Followers

Thursday, August 3, 2017

ഓണം വരണം! (കുട്ടിക്കവിത)
















ആറുമാസം പൂത്തു, പൂക്കുലകൾ
കാടുതോറും കാറ്റിലാടിടുമ്പോൾ
ഓണമെൻ വീട്ടിലും വന്നുകേറാൻ
നേരമായെൻ കളിക്കൂട്ടുകാരേ!

കർക്കടകക്കരിക്കാറു പോയാൽ
ചിങ്ങനിലാക്കുടം വീണുടയും,
തുമ്പയെ സ്നേഹിച്ച തമ്പുരാനും
തുമ്പികളുമുടൻ വന്നുചേരും.

പച്ചപ്പരവതാനി വിരിക്കാൻ
തുമ്പക്കുടമൊരു ചാക്കുവേണം,
തൃക്കാക്കരപ്പനു വിശ്രമിക്കാൻ
വൃത്തമൊത്തുള്ള പൂമ്പട്ടു വേണം. 

നാട്ടുമാവിൻ കൊമ്പിലൂയൽ വേണം
കോടിയുടുക്കാൻ പുടവ വേണം,
തൂശനിലയടയൊട്ടു വേണം
നാളികേരപ്പൊളിത്തിങ്കൾ വേണം. 

കള്ളത്തരങ്ങളൊഴിഞ്ഞിടേണം 
കള്ളപ്പറയും കളഞ്ഞിടേണം, 
എല്ലാർക്കുമുള്ളിലൊരുമ വേണം
പൊള്ളയല്ലാത്തൊരോണം വരണം! 

എല്ലാർക്കുമെന്നുമോണം വരണം!!
എല്ലാർക്കുമെന്നുമോണം വരണം!!

No comments:

Post a Comment