Followers

Friday, September 26, 2014

അധികം + കരം = അധികാരം

കരമൊടുക്കി ജനത്തിനിന്നിരു -
കരമൊടിഞ്ഞു തളർന്നു പോയ്‌ 
കരമെടുത്തു മുടിച്ചുമങ്ങു 
തടിച്ചിടും ഭരണകൂടമേ  

ആര് വന്നു ഭരിക്കിലും കഥ-
മാറ്റമില്ലൊരു  നാളിലും 
വലത്ത്  നിന്ന് ഭരിക്കിലും വല- 
യിടത്  നിന്ന് വിരിക്കിലും! 

ഇടയ്ക്ക്  നിന്നു കരം കൊടുപ്പവ-
നിറ്റുമില്ലൊരു   ശരണവും 
കരം തരുന്നതിനൊത്തവണ്ണമൊരു 
മെച്ചമില്ല ഭരണത്തിലും 

കരണീയമല്ലിതു കരുതിനിന്നു  
കരുത്തു കാട്ടുക നമ്മളും 
കരുണ കാട്ടരുതിക്കിരാത 
ഭരണം പൊറുക്കരുതൊരുത്തരും 

കണക്കു കാണണ മിത്ര നാളു 
മൊടുക്കി വന്ന കരത്തിനും 
നനഞ്ഞ മണ്ണ് കുഴിച്ചു മേവു-
മനാസ്ഥയാമാധികാരമേ 

നിരത്തു തോറുമൊരുക്കി വയ്ചൊ -
രഗാധ ഗർത്ത മതിനായിനി 
വിയർപ്പു തുള്ളികൾ വീഴ്ത്തി നേടിയൊ -
ർത്ഥവും തരികില്ലിനി 

കട്ട വൈദ്യുതിയൊന്നിനും
നിശയൊട്ടു നീളു മിരുട്ടിനും 
കട്ട തൻ പുറമേറ്റി വച്ച *ഗജ  
ചക്ര വാഹനമൊന്നിനും 

നാരു പോൽ വരുമീ ജലം 
കാത്തൊട്ടു  പോയ ദിനത്തിനും 
മാത്ര വച്ചു പകുത്തു നൽകിയ 
പൈപ്പു വെള്ളമതൊന്നിനും 

സർക്കാര് സ്കൂളിനവസ്ഥയ്ക്കും 
പുനരാശുപത്രികളൊക്കെയ്ക്കും 
വന്നു കൂടിയ കണ്ടകശനി 
കണ്ടില്ലെന്ന നടിപ്പിനും 

റോഡു നീളെ കൂന കൂട്ടിയ 
മാലിന്യക്കൂമ്പാരവും 
നാടിൻ ഭൂഷണ മെന്ന ഭാവം 
കാട്ടിയുള്ളയിരുപ്പിനും 

നിയമ സഭയിലിരുന്നു വെറുതെ 
നിദ്ര പൂകുമമാത്യർക്കും 
മാസം തോറും നിങ്ങൾ പറ്റും 
ഘനമേറും ശമ്പള സഞ്ചിക്കും 

ഇത്ര നാളു മടച്ചതാം കര-
മത്രയും മതി പുംഗവാ 
ഒരു മനുഷ്യായുസ്സൊടുങ്ങാ-
നുള്ളതത്രയും തന്നില്ലേ?

കൊല്ലം തോറു മടച്ചിടും കര-
മാവിയാക്കിയതിനി മതി 
കാണണം അതു നാട്ടുകാരുടെ 
നന്മകൾക്കുതകും വിധം 

കട്ടു തിന്നതു ശീലമായിനി 
യൊട്ടുമില്ല സഹിഷ്ണുത 
കരമുയർത്തുക കൂട്ടരേ നാം 
സ്വരമുയർത്തുക കൂട്ടരേ 

മദ്യമെന്ന വിപത്ത് വിറ്റ് 
സമാഹരിച്ച ധനത്തിനാൽ 
മത്തനായി നടന്നതിന്നു ജന-
മുത്തരം നൽകേണമോ?

അതിന്റെ കമ്മി നികത്തുവാനിനി 
യില്ല പൗരനു ബാധ്യത 
തിന്നു കൂട്ടിയ കൊള്ള ലാഭ-
മെടുത്തു കുറവ് നികത്തുക 

ഏട്ടിലുള്ള വികസനം കൊ-
ണ്ടിനിയും പാട്ടിലാക്കീടുവാൻ 
നോക്കിടേണ്ടിനി കാട്ടണം 
തെളിവോടെയുള്ള പുരോഗതി 

എങ്കിൽ മാത്രമൊരുങ്ങുക 
കൈ നീട്ടി നിന്നു കരത്തിനായ് 
അല്ലയെന്നാൽ പോന്നിടേണ്ടിനി 
വോട്ടിനായി തെണ്ടുവാൻ 

വീട്ടിലുള്ളൊരു ചൂലും പിന്നെ 
കള പറിയ്ക്കും യന്ത്രവും 
വേണ്ട പോലുപയോഗിച്ചീടുവാൻ
ത്രാണി നേടുക നമ്മളും 


(*ഗജ  ചക്ര വാഹനം -  നമ്മുട സ്വന്തം ആന വണ്ടി KSRTC)

Wednesday, September 10, 2014

ഞങ്ങൾ ജ്വാലാമുഖികൾ

[ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്നിട്ടുള്ള ആസിഡ് ആക്രമണങ്ങളുടെ ആഘാതത്താൽ  വഴി മാറി പോയ ജീവിതവുമായി  പൊരുത്തപ്പെട്ടു മുന്നേറാൻ ശ്രമിക്കുന്ന പെണ്‍കുട്ടികളുടെ മനസ്സ് കാണാൻ ശ്രമിച്ചു കൊണ്ട്   ഈ വരികൾ ... ]

Indian acid attack victims ban together in
heartwarming fashion shoot

(വിവിധ മാധ്യമങ്ങളിലൊന്നിൽ  വന്ന ചിത്രവും വാർത്തയും)

The photo session focused on young women photographed by Rahul Saharan as they wore clothes from a line called Rupa Designs — whose creator herself was one of the victims. They have spent years hiding their faces in shame. But united, they bravely came forward.





[അനിഷ്ടകരമായതൊന്നും  നമുക്ക് സംഭാവിക്കാത്തിടത്തോളം നമ്മൾ  ഓരോരുത്തരും സുഖകരമായ നിഷ്ക്രിയത്വ ത്തിലാണ്. 
ചുറ്റുമുള്ള സമൂഹജീവികളായ നമ്മളോടും, നിയമങ്ങളോടും  ഈ പെണ്‍കുട്ടികൾക്ക് എന്താണ് പറയാനുണ്ടാവുക? ഒന്ന് ചെവിയോർത്താൽ നമ്മുടെ മനസാക്ഷിയിൽ നിന്ന് കേൾക്കാം അവരുടെ സ്വരം. അതിപ്രകാരമല്ലേ?]

ഞങ്ങൾ ജ്വാലാമുഖികൾ

വരികീ പ്രദർശനം  കാണ്‍ക സമൂഹമേ 
നിൻ നീച ചിന്ത തൻ ബാക്കിപത്രം 
പാതിയും  വെന്ത മുഖങ്ങൾക്കു പൊള്ളും 
വിലയിട്ടു വെല്ലു വിളിപ്പു ഞങ്ങൾ 
അമ്ലമൊഴിച്ചുമെരിച്ചുമുറഞ്ഞൊരീ  
വ്രണിത  സൗന്ദര്യമിതാസ്വദിക്ക 

കാട്ടുനിയമമേ  നിൻറെ പഴുതുകൾ 
തന്നിലൂടൊളി കണ്ണു കൊണ്ടു കാണ്‍ക, 
തസ്കരരെന്ന പോലിരുളിൽ പ്പതുങ്ങി 
നിന്നാ  കിരാതർക്കുതകും വിധത്തിൽ   
വഴി വിട്ടു വ്യാഖ്യാനം ചേർത്തു ചമച്ചു നീ 
വിപണിയിൽ  വച്ചൊരാ നീതി സാരം
നിർബാധമതിനാൽ   വിഹരിച്ചിടും കൊടും- 
കൃത്യങ്ങൾ ചെയ്തവർ നാട് തോറും 
നിയമം പിഴച്ചുള്ള  ദേശം നശിച്ചിടും 
ഇരകൾ തൻ കണ്ണീർ വീണേടം മുടിഞ്ഞിടും 


ഭയമില്ല, നോവില്ല മേൽകീഴുമില്ലിനി  
തീയിൽ കുരുത്തതീ ബാക്കി ജന്മം 
മനസ്സില്ല  പൊത്തിലൊളിച്ചിരിക്കാൻ, മൂടു -
പടമിട്ടു വദനം  മറച്ചു നിൽക്കാൻ 
കരിവേറ്റ  മുഖമല്ല കാട്ടുന്നു ഞങ്ങളി -  
തലിവറ്റ ലോകത്തിനന്തരംഗം 
കണ്‍ തുറന്നെല്ലാരും  കണ്ടിടട്ടെ കരിം-
കല്ലിൻ മനസ്സുള്ള കപട ലോകം 
പ്രതികരിച്ചീടുവാനുള്ളൊരു  ത്രാണിയും  
പണയത്തിലായ്  പിണമായ ലോകം 

കണ്ണുകൾ പൊത്തിയും  കാതടച്ചും സദാ 
നാക്കിൽ കുരുക്കിട്ടു  വായടച്ചും 
മിണ്ടാതെ, മേലൊരു മണ്‍ തരി വീഴാതെ 
യെന്തുമെതിർക്കാതെ സമ്മതിച്ചും   
ഈ വിധം ഭൂവിതിൽ ചത്തതിനൊത്ത പോൽ  
ജീവിച്ചു ശീലമായ് പോയവരേ  
നാളെയനീതിക്ക് പാത്രമാകേണ്ടവർ 
നിങ്ങളാകാതെയിരുന്നിടട്ടെ
ആശിപ്പൂ ഞങ്ങളിന്നാകയാൽ ലോകമീ   
കാഴ്ചകൾ  നിശ്ചയം കണ്ടിടട്ടെ... 




Tuesday, August 26, 2014

കേട്ടോ നാട്ടുവാർത്ത !




സന്ധ്യാനാമം ചൊല്ലും നേര- 
മിതെന്തൊരു ബഹളം എന്നുടെ ശിവനെ !
ആറരയെന്നൊരു സമയമണഞ്ഞാൽ 
വീടുകൾ തോറും താണ്ഡവമാണേ... 

'ആരെട' 'ഞാനെട' 'കൊല്ലെട' 'നിന്നെ 
പിന്നെ കണ്ടോളാ'മെന്നുച്ചം 
പ്രതികാരത്തിൻ ഭീഷണിയങ്ങനെ 
പൊങ്ങും പല വിധ ചാനലു തോറും. 

പാരകളങ്ങനെ വയ്ക്കും തമ്മിൽ 
മരുമക്കൾക്കഥയമ്മായിക്കഥ,
പിന്നെ വരുന്നൂവടിമുടി ചായം 
പൂശിയ ശിവനും ഗണപതി താനും!

നായിക പ്രസവിച്ചൊരു വഴിയാകാൻ 
വർഷം പത്തും പലതുമെടുക്കും! 
പിന്നെയുമൊത്തിരി കാലമെടുക്കും 
കുഞ്ഞിൻറച്ഛനെ കണ്ടു പിടിക്കാൻ!!

വീടുകളാകെ ഭീകര നടനം  
കർണ കഠോരം കാണുക വിഷമം 
പത്തര പതിനൊന്നായീടും പി-
ന്നൊട്ടൊരു ശമനം കിട്ടണമെന്നാൽ.

കുട്ടികളും പിന്നെൺപത്തെട്ടി-
ന്നക്കരെ നിൽക്കും വൃദ്ധരുമുണ്ടേ 
കത്രിക വയ്ക്കാതെത്തും തെറി വിളി 
യിഷ്ടം പോലെ കേട്ടു പഠിക്കാൻ. 

പിന്നെയുമുണ്ടതു 'വാസ്തവ നടനം'*
വിധികർത്താക്കളുതിർക്കും വചനം 
നൃത്തത്തിൻ ഗതി കാണണമൊത്തൊരു 
മർക്കടരാജൻ നാണിച്ചോടും !

എസ്സെമ്മെസ്സിനു വേണ്ടിയിരക്കും 
പിച്ചക്കാരുടെ ചേലു കളിക്കാർ 
കപിയെ ചുടുചോർ വാരിക്കും പോൽ 
'വൻകിടന'*ങ്ങനെ ലാഭം കൊയ്യും .

കേട്ടാലോക്കാനിച്ചിടുമയ്യോ 
തട്ടുപൊളിപ്പൻ 'ഹാസ്യാനർത്ഥം'! 
ഹാസ്യമതെന്നാലശ്ലീലത്തി-
ന്നളവില്ലാ വിഷ മിശ്രിതമൊക്കും.  

ഇങ്ങിനെ പലവിധ ചേഷ്ടകൾ നിത്യം 
കണ്ടേ വളരും ബാലകർ മൊത്തം 
എല്ലാം നാട്ടുനടപ്പാണെന്നൊരു 
ചിന്തയിലവരും  നിത്യം പുലരും.

നിലവാരത്തിന്നടിവേരുകളും  
ചെത്തിയെറിഞ്ഞു രസിക്കുവതാരോ ?
തലമുറകൾ തൻ സംസ്കാരത്തി-
ലഴുക്കു പുരട്ടി നിറയ്ക്കുവതാരോ?

ആരിവളെന്നൊരു സംശയമോടിട-
യുന്നോർക്കുത്തരമിങ്ങനെ ചൊല്ലാം... 
ഉള്ളതു ചൊന്നാലുറിയും തന്നുടെ-
യുള്ളു തുറന്നുടനൊന്നു ചിരിക്കും.




[* 'വാസ്തവ നടനം' - reality show എന്നാണു ഉദ്ദേശം.

*' വൻകിടൻ             - വൻകിട കമ്പനികൾ എന്നതിന് കണ്ടുപിടിച്ച                                                                        ഒരു  ചുരുക്കപ്പേര് ]





Friday, August 8, 2014

പുസ്തക പ്രകാശനം - 'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം



My dear friends,

Let me share the happy moments of my book release conducted on 4-8-2014 (a collection of 27 poems in Malayalam) at Aluva English Language Institute (AELI Hills) during the 7th AELI Annual Camp. 

I felt blessed when the book was released when our beloved Principal Ravi Thomas Sir (The Emirates National School, Sharjah) received the book from our beloved Cyriac Thomas Sir (Former Vice Chancellor, Mahathma Gandhi University). 

My sincere thanks to Dr.Aju K. Narayanan (Malayalam Dept., 
UC College, Aluva) who introduced the book and Dr.Sabu De Mathew (Malayalam Dept., St. Thomas College, Pala) who recited one of the poems of the book beautifully which altogether made the evening unforgettable. 

I am grateful to K.P. Unnikrishnan Sir, Baretto Sir and all others who made the arrangements for the evening.

I am humbled that A.M. Chacko Sir (former Principal of UC College, who was my Principal too.) attended the function.

I thank Mrs. Leela M. Chandran (CLS Books) who did the publishing works with 100% sincerity and responsibility. 

I am grateful to Shaji Sir (Shaji Nayarambalam - http://shajitks.blogspot.in/) who wrote the editorial of the book....

And lots of love to my beloved husband who is always my strength and support.


To buy the book online
http://www.amazon.in/Panchabhoothathmakam-Brahmam-Girija-Navaneethakrishnan/dp/9383119187/ref=sr_1_1?s=books&ie=UTF8&qid=1479759346&sr=1-1&keywords=panchabhoothathmakam+brahmam




Dr.Aju K.Narayanan speaks about the newly released collection of Malayalam poems ('പഞ്ചഭൂതാത്മകം ബ്രഹ്മം') 

Book review by Dr.Aju K Narayanan  
[റിവ്യൂ കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക ]

Saturday, August 2, 2014

'പഞ്ചഭൂതാത്മകം ബ്രഹ്മം' - കവിതാസമാഹാരം

എൻറെ പ്രിയപ്പെട്ട ബ്ലോഗ്‌ സുഹൃത്തുക്കൾക്ക് ,

ഈ ബ്ലോഗിൽ ഞാനിതുവരെ എഴുതിയിട്ടുള്ള കവിതകളിൽ നിന്നും തിരഞ്ഞെടുത്ത 27 കവിതകളുടെ സമാഹാരം 'പഞ്ചഭൂതാത്മകം ബ്രഹ്മം' എന്ന പേരിൽ പുസ്തക രൂപത്തിൽ സീയെല്ലെക്സ് ബുക്സ്, തളിപ്പറമ്പ്, കണ്ണൂർ  പ്രസിദ്ധീകരിച്ചിരിക്കുന്നു.


ഈ പുസ്തകത്തിന്‌ ഒരു അവതാരിക എഴുതിത്തരണമെന്ന എന്റെ അപേക്ഷ സ്വീകരിച്ച് അത് വളരെ ഭംഗിയായി ചെയ്തുതന്ന  ഷാജി സാറിനും (ഷാജി നായരമ്പലം), പുസ്തക പ്രസാധനത്തിന്റെ ആദ്യം മുതൽ അവസാനം വരെ ഉള്ള എല്ലാ ഉത്തരവാദിത്തങ്ങളും വളരെ ആത്മാർത്ഥതയോടും, ചിട്ടയായും, സമയബന്ധിതമായും  ചെയ്തുതന്ന  ലീല ടീച്ചറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു.


പിന്നെ കവിതയ്ക്ക് ആസ്വാദന കുറിപ്പ് എഴുതിത്തന്ന,  ഞങ്ങളുടെ വഴികാട്ടിയും ഗുരുനാഥനുമായ സിറിയക് തോമസ്‌ സാറിനും,  എല്ലാ പ്രോത്സാഹനങ്ങളും തന്ന് എന്നെ എന്റെ പുറംതോടിനകത്തു നിന്ന് വെളിയിൽ വരാൻ സഹായിക്കുന്ന എന്റെ സ്കൂൾ പ്രിൻസിപൽ രവി തോമസ്‌ സാറിനും   എന്റെ നിറഞ്ഞ നന്ദിയും സ്നേഹവും. പിന്നെ എന്തിനും എനിക്ക് ധൈര്യവും തണലുമായിരിക്കുന്ന  എന്റെ  ഭർത്താവ് നവനീതകൃഷ്ണനും  എന്റെ  സ്നേഹം.

എന്റെ ബ്ലോഗ്‌ പോസ്റ്റുകൾക്ക് മുടക്കമില്ലാതെ, താമസമില്ലാതെ അഭിപ്രായം പറയുവാനും പ്രോത്സാഹിപ്പിക്കുവാനും ഉള്ള വലിയ മനസ്സ് കാണിക്കുന്ന സി.വി.തങ്കപ്പൻ സാർ, അജിത്‌ സർ, ഗിരീഷ്‌, മധുസൂദനൻ സർ  എന്നിവർക്കും എൻറെ നന്ദി. ബ്ലോഗിൽ സുഹൃത്തുക്കളായിട്ടുള്ള  മറ്റു 23 സുഹൃത്തുക്കൾക്കും ബ്ലോഗംഗങളല്ലാത്ത  വായനക്കാർക്കും ഒരുപാട് നന്ദി.

ഈ സന്തോഷം നിങ്ങളുമായി ഇവിടെ പങ്കു വയ്ക്കട്ടെ. നിങ്ങളുടെ സ്നേഹാനുഗ്രഹങ്ങൾ തുടർന്നും പ്രതീക്ഷിച്ചു  കൊണ്ട്

നന്ദിപൂർവ്വം

ഗിരിജ നവനീത് 


Book Review:
http://www.keralabookstore.com/SelectBook.do?prodId=3006

Saturday, July 19, 2014

"സ്ത്രീകളുടെ സ്വയം പ്രതിരോധത്തിന് കാപ്പിസ് സ്പ്രെ " !!!!!!!!!!!

"സ്ത്രീകളുടെ സ്വയം പ്രതിരോധത്തിന് കാപ്പിസ് സ്പ്രെ "

ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ ഒന്നാം പേജിൽ കണ്ട വാർത്തയാണിത്‌.
ഈ വാർത്ത വായിച്ച് ചിരിക്കണോ കരയണോ ഭയക്കണോ എന്ത് വേണമെന്നറിയാതെ ഒരു നിമിഷം ഞാൻ അന്തിച്ച് ഇരുന്നുപോയി. ചിരി വന്നത്, രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ നേതൃസ്ഥാനത്തിരിക്കുന്നവർ തല പുകഞ്ഞ് ഇത്രയതികം 'നൂതന ആശയങ്ങൾ' (!) ആവിഷ്കരിക്കുന്നല്ലോ എന്നോർത്തിട്ടാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീ ഈ സ്പ്രേ ബാഗിൽ നിന്ന് എടുത്ത് അടിക്കുമ്പോൾ അക്രമിയുടെ കൈ മാങ്ങ പറിക്കാൻ പോകുമോ? ബോധം കെടുത്തുന്ന സ്പ്രേയുമായാണ് അക്രമികളിൽ പലരും ഇപ്പോൾ തന്നെ നടക്കുന്നത്. പിന്നെ ഇവിടെ സൂചിപ്പിച്ച സ്പ്രേ സ്ത്രീകൾക്ക് മാത്രം ഉപയോഗിക്കാൻ പാകത്തിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടോ? ആണുങ്ങൾ തൊട്ടാൽ ഇത് പ്രവർത്തിക്കില്ലേ? ഇത്തരം സംശയങ്ങൾ ആണ് എന്നെ ചിരിപ്പിച്ചത്.
ഇനി കരയണമെന്നു തോന്നാനുള്ള കാരണം.
ഈ സ്പ്രേയുടെ വാർത്ത വായിച്ചപ്പോൾ ക്ഷുദ്രജീവികളെ തുരത്താൻ അടിക്കുന്ന കീടനാശിനികളെ ഓർമ വന്നു. ഒരു രാജ്യത്തെ ആണുങ്ങൾക്ക്അവരുടെ അധമ പ്രവർത്തികളും വികാരങ്ങളും സ്വയം നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ട് കീടങ്ങളെ ഓടിക്കുന്നത് പോലെ അവരെ കീടനാശിനി തളിച്ച് ഓടിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ ഒർത്തിട്ട് കരച്ചിൽ വരാതിരിക്കുന്നതെങ്ങിനെ? മൂല്യബോധത്തോടെ സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാർ ക്ഷമിക്കുക. നിങ്ങളെ കുറിച്ചല്ല ഈ പരാമർശം.
ഭീകരമായ കുറ്റകൃത്യങ്ങളെ പോലും എത്ര ബാലിശമായമായാണ് നമ്മുടെ നേതാക്കൾ സമീപിക്കുന്നത്.
കാര്യങ്ങൾ ഇങ്ങിനെയാണെങ്കിൽ പുരുഷനൊപ്പമോ അതിലും കുപ്രസിദ്ധമായോ ആയി കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന സ്ത്രീകളെ തുരത്താനും സ്പ്രേ വേണമല്ലോ! രാജ്യത്ത് നടന്നിട്ടുള്ള സ്ത്രീ പീഡനങ്ങളിൽ പലതിലും സ്ത്രീകളാണ് പ്രധാന കണ്ണികൾ. അങ്ങിനെ വരുമ്പോൾ സ്ത്രീക്ക് പുരുഷനിൽ നിന്നും രക്ഷ എന്നതല്ല വിഷയം. ഇരകൾക്ക് അക്രമികളിൽ നിന്നുമാണ് രക്ഷ വേണ്ടത്. അക്രമി സ്ത്രീയും പുരുഷനും ആകാം. അവർക്കുള്ള ശിക്ഷ ഒരുപോലെയാണ് വേണ്ടത്.
സ്ത്രീ , പുരുഷൻ എന്ന് വേർ തിരിച്ചല്ല ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. ഒരു സമൂഹം ഒന്നായി നിന്ന് പരിഹരിക്കേണ്ടതാണ് ഈ പ്രശ്നങ്ങൾ.
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?
ജനിക്കുമ്പോഴേ പ്രായപൂർത്തിയായവരായിട്ടല്ല ആരും ഭൂമിയിൽ അവതരിക്കുന്നത്. നിഷ്കളങ്കമായ ബാല്യവും കൌമാരവും എല്ലാം കടന്നാണ് ഓരോരുത്തരും വരുന്നത്. ഇതിനിടയിൽ എവിടെയാണ് പിഴയ്ക്കുന്നത്? തെറ്റുകളിലേ ക്കുള്ള വഴിത്തിരിവ് എവിടെ നിന്ന് തുടങ്ങുന്നു? അതിനു അനുകൂലമായിട്ടുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. ആ ഉത്തരവാദിത്തം പുരുഷന് മാത്രം ഉള്ളതാണോ? ബാല്യത്തിൽ ഒരു കുട്ടി, അത് ആണായാലും പെണ്ണായാലും കണ്ടു വളരേണ്ടത് അഛനും അമ്മയും അ ടങ്ങുന്ന കുടുംബാംഗങ്ങൾ അനുവർത്തിക്കുന്ന മൂല്യങ്ങളാണ്. അപ്പോൾ ഇവിടെ ഒന്നാമത്തെ വില്ലൻ ശിഥിലമായ കുടുംബ ബന്ധങ്ങളാണ്. കുടുംബനാഥന്റെ മദ്യപാനവും കുടുംബനാഥയുടെ അപഥ സഞ്ചാരവും ധനസമ്പാദനത്തിനുള്ള ആർത്തി മൂലം കുടുംബാംഗങ്ങൾ നടത്തുന്ന കള്ളത്തരങ്ങളും എല്ലാം ചേർന്ന് സംജാതമാകുന്ന അവസ്ഥ.
കുടുംബത്തിനു പുറത്തു വന്നാൽ പിന്നെ കുട്ടിയുടെ ലോകം വിദ്യാലയങ്ങളും കലാലയങ്ങളും ആണ്. അവിടെയും കുട്ടി മത്സരത്തിൻറെ നടുവിലാണ്. വിദ്യാർത്ഥികൾ ഗുരുതരമായ തെറ്റ് ചെയ്‌താൽ പോലും ശിക്ഷിക്കാൻ അധ്യാപകർക്ക് ഇന്ന് ഭയമാണ്. പണ്ട് മക്കളുടെ ഗുരുക്കന്മാരെ എത്ര ബഹുമാനത്തോടെയാണ് മാതാപിതാക്കൾ കണ്ടിരുന്നത്. ഇന്ന് തന്റെയും കുട്ടിയുടെയും ആജന്മശത്രുവാണ് കുട്ടിയുടെ അദ്ധ്യാപകൻ എന്ന മുൻവിധിയോടെയാണ് പല മാതാപിതാക്കളും പെരുമാറുന്നത്. ഫലം, കുട്ടിയിൽ സംശയകരമായ എന്ത് മാറ്റങ്ങൾ കണ്ടാലും ഭൂരിപക്ഷം അധ്യാപകരും കണ്ടില്ലെന്നു നടിക്കുന്നു. എന്തിനു വെറുതെ പൊല്ലാപ്പിനു പോകുന്നു എന്ന് അവർ ചിന്തിക്കുന്നതിനു ആരാണ് ഉത്തരവാദി? അങ്ങിനെ വേണ്ട സമയത്ത് വേണ്ടപ്പെട്ടവർ പലതും അറിയാതെ പോകുന്നത് കൊണ്ട് കുട്ടികൾ തെറ്റിൽ നിന്ന് തെറ്റിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഇവിടെ മാതാപിതാക്കളും അധ്യാപകരും ഒരുപോലെ കുറ്റക്കാരാകുന്നു.
മതാചാര്യന്മാർക്കും ഇതിൽ വലിയ ഒരു പങ്കുണ്ട്. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കാനാണ് പറഞ്ഞിട്ടുള്ളത്. ഇന്നത്തെ മതാചാര്യന്മാർ സമൂഹത്തിലേയ്ക്ക് അഴിച്ചുവിടുന്ന സ്പർദ്ദയും, അസഹിഷ്ണുതയും, മതതീവ്രവാദവും ഒരു നാടിനെ ചുട്ടെരിക്കാൻ ശേഷിയുള്ളതാണ്. തലമുറകൾക്ക് ശരിയായ മൂല്യങ്ങൾ പകർന്നുകൊടുക്കുന്നതിൽ പരാജയപ്പെട്ട ഇവർക്കും ഈ മൂല്യച്യുതികളിൽ ഉത്തരവാദിത്തമുണ്ട്.
ഇങ്ങിനെ ആരാലും തിരുത്തപ്പെടാത്ത തെറ്റുകളുമായി സമൂഹത്തിലേ ക്കിറങ്ങുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിയെ സമൂഹത്തിനു മുഴുവൻ അപകടകാരിയായ ഒരാളാക്കി മാറ്റുന്നതിനു വേണ്ട എല്ലാ ഘടകങ്ങളും അളവിൽ കൂടുതൽ ഉള്ളതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. സാമം ഭേദ്യം ദണ്ഡം എന്നൊരു ചൊല്ലുണ്ട്. സാമവും ഭേദ്യവും വേണ്ട കാലങളിൽ സംഭവിച്ചില്ലെങ്കിൽ പിന്നെ ദണ്ഡം തന്നെയേ രക്ഷയുള്ളൂ. അവിടെയാണ് നമ്മുടെ നിയമനിർമ്മാണത്തിന്റെ അപാകതകൾ മുഴച്ചു നില്ക്കുന്നത്. എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നീതിപീഠങ്ങൾ ഉത്ഘോഷിക്കുന്നു. നീതി നടപ്പാക്കുന്നതിലെ പാകപ്പിഴ കൊണ്ട് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയുള്ള ഈ വാക്കുകൾക്ക് ഇന്ന് 'എത്ര അപരാധികൾ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും രക്ഷപെടരുത്' എന്ന നില വന്നിരിക്കുന്നു. കുടുംബത്തിനും അധ്യാപകർക്കും മതാചാര്യന്മാർക്കും നേർവഴിക്കു നടത്താൻ കഴിയാത്ത ഒരു വ്യക്തിക്ക് തന്റെ കുറ്റവാസനയെ നിയന്ത്രിക്കാൻ ഉള്ള അവസാനത്തെ മരുന്നാണ് നിയമനിഷേധത്തിനു കിട്ടാവുന്ന കടുത്ത ശിക്ഷയെ കുറിച്ചുള്ള ഭയം.നമ്മുടെ നാട്ടിൽ ഏതു കുറ്റവാളിക്കാണ് ആ പേടിയുള്ളത്? അങ്ങിനെ കുറ്റവാളികളെ ഭയപ്പെടുത്തുന്ന ഏതു നിയമമാണ് നമുക്കുള്ളത്? മറിച്ച് നന്നാവാൻ സ്വയം തീരുമാനിച്ച കുറ്റവാളിയെ പോലും വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിലേയ്ക്ക് വീഴ്ത്തുന്ന സാഹചര്യങ്ങളാണ് നമുക്കുള്ളത്.
അതുകൊണ്ട് ഇനിയെങ്കിലും പ്രശനപരിഹാരമാണ് നമുക്ക് വേണ്ടത് എങ്കിൽ അതിനു വേണ്ടത് കല്യാണ പ്രായം കുറയ്ക്കലോ, ആണുങ്ങളെ തുരത്തുന്ന സ്പ്രേയോ ഒന്നുമല്ല. സ്വയം തിരുത്താനുള്ള ഒരു സ്പ്രേ ആണ്.ഓരോരുത്തരും അവരവരുടെ ചിന്തകളിലേ യ്ക്ക് മൂല്യബോധത്തിന്റെ സ്പ്രേ അടിക്കുക. അതിന്റെ സുഗന്ധം അടുത്ത തലമുറയിലേയ്ക്ക് പകരുക. നിയമസഭകളിൽ ഘോരഘോരം പോരടിക്കുന്ന നിയമനിർമ്മാതാക്കൾ ജനനന്മയ്ക്കുതകുന്ന നിയമങ്ങൾ നിർമിക്കുകയും തങ്ങൾ നിർമ്മിച്ചു വിടുന്ന നിയമങ്ങളിലെ പഴുതുകൾ കാലാകാലങ്ങളിൽ അടയ്ക്കുകയും ചെയ്യുക.

Thursday, July 3, 2014

പാദസ്പർശം ക്ഷമസ്വമേ


വാനത്തിൻ തുണ്ടൊന്നു കാണാൻ കൊതിച്ചു ഞാ-
നെൻ മട്ടുപ്പാവിലണയേ 
അതിരറ്റ കാഴ്ചകളൊട്ടു നിറം കെട്ട 
തകരത്തകിടാൽ മറയെ, 

ഒരുനാളിലാകാശമൂർന്നു കിടന്നൊരെ-
ന്നാലയ മേലാപ്പെവിടെ ?
വീടായ വീടുകളെല്ലാം തകിടിന്റെ 
കൂരയ്ക്കു കീഴേയൊളിച്ചോ?

നാടും നഗരവുമാകെ തകരത്തിൻ 
ചേലെഴാ മേല്ക്കൂര പൊങ്ങെ 
വാനത്തിൻ ചീന്തൊന്നു കാണുവാനുള്ളൊരു
മോഹമടക്കി ഞാൻ നിൽപൂ .

വീടിന്റെ മുറ്റത്തൊരു കൊച്ചു മണ്‍കൂന 
കൊണ്ടു കളിവീട് കെട്ടാൻ 
ഓടിയണഞ്ഞ ഞാനൊരു ചെറു മണ്‍തരി  
കാണാതെ തേടി നടപ്പൂ... 

ഭൂമി തൻ വായ്‌ മൂടിക്കെട്ടിയടച്ച പോ- 
ലോടുകൾ  പാകിയ മുറ്റം
ഭൂമിയ്ക്കുദക ക്രിയയ്ക്കെങ്കിലും തുള്ളി 
നീരോടിടാത്ത പാഴ് മുറ്റം. 
  
മണ്ണിൽ പതിഞ്ഞ കാൽ പാടുകൾ കണ്ടു 
വളർന്നേ  വിനയമുറയ്ക്കൂ,     
പാദങ്ങളൂന്നാനിടം തന്ന ഭൂമിയെ 
കുമ്പിടുന്നോനേ  വിളങ്ങൂ.      

മണ്ണിൽ ചവിട്ടി നടക്കുവാനാകാത്ത  
ബാല്യങ്ങളെന്തറിഞ്ഞീടാൻ 
അമ്മ തൻ നെഞ്ചിൻ തുടിപ്പും 
പിടയുമാ നാവു വരളുന്ന വേവും!

ആരെ ഭയപ്പെട്ടു തങ്ങളിൽ തന്നെ 
യൊളിച്ചു പാർത്തീടുന്നു മർത്ത്യൻ?
തന്നിഷ്ടമാകുന്ന മാളങ്ങളിൽത്തൻറെ 
പട്ടട തീർക്കും മനുഷ്യൻ!  

മർത്യനായ് വന്നു ജനിച്ചിതു ഞാനുമെൻ 
സ്വാർത്ഥത തിങ്ങുമീ പൊത്തിൽ, 
പ്രകൃതിയെ തോൽപ്പിച്ചു ജീവിച്ചിടാനുള്ള   
ത്വര മൂത്തു ഞാൻ നവ മർത്യൻ.



Wednesday, June 25, 2014

ഹർഷാമൃതം

വര - ഗിരിജ നവനീത് 


നിൻ തിരുനടയിൽ നിൽക്കുമ്പോൾ  
തൊഴുകൈ കൂപ്പി വണങ്ങുമ്പോൾ 
എന്തേയിങ്ങനെ ഭഗവാനേയെൻ
മിഴികൾ രണ്ടും നിറയുന്നു?!

അഴലിൻ നിഴലുകളുള്ളത്തിൽ 
നിൻ കൃപയാലിന്നില്ലൊട്ടും, 
പിന്നെയുമെന്തെൻ മിഴിനീരാൽ 
മറയുന്നിതു തവമുഖപദ്മം?


പലനാൾകൂടി കണ്ടിട്ടോ? നിൻ  
പരിഭവവചനം കേട്ടിട്ടോ?
ഓടക്കുഴൽവിളിനാദത്തിൽ 
വിരഹത്തിൻ ശ്രുതി ചേർന്നിട്ടോ?

എഴുതിരി തീർക്കും കതിരൊളിതൻ 
തീഷ്ണതയാൽ മുറിവേറ്റിട്ടോ ?
കഴലിണ കഴുകിയ തീർത്ഥത്താലെൻ 
കണ്ണിൻ പീലി നനഞ്ഞിട്ടോ?

കർപ്പൂരത്തിൻ  ധൂപച്ചുരുളെൻ 
കണ്‍കളെരിക്കുന്നതിനാലോ ?
ഹരിനാമത്താൽ മുഖരിതമെന്നുടെ 
ചിത്തം  വിങ്ങുന്നതിനാലോ ?

ശിരസ്സു നമിക്കും പൊൻപടി മേൽ   
നിൻ പാദം കണ്ടതിനാലോ !
നടയിലെ മണ്ണിൻതരി കണ്ണിൽ 
പുണ്യംപോൽ പെട്ടതിനാലോ?

നിൻ മേഘച്ചുരുൾമുടിയിൽ നി- 
ന്നെൻ മിഴിയിൽ മഴ പെയ്തിട്ടോ? 
നിറുകിൽ പീലികളാടുമ്പോൾ 
*ജരനെയ്തോരമ്പോർത്തിട്ടോ?

എരകപ്പുൽമുനയാലങ്ങെൻ 
ദർപ്പമൊടിക്കുന്നതിനാലോ?  
അണ മുറിയാതൊഴുകുന്നുണ്ടെൻ 
മിഴിയും മനവും ഒരുപോലെ !

കലരും ഭക്തിക്കടലിൻ നിൻ 
കരുണാമയമാം തിരുരൂപം 
അവതാരപ്പൊരുളുൾക്കൊള്ളാൻ 
കഴിയാഞ്ഞെൻ മിഴി കവിയുന്നു !!

*(യാദവകുലത്തിന്‍റെ അന്ത്യത്തിൽ ജരൻ  എന്ന വേടനാണു ശ്രീകൃഷ്ണന്‍റെ പാദം കണ്ടിട്ടു മാനായി തെറ്റിദ്ധരിച്ച് അമ്പെയ്തത് എന്ന് പുരാണങ്ങളിൽ പറയുന്നു.)






Sunday, June 15, 2014

വിലയം


[ഭൂമിയും ആകാശവും തമ്മിൽ തൊടുന്നതായി തോന്നുന്നിടമാണ് ചക്രവാളം. ഋതു ഭേദങ്ങളും രാവും പകലും മഴയും വെയിലും... മറ്റെല്ലാം വന്നുപോയാലും ഭൂമിയും ആകാശവും പ്രണയാതുരരായി തമ്മിൽ ചേരാൻ വെമ്പി ചക്രവാളത്തിനിരുപുറം അങ്ങിനെ നിൽപ്പാണ്. അവരുടെ നിതാന്ത പ്രണയമാണ് ഈ കവിത]



  വിലയം 

ചക്രവാളമാം സീമയ്ക്കിരുപുറം 
തൊട്ടു നിൽക്കുന്നു വാനവും ഭൂമിയും 
തമ്മിൽതമ്മിൽ വഴിയും പ്രണയമാം 
തന്ത്രി തൻ വിരൽ തൊട്ടും തൊടാതെയും 

ഋതുക്കളെത്രയോ വന്നു കടന്നുപോ-
യെത്രയായിരം കൽപങ്ങളീ വിധം 
അന്നു തൊട്ടുള്ള നാളിന്നിതുവരെ -
യുമ്മവയ്ക്കുവാൻ വെമ്പുന്നിരുവരും 

അതിരു കാക്കും കതിരവൻ തൻ മിഴി 
കത്തും തീയുമായെത്തി നോക്കീടവേ 
രക്തപുഷ്പം വിടർന്നു പ്രണയത്താ-
ലെന്നു ചിത്തം തുടിക്കിന്നിരുവർക്കും! 

രാത്രി തന്നിരുൾ രാക്ഷസ രൂപങ്ങ-
ളൊട്ടു ഭയം ജനിപ്പിക്കുന്ന വേളയിൽ 
ഒന്നിനോടൊന്നു ചേർന്നു പുണർന്നു കൊ-
ണ്ടൊന്നു ഞങ്ങളെന്നോതുന്നിരുവരും! 

അമ്പിളിക്കല കണ്ടവർ മോഹിച്ചു -
വൊന്നു ചേർന്നു തുഴയാൻ നിലാക്കടൽ, 
കണ്ണു ചിമ്മുന്നതാരകൾ മിന്നിടും 
വേളിപ്പന്തൽ കിനാക്കണ്ടിരുന്നവർ.

കാലമേഘക്കുതിരയെ പൂട്ടിയ 
തേരിലാർത്തു പേമാരി വന്നീടവേ  
സ്വപ്നമാകുന്ന പൊയ്കയിൽ നിന്നു നൽ 
തീർത്ഥമിറ്റുന്നതെന്നേ നിനച്ചവർ! 

വെള്ളി തീർക്കുന്ന മിന്നൽ പിണരുകൾ 
വരണമാല്യമാണെന്നു  കൊതിച്ചു പോയ്‌, 
ഘോരമാമിടിവെട്ടും നിനാദങ്ങൾ 
മംഗലധ്വനിയെന്നേ നിരൂപിച്ചു !

കാറ്റു ചുറ്റിച്ചുഴലിയായെത്തിടു-
മൊട്ടി നിൽക്കുമിവരെയകറ്റുവാൻ 
വായുവേഗത്തിലായത്തിലൊപ്പമാ-
യൂയലാട്ടുന്ന വള്ളിയായ് തീർത്തവർ ! 

പേർത്തും പേർത്തും പെരിയ  കൊടുമക-
ളൊക്കെയും പുഷ്പവർഷങ്ങളെന്ന പോ-
ലോർത്തു കണ്‍കളിൽ നോക്കിനിന്നീടുന്നു-
വിന്നുമീ മുഗ്ദ്ധ വാനവും ഭൂമിയും...  

തൊട്ടു തൊട്ടില്ലയെന്നപോൽ നിർത്തിടും 
ചക്രവാളമാം സങ്കൽപ സീമ തൻ 
കെട്ട് പൊട്ടിച്ചു വാനവും ഭൂമിയു -
മൊന്നു ചേർന്നിടും നാൾ വന്നു ചേരുമോ?!

ചക്രവാളമാം സീമയ്ക്കിരുപുറം 
തൊട്ടു നില്ക്കുന്നു വാനവും ഭൂമിയും 
രാത്രി തന്നിരുൾ രാക്ഷസ രൂപങ്ങ-
ളൊട്ടു ഭയം ജനിപ്പിക്കുന്ന വേളയിൽ 
ഒന്നിനോടൊന്നു ചേർന്നു പുണർന്നു കൊ-
ണ്ടൊന്നു ഞങ്ങളെന്നോതുന്നിരുവരും!








Tuesday, June 10, 2014

പഞ്ചഭൂതാത്മകമിദം സർവം

[പഞ്ചഭൂതങ്ങളിൽ നിറയുന്ന നാദവും  പഞ്ചഭൂതങ്ങളാൽ നിറയുന്ന നാദവും വെളിപ്പെടുത്തുന്നത്  എല്ലാം  ഒന്ന് തന്നെയെന്ന പരമ സത്യത്തെ തന്നെ. കാറ്റു തട്ടി മുള പാടുന്നതും, ജലം മേഘമായും പിന്നീട് ശബ്ദമായും മേഘം വീണ്ടും ജലമായും പരിണമിക്കുന്നതും, ജലം ഭൂമിക്കു മേലെ ഒഴുകുന്നതും ഭൂമി ജലത്തിനും അഗ്നിക്കും മീതെ ആവരണം ചെയ്തിരിക്കുന്നതും,  വായുവിന്റെ ചലനം അഗ്നിയെ ആളിച്ച് എല്ലാം ഭസ്മമാക്കി മണ്ണോടു മണ്ണാക്കുന്നതും മണ്ണിൽ  നിന്നും വീണ്ടും ജീവൻ പൊടിക്കുന്നതും ഈ പരമ സത്യത്തെയല്ലാതെ മറ്റെന്താണ് നമ്മോടു പറയുന്നത്!   ഒന്ന് മറ്റൊന്നിനോട് എത്ര മാത്രം ചേർന്നിരിക്കുന്നുവെന്നും , ഒന്നില്ലാതെ മറ്റൊന്നിന് നില നിൽപ്പില്ല എന്നുമുള്ള പരമാർത്ഥം ഗ്രഹിക്കാൻ പഞ്ചഭൂത നിർമിതമായ മനുഷ്യൻ ഇനിയും വൈകിക്കൂടാ എന്നൊരു ചിന്ത ഇവിടെ പങ്കു വച്ചുകൊണ്ട്....   ]

പഞ്ചഭൂതാത്മകമിദം സർവം 

നിനാദം നിതാന്തപ്രപഞ്ചം നിറയും 
ഉയിരിന്നനന്തമാമാദിമനാദം 

പഞ്ചഭൂതങ്ങൾ   ലയിക്കും പ്രകൃതി ത-
ന്നാത്മാവിനജ്ഞാത  നാദപ്രഭാവം 

അനാദിതന്നാനന്ദനാദം വലംപിരി 
ശംഖിൽ നിറയുമൊരോംകാര നാദം 

ഉഷസ്സിൻ പ്രകാശവിലയവിന്യാസ-
ശ്രുതി ചേർത്തുണർത്തും  കിളികൾതൻ നാദം 

ചപലപത്രങ്ങൾ കലപില  ചൊല്ലു -
മൊരാലിൻറെ  ചില്ലതൻ മർമരനാദം 

കളകളം പാടി  പല നാടു താണ്ടി-
യൊഴുകും പുഴകൾതൻ ശിഞ്ജീരനാദം

കാറ്റൊന്നു തൊട്ടാലമൃതം ചുരത്തും 
മുളംകാടിനോടക്കുഴൽവിളിനാദം 

അനന്തൻ ഫണം വിരിച്ചാടും കണ-
ക്കുഗ്രഭാവം നിറയുമലകടൽനാദം 

അമ്പരപ്പിൻ പരകോടിയാമംബരം 
തിങ്ങിടുമംബുദഗർജ്ജനനാദം

സ്ഫുടംചെയ്തു ശുദ്ധി വരുത്തും മഹാഗ്നിതൻ 
നാളങ്ങളാളിപ്പടരുന്ന നാദം 

ഭൂമി, ജലം, വായുവാകാശമഗ്നിയാം
പഞ്ചഭൂതങ്ങളുണർത്തുന്ന നാദം 

പ്രപഞ്ചസത്യത്തിൻ മഹാമൌന നാദ-
മെൻ പഞ്ചേന്ദ്രിയങ്ങൾ നിറയുന്ന നാദം. 

അറിയുന്നതില്ല ഞാനെന്നുള്ളിൽനിന്നു-
മാവിർഭവിച്ചീടും പ്രപഞ്ചത്തിൻ നാദം 

വന്നുപതിക്കുമെൻ കർണപുടങ്ങളി-
ലിന്നൊരു നാദമീ  വൈകിയ വേളയിൽ, 

പഞ്ചഭൂതങ്ങൾ തൻ ക്രോധാഗ്നി  വിശ്വം
ദഹിപ്പിച്ചിടും മഹാ താണ്ഡവ നാദം 

പ്രകൃതിയെയാട്ടിപ്പടിയടച്ചീടുന്ന 
വിഡ്ഢി തൻ സ്മാരകം തീപ്പെടും നാദം.


Sunday, May 11, 2014

മാതൃദേവോ ഭവ:


മാതൃത്വം വേദനയായി മാറിയ അനേകമനേകം അമ്മമാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ അക്ഷരങ്ങൾ ...

(ചിത്രം-ഗൂഗിളിൽ നിന്ന് )
 

മാതൃ ദിനത്തിൻറെ യാശംസയേകുവാൻ
മാലോകരൊക്കെയും മത്സരിച്ചീടവേ
മയ്യൽ* കവിയുമൊരമ്മമനങ്ങളെ
കാണാതെ പോകുവാനാകുമോയീ വിധം ? 

മക്കളും കൊച്ചു മക്കളും ചുറ്റിലും
പത്തു പതിനാറു ഭൃത്യ ഗണങ്ങളും
ഒക്കെയായ് മാളിക മേലെ വസിച്ചിടും
അമ്മമാർ മാത്രമല്ലമ്മമാർ മന്നിതിൽ .

എല്ലു പൊട്ടെ വിടു വേലയും ചെയ്തിട്ട്
പാതിരാവിൽ തലയൊട്ടൊന്നു  ചായ്ചിടും
നേരത്ത് വേച്ചു വന്നെല്ലു തകർത്തിടും
കാന്തന്റെ താഡനമേൽക്കുന്നൊരമ്മമാർ,

പകലന്തിയോളം പല വീട് താണ്ടി
പല കുത്തുവാക്കും പഴിയും ചുമന്നു കൊ-
ണ്ടന്നന്നു കിട്ടും പഴങ്കഞ്ഞി മോന്തിയും
മക്കളെ പോറ്റി വളർത്തുന്നൊരമ്മമാർ,

കത്തും വെയിലത്തു കീറ മാറാപ്പിന്റെ
തുച്ഛമാം സ്വച്ഛതയ്ക്കുള്ളിൽ മയങ്ങുന്ന
പിഞ്ചിളം കുഞ്ഞിന്റെയൊട്ടും വയറു ക-
ണ്ടിടനെഞ്ചു  പൊട്ടിത്തകരുന്നൊരമ്മമാർ,

കുപ്പയിലും തെരുവോരത്തുമെന്നും
വന്നു പതിച്ചിടുമെച്ചിൽ പ്രതീക്ഷി-
ച്ചണയും ശുനകനോടേറ്റുമുട്ടിത്തോറ്റ്
ഭ്രാന്തിൻറെ വക്കോളമെത്തുന്നൊരമ്മമാർ,

യുദ്ധക്കെടുതിയാം ജ്വാലയിൽ തൻ രാജ്യ-
മപ്പാടെ തീക്കടൽ നക്കിത്തുടയ്ക്കവേ
കാക്കേണ്ടതേതു വിധമെന്നറിയാതെ
മക്കളെ നോക്കിയുരുകുന്നൊരമ്മമാർ,

സ്വത്തും മുതലുമവകാശവും വാങ്ങി
യെത്രയും വേഗ മൊഴിവാക്കി വച്ചിടു-
മമ്മ  കിടന്നൊരു കട്ടിലും പായയു-
മെന്നിട്ടു മക്കൾ നട തള്ളുമമ്മമാർ...

വൃദ്ധ സദനത്തിൻ മുറ്റത്തെ വൃക്ഷ -
ത്തണൽ പറ്റി നില്ക്കുന്നൊരു കൂട്ടമമ്മമാർ
മാതൃദിനമാണിന്നുവരുമത്രെ
ക്യാമറ തൂക്കിയൊരു കൂട്ടമാളുകൾ!   

ദൈന്യം നിറയും മുഖങ്ങൾ പകർത്തിടും
മക്കൾ സമ്മാനിച്ച പിച്ചള പാത്രവു-
മോട്ട വീണ പഴംതുണി സഞ്ചിയു- 
മൊപ്പമൊരായിരം ചോദ്യശരങ്ങളും...

പങ്കു വച്ചീടുവാനില്ലൊരു ദുഖവും
കേൾപ്പിക്കുവാനേതുമില്ല പരിഭവം
എങ്കിലും നിങ്ങൾ മടങ്ങുവതിൻ മുന്നേ
ചോദിച്ചിടാനൊരു  ചോദ്യമിതു മാത്രം

അമ്മയെയോർക്കാനൊരു  ദിനം മാത്രമോ?
അമ്മയെന്നോർക്കാതൊരു ദിനം തീരുമോ?
എന്നിട്ടുമമ്മമാരെന്തെ വഴിയോര
സത്രങ്ങൾ തോറും കനിവിനായ് കേഴുന്നു?

പിറന്ന നാൾ  നൽകിയ പേറ്റു നോവിന്നുമീ
മക്കളിന്നോളമേകിയ നെഞ്ചിലെ വേവിനും
കാത്തിടാമെന്നൊന്നു ചൊല്ലിടാ നാവിനും
മാപ്പു നൽകീടുകെൻ വന്ദ്യ മാതാക്കളെ...


*മയ്യൽ - ദുഃഖം , വേദന







Thursday, May 1, 2014

ലോ ജനറേഷൻ


കുട്ടിക്കോ പതിനെട്ടു തികഞ്ഞു
തയ്ക്കണമത്രേ 'ലോ വെയ്സ്റ്റൊന്ന്   '

'ലോ വെയ്സ്റ്റെ 'ന്നാലെന്താണെന്നെൻ
ന്യൂ ജനറേഷൻ കുട്ടി മൊഴിഞ്ഞു

പൃഷ് ഠത്തിൻ നടുഭാഗം തൊട്ടി-
ട്ടൊട്ടു തുടങ്ങും ഇരുകാലുകളും

ഇപ്പൊപ്പൊട്ടിത്താഴെപ്പോകും 
എന്നു ശഠിക്കും വസ്ത്രമതത്രെ!

'ലോ വെയ്സ്ടി'ട്ടാൽ വേണമതത്രേ
മുന്തിയ ബ്രാന്‍റിന്നണ്ടർവെയറും!

ഇടെയിടെ വെറുതെ കുനിയുമ്പോഴെ-
ല്ലാരും കാണും ബ്രാന്‍റൻ മേന്മ

അല്ലായെങ്കിൽ ഇല്ലൊരു വെയ്റ്റും,
ഒട്ടല്ലീ ലോ വെയ്സ്റ്റിൻ പ്രശ്നം!

എന്തൊരു കഷ്ടപ്പാടാണിവനീ-
യരയരയൻ* ലോ വസ്ത്രം മൂലം!

കൌമാരത്തിന്നഭിമാനത്തിൻ
പ്രശ്നമിതെന്നറിയേണം നമ്മൾ

പേടിക്കേണം പിറകെ നടക്കാൻ
ലോ വെയ്സ്ടിട്ടൊരു തലമുറയാണേ

അത്യാഹിതമെന്തും വന്നേക്കാം
വെപ്രാളം കൊണ്ടൊട്ടും വയ്യ...




(*അരയരയൻ വസ്ത്രം  - അരയുടെ അര ഭാഗം മാത്രം മറയ്ക്കുന്ന വസ്ത്രം എന്നാണ് ഉദ്ദേശിച്ചത് !)



(ചിത്രത്തിന് കടപ്പാട് ഗൂഗിൾ )