Followers

Thursday, November 23, 2023

അമൃതേത്ത്

 






















ഗുരുവായൂരപ്പാ നിൻ കരുണാകടാക്ഷങ്ങൾ 

അളവില്ലാതെന്നും നീയരുളേണമേ,

ഉണരുമ്പോഴുഷസ്സായെന്നിരുൾ നീക്കും നഭസ്സായെൻ 

ഹൃദയത്തിൽ പ്രഭയായ് നീ തെളിയേണമേ.  (ഗുരുവായൂരപ്പാ നിൻ)


നിൻ പാദം പുണരും നൽതുളസിപ്പൂവിതൾ പോലെൻ 

വചസ്സിൽനിന്നമൃതം വന്നുതിരേണമേ,

കറ  തെല്ലും കലരാതെ ഭവസാരനടനത്തിൻ 

കര കാണാൻ തുഴയുമ്പോൾ തുണയാകണേ,   

പലതും വന്നടിയുന്നോരടിയൻ്റെ മനസിങ്കൽ 

വിഷമേതും തീണ്ടാതെ സുഖമേകണേ, 

വ്യഥകൾ കൊണ്ടുഴറുമ്പോഴൊരുവേള പതറുമ്പോ-

ഴകമേ വന്നൊരു നല്ല വഴി കാട്ടണേ. (ഗുരുവായൂരപ്പാ നിൻ )

എന്നന്തക്കരണങ്ങൾ കലി മൂടാതതിനുള്ളിൽ   

കനകത്തിൻ കതിരായ്  നീ കളിയാടണേ,  

അവിടുത്തെ കളികൾ കണ്ടവിരാമം തളരാതെ-

യതിനൊപ്പം കളിയാടാനറിവേകണേ! 

നിറയുന്ന മിഴി രണ്ടും നിൻ നേർക്കു നീളുമ്പോ-

ഴളവില്ലാതാനന്ദം കവിയേണമേ,

അതിൽമീതെ സുഖമില്ലെന്നറിയുമ്പോഴെന്നുള്ളം 

പ്രളയംപോൽ നിന്നിൽ ചേർന്നലിയേണമേ! (ഗുരുവായൂരപ്പാ നിൻ)


ഗുരുവായൂരപ്പാ നീ ഗുരുവാതാലയമൊന്നെൻ 

ഹൃദയാന്തർഗഗനത്തിൽ പണിയേണമേ,

അവിടെ  നിൻ തിരുനാമാവലികൾകൊണ്ടെന്നെന്നു-

മുണ്ണാമമൃതേത്തുണ്ണിക്കണ്ണാ വരൂ!

ഗുരുവായൂരപ്പായെന്നുൾക്കാടിന്നിരുൾ നീങ്ങാൻ

നിത്യം തൃപ്പുകയാലുഴിയേണം ഹരേ!

സാരഥിയായ് സദ്ഗുരുവായ് സന്തതമെൻ  സ്നേഹിതനായ് 

കൃഷ്ണ! ശ്രീകൃഷ്ണാ  നീ വഴി കാട്ടണം! (ഗുരുവായൂരപ്പാ നിൻ)


#ഗുരുവായൂർഏകാദശി2023 

No comments:

Post a Comment