നെഞ്ചുപൊള്ളുന്നുവെൻ കുഞ്ഞുപൈതങ്ങളേ
നിങ്ങൾതൻ നല്ലിളം കൺകൾ കാൺകേ
നിങ്ങൾതൻ നല്ലിളം കൺകൾ കാൺകേ
പിഞ്ചിളംപ്രായത്തിൽ കാണാനരുതാത്ത
കാഴ്ചകളെത്രമേൽ കാണ്മൂ നിങ്ങൾ?
പൂക്കളെക്കണ്ടും പറവയെക്കണ്ടുമുൽ-
ത്സാഹം തുടിക്കേണ്ട കൺകളിപ്പോൾ
കാണുന്നു കാലമാകും മുൻപ്, കാമനും
കണ്ണുപൊട്ടും രതിവൈകൃതങ്ങൾ...
തുമ്പിച്ചിറകിൻറെ ചാരുത കാണവേ
കൊഞ്ചിച്ചിരിക്കേണ്ട കുഞ്ഞുമക്കൾ
തമ്മിലടക്കം പറഞ്ഞുചിരിക്കുന്ന-
തെന്തെന്നു നെഞ്ചുനടുങ്ങിടുന്നു!
മുത്തുപൊഴിയേണ്ടനാക്കിൽ നിന്നശ്ലീല-
ധോരണി തന്നെയുയർന്നിടുന്നു
പാകമാകാതെ പഴുത്തും പുഴുക്കുത്ത-
ലേറ്റുമീ ബാല്യം നശിച്ചിടുന്നു.
കാണാമറയത്തിരുന്നാലുമെപ്പൊഴും
കാണാമറയത്തിരുന്നാലുമെപ്പൊഴും
സ്നേഹമാം കാണാച്ചരടു കൊണ്ടേ,
കെട്ടറ്റുപോകാതെ കാത്തു പണ്ടമ്മമാർ
മക്കൾക്ക് നേർവഴിത്താരയായി
നേരമില്ലാർക്കുമിന്നാരെയും നേരായ
മാർഗ്ഗത്തിലൂടെ നയിച്ചിടുവാൻ,
'ആപ്പു'കളല്ലോ നയിക്കുന്നുലകിനെ
'ആപ്പു'കളല്ലോ നയിക്കുന്നുലകിനെ
ആപത്തിലേക്കുള്ള പാതയെങ്ങും.
ആഘോഷമിന്നെങ്ങുമാരവമാണെന്നു-
മാർഭാടജീവിതം തന്നെയെങ്ങും,
ആയതിനായ് ധനം പോരഞ്ഞുമക്കളി-
ന്നമ്മയെക്കൊല്ലാൻ മടിച്ചിടാതായ്.
എന്തുണ്ട് പോംവഴിയെന്നു തിരിയാഞ്ഞു
വേവുന്ന നെഞ്ചിലെ തീയണയ്ക്കാൻ,
മക്കൾക്ക് നല്ലതുതോന്നുവാനെന്നെന്നു-
മമ്മതന്നുൾക്കണ്ണ് കാവൽ വേണം.
അമ്മതന്നുൾകണ്ണ് കൂട്ട് വേണം.
അമ്മതന്നുൾക്കണ്ണ് തന്നെ വേണം!
അമ്മതന്നുൾക്കണ്ണ് തന്നെ വേണം!
നെറികെട്ട ജീവിതത്തിന്റെ നേർകാഴ്ച ഒരു ആശങ്കയായി പങ്കുവെച്ചിരിക്കുന്നു. ഇഷ്ടമായി. വീണ്ടും വരാം!
ReplyDeleteനെറികേട് കുഞ്ഞുങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന മുതിർന്നവർ ആണ് ഈ ലോകം നെറികെട്ടതാക്കുന്നത് മഹേഷ്. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
Deleteനമ്മുടെ നൈമിഷികമായ സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ ബാലീ കൊടുക്കുന്ന വ്യവസ്ഥിതി. കവിത നന്നായി.
ReplyDeleteകൊച്ചിലേ,കുട്ടികളെ നേര്‍വഴിക്കുനയിക്കാന്‍ നേരവും സന്മനസ്സും ഉണ്ടാകണം മാതാപിതാക്കള്‍ക്ക്...എങ്കില്‍ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാനും അപ്പപ്പോള്‍ വേണ്ടതുചെയ്യുവാനും സാധിക്കും!
ReplyDeleteആശംസകള്‍ ടീച്ചര്‍