കാണ്മവർക്കവൾ വെറും ഭ്രാന്തി,
കാണുമക്കലാലയ കവാടത്തിൽ നിത്യം,
വർഷമാകിലും കടുംവേനലെരിക്കിലും
എത്തുമാരെയോ കാത്തെന്നപോൽ കൃത്യം.
വറ്റിയ കടൽ പോലുടലും മിഴികളും,
വെറ്റ തിന്നു കറുത്ത ദന്തങ്ങളും,
കത്തിനിന്ന തിരി കെട്ടത് പോലെഴും
ചിരിയറ്റുയിർകെട്ട മുഖം, കവിളൊട്ടിയും...
ചപ്രച്ചുപാറിടും ചെമ്പന്മുടിയിഴ-
ച്ചുറ്റുകോർത്തുവിരലൊട്ടു ചുഴറ്റിയും
ചെളിനഖമുനയാലുടലാകെ വരഞ്ഞും
കൈത്തണ്ടയിൽ കുപ്പിവളയണിഞ്ഞും.
ഉറ്റവരാരിവൾക്കാരുടയോർ? ചുറ്റിലും
മിഴിയുറ്റിവളാരെത്തിരയുന്നു നിത്യം?
ആരുകൈവിട്ടിവളെത്തെരുവിലെ-
ങ്ങാരെ വിട്ടകന്നിവൾ? സത്യമാർക്കറിയാം?!
"ഭ്രാന്തി ഭ്രാന്തി"യെന്നു നിത്യം പലവുരു
കേട്ടുകേട്ടു തഴമ്പിച്ച കാതിനാൽ
മറ്റെന്തു കേൾക്കാനാശിച്ചവൾ തൻ -
വളച്ചാർത്തിളക്കിച്ചെവിയോട് ചേർപ്പൂ?
ഊരില്ല, പേരറിയില്ലാരുമില്ലിവൾ-
ക്കാരോ കനിഞ്ഞൊരു പേരിട്ടു , 'പാർവ്വതി'!
സ്വന്തമവൾക്കൊരു ഭാണ്ഡ,മതത്രയും
ഓർമ്മപ്പുറ്റുകൾ കൊണ്ടോ കനത്തുപോയ്?
ആരോടുമൊന്നുമുരിയാടിയില്ലവൾ
ആരെയോ കാത്തിരുന്നവൾ ഭ്രാന്തമായ്
വന്നുനിൽക്കുന്ന വണ്ടികൾക്കുള്ളിൽ നി-
ന്നേതൊരാൾ വന്നിറങ്ങുവാൻ കാത്തവൾ?
നേർത്ത വിങ്ങലായ് തീർന്നവൾ, എന്നുമെൻ
രാത്രിയിൽ നിദ്ര ചോർത്തുന്നൊരോർമ്മയായ്.
കാലമെത്രമേൽ നിർദ്ദയം പാഞ്ഞുപോയ്,
നീർപ്പോളയത്രേ കലാലയ ജീവിതം!
പിന്നൊരു നാൾ ദിനപ്പത്രം വിടർത്തവേ
കണ്ടൊരു വാർത്ത, കാണാത്ത കോണിലായ്,
ചിത്തഭ്രമം പെട്ട സ്ത്രീയെയിടിച്ചിട്ടൊ-
രാഡംബരക്കാറ് നിർത്താതെ പോയിപോൽ!
ഒപ്പമാ ഭാണ്ഡവും കാണാതെ പോയിപോൽ!
കത്തുമോർമ്മകൾ കാണാതെ പോയിപോൽ!
തെളിയാത്ത മുഖം മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നുണ്ട് ഗിരിജ...
ReplyDeleteമുബിയെപ്പോലെ അപൂർവ്വം ചില ബ്ലോഗ്സ്നേഹികൾ ഇപ്പോഴും ഇടയ്ക്കൊക്കെ വന്നൊരു അഭിപ്രായം പറഞ്ഞുപോകുന്നത് ബ്ലോഗിന് ജീവവായു ലഭിക്കുന്നത് പോലെയാണ്. സന്തോഷം, സ്നേഹം മുബീ :)
Deleteഗിരിജേച്ചീ എനിക്കിതു വായിച്ചപ്പോൾ മറ്റേതു പോസ്റ്റിനേക്കാളും അടുപ്പംതോന്നി. കാരണം ഇത് കേവലം ഏതോ ഒരു പാർവതിയുടെ കഥയല്ല. ഞങ്ങളുടെ നാട്ടിൽ ഇതേപോലെ ഒരു സ്ത്രീയുണ്ടായിരുന്നു. അവരെ ആളുകൾ 'കുറാലി' എന്നാണ് വിളിച്ചിരുന്നത് (സമൂഹം നല്ലൊരു പേരുപോലും നൽകാൻ മടികാട്ടി എന്നതാണ് യാഥാർഥ്യം). സ്കൂളിലും കോളേജിലുമെല്ലാം പോകുമ്പോൾ എന്നും ബസ്റ്റോപ്പിനടുത്ത് കാണാറുള്ള അവരും ഇതേപോലെ എവിടെയോ കാണാതെ പോകുകയായിരുന്നു. വോട്ടർ ഐഡി ഇല്ലാത്ത ഇത്തരം പേരില്ലാത്ത മുഖങ്ങളെ പിന്നീട് ആരും ഓർമിക്കാറില്ലല്ലോ... ഓർമ്മകളെ ഒരുപാട് വർഷം പുറകോട്ടോടിച്ചതിനു നന്ദി!
ReplyDeleteബ്ലോഗിനെ ഫോളോ ചെയ്യുന്നു... ഓരോന്നോരോന്നായി വായിച്ചുകൊണ്ടിരിക്കുകയാണ്.
എത്രയെത്ര കുറാലിമാർ, എത്രയെത്ര പാർവ്വതിമാർ! ഒരു സംവരണപ്പട്ടികയിലും പെടാത്തവർ. വായനയ്ക്ക് നന്ദി മഹേഷ്. പുതിയ ബ്ലോഗ്‌സുഹൃത്തിന് ഹൃദയപൂർവ്വം സ്വാഗതം.
Deleteഹൃദയസ്പര്‍ശിയായി....
ReplyDeleteഓര്‍മ്മക്കെട്ടിന്‍റെ ഭാണ്ഡവും അവരോടൊപ്പം.....
ആശംസകള്‍ ടീച്ചര്‍