്നിലടക്കണേ
മമ ചിത്തവൃത്തികൾ ഭദ്രമായ്!
ഹര! പാർവ്വതീപതയേ നമഃ !
ശിവ! ഗൗരവർണ്ണ നമോ നമഃ !
ഗളനാഗധാര! നമോ നമഃ !
ഭവരോഗഹാര! നമോ നമഃ !
ഓം നമഃ ശിവായ 🙏
# കൈലാസമാനസസരോവരയാത്ര 2026
(11-05-2026 to 24-05-2026)




No comments:
Post a Comment