കരിവണ്ടു വന്നുമ്മ നൽകിയപ്പോൾ
അരിമുല്ല നാണിച്ചുലഞ്ഞുപോയി
വെളുവെളുപ്പാർന്നൊരാ മുല്ലയോടായ്
കരിവണ്ടു ചോദിച്ചു കാതിൽ മെല്ലേ,
പരിഭവം തോന്നുമോ നിൻ മേനിതൻ
വെണ്മയിൽ ഞാൻ വന്നിരിക്കയാലേ?
അരിമുല്ലയപ്പോൾ മുഖമുയർത്തി
അരുമയായ് വണ്ടിനോടോതി മന്ദം,
ഇരുളും നിലാവുമിണങ്ങിടുമ്പോൾ
രാവിനു ചന്തമൊന്നേറുകില്ലേ?
നാമതുപോലൊന്നുചേർന്നിടുമ്പോൾ
പരിപൂർണ്ണമായിടുമീ പ്രപഞ്ചം!
Chantham niranja hrudyamaaya varikal
ReplyDeleteAsamsakal Teacher