Followers

Sunday, August 6, 2017

തച്ചനക്കരയ്ക്ക് ഒരു ആമുഖം (പുസ്തകങ്ങളിലൂടെ...)

[കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നിവ കരസ്‌ഥമാക്കിയ ശ്രീ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിന്  ഒരു ആസ്വാദനം.]





ഇനിയങ്ങോട്ട് കടുങ്ങലൂരിനെ തച്ചനക്കര എന്നല്ലാതെ മററൊരു പേരും വിളിക്കാൻ തോന്നിപ്പിക്കാത്തവിധം തൻറെ  തൂലികയാകുന്ന വീതുളി കൊണ്ട് വായനക്കാരുടെ മനസ്സിൽ ആ പ്രദേശത്തെ ആഴത്തിൽ കൊത്തിവച്ച ദേശത്തെ പെരുംതച്ചൻ ശ്രീ സുഭാഷ് ചന്ദ്രന് നമോവാകം!

എത്ര നീണ്ട കാലത്തെ അതീവശ്രദ്ധയോടെയും ഏകാഗ്രതയോടെയും ഉള്ള ധ്യാനം വേണം ഒരാൾക്ക് തൻറെ മുന്നിലൂടെ കടന്നുപോയ ഇക്കാണായ കാലമാകെ ചേർത്തുവച്ച്,  ഒരു പുഴ അതിൻറെ ഉത്ഭവസ് ഥാനത്ത് മടങ്ങിച്ചെന്ന് ഒരിക്കൽക്കൂടി പുറപ്പെട്ട് ഇടമുറിയാതെ മുന്നോട്ട് ഒഴുകുന്നതുപോലെ, ഒരു ദേശം അല്ലെങ്കിൽ ഒരു ജനത ജീവിച്ചുതീർത്ത, നൂറ്റാണ്ടുകളോളം പഴക്കമുള്ള ഇന്നലെകളുടെ
കണ്ണികളെ ഇഴപൊട്ടാതെ ഓർത്തും ചേർത്തും വച്ച്  ഇത്തരത്തിലൊരു നോവലാക്കി രൂപാന്തരപ്പെടുത്താൻ!
നോവലിസ്റ്റിൻറെ തന്നെ ശൈലി കടമെടുത്തുപറഞ്ഞാൽ ഈ അന്യാദൃശമായ കണ്ണിചേർക്കൽ പാടവം കണ്ട് ഞാൻ "ഹരിഹരപ്പെട്ടുപോയി! "
ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ നാല് തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു എന്ന് നോവലിസ്റ്റ് പരിചയപ്പെടുത്തുന്ന ഈ നോവൽ ഓരോ തച്ചിലും കാലത്തിൻറെ സൂക്ഷ്മതയും ശൈലിയുടെ സൗന്ദര്യവും ഒത്തിണങ്ങിയ ബൃഹത് വാസ്തുശില്പമായി വായനക്കാർക്കുമുന്നിൽ മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളിലേക്കും  അതുവഴി കാലദേശചരിത്രത്തിലേക്കുമുള്ള അനവധി വാതായനങ്ങൾ തുറന്നിടുന്നു.
തലമുറകളുടേയും ചരിത്രത്തിന്റെയും സങ്കീർണ്ണതകളിലേക്ക് പടർന്നുപന്തലിക്കുന്ന പല പ്രശസ്ത നോവലുകളും നമുക്കുണ്ട്. ഓർത്തുവക്കാൻ ക്ലേശകരമായ, തലമുറതലമുറകൾ നീളുന്ന കഥാപാത്രസൃഷ്ടികളുടെയും ചരിത്രപശ്ചാത്തലങ്ങളുടെയും ബാഹുല്യത്തിൽ കുഴങ്ങി എഴുത്തുകാരനെ അനുഗമിക്കാൻ കഴിയാതെ വഴിമുട്ടി നിൽക്കുക മൂലം പല കൃതികളും വായനക്കാരൻ വളരെ ക്ലേശിച്ച് വായിച്ചവസാനിപ്പിക്കുകയോ ക്ലേശകരമായ ഭാഗങ്ങൾ വിട്ട് വിട്ട് വായിക്കുകയോ വായന പാതി വഴിയിൽ ഉപേക്ഷിക്കുക തന്നെയോ ചെയ്തുവരാറുണ്ട്. ഈ കഥാകാരനാകട്ടെ തന്റെ കഥാകഥനവഴിയിൽ ഇടെയിടെ തിരിഞ്ഞുനിന്ന് അനുവാചകർ കൂടെത്തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തുന്നു. അദ്ദേഹം തന്റെ കഥപറച്ചിലിന്റെ രസച്ചരട് മുറിഞ്ഞുപോകാതെയും കഥാതന്തുവിൽ നിന്ന് വഴിമാറിപ്പോകാതെയും നമ്മുടെ നാടിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഇടം പിടിച്ച അനേകം ചെറുതും വലുതുമായ സംഭവങ്ങൾ വായനക്കാരെ മുഷിപ്പിക്കാത്ത രീതിയിൽ നോവലിൽ കൃത്യതയോടെ വിളക്കിച്ചേർത്തിരിക്കുന്നു. കാലത്തോടൊപ്പം തങ്ങൾ കടന്നുവന്ന വഴികളിൽ മറന്നുവെച്ച ഓർമ്മകൾ പെറുക്കിക്കൂട്ടി കഥാകാരനോടൊപ്പം നടക്കാൻ ഇവിടെ അനുവാചകർക്ക് അനായാസം കഴിയുന്നുണ്ട്. 
ഏതൊരു വായനക്കാരനും സ്വന്തം ജീവിതത്തെ ബന്ധപ്പെടുത്തി ചിന്തിക്കാൻ കഴിയുന്ന തരത്തിൽ ഇണങ്ങിനിൽക്കുന്ന കഥാസന്ദർഭങ്ങൾ നൽകാൻ കഴിയുന്പോഴാണ് ഒരു കൃതി അവന് പ്രിയപ്പെട്ടതാവുക. അത്തരത്തിൽ ചിന്തിക്കുന്പോൾ ആലുവാക്കാർക്ക് ഈ പുസ്തകത്തോട് കുറച്ച് കൂടുതൽ വാത്സല്യം തോന്നുക സ്വാഭാവികം. കാരണം അവരുടെകൂടി ദേശത്തിന്റെ കഥയാണ് ഈ നോവൽ. കണ്ടുമറന്നതും കേട്ടുമറന്നതുമായ കാഴ്ച്ചകളും കേട്ടുകേൾ വികളും വായനയിലൂടെ പുനർജ്ജനിക്കുന്പോൾ അവർക്ക് ഈ പുസ്തകത്തെ നെഞ്ചേറ്റാതിരിക്കാനാവില്ല.
ഖസാ
ക്കിന്റെ ഇതിഹാസത്തിലൂടെ തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തെ അനശ്വരതയിലേക്ക് ഉയർത്താൻ ഓ. വി. വിജയന് കഴിഞ്ഞത് പോലെ മനുഷ്യന് ഒരു ആമുഖത്തിലൂടെ തച്ചനക്കരയെ മൃത്യുഹാരിയാക്കാൻ സുഭാഷ് ചന്ദ്രനും സാധിച്ചിരിക്കുന്നു. 
"മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല" എന്ന് തന്റെ കഥാനായകനെ കൊണ്ട് പറയിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം സൃഷ്ടിപരതയാൽ തന്റെ ദേശത്തെ മരണമില്ലാത്ത ഒരു അക്ഷരഖനിയാക്കി പുനഃപ്രതിഷ്ഠിച്ചതിൽ നോവലിസ്റ്റിന് അഭിമാനിക്കാതെ വയ്യല്ലോ! 

മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരും അടങ്ങുന്ന മനുഷ്യരാശിയുടെ ഒരു ചെറിയ ആമുഖം മാത്രമേ ആകുന്നുള്ളൂ  ഓരോ മനുഷ്യന്റെയും ജീവിതം എന്നതാണ് സത്യം. എന്നാൽ ആ മനുഷ്യന്റെ കഥയ് ക്ക്   "മരണമെന്ന തെളിച്ചമുള്ള മഷി" കൊണ്ട് ശ്രീ സുഭാഷ് ചന്ദ്രൻ രചിച്ച  ആമുഖമാണ് ഈ നോവൽ. ഏതാണ്ട് 1925  മുതൽ 2026 വരെയുള്ള ഒരു ശതാബ്ദകാലമാണ് നോവലിലെ കാലഘട്ടം. 1972ൽ ജനിച്ച് അന്പത്തിനാലാം വയസ്സിൽ മരണം വരിക്കുന്ന കഥാനായകൻ താൻ ജനിക്കുന്നതിനും മുൻപുള്ള 47 വർഷത്തെ ദേശക്കാഴ്ചകളിലേക്കുകൂടി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. പുസ്തകത്തിൽ പ്രതിപാദിക്കുന്ന വർഷങ്ങളുടേയും ചരിത്രസംഭവങ്ങളുടെയും ക്രമവും കൃത്യതയും നോവലിസ്റ്റിൻറെ ചരിത്രാവബോധത്തിന്റേയും ഗണിത സാമർത്ഥ്യത്തിന്റെയും കൂടി ദൃഷ്ടാന്തമാകാം. ഏറെ ശ്രമകരമായ ഈ വിളക്കിച്ചേർക്കലുകളിൽ ചെലുത്തിയിരിക്കുന്ന കൃത്യത ഈ നോവലിനെ ഒരു സത്യസന്ധമായ സാംസ്കാരികപ്രവർത്തനമാക്കിയിരിക്കുന്നു. 

ധർമ്മം, അർത്ഥം , കാമം, മോക്ഷം എന്ന നാല് തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നു എന്നതുകൊണ്ടുതന്നെ അതിലൊന്നായ മനുഷ്യന്റെ സ്വാഭാവികമായ ലൈംഗികതൃഷ്ണകൾ അതർഹിക്കുന്ന ഗൗരവത്തോടെയും കയ്യടക്കത്തോടെയും നോവൽ ആദ്യന്തം കൈകാര്യം ചെയ്യുന്നുണ്ട്. അതൊരിക്കലും അതിരുവിട്ട അശ്ലീലത്തിലേക്കോ ആഭാസത്തിലേക്കോ കൂപ്പുകുത്താതെ പ്രകൃതിനിയപ്രകാരമുള്ള മനുഷ്യന്റെ മാനസികചോദനകളായി അടയാളപ്പെട്ടുകിടക്കുന്നു. കാമമോഹങ്ങളുടെ നിരർത്ഥകതയെ കുറിച്ച് ചിന്തിപ്പിക്കുന്ന സന്ദർഭങ്ങളാകട്ടെ എല്ലാ വികാരത്തള്ളലിനും മീതെ മരണമാകുന്ന മോക്ഷമെന്ന പരമ സത്യത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വായനയ്‌ക്കിടയിൽ ഒരിടത്തും മുഖം ചുളിക്കേണ്ടിവന്നില്ലേ എന്ന് ചോദിച്ചാൽ വന്നു. അത് 'പ്രകൃതിയുടെ വിളി'  കേൾക്കെ കാപ്പിച്ചെടികൾക്കിടയിലേക്ക് പോകുന്ന നാറാപിള്ളയുടെ സൂക്ഷ്മചലനങ്ങളുടെ  വർണ്ണനയും തത്തുല്യമായ മറ്റു വർണ്ണനകളുമാണ്. അത്തരം വർണ്ണനകൾ വായനക്കാരിൽ അറപ്പുളവാക്കുന്നവയാണെങ്കിൽ  അത് എഴുത്തുകാരന്റെ കഴിവോ കഴിവുകേടോ എന്ന് പറയാൻ ഞാനാളല്ല. എന്നാൽ അത്തരം രംഗങ്ങൾ ചേർക്കുന്നത് ഒരു നോവലിന്റെ സ്വാഭാവികപുരോഗതിക്ക് അത്യാവശ്യമാണോ എന്നത് തികച്ചും എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ആ ഭാഗങ്ങൾ വായിക്കണമോ വിട്ടുകളയണമോ എന്നത് വായനക്കാരന്റെ സ്വാതന്ത്ര്യവും ആണ് എന്നുമാത്രം ഞാൻ തിരിച്ചറിയുന്നു. 
 "പൂർണ്ണവളർച്ചയെത്താതെ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ" എന്ന ആദ്യവാചകത്തിന് നാനാവിധങ്ങളായ സങ്കുചിതചിന്തകളിൽ നിന്ന് പൂർണ്ണമോചനം  നേടാതെ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ എന്നൊരു വ്യാഖാനം കൂടി ആകാം എന്ന ചിന്ത കഥാന്ത്യത്തോളം വായനക്കാരെ അനുഗമിക്കുന്നു. വ്യക്തിപരമായി ഒരു മേന്മയും അവകാശപ്പെടാനില്ലാതെ  വരുന്പോൾ ഒരാൾ തന്റെ ജാതിമിടുക്കുമായി രംഗത്ത് ചാടുന്നു എന്നും നമ്മുടെ നാട് അത്തരം ശപ്പന്മാരെക്കൊണ്ട് നിറയുവാൻ പോകുകയാണ് എന്നും  ഒരിക്കൽ ജിതൻ ആൻമേരിക്കയച്ച കത്തിൽ പറയുന്നുണ്ട്. 

നോവലിന്റെ അദ്ധ്യായങ്ങൾ പുരോഗമിക്കുന്നതോടൊപ്പം രണ്ട് കാലഘട്ടങ്ങൾ ഒരേ സമയം വിടർന്നുവരുന്ന ആഖ്യാനരീതി പുതുമയുള്ളതാണ്. ജിതേന്ദ്രൻ ആൻമേരിക്ക് എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന കഥാനായകന്റെ കാലഘട്ടവും കഥാനായകൻ താൻ എന്നെങ്കിലും എഴുതുമെന്ന് മോഹിച്ച് സൂക്ഷിച്ച് വച്ചിരുന്ന  ഒരു പുസ്തകത്തിന്റെ സംക്ഷിപ്തരൂപത്തിലുള്ള കുറിപ്പുകളിലൂടെ വായനക്കാർക്ക് തെളിഞ്ഞുകിട്ടുന്ന ഭൂതകാലവും ഒരേ സമയം വായനക്കാരെ തച്ചനക്കരയുടെയും പ്രാന്തപ്രദേശങ്ങളുടെയും ഒപ്പം ആയ്യാട്ടുന്പിള്ളി എന്ന തറവാടിന്റെയും ദൃശ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 

ആത്മീയഗുരുക്കന്മാരുടെയും സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭകളുടെയും ജനനം കൊണ്ടും നിസ്വാർത്ഥസേവനം കൊണ്ടും  ശുദ്ധീകരിക്കപ്പെട്ട ഒരു ജനത നൂറു വർഷത്തെ അതിന്റെ പരിണാമപരന്പരയിൽ അവരുടെ പിൻഗാമികൾക്ക് മാതൃകയായി ചൂണ്ടിക്കാണിച്ചുകൊടുക്കാൻ ഉള്ളിൽ വെളിച്ചമുള്ള ഒരു ഗുരുവോ സാരഥിയോ  ഇല്ലാത്ത, മൂല്യാധിഷ്ടിതജീവിതം അനാവശ്യമായ  ഏച്ചുകെട്ടലാണ് എന്ന്  പോലും ചിന്തിക്കുന്ന  ഒരു ജനതയായി അധ:പതിച്ചതിന്  സാക്ഷിയായ എഴുത്തുകാരൻ അതിന്റെ വേദന കഥയിലുടനീളം തന്റെ കഥാപാത്രങ്ങളിലൂടെ വായനക്കാരിലേക്കും പകർന്നുതരുന്നുണ്ട്. കാണാമറയത്തിരുന്ന് പരസ്പരം രസനായുദ്ധം നടത്തുന്ന, വെറും സാങ്കൽപ്പിക അടയാളങ്ങളുടെ മൂഢസ്വർഗ്ഗം ചുമന്നുനടക്കുന്ന, ഏതുനിമിഷവും എത്ര നിസ്സാര കാര്യത്തിനും വികാരം വ്രണപ്പെടാൻ വെന്പിനിൽക്കുന്ന ഒരു ജനതയിലേക്കുള്ള ദയനീയപരിവർത്തനത്തിന്റെ  നൂറു വർഷങ്ങൾ!
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗങ്ങൾ അതിന്റെ ഏറ്റവും ജീർണ്ണാവസ് ഥയിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിന്റെ നിറുകയിൽ നിന്ന് തൂലിക ചലിപ്പിച്ചുകൊണ്ട്  ആ എഴുത്തുകാരൻ തനിക്കാകാവുന്നത്ര  ഉച്ചത്തിൽ തന്റെ നാടിന്റെ അപചയത്തെ ആട്ടുകയാണ് , "ഫോ!".... 
 
-------------------------------------------------------------------------------------


1 comment:

  1. നോവൽ വായിച്ചില്ല. അത് കൊണ്ട് അഭിപ്രായത്തിനു അഭിപ്രായം പറയുന്നില്ല.

    ReplyDelete