മാതൃത്വം വേദനയായി മാറിയ അനേകമനേകം അമ്മമാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ അക്ഷരങ്ങൾ ...
മാതൃ ദിനത്തിൻറെ യാശംസയേകുവാൻ
മാലോകരൊക്കെയും
മത്സരിച്ചീടവേ
മയ്യൽ* കവിയുമൊരമ്മമനങ്ങളെ
കാണാതെ പോകുവാനാകുമോയീ വിധം ?
മക്കളും കൊച്ചു മക്കളും ചുറ്റിലും
പത്തു പതിനാറു ഭൃത്യ ഗണങ്ങളും
ഒക്കെയായ്
മാളിക മേലെ വസിച്ചിടും
അമ്മമാർ മാത്രമല്ലമ്മമാർ മന്നിതിൽ .
എല്ലു പൊട്ടെ വിടു വേലയും
ചെയ്തിട്ട്
പാതിരാവിൽ
തലയൊട്ടൊന്നു ചായ്ചിടും
നേരത്ത് വേച്ചു വന്നെല്ലു തകർത്തിടും
കാന്തന്റെ
താഡനമേൽക്കുന്നൊരമ്മമാർ,
പകലന്തിയോളം
പല വീട് താണ്ടി
പല കുത്തുവാക്കും പഴിയും ചുമന്നു കൊ-
ണ്ടന്നന്നു
കിട്ടും പഴങ്കഞ്ഞി മോന്തിയും
മക്കളെ പോറ്റി വളർത്തുന്നൊരമ്മമാർ,
കത്തും വെയിലത്തു കീറ മാറാപ്പിന്റെ
തുച്ഛമാം സ്വച്ഛതയ്ക്കുള്ളിൽ മയങ്ങുന്ന
പിഞ്ചിളം കുഞ്ഞിന്റെയൊട്ടും വയറു ക-
ണ്ടിടനെഞ്ചു പൊട്ടിത്തകരുന്നൊരമ്മമാർ,
കുപ്പയിലും
തെരുവോരത്തുമെന്നും
വന്നു പതിച്ചിടുമെച്ചിൽ പ്രതീക്ഷി-
ച്ചണയും ശുനകനോടേറ്റുമുട്ടിത്തോറ്റ്
ഭ്രാന്തിൻറെ
വക്കോളമെത്തുന്നൊരമ്മമാർ,
യുദ്ധക്കെടുതിയാം
ജ്വാലയിൽ തൻ രാജ്യ-
മപ്പാടെ തീക്കടൽ നക്കിത്തുടയ്ക്കവേ
കാക്കേണ്ടതേതു
വിധമെന്നറിയാതെ
മക്കളെ നോക്കിയുരുകുന്നൊരമ്മമാർ,
സ്വത്തും മുതലുമവകാശവും വാങ്ങി
യെത്രയും വേഗ മൊഴിവാക്കി
വച്ചിടു-
മമ്മ കിടന്നൊരു
കട്ടിലും പായയു-
മെന്നിട്ടു
മക്കൾ നട തള്ളുമമ്മമാർ...
വൃദ്ധ സദനത്തിൻ മുറ്റത്തെ വൃക്ഷ
-
ത്തണൽ പറ്റി നില്ക്കുന്നൊരു കൂട്ടമമ്മമാർ
മാതൃദിനമാണിന്നുവരുമത്രെ
ക്യാമറ തൂക്കിയൊരു കൂട്ടമാളുകൾ!
ദൈന്യം നിറയും മുഖങ്ങൾ പകർത്തിടും
മക്കൾ സമ്മാനിച്ച പിച്ചള പാത്രവു-
മോട്ട വീണ പഴംതുണി
സഞ്ചിയു-
മൊപ്പമൊരായിരം
ചോദ്യശരങ്ങളും...
പങ്കു വച്ചീടുവാനില്ലൊരു ദുഖവും
കേൾപ്പിക്കുവാനേതുമില്ല
പരിഭവം
എങ്കിലും നിങ്ങൾ മടങ്ങുവതിൻ മുന്നേ
ചോദിച്ചിടാനൊരു ചോദ്യമിതു
മാത്രം
അമ്മയെയോർക്കാനൊരു ദിനം
മാത്രമോ?
അമ്മയെന്നോർക്കാതൊരു
ദിനം തീരുമോ?
എന്നിട്ടുമമ്മമാരെന്തെ
വഴിയോര
സത്രങ്ങൾ തോറും കനിവിനായ് കേഴുന്നു?
പിറന്ന നാൾ നൽകിയ പേറ്റു നോവിന്നുമീ
മക്കളിന്നോളമേകിയ
നെഞ്ചിലെ വേവിനും
കാത്തിടാമെന്നൊന്നു
ചൊല്ലിടാ നാവിനും
മാപ്പു നൽകീടുകെൻ വന്ദ്യ മാതാക്കളെ...
*മയ്യൽ - ദുഃഖം , വേദന
"അമ്മയെയോർക്കാനൊരു ദിനം മാത്രമോ..
ReplyDeleteഅമ്മയെയോർക്കാതൊരു ദിനം തീരുമോ.."
കവിത വളരെ ഇഷ്ടമായി ടീച്ചർ...
നന്ദി ഗിരീഷ്
DeleteThanks for sharing this
ReplyDeleteWell versed one, nicely put it
Thought provoking pieces.
Best Regards
Philip Ariel
Thank you for spending your time to read this sir.
Deleteകവിത നന്നായിരിക്കുന്നു
ReplyDeleteഉള്ളില്‍ കൊള്ളുന്ന വരികള്‍
ആശംസകള്‍