വൃക്ഷമാകട്ടെ ഞാൻ, വരുംജന്മമെങ്കിലും,
തപം മുറ്റിടും കൊടുംവേനലിൽ ധരിത്രിയ്ക്കല്പം
ഇളവേൽക്കാൻ കുളിർത്തെന്നൽ തീർക്കുന്ന ശാഖിയിൽ
വരും പക്ഷികൾക്കൊക്കെയും നീഢമാകട്ടെ ഞാൻ!
ശൈലമാകട്ടെഞാൻ, കൊടുങ്കാറ്റിൻറെ കൈകളെ
ചേർത്തുബന്ധിച്ചു മേഘമാക്കിയും, വർഷമായ്
പേർത്തുപെയ്തിറങ്ങീടുവാൻ ശീർഷവും ചായ്-
ച്ചെപ്പൊഴും ജാഗരൂഗനാം കാവലാളാട്ടെ ഞാൻ!
സ്വപ്നമാകട്ടെഞാൻ, മർത്ത്യനിദ്രയെ ശാന്തമായ്
തൊട്ടുപോകുന്നൊരുൾപ്രകാശമാകട്ടെ , യിരുട്ടിലേ-
ക്കിറ്റുവെട്ടം വിതറിപ്പറന്നിടും സൂക്ഷ്മ-
ജൈവദീപ്തിയാം മിന്നാമിന്നിയാകട്ടെ ഞാൻ!
മണ്ണായിടട്ടെഞാൻ, ഒന്നായ് സർവ്വചരാചങ്ങളെ-
ത്തൻമാറോടുചേർക്കും പുണ്യസ്ഥാനമാകട്ടെയി-
പ്പാഴ്മരുഭൂമിയിൽ പാന്ഥൻറെ നാവിനെക്കോരി-
ത്തരിപ്പിക്കും കുളിർമരുപ്പച്ചയാകട്ടെ ഞാൻ!
സൂര്യനാകട്ടെ ഞാൻ, വൃദ്ധിക്ഷയങ്ങൾതൻ
നേർ പഠിപ്പിക്കുന്നൊരുജ്ജ്വല തേജസ്സിൻ, കൃത്യ-
നിഷ്‌ഠമാം നിത്യചൈതന്യധാരയെപ്പേറിടും
കൊച്ചുരശ്മിയായെങ്കിലും കത്തിനിൽക്കട്ടെഞാൻ!
ബുദ്ധനാകട്ടെ ഞാൻ, സുഖം മുറ്റിടും ലോകത്തിങ്കൽ
സക്തിയില്ലാത്ത ഭിക്ഷുവാകട്ടെ, ഹർമ്മ്യവും
കൈവിട്ടൊഴിഞ്ഞിജ്ജഗത്തിന്നനന്തമാം
സ്വച്ഛശാന്തഹൃദന്തമായ്‌ക്കൊള്ളട്ടെ ഞാൻ!
കാഴ്ചയാകട്ടെഞാൻ, വെട്ടം കാണാത്ത കൺകളി-
ന്നുൾക്കാഴ്ചയാം ദിവ്യനേത്രമാക ട്ടെ, ധരിത്രിയിൽ
വീർത്തുവന്നിടും വൈരാഗ്യചിന്തയെത്തീർ,ത്തു-
യർത്തെണീക്കുന്ന വിശ്വസ്നേഹമാകട്ടെ ഞാൻ!
തീപറത്തും മതവ്യാളീമുഖങ്ങൾ തൻ തീഷ്ണമാം
അഗ്നിജിഹ്വയെ നീർതളിച്ചാർദ്രം അണച്ചിടും
തീർത്ഥമാകട്ടെയെന്നക്ഷരത്തുണ്ടു കൾ, പാരിനെ
ഒറ്റയൊന്നാക്കിമാറ്റുമദ്വൈതമാ കട്ടെ ഞാൻ!!
നമുക്ക് നല്ല മനുഷ്യരാകാം.
ReplyDeleteനാവിനെ കോരിത്തരിപ്പിക്കും കുളിർ മരുപ്പച്ച? ഞാൻ എന്ന ആവർത്തനം അത്ര സുഖ പ്രദമായി അനുഭവപ്പെട്ടില്ല. കവിത നന്നായി.
ReplyDeleteമരുഭൂമിയും കുളിരും - ആശയപരമായി വിരോധാഭാസമാണെങ്കിലും അങ്ങനെ എഴുതാനാണ് തോന്നിയത്. വരണ്ട നാവിനെ കോരിത്തരിപ്പിക്കുന്ന മരുപ്പച്ചക്കുളിർ !
Deleteസര്‍വ്വചരാചരങ്ങള്‍ക്കും നന്മയും ഐശ്വര്യവുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സ്.....
ReplyDeleteനന്മകള്‍ നേരുന്നു ടീച്ചര്‍