Followers

Friday, November 6, 2015

മഴയറിവ്(കുട്ടിക്കവിത)



കുട്ടി:

ഊഴിയിലാദ്യ മഴത്തുളികൾ 
ആരു തളിച്ചെന്നറിയാമോ?
മഴയോ പുഴയോ ആരമ്മേ 
മുമ്പുയിർ കൊണ്ടതു ചൊല്ലമ്മേ!

അമ്മ: 

ആരാരാദ്യം എന്നൊരു പോ-
രുണ്ടാവരുതീ ലോകത്തിൽ 
എന്നു നിനച്ചുടയോനന്നേ 
സൃഷ്ടിച്ചെല്ലാം ചാക്രികമായ്! 


വിത്തിന്നുള്ളിൽ ചെടിപോലെ 
ചെടിയിൽ വിത്തിൻ കുലപോലെ 
ആരു പിറന്നീ ലോകത്തിൽ 
ആദ്യം എന്നത് ആരറിവൂ!

ആദിയുമന്ത്യവുമീശൻ താൻ 
എന്നു നിനച്ചീയുലകത്തിൻ 
മഹിമകൾ കണ്ടേ വളരുക നീ 
അറിവിൻ മണികളണിഞ്ഞീടാൻ 


കുട്ടി:

ഉലകിതിലീശ്വരനരുളുന്നു  
എന്നതു ഞാനിന്നറിയുന്നു 
എങ്കിലുമറിയാൻ കൊതിയമ്മേ 
മഴ പെയ്യും വിധമേതമ്മേ?

അമ്മ: 

സൂര്യൻ തന്നുടെ താപത്താൽ 
മേദിനി തന്നിലെ നീർമണികൾ 
ബാഷ്പാകാരം പൂണ്ടുയരും 
നീരദപാളികളായ് മാറും 

വിങ്ങും മാനവനെഞ്ചം പോൽ 
തിങ്ങും ജലധം ഭാരത്താൽ 
ഘനമതു  താങ്ങാനാകാതെ 
മേഘം കറുകറെയിരുളാകും 

ഭാരം മുഴുവൻ വന്മഴയായ് 
ഭൂമിയിലേക്കു പതിച്ചീടും  
നീർമണിതൻ കുളിർസ്പർശത്താ-
ലുർവ്വരയാകുമിളാദേവി 

സഹവാസത്തിൻ സംഹിതകൾ 
നിറയുമൊരത്ഭുതബ്രഹ്മത്തിൽ 
കഴിയും കൃമിയാം മാനവനോ 
അറിയുന്നില്ലാ സത്യത്തെ!

കുട്ടി: 

പ്രകൃതിയിലീശ്വരചൈതന്യം 
നിറയും നന്മകൾ കാണുമ്പോൾ 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു ! 
പാമരനായ് ഞാൻ  മാറീടാൻ 
പാടില്ലതു ഞാനറിയുന്നു !

5 comments:

  1. കുട്ടിക്കവിത നന്നായിട്ടുണ്ട് ടീച്ചര്‍
    ആശംസകള്‍

    ReplyDelete
  2. പാമരനായ് ഞാന്‍ മാറീടാന്‍
    പാടില്ലതു ഞാനറിയുന്നു!

    നന്നായിരിക്കുന്നു ചോദ്യവും ഉത്തരവുമായ കുട്ടിക്കവിത.

    ReplyDelete
  3. കുട്ടി ഇത്തിരി വലുതാകണം ഇതൊക്ക മനസ്സിലാകണമെങ്കിൽ. അല്ല കുട്ടിയുടെ ചോദ്യവും ഇത്തിരി കടുപ്പം തന്നെ. "ആദിയിലീശ്വരനമരുന്നു" എന്നും "പ്രകൃതിക്കുള്ളിൽ പരമാത്മാവിൻ" എന്നുമൊക്കെ പറയുമ്പോൾ.

    ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ എന്നു പറഞ്ഞ കുട്ടിയിൽ നിന്നുമുള്ള വളർച്ച !

    ReplyDelete
    Replies
    1. കവിതയ്ക്കുള്ളിലെ കുട്ടിയുടെ പ്രായവും എഴുത്തുകാരിയുടെ പ്രായവും തമ്മിൽ ചേരാത്തത് കൊണ്ടായിരിക്കും! അടുത്ത കുട്ടിക്കവിതയിൽ പ്രായം കുറച്ചു കൂടി കുറയ്ക്കാൻ ശ്രമിക്കാം .

      Delete
    2. കുട്ടിയുടെ പ്രായത്തിന് ചേരാത്ത ചില വരികൾ മാറ്റിയിട്ടുണ്ട്.

      Delete