കണ്ണനാമുണ്ണിക്കിടാവിന്നരയിലെ
കൊഞ്ചിക്കിലുങ്ങുന്ന പൊന്നരഞ്ഞാ
കണ്ണഞ്ചിടും മഞ്ഞമുത്തണിക്കൊന്നമേൽ
ഞാലുന്നു മേടമുറ്റം നിറഞ്ഞങ്ങനെ!
മഞ്ഞത്തുകിൽ ചുറ്റി നിൽക്കുന്ന കണ്ണനെ
ഉൾക്കണ്ണിലെന്നും കണി കണ്ടുണരുവാൻ
ഭാഗ്യമേകീടുന്ന പൊന്നിൻ വിഷുക്കണി
കണ്ടിന്നുണരുവാൻ കണ്ണേ തുണയ്ക്കണം!
മണ്ണിൽ കുളിർമണിത്തുള്ളികളായ് മഴ-
വന്നെത്തുവാൻ മനം വെമ്പുന്ന വേനലിൽ
പൊന്നുരുകും പവൻ മിന്നും കുലകൾ മെയ്
മൂടിയെങ്ങും കർണ്ണികാരം ഒരുങ്ങവേ
പീതാംബരം ചുറ്റി നിൽക്കുന്ന ഭൂമിയും
മഞ്ഞത്തുകിൽ ചാർത്തിടും മേഘവർണ്ണനും
ഒന്നിച്ചു നൃത്തമാടും വിഷുക്കാലമീ
മണ്ണിനും വിണ്ണിനുമേകുന്നു പൊൻകണി!
എങ്ങോ വിളഞ്ഞൊരു നെന്മണിയീ വിഷു-
സദ്യയ്‌ക്കമൃതായ് വിളമ്പുന്ന വേളയിൽ
നാടിനാകെയന്നമൂട്ടുവാൻ മണ്ണിതിൽ
വേലയെടുക്കുവോർക്കൊക്കെയും വന്ദനം!
വിത്തു വിതച്ചു വർഷം വരാൻ കാത്തിടും
കർഷകർക്കൊക്കെയും നേരുന്നു നന്മകൾ!
നിങ്ങൾക്കു പൊൻവിളക്കിൻ മുന്നിൽ നാക്കില-
യിട്ടു വിളമ്പുന്നുവെൻ വിഷുസദ്യ ഞാൻ...
ഈ വിഷുക്കാലത്ത് പക്ഷെ സൂര്യൻ അഗ്നിയാണ് പെയ്തിറക്കിയത് :-(
ReplyDeleteഎന്നിട്ടും ആർക്കും ഒരു കൂസലുമില്ലല്ലോ. പ്രകൃതിയെ നശിപ്പിക്കുവാനുള്ള പ്ലാനുകളും തിയറികളും അണിയറയിൽ തകൃതിയായി നടക്കുകയാണല്ലോ. ശാന്തിവനം പോലെ കാലങ്ങൾ പഴക്കമുള്ള ജൈവവൈവിധ്യമൊക്കെ വെട്ടിനശിപ്പിക്കാൻ എത്ര ലാഘവത്തോടെയാണ് കോടതികൾ പോലും അനുവാദം നൽകുന്നത്. പ്രശസ്തരായ പരിസ്ഥിതിവാദികളൊക്കെ അന്താരാഷ്ട്രനിലവാരത്തിലുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ മാത്രമേ കൈകാര്യം ചെയ്യൂ. അവരുടെ കണ്ണിൽ നമ്മുടെ നാട്ടിലെ ഓണംകേറാമൂലയൊന്നും ആഗോളതാപനത്തിൻറെ പരിധിയിൽ വരില്ല. ലോകം മുഴുവൻ പറന്നുനടന്ന് മുന്നറിയിപ്പുകൾ നല്കുന്ന ഇക്കൂട്ടരുടെ അവസരവാദത്തേക്കാൾ വലിയ അശ്ലീലം വേറെയില്ല.
DeleteNALLA VARIKAL
ReplyDeleteASAMSAKAL TEACHER
Thank you very much.
Delete