മൂങ്ങേയിങ്ങനെ മൂളാതെ,
ഞങ്ങൾക്കുള്ളിൽ ഭയമാണേ...
വട്ടക്കണ്ണു മിഴിക്കല്ലേ,
ഞങ്ങളെ നോക്കിക്കൊല്ലല്ലേ.
കണ്ടാൽ സുന്ദരനെന്നാലോ,
ഗൗരവമിറ്റു കുറയ്‌ക്കേണ്ട?
കുട്ടികളല്ലേ നിൻ മുന്നിൽ,
ഒന്നു ചിരിക്കാൻ മടിയെന്തേ?
കൂരിരുളെങ്ങും തിങ്ങുമ്പോൾ
ലോകം നിദ്രയിലാഴുമ്പോൾ
എന്തു രഹസ്യം കാണാനായ്
കാട്ടുമരത്തിലിരിക്കുന്നൂ?
വെട്ടം തീരെപ്പോയാലും
രാവിലുമെല്ലാം കാണുന്നോൻ!
കണ്ണാടിക്കണ്ണിൽ പ്പതിയാ-
താരും പോകാൻ നോക്കണ്ടാ,
നാട്ടാരെല്ലാം ചൊല്ലുന്നൂ,
ഉൾക്കണ്ണുള്ളൊരുലൂകം നീ!
പക്ഷികളാരും കൂട്ടില്ലേ സൽ-
വീക്ഷണമുള്ളോരു
ചങ്ങാതീ?
ചിറകടിശബ്ദം വയ്ക്കാതെ
ചുറ്റിത്തിരിയും നേരത്ത്
ഇരുചെവിയറിയാതടവിയിതിൽ
ഇരയെ വീഴ്ത്താന്‍ നീ കേമൻ
കലപില ചൊല്ലുക പതിവില്ലേ?
ഏകാന്തതയെ പ്രിയമെന്തേ?
നേർത്തൊരു ശബ്ദം പോലും നീ
പെട്ടന്നെങ്ങനെ കേൾക്കുന്നൂ?
ചെവി കൂർപ്പിച്ചൊരുഞൊടിയിൽ നീ
എങ്ങനെ വാസ്തവമറിയുന്നൂ?
എന്തൊരു ഗമയാണമ്പമ്പോ!
എന്തെങ്കിലുമൊന്നുരിയാടൂ...
കുട്ടികളിങ്ങനെ നിർത്താതെ
പയ്യാരങ്ങള്‍ ചൊന്നപ്പോൾ
കൂമനുമല്പം മയമുള്ളിൽ
തോന്നുകയാലേ ചൊല്ലിയവൻ;
നിങ്ങൾ കേട്ടതു ശരിയാണേ,
ഞാനൊരു രാത്രിഞ്ചരനാണേ;
'നത്തു കണക്കെ'ന്നൊരു ചൊല്ലൽ
കേട്ടിട്ടില്ലേ കുട്ടികളേ?
എന്നാൽ നിങ്ങൾ ഭയക്കുമ്പോൽ
ഞാനൊരു ഭീകരനല്ലല്ലോ!
അയ്യോ! പുലരാറായല്ലോ,
എൻ പതിവിന്നു മുറിഞ്ഞല്ലോ,
ഇരുളിൽ നിന്നു കറങ്ങാതെ
പോവുക വേഗം കുട്ടികളേ
ങ്ങൂഹൂ ങ്ങൂഹൂ ങ്ങൂഹൂഹൂ...