Followers

Tuesday, April 2, 2019

--- കളിമ്പക്കാലം ---

Get a bigger font by clicking the following link 





കളിമ്പക്കാലം 

[അവധിക്കാലമായി. പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ഞെക്കുയന്ത്രങ്ങളിൽ തല പൂഴ്ത്തി ഈ അവധിക്കാലവും പാഴാക്കല്ലേ. ഉറങ്ങിയുറങ്ങിയുറങ്ങി നേരം മുഴുവൻ കളയല്ലേ. ബാല്യകാലത്തെ കളങ്കമില്ലാത്ത ഓർമ്മകൾ ഒരു ജീവിതകാലത്തേയ്ക്കു മുഴുവനുതകുന്ന മൂല്യമേറിയ ഇന്ധനമാണ്. അതുകൊണ്ട് ആരും മുറിയടച്ച് അകത്തിരുന്ന് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ബട്ടണുകളിൽ താളം പിടിക്കാതെ പുറത്തിറങ്ങി പ്രകൃതിയ്‌ക്കൊപ്പം താളം പിടിക്കുക. കഴിഞ്ഞുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത നിങ്ങളുടെ ബാല്യം ധന്യമാക്കുക!] 

-------------------------------------------------------------------------

കാലമായ്, ഉല്ലാസകാലമായി 
വിദ്യാലയങ്ങൾക്കവധിയായി 
കുഞ്ഞുങ്ങളാർപ്പുവിളികളുമായ
തുള്ളിത്തിമർത്തിടാനോടിവായോ!

രാവിലെ ജാലകപ്പാളി നീക്കി 
സൂര്യനെ നോക്കിച്ചിരിച്ചിടേണം, 
ഉള്ളലിഞ്ഞപ്പൊഴാ സൂര്യദേവൻ 
താപമാനം തെല്ലു താഴ്ത്തുമല്ലോ !

മൂളിവരുന്നൊരു വണ്ടിനൊപ്പം 
പൂക്കളെക്കാണുവാൻ പോയിടേണം, 
തുമ്പികൾ തെന്നിപ്പറന്നുപോകും 
പിന്നാലെ പോയ് കൂട്ടു കൂടിടേണം, 
ചിത്രശലഭങ്ങളെപ്പകർത്താൻ 
ചായങ്ങളൊക്കെക്കരുതിടേണം, 
വീട്ടുതൊടിയിലെപ്പൂവനിയിൽ 
പൂവെത്ര? മൊട്ടെത്ര?യെണ്ണിടേണം! 
പൂവിത്തുകൾ കൂട്ടിവച്ചൊരുനാൾ 
മണ്ണിൽ വിതച്ചു കൺ നട്ടിടേണം, 
വിത്തിൻ പുറംതൊലി തൊപ്പിയാക്കി 
കുഞ്ഞുമുളകളുയർന്നിടുമ്പോൾ 
'കണ്ടുവോ കണ്ടുവോ കൂട്ടരേ'യെ-
ന്നുച്ചത്തിലാർത്തുല്ലസിച്ചിടേണം! 



തൊട്ടാൽ ചുരുളുന്നൊരട്ടവണ്ടി-
യ്ക്കെത്ര കാലെന്നെണ്ണിനോക്കിടേണം! 
കുഞ്ഞുകിളികൾ തൻ ദാഹമാറ്റാൻ 
കണ്ണൻചിരട്ടയിൽ നീർ നൽകണം.

തേക്കുപൂക്കാവടി നൃത്തമാടും 
തേക്കിലപ്പന്തൽക്കുടയ്ക്കിടയിൽ 
പോക്കുവെയിൽ വന്നു ചാഞ്ഞിടുമ്പോൾ 
ചേക്കേറിടാനെത്തിടും കിളികൾ 
ചൊല്ലും കലപില കേട്ടിടേണം.

രാത്രി നിലാവിൽ നിഴൽ വരയ്ക്കും 
വൃക്ഷങ്ങളൊത്തു കാറ്റേറ്റിടേണം 
നക്ഷത്രമുല്ലകൾ പൂത്തുനിൽക്കും 
വാനവും ഭൂമിയും കണ്ടിടേണം. 

മഞ്ഞമുത്തുമണിമാലകളാൽ 
കൊന്ന തൻ മെയ്യാകെ മൂടിടുമ്പോൾ 
പൊന്നുംവിഷുക്കണി കാണുവാനായ് 
ഇത്തിരി മുത്തു കടം തരുവാൻ 
കർണ്ണികാരത്തോടു ചൊല്ലിടേണം.

മീനമാസത്തിലെ ചൂടു പോയി, 
പൊന്നിടവപ്പാതി വന്നണഞ്ഞാൽ 
വഞ്ചിപ്പണിക്കുള്ള കാലമാകും; 
വഞ്ചിയുണ്ടാക്കാൻ പഠിച്ചിടേണം 
പത്രക്കടലാസുതോണികളാൽ 
മുറ്റത്തു വള്ളമിറക്കിടേണം.

വാരമെടുത്തമ്മ നട്ട കടുംകരി-
നീലമണിപ്പയർവള്ളികളിൽ 
തൂങ്ങിയാടും പയർ നുള്ളുവാനായ് 
അമ്മയ്ക്കു കൂട്ടൊന്നു പോയിടേണം, 
ഊതനിറത്തിൽപ്പരന്നുനിൽക്കും 
ചീരത്തടങ്ങൾ നനച്ചിടേണം, 
അച്ഛനോടൊത്തു പറമ്പു നീളേ 
വേലയെടുക്കുവാൻ കൂടിടേണം.

അമ്മൂമ്മമാരെയാ സീരിയലിൻ 
മുന്നിൽ നിന്നും പിടി കൂടിടേണം; 
നല്ല പഴഞ്ചൊല്ലുകൾ രസമായ് 
ചൊല്ലാനവരോടു കൊഞ്ചിടേണം, 
ചർച്ചകൾ കണ്ടു വെറുത്തിരിക്കും 
മുത്തച്ഛനേയും വിളിച്ചിടേണം; 
മുറ്റത്തെ മാങ്കൊമ്പിലാടുവാനായ് 
ഊഞ്ഞാലു കെട്ടിത്തരാൻ ചൊല്ലണം...

അങ്ങനെയോർമ്മയിലോരായിരം
ബാല്യചിത്രങ്ങൾ നിറച്ചിടേണം!! 
മാസങ്ങൾ രണ്ടു കഴിഞ്ഞിടുമ്പോൾ 
തോടും പുഴയും നിറഞ്ഞിടുമ്പോൾ 
പുസ്തകക്കെട്ടും കുടയുമായി 
വീണ്ടും പഠിക്കുവാൻ പോയിടേണം.

കാലം പറന്നുപറന്നു പോകും 
ദേഹം വളർന്നുവളർന്നു പോകും 
കുട്ടിത്തരങ്ങൾ മറന്നുപോകും 
പിന്നെക്കൊതിച്ചിട്ടു കാര്യമുണ്ടോ? 
വെക്കം കിടാങ്ങളിറങ്ങിവായോ, 
തുള്ളിത്തിമർത്തിടാനോടിവായോ!

***********************



2 comments: