വിശ്വമാകുമീ വെണ്ണക്കുടം തന്നി-
ലുള്ള മായാനവനീതമൊക്കെയും
നീ കവർന്നുവോ ഇപ്രപഞ്ചത്തിനെ
ചൂഴ്ന്നുനിൽക്കും രഹസ്യങ്ങളൊക്കെയും !
വിണ്ടലം കണ്ടുയരുമെന്നാശകൾ
കണ്ടു മാറിനിന്നൂറിച്ചിരിച്ചിടാ-
തൊന്നുവന്നെൻറെ കൂടെ നടക്കുക,
നിൻറെ കൈവിരൽത്തുമ്പാൽ നടത്തുക!
ഇന്ദ്രിയക്കരിംകാളിന്ദിയിൽ ഫണ-
മായിരം വിരിച്ചാടുന്ന കാളിയ-
സർപ്പമാകുമെന്നാഗ്രഹപാശത്തിൻ
കെട്ടഴിച്ചെന്നെ മുക്തമാക്കീടുക!
അന്നു നീയുരൽ കെട്ടിവലിച്ച പോ-
ലിന്നു നീയെൻറെ ചഞ്ചലചിത്തത്തെ
എങ്ങുകെട്ടി വലിക്കുന്നു? ഞാനതിൻ
പിൻപേയോടിക്കിതയ്ക്കുന്നിതെൻ കൃ ഷ്ണാ !
കുഞ്ഞുവായ് തുറന്നന്നു യശോദയെ
അത്ഭുതത്തിലാറാടിച്ച പോലെയി-
ന്നെന്നിലും നിന്‍റെ വിശ്വരൂപം പകർ-
ന്നാടുകയെന്നെ പാടെ മറയ്ക്കുക !
കണ്ണടച്ചു ഞാൻ ധ്യാനിച്ചിരിക്കയാ-
ണെന്നിൽ നീയൊളിക്കുന്നിടം കാണുവാൻ
നീയിരിക്കുന്ന ശ്രീലകമാകുമെൻ
ഹൃത്തിലേക്കുള്ള പാത തെളിയ്ക്കുക!
ജീർണമാകുമെൻ ജീവിതത്തിന്നവൽ
ക്കെട്ടിൽ നിൻ വിരൽത്തുമ്പു മുട്ടീടുകിൽ
പൂർണമായിടുമെന്നുടെ ജീവിതം
കൊണ്ടു ഞാൻ ചെയ്ത കർമ്മങ്ങളൊക്കെയും!
കവിത നന്നായിട്ടുണ്ട് ടീച്ചര്‍
ReplyDeleteആശംസകള്‍
നന്ദി സർ.
Deleteസുഖം തന്നെയെന്നു കരുതുന്നു
കൊള്ളാം ,, അവസാന നാല് വരികള്‍ ഏറെ ഇഷ്ടമായി .
ReplyDeleteനന്ദി ഫൈസൽ
Deleteകവിത നന്നായി.
ReplyDeleteThank You
Deleteവിണ്ഡലം അല്ലേ ടീച്ചറെ ?
ReplyDeleteകുറെ നാള് കൂടി ഇങ്ങനെ ഒന്ന് വായിച്ചു - :) നന്നായി
വളരെ സന്തോഷം ആർഷ , ഈ വരവിനും വായനയ്ക്കും. ആർഷയുടെ രചനകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്.
Delete'വിണ്ടലം ' എന്നത് ശരിയല്ലേ എന്ന് ഒന്നുകൂടി ഞാൻ ശബ്ദതാരാവലിയിൽ പരിശോധിച്ചു. വിണ്ടലം = സ്വർഗ്ഗം , വിണ്‍ +തലം എന്നാണു അവിടെയും കാണുന്നത്. വിണ്ഡലം എന്നും പറയുമോ എന്ന് അറിയില്ല.
അതെന്തായാലും ആർഷയുടെ വായന എനിക്ക് വിലപ്പെട്ടത് തന്നെ, വീണ്ടും വരുമല്ലോ.