Followers

Monday, August 6, 2018

വസന്തം വിളയിക്കുന്നവർ



(ചെറുകഥ )

സ്സ് വീടിനടുത്തുള്ള കവലയിലെത്താൻ ഇനിയും സമയമെടുക്കും. അമ്മ ഇപ്പോൾ കാത്തിരുന്ന് മടുത്തുകാണും. സീറ്റിൽ ചാഞ്ഞിരുന്ന്  ഇന്ദു കമ്പികൾക്കിടയിലൂടെ വെളിയിലേക്ക് കണ്ണും നട്ടിരുന്നു.  

ഭസ്മപ്പിഞ്ഞാണവും കയ്യിലേന്തി ഒരു സന്യാസി, ഉപ്പൂറ്റി മുക്കാലും തേഞ്ഞ വള്ളിച്ചെരിപ്പുമിട്ട് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത, ജീവിതമെന്ന ചോദ്യത്തിൻറെ ഉത്തരം തേടിയെന്നപോലെ കാലുകൾ നീട്ടിവച്ച് 
നടന്നുപോകുന്നു.  ആ നടത്തം നോക്കിയിരിക്കേ  ഓർമ്മകളുടെ ഉദ്യാനത്തിൽ നിന്നും   ബാല്യത്തിൻറെ ഒരിതൾ പറന്നുവന്ന് ഒരു മഞ്ഞസൂര്യകാന്തിപ്പൂവായി 
ഇന്ദുവിൻറെ  നേർക്ക് പുഞ്ചിരിച്ചുനിന്നു.

ശനിയാഴ്ച ഭക്ഷക്കാർ ധാരാളം വരുന്ന ദിവസമാണെന്നറിയാവുന്ന  അമ്മ  അന്നൊക്കെ ഒരുപിടി ചില്ലറ കാലേക്കൂട്ടി തളത്തിലെ  ഉത്തരത്ത് 
കരുതിവച്ചിരിക്കും. അഞ്ചു പൈസ മുതൽ ഇരുപത്തഞ്ച്  പൈസ വരെയാണ് നാട്ടുനടപ്പനുസരിച്ച് അക്കാലത്ത് ഭിക്ഷക്കാർക്ക് കൊടുത്തിരുന്ന തുക. അനുകമ്പ കൂടുതൽ അർഹിക്കുന്നവർക്ക് അമ്പത് പൈസ വരെ കിട്ടിയെന്നിരിക്കും.  അന്ന്  നിലവിലുണ്ടായിരുന്ന രണ്ടണയും മൂന്നണയും, ഭിക്ഷാംദേഹികൾക്ക് ഒട്ടും പ്രതിപത്തി ഇല്ലെന്നറിഞ്ഞിട്ടും, അമ്മയുടെ കരുതൽശേഖരത്തിലുണ്ടായിരുന്നു.  ഒറ്റ നോട്ടത്തിൽ പ്രാരാബ്‌ധമൊന്നും തോന്നിക്കാത്ത ഭിക്ഷക്കാർ ഭിക്ഷ  ചോദിച്ചുവന്നാൽ കൊടുക്കാൻ മാറ്റിവച്ചിരിക്കുന്നതാണവ.  നല്ല ആരോഗ്യമുള്ള ആളുകൾ വന്നാലാവട്ടെ അതുമുണ്ടാവില്ല, പകരം അമ്മയുടെ സൗജന്യോപദേശമായിരിക്കും  അവർക്കു ള്ള  ഭിക്ഷ. 

"നിങ്ങൾക്കൊക്കെ നല്ല ആരോഗ്യമില്ലേ, എന്തെങ്കിലും ജോലി 
ചെയ്തുജീവിച്ചുകൂടേ?"

"എന്തു ജോലി കിട്ടാനാണമ്മാ" 
എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാൽ അതിനുമുണ്ട് അമ്മയ്ക്ക് ഉത്തരം.

"ജോലിയൊക്കെ ഞാൻ തരാം, ആ മുറ്റത്തെ പുല്ലൊക്കെ  ഒന്ന് പറിച്ച്കളയൂ, ന്നാ തരാം പൈസ."

എന്നിട്ടും ആളു പോകുന്നില്ല എന്നു കണ്ടാൽ അമ്മ അടുത്ത ഓപ്ഷൻ വയ്ക്കും.

"പൈസയൊന്നും തരില്ല്യ, വേണങ്കി  കാലത്തെ കാപ്പീം പലഹാരോം തരാം".

ചിലർ ആ ഓഫറിൽ  തൃപ്തരാകും. മറ്റുചിലരാകട്ടെ പൈസ കിട്ടാത്തതിലുള്ള ദേഷ്യത്തിൽ വഴിനീളെ  പ് രാകിക്കൊണ്ട്    തിരിഞ്ഞുനടക്കും. അതു  കേൾക്കേ അമ്മ പിറുപിറുക്കും,

"ആരോഗ്യംണ്ടെങ്കിലും ഇപ്പഴത്തെ ആൾക്കാർക്കൊന്നും ജോലിയെടുക്കാൻ  വയ്യ, അത്ര തന്നെ."

അങ്ങനെ വീട്ടിൽ വരുന്ന ഭിക്ഷക്കാർക്ക്  ന്യായാന്യായങ്ങൾ നോക്കി അമ്മ ഭിക്ഷ  കൊടുത്തും കൊടുക്കാതെയും കഴിഞ്ഞുപോന്നു. പാത്രമറിഞ്ഞ് ദാനം ചെയ്യണം എന്നത് അമ്മയ്ക്ക് ഇഷ്ടപ്പെട്ട മഹത് വചനമായിരുന്നു.
മൂക്കത്ത് ശുണ്ഠിയും അൽപ്പം എടുത്തുചാട്ടവും ഒക്കെ 

ഉണ്ടെങ്കിലും, മുറ്റത്തുവന്നിരിക്കുന്ന കാക്കയാവട്ടെ പൂച്ചയാവട്ടെ സന്യാസിയാവട്ടെ വീട്ടിൽ വരുന്ന അതിഥികളാവട്ടെ, ഏവർക്കും ഒരേ തൃപ്തിയോടെ  ഭക്ഷണം കൊടുക്കുന്ന അമ്മയുടെ ഭൂതദയ ഇന്ദുവിന് ഇഷ്ടമായിരുന്നു. 
വഴിയരികിൽ കിടന്നുറങ്ങുന്ന ഭിക്ഷക്കാർ വീടൊന്നുമില്ലാതെ അവരുടെ ഒരു ദിവസം കഴിച്ചുകൂട്ടുന്നതെങ്ങനെയാണെന്നും  അവരെങ്ങനെയാണ് 
ഭിക്ഷക്കാരായിത്തീർന്നതെന്നുമൊക്കെയുള്ള സംശയങ്ങൾ അന്നൊക്കെ ഇന്ദുവിനെ സദാ സങ്കടപ്പെടുത്തുകയും കുഴക്കുകയും ചെയ്തിരുന്നു.

അന്നാളുകളിൽ  ശനിയാഴ്ച തോറും ഒരു സന്ന്യാസി  വരുമായിരുന്നു. നരച്ച നീളൻ താടിയും ചപ്രത്തലമുടിയുമുള്ള, ഏതാണ്ട് അറുപത്- അറുപത്തഞ്ചോടടുത്ത് പ്രായം തോന്നിച്ചിരുന്ന ഒരു പാവം മനുഷ്യൻ. 
"അമ്മേ, ധർമ്മം" എന്നുള്ള വിളിയിൽ ലോകം മുഴുവനുമുള്ള അമ്മമാരോടുള്ള ആദരവും ആശ്രിതത്വവും  അലിഞ്ഞിരുന്നു. നടപ്പിലും എടുപ്പിലും 
പെരുമാറ്റത്തിലുമെല്ലാം ഒരു ഭിക്ഷക്കാരനിൽനിന്ന് പ്രതീക്ഷിക്കാവുന്നതിനേക്കാൾ അച്ചടക്കവും മര്യാദയും. അമ്പത് പൈസയും രാവിലത്തെ ഭക്ഷണം 
ഇരിപ്പുണ്ടെങ്കിൽ അതും അമ്മ ആ മനുഷ്യന് കൊടുക്കുമായിരുന്നു. ഭക്ഷണം കഴിച്ച് പാത്രവും ഗ്ലാസും വൃത്തിയായി കഴുകി ഇറയത്ത് കമഴ്ത്തി "പോട്ടെ അമ്മേ" എന്ന് സന്ന്യാസി  വിട വാങ്ങും.

അന്ന് ആറോ ഏഴോ വയസ്സ് പ്രായമേയുള്ളൂ ഇന്ദുവിന്.

സന്ന്യാസി  ഭക്ഷണം കഴിക്കുന്നത് കാണാൻ ഇന്ദു മുറ്റത്തും ഇറയത്തും ഒക്കെ ചുറ്റിപ്പറ്റിനിൽക്കും. ഇടയ്ക്കിടെ വൃദ്ധൻ ഇന്ദുവിനെ നോക്കി ചിരിക്കും. ആഴ്ചകൾ കഴിയുംതോറും സന്യാസിയുടെ കുശലം ചോദിക്കലിന് ഇന്ദു മടികൂടാതെ ചിരിക്കാനും മറുപടി പറയാനും തുടങ്ങി.

ഒരു ശനിയാഴ്ച ഇന്ദു വീടിനുമുന്നിൽ ഒരു കുഞ്ഞുപൂന്തോട്ടമുണ്ടാക്കാനുള്ള   ശ്രമത്തിലായിരുന്നു. 

താൻ പഠിക്കുന്ന കോൺവെന്റിലെ  കന്യാസ്ത്രീകൾ സ്കൂളിനോടുചേർന്നുള്ള ചാപ്പലിൻറെ  മുറ്റത്ത് പരിപാലിച്ചിരുന്ന മനോഹരമായ പൂന്തോട്ടം പോലൊന്ന് അവളുടെ കുറേനാളായുള്ള  സ്വപ്നമായിരുന്നു.  
സ്കൂൾ അങ്കണത്തിലെ ആ പള്ളിമുറ്റത്ത് എന്തുമാത്രം തരത്തിലും നിറത്തിലും ഉള്ള  പൂക്കളാണെന്നോ വിരിഞ്ഞുനിന്നിരുന്നത്!  കന്യാസ്ത്രീകൾ എന്തു  
നട്ടുപിടിപ്പിച്ചാലും എന്തൊരു തുടുപ്പും  പ്രസരിപ്പുമാണ് അവയുടെ പൂക്കൾക്കും ഫലങ്ങൾക്കും  എന്ന് ഇന്ദുവിന് എപ്പോഴും തോന്നാറുണ്ട്. എന്താണ് ആ 
പച്ചവിരലുകളുടെ രഹസ്യം  എന്നുമാത്രം അവൾക്ക് പിടികിട്ടിയിട്ടില്ല. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള  സൂര്യകാന്തികൾ, തുടുതുടുത്ത ചുവപ്പ്, ഓറഞ്ച്, പിങ്ക്, 
മഞ്ഞ നിറങ്ങളിലുള്ള പനിനീർ പുഷ്പങ്ങൾ, പലനിറങ്ങളിലുള്ള ഡാലിയാപ്പൂക്കൾ ഇവരെയെല്ലാം കണ്ട് ദൈവത്തിനെ കണ്ട തൃപ്തിയോടെ എത്രതവണ 
ആ പള്ളിമുറ്റത്ത് സ്വയം മറന്ന് നിന്നിരിക്കുന്നു! അതിനുശേഷം ചാപ്പലിൽ കയറി മുട്ടുകുത്തുമ്പോഴും അടഞ്ഞ കണ്ണുകൾക്കുള്ളിൽ ആ പൂക്കളല്ലാതെ 
മറ്റൊന്നും തെളിയുമായിരുന്നില്ല. ഇളം നീലകലർന്ന വയലറ്റ് പൂങ്കുലകൾ നിറഞ്ഞ  ഹൈഡ്രാഞ്ചിയ എന്ന വിദേശപുഷ്പത്തെ ആദ്യമായി കാണുന്നത് ആ 
ചാപ്പലിനുമുന്നിലെ പൂന്തോട്ടത്തിലാണ്. എന്തൊരു കറുകറുത്ത നിറമാണ് അവിടുത്തെ മണ്ണിന്. കറുപ്പഴക്  ആരോഗ്യത്തിൻറെകൂടി ലക്ഷണമാണ് എന്നൊരു വിശ്വാസത്തിൻറെ വിത്ത് ആ മണ്ണായിരിക്കാം ആദ്യമായി മനസ്സിൽ മുളപ്പിച്ചത്.

അതുപോലെ ആരോഗ്യമുള്ള, വിവിധ വർണ്ണത്തിലുള്ള പൂക്കൾ വിടർന്നുനില്ക്കുന്ന ഒരു കുഞ്ഞുതോട്ടം തൻറെ  വീടിൻറെ മുന്നിലും വേണമെന്ന ആഗ്രഹം ഇന്ദുവിനെ ഇരിക്കപ്പൊറുതിയില്ലാത്തവളാക്കി.ശനിയാഴ്ച സ്കൂൾ അവധിയായതിനാൽ പൂന്തോട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിൽ അടുത്തവീടുകളിൽ നിന്ന് ശേഖരിച്ച റോസിൻറെയും ചെമ്പരത്തിയുടെയും മറ്റും കമ്പുകളുമായി വീട്ടുമുറ്റത്തെ മണ്ണിളക്കാൻ തുടങ്ങുമ്പോഴാണ് സന്ന്യാസിയുടെ വരവ്. 

"അമ്മേ, എനിക്ക് മഞ്ഞസൂര്യകാന്തിയുടെ വിത്ത് വേണം. എവിടെന്നെങ്കിലും കിട്ട്വൊ?"
ഇന്ദു അകത്തേയ്ക്ക് വിളിച്ചുചോദിക്കുന്നത് കേട്ടുകൊണ്ടാണ് സന്ന്യാസി പടി കടന്നുവന്നത്.


"മോൾക്ക് മഞ്ഞ സൂര്യകാന്തിയുടെ വിത്ത് വേണോ? ഞാൻ കൊണ്ടന്ന് തരാം." 

സന്ന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ ഇന്ദുവിശ്വാസം വരാത്തപോലെ അയാളെ നോക്കി. അമ്മയും അകത്തുനിന്നിറങ്ങിവന്നു. 

"നാളെ ഞാൻ  ബീഹാറിലേക്ക് പോകും. അവിടെ നിറച്ചും സൂര്യകാന്തിപ്പാടങ്ങളുണ്ട്. അവിടെയിപ്പോൾ വിളവെടുക്കുന്ന സമയമായിട്ട്ണ്ടാവും. അതീന്ന് കുറച്ച് വിത്ത് കൊണ്ടുവന്ന് തരാം."

ഇന്ദുവിൻറെ മുഖം  സന്തോഷം കൊണ്ട്  സൂര്യകാന്തിപ്പൂ പോലെ വിടർന്നു. 'അമ്മ ചോദിച്ചു,


"സന്ന്യാസിക്ക് ബീഹാറിൽ ആരാള്ളത്?"

"ആരൂല്ല്യാ, ഞാനിങ്ങനെ തോന്നുമ്പൊ തീവണ്ടീല് കേറി അവടേം ഇവടേം ഒക്കെ പൂവും.   കയ്യിലെ കാശ് തീരുമ്പോ ചെലപ്പൊ പാടത്തോ കടേലോ  വല്ലോം  
ചെറേൃ പണിയൊക്കെ ചെയ്യും. കാട്ടിലും മലേലും അമ്പലങ്ങളിലുമൊക്കെ  അലയും, മതിയാകുംവരെ ധ്യാനിച്ചിരിക്കും, തിരിച്ച് വരും, പിന്നേം പൂവും. അരൂല്യാത്തോണ്ട്  ഇങ്ങനെ 
അലഞ്ഞ്നടക്കാലോ." 

തനിക്ക് ഈ ജീവിതം ഒരു പ്രശ്‌നമേയല്ല  എന്ന മട്ടിൽ  സന്ന്യാസി പറഞ്ഞത് ഇന്ദുവും അമ്മയും അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. 
അന്നത്തെ  ഭിക്ഷ  സ്വീകരിച്ച്, മഞ്ഞസൂര്യകാന്തിപ്പൂ എന്ന പ്രതീക്ഷയുടെ വിത്ത് അമ്മുവിൻറെ മനസ്സിലെ നനഞ്ഞ മണ്ണിലിട്ട്,  അവളുടെ  തലയിൽ ഒന്നു തടവി സന്ന്യാസി  നടന്നകന്നു.

വീടുതോറും നടന്ന് ഭിക്ഷ തേടുന്ന ഒരു സന്ന്യാസിക്ക് ജീവിതത്തെ ഇത്ര ആയാസരഹിതമായി കാണാനാകും എന്നത് അന്ന് ഇന്ദുവെന്ന എട്ടു വയസ്സുകാരിക്ക് ഒരു പുതിയ അറിവായിരുന്നു. 
ആരുമില്ലാതാകുന്നത് മഹാസങ്കടം തന്നെ. എന്നാൽ സമ്യക്കായി ന്യസിക്കുവാൻ* തയ്യാറായവന് ആ സങ്കടത്തെ മറികടക്കാൻ എന്തു പ്രയാസം?! 

അന്ന് ഇന്ദുവിന് ഉറക്കം വന്നേയില്ല.തോന്നുമ്പോൾ തോന്നിയേടത്തേയ്ക്കൊക്കെ പേടിയില്ലാതെ യാത്രചെയ്യാൻ സാധിക്കുന്ന ആ സന്ന്യാസിക്ക് എന്തു സുഖമാണ്. യാത്ര പോകാൻ അച്ഛൻ പറയണതുപോലെ അത്രയധികം പൈസയും തയ്യാറെടുപ്പും ഒന്നും വേണമെന്നില്ല എന്ന് ഇന്ദുവിന് തോന്നി. തലചായ്ക്കാൻ വീടുതന്നെ 
വേണമെന്നില്ല എന്നും. എന്തിന്, ആ സന്ന്യാസിയുടെ കൂടെ പോകണമെന്നുപോലും അവൾക്കന്ന്  തോന്നി!

ഉറക്കം വരാതെ കിടക്കുമ്പോൾ ഇന്ദുവിൻറെ മനസ്സുനിറയെ, ഓടുന്ന തീവണ്ടിയുടെ ജാലകത്തിലൂടെ ശാന്തനായി സൂര്യകാന്തിപ്പാടങ്ങളെ നോക്കിയിരിക്കുന്ന സന്ന്യാസിയേയും അധികം വൈകാതെ തൻറെ പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കാൻ പോകുന്ന മഞ്ഞ സൂര്യകാന്തിപ്പൂക്കളേയും കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

പിന്നത്തെ ഒന്നുരണ്ടു മാസം സന്ന്യാസി  വന്നില്ല. ഇന്ദുവിന് കുറേശ്ശെ സങ്കടം വന്നുതുടങ്ങിയിരുന്നു.

"സന്ന്യാസി  ബീഹാറിലൊക്കെ പോയിവരാൻ കൊറേ നാള് പിടിക്കുമെൻറെ ഇന്ദൂ, കൊറേ ദൂരല്ല്യേ, പിന്നെ അവിടെയൊക്കെ ഭയങ്കര  മഴയാന്നാ പേപ്പറിലൊക്കെ 
വായിച്ചേ". അമ്മ ആശ്വസിപ്പിച്ചു.

വലിയ അവധിയും  കഴിഞ്ഞ് സ്കൂൾ തുറന്നു. ഇന്ദുവിന്  പുതിയ ക്ലാസ്സിലേക്ക് കയറ്റമായി. അവധിക്ക് മുമ്പ് ചില കൂട്ടുകാരോടൊക്കെ രഹസ്യമായി വീമ്പ് പറഞ്ഞിരുന്നു, ഈ അവധിക്ക് താൻ വീട്ടിൽ സൂര്യകാന്തിച്ചെടി വളർത്തുവാൻ പോകുന്നകാര്യം. അവർ കണ്ടപാടേ ചോദിച്ചു,

"ഇന്ദൂന് സൂര്യകാന്തിവിത്ത് കിട്ട്യോ?"

ഇന്ദു ഒന്നും മിണ്ടാതെ ബെഞ്ചിൽ ചെന്നിരുന്നു. വീട്ടിലെത്തിയാലും ഇന്ദുവിന് ഒരുത്സാഹവുമില്ല. തോട്ടത്തിൽ നട്ട റോസാക്കമ്പിനും ചെമ്പരത്തിക്കമ്പിനും ധാരാളം ഇലകൾ പൊടിച്ചുവെന്ന് അമ്മ പറഞ്ഞിരുന്നു. ചെന്നുനോക്കാൻ പോലും  തോന്നിയില്ല. മഞ്ഞസൂര്യകാന്തിപ്പൂ ഇല്ലാത്ത തോട്ടം അവളെ സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു.

അങ്ങനെ രണ്ടുരണ്ടര മാസത്തിനുശേഷം ഒരുശനിയാഴ്ച വീണ്ടും വീടിൻറെ ഉമ്മറത്ത് നിന്ന് ആ വിളി കേട്ടു,
"അമ്മേ, ധർമ്മം",

പുതിയ മലയാളപാഠപുസ്തകത്തിലെ കഥകളും കവിതകളും ചിത്രങ്ങളും മറിച്ചുനോക്കിക്കൊണ്ടിരുന്ന ഇന്ദു ഒറ്റയോട്ടത്തിന് ഉമ്മറത്തെത്തി. പുറകേ അമ്മയും എത്തി.

"ധർമ്മം അമ്മേ..." പതിവിലും ക്ഷീണിതനായിരുന്നു സന്ന്യാസി. ശബ്ദത്തിലും പഴയ ഊർജ്ജസ്വലതയില്ല.
പ്രതീക്ഷയോടെ നിൽക്കുന്ന ഇന്ദുവിനെ നോക്കി സന്ന്യാസി പറഞ്ഞു,

"മോളെ, അവിടെയൊക്കെ ഭയങ്കര മഴയായിരുന്നു.പാടങ്ങളൊക്കെ  വെള്ളത്തിൽ മുങ്ങിപ്പോയി. തീവണ്ടിയൊന്നും ഓടാഞ്ഞകാരണം പെട്ടന്ന് 
തിരിച്ചുവരാനും പറ്റീലൃ. ന്തായാലും ദാ, ദ് മോള് കൊണ്ടോയി മൊളപ്പിച്ച്നോക്കൂ. വെള്ളം എറങ്യെപ്പോ പാടത്ത് പോയി തപ്പിനടന്നിട്ടും  ഇത്രേ  കിട്ടീള്ളൂ."

സന്ന്യാസി  ഭാണ്ഡത്തിൽ നിന്നും  മൂന്നുനാല് സൂര്യകാന്തിവിത്തുകൾ ഇന്ദുവിൻറെ നേർക്ക് നീട്ടി.
ഇന്ദുവിൻറെ മുഖം തെളിഞ്ഞു. അവൾ വിത്തുകളുമായി തോട്ടത്തിലേക്കോടി. ഒരു കമ്പെടുത്ത് മണ്ണുകുഴിച്ച് വിത്തുകൾ ഇട്ടുമൂടാൻ ഒരുങ്ങി. സന്ന്യാസി  
പറഞ്ഞു, 
"അങ്ങനെയല്ല, വിത്തുകൾ ഒരുമിച്ച് ഒരേ ദിക്കില്  ഇടരുത്, അകത്തിയകത്തിയിടണം, ഇങ്ങനെ."

സന്ന്യാസി  വിത്തുകൾ ഭംഗിയായി ഒരു വരിയായി വിതച്ചു. എന്നിട്ട് ഇന്ദുവിനോട് വെള്ളമൊഴിക്കാൻ പറഞ്ഞു. അമ്മ കൊടുത്ത കാപ്പിയും പലഹാരവും കഴിച്ച് സന്ന്യാസി  പോയി.

മൂന്നാഴ്ചയ്ക്കകം  വിത്തുകൾ മുളപൊട്ടി. പിന്നെയും നാലഞ്ചു ശനിയാഴ്ചകൾ കൂടി സന്ന്യാസി  വന്നുപൊയ്ക്കൊണ്ടിരുന്നു.  വന്നപ്പോഴൊക്കെ ഇന്ദുവിന് 
സൂര്യകാന്തിച്ചെടി വളർന്നാൽ പരിപാലിക്കേണ്ടതെങ്ങനെയെന്നും പറഞ്ഞുകൊടുത്തു. 

മാസങ്ങൾ കഴിഞ്ഞു. സൂര്യകാന്തിച്ചെടികൾ  ചൊടിയോടെ വളർന്നു. നനുത്ത രോമങ്ങൾ നിറഞ്ഞ വലിയ സൂര്യകാന്തിയിലകൾ  തൊട്ടും തലോടിയും നിൽക്കുമ്പോഴും  ഇന്ദുവിന് സന്തോഷിക്കാനായില്ല. കഴിഞ്ഞ ഒരു മാസമായി സന്ന്യാസി  വരാതെയായിട്ട്. കുറച്ചുനാളായി പിടിപെട്ടിരുന്ന വിട്ടുമാറാത്ത 
ചുമയുമായി ഒരു ശനിയാഴ്ച വന്ന് ധർമ്മം വാങ്ങി സൂര്യകാന്തിച്ചെടികളെയും ഇന്ദുവിനെയും  തലോടി അടുത്തയാഴ്ച വരാമെന്നു പറഞ്ഞ് പടിയിറങ്ങി
പ്പോയതാണ്. പിന്നീട് കണ്ടിട്ടില്ല. സന്ന്യാസിയെ  കാത്തുകാത്ത്    ഇന്ദുവിൻറെ ശനിയാഴ്ചകൾ കടന്നുപൊയ്ക്കൊണ്ടിരുന്നു.

സൂര്യകാന്തിച്ചെടികൾ ആദ്യമായി മൊട്ടിട്ടു. അവ വിരിയുമ്പോൾ ആ വസന്തം കാണാനെങ്കിലും   ഒരിക്കൽക്കൂടി സന്ന്യാസി  പടികടന്നുവരണേ എന്ന് ഇന്ദു അതിയായി ആഗ്രഹിച്ചു. പക്ഷേ...
പലവട്ടം സൂര്യകാന്തിപ്പൂക്കൾ വിടർന്നുകൊഴിഞ്ഞിട്ടും  വിത്തുകൾ മുളച്ച് പുതിയ സൂര്യകാന്തിച്ചെടികൾ ജനിച്ചിട്ടും  സന്ന്യാസി  മാത്രം വന്നില്ല... പിന്നീടൊരിക്കലും.

"ചേച്ചീടെ സ്റ്റോപ്പെത്തി കേട്ടോ ",

കണ്ടക്ടറുടെ ശബ്ദം ഇന്ദുവിനെ ചിന്തയിൽ നിന്നുണർത്തി.
സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. കവലയിലിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ അമ്മയുടെ വയ്യായ്കയെ പറ്റിയായി ചിന്ത. വളപ്പിൽ നിന്ന് കയറിയ നേരമില്ല അമ്മയ്ക്ക്. വേണ്ടാത്ത അസുഖങ്ങളെല്ലാം  വരുത്തിവയ്ക്കും.  ഇത്തവണ 
എന്തായാലും നിർബന്ധിച്ച്
ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണം.


വിളക്കു വയ്ക്കാറാവുമ്പോഴേയ്ക്കും  വീടെത്തി.  ഗേറ്റിൽ കൈ വയ്ക്കും  മുമ്പേ കണ്ണുകൾ  മുറ്റത്തെത്തി.  
മുറ്റം നിറയെ വൃത്തമൊത്ത മഞ്ഞപ്പൂക്കൾ ചൂടി നിരനിരയായി നിൽക്കുന്ന സൂര്യകാന്തിച്ചെടികൾ! ഒരിക്കൽ യാത്ര പറയാതെ എങ്ങോട്ടോ പോയ സന്ന്യാസി  മണ്ണിലും മനസ്സിലും  വിരിയിച്ച വസന്തത്തിൻറെ ഏറ്റവും പുതിയ പരമ്പര! 

നാളത്തെ സൂര്യനെ കാത്തു തല കുമ്പിട്ടു നിൽക്കുന്ന ആ പീതപുഷ്പങ്ങൾക്ക്  കാഷായധാരിയും  സാത്വികനുമായ ഒരു സന്ന്യാസിയുടെ അതേ ഭാവമുണ്ടെന്ന് ഇന്ദുവിന് തോന്നി. നാളെ നിശ്ചയമായും പൊഴിഞ്ഞുപോകുമെന്നറിഞ്ഞാലും കൈ വന്ന ജീവിതം കൊണ്ട് തനിക്കാവുംപോലെ  ലോകത്തെ ധന്യമാക്കീടാമെന്ന ഭാവം!


*സമ്യക്ക്  = മുഴുവൻ 
ന്യാസം= ന്യസിക്കൽ = സമർപ്പണം, ത്യാഗം 
സന്ന്യാസം = പൂർണമായ സമർപ്പണം






4 comments:

  1. സൂര്യകാന്തിക്കഥ നല്ല ഇഷ്ടമായി......

    എന്റെ കുഞ്ഞുന്നാളില്‍ വീട്ടില്‍ വരുമായിരുന്ന ഒരു അപ്പൂപ്പനെ ഓര്‍ത്ത് പോയി.

    ReplyDelete
    Replies
    1. അതെ, അങ്ങനെയുള്ള ആളുകൾ ഉണ്ടായിരുന്നു. ഈ എഴുത്ത് സ്വന്തം ജീവിതവുമായി ആർക്കെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ റിലേറ്റ് ചെയ്യുവാൻ സാധിക്കുന്നുവെങ്കിൽ സന്തോഷം തന്നെ. നന്ദി സുധീ

      Delete
  2. Ormakaliloode oru kunjuswapnam poovaniyicha sannyasiyude nomparappetuthunna chithram anuvaachaka manassil varachucherkkan kazhinjirikkunnu! Kadhaarachana nannayi.
    Aasamsakal Teacher

    ReplyDelete
    Replies
    1. ഒരു ശ്രമം. അത്രേയുള്ളൂ. കഥയായോ എന്നറിയില്ല.

      Delete