[പഞ്ചഭൂതങ്ങളിൽ നിറയുന്ന നാദവും പഞ്ചഭൂതങ്ങളാൽ നിറയുന്ന നാദവും വെളിപ്പെടുത്തുന്നത് എല്ലാം ഒന്ന് തന്നെയെന്ന പരമ സത്യത്തെ തന്നെ. കാറ്റു തട്ടി മുള പാടുന്നതും, ജലം മേഘമായും പിന്നീട് ശബ്ദമായും മേഘം വീണ്ടും ജലമായും പരിണമിക്കുന്നതും, ജലം ഭൂമിക്കു മേലെ ഒഴുകുന്നതും ഭൂമി ജലത്തിനും അഗ്നിക്കും മീതെ ആവരണം ചെയ്തിരിക്കുന്നതും, വായുവിന്റെ ചലനം അഗ്നിയെ ആളിച്ച് എല്ലാം ഭസ്മമാക്കി മണ്ണോടു മണ്ണാക്കുന്നതും മണ്ണിൽ നിന്നും വീണ്ടും ജീവൻ പൊടിക്കുന്നതും ഈ പരമ സത്യത്തെയല്ലാതെ മറ്റെന്താണ് നമ്മോടു പറയുന്നത്! ഒന്ന് മറ്റൊന്നിനോട് എത്ര മാത്രം ചേർന്നിരിക്കുന്നുവെന്നും , ഒന്നില്ലാതെ മറ്റൊന്നിന് നില നിൽപ്പില്ല എന്നുമുള്ള പരമാർത്ഥം ഗ്രഹിക്കാൻ പഞ്ചഭൂത നിർമിതമായ മനുഷ്യൻ ഇനിയും വൈകിക്കൂടാ എന്നൊരു ചിന്ത ഇവിടെ പങ്കു വച്ചുകൊണ്ട്.... ]
പഞ്ചഭൂതാത്മകമിദം സർവം
നിനാദം നിതാന്തപ്രപഞ്ചം നിറയും
ഉയിരിന്നനന്തമാമാദിമനാദം
പഞ്ചഭൂതങ്ങൾ ലയിക്കും പ്രകൃതി ത-
ന്നാത്മാവിനജ്ഞാത നാദപ്രഭാവം
അനാദിതന്നാനന്ദനാദം വലംപിരി
ശംഖിൽ നിറയുമൊരോംകാര നാദം
ഉഷസ്സിൻ പ്രകാശവിലയവിന്യാസ-
ശ്രുതി ചേർത്തുണർത്തും കിളികൾതൻ നാദം
ചപലപത്രങ്ങൾ കലപില ചൊല്ലു -
മൊരാലിൻറെ ചില്ലതൻ മർമരനാദം
കളകളം പാടി പല നാടു താണ്ടി-
യൊഴുകും പുഴകൾതൻ ശിഞ്ജീരനാദം
കാറ്റൊന്നു തൊട്ടാലമൃതം ചുരത്തും
മുളംകാടിനോടക്കുഴൽവിളിനാദം
അനന്തൻ ഫണം വിരിച്ചാടും കണ-
ക്കുഗ്രഭാവം നിറയുമലകടൽനാദം
അമ്പരപ്പിൻ പരകോടിയാമംബരം
തിങ്ങിടുമംബുദഗർജ്ജനനാദം
സ്ഫുടംചെയ്തു ശുദ്ധി വരുത്തും മഹാഗ്നിതൻ
നാളങ്ങളാളിപ്പടരുന്ന നാദം
പഞ്ചഭൂതങ്ങളുണർത്തുന്ന നാദം
പ്രപഞ്ചസത്യത്തിൻ മഹാമൌന നാദ-
മെൻ പഞ്ചേന്ദ്രിയങ്ങൾ നിറയുന്ന നാദം.
അറിയുന്നതില്ല ഞാനെന്നുള്ളിൽനിന്നു-
മാവിർഭവിച്ചീടും പ്രപഞ്ചത്തിൻ നാദം
വന്നുപതിക്കുമെൻ കർണപുടങ്ങളി-
ലിന്നൊരു നാദമീ വൈകിയ വേളയിൽ,
പഞ്ചഭൂതങ്ങൾ തൻ ക്രോധാഗ്നി വിശ്വം
ദഹിപ്പിച്ചിടും മഹാ താണ്ഡവ നാദം
പ്രകൃതിയെയാട്ടിപ്പടിയടച്ചീടുന്ന
ദഹിപ്പിച്ചിടും മഹാ താണ്ഡവ നാദം
പ്രകൃതിയെയാട്ടിപ്പടിയടച്ചീടുന്ന
വിഡ്ഢി തൻ സ്മാരകം തീപ്പെടും നാദം.
ഓരോ വരിയും ഒരുപോലെ തിളങ്ങി നിൽക്കുന്നു..
ReplyDeleteനല്ല കവിത..
ആശംസകൾ ടീച്ചർ..
വായനക്കും അഭിപ്രായത്തിനും നന്ദി ഗിരീഷ്.
Deleteഅര്‍ത്ഥഗാംഭീര്യമുള്ള കവിത.
ReplyDeleteനന്നായി
നന്ദി സർ.
Deleteഅവധികാലം സന്തോഷകരമായി ചിലവഴിച്ചു എന്ന് കരുതുന്നു.
നാദപ്രപഞ്ചം!
ReplyDeleteമനോഹരമായ കവിത
ആശംസകള്‍