സന്ധ്യനേരത്തു ചൂളംവിളിച്ചൊരു
തല്ലുകൊള്ളിക്കാറ്റ് മൂളിപ്പറക്കുന്നു
ചാരിയിട്ടൊരു ജാലകച്ചില്ലിലൂ -
ടൊച്ച വച്ചവനുള്ളിൽ കയറുന്നു
ഉമ്മറത്തമ്മ കത്തിച്ചു വച്ചൊരു
ഓട്ടുനിലവിളക്കൂതിക്കെടുത്തിയും
ഭംഗിയായിട്ടടുക്കിയ പൂമുഖം
ഒറ്റയോട്ടത്തിനാകെയുലയ്ക്കുന്നു
കൊച്ചുതെമ്മാടിയെന്നുള്ള പേരിവ -
നുണ്ടു പണ്ടുപണ്ടേയുള്ള നാൾമുതൽ
പാതിരാവിലും കൂടണയാത്തൊരു
ഊരുതെണ്ടിയീ പേടിയില്ലാത്തവൻ
പൂത്തുലഞ്ഞ പൂവാടികൾ തോറുമേ
പാത്തുനിന്നു കവരുന്നു പൂമണം
കട്ടെടുത്തൊരാ ഗന്ധം പരത്തിയും
ഇന്ദ്രിയങ്ങളെ പാടേ മയക്കിയും
പൂമ്പരാഗം പറത്തി, പ്രണയത്തി-
ലാണ്ട പൂക്കളിൽ വിത്തുരുവാക്കിയും
ലാസ്യമോടെ നടക്കും ശുഭാംഗിതൻ
ചാരുകേശത്തിലോടിക്കളിപ്പവൻ
മാരിയിൽ നനയാൻ മടിച്ചോടി വ-
ന്നേറുമാടത്തിലേറും കിടാങ്ങളെ
ഏറുകണ്ണാൽ വികൃതി നിറച്ചുകൊ-
ണ്ടാകെയീറനുടുപ്പിച്ചു വീശിയും
കാട്ടിലെ മുളംകൂട്ടിലൊളിച്ചിരു -
ന്നീറയൂതുന്ന കാലിച്ചെറുക്കാനായ്
കള്ളനെന്ന പേരുണ്ടിവനെങ്കിലും
ഉള്ളലിവേറും തലോടലീ മാരുതൻ
അമ്മയാം പ്രകൃതിയ്ക്കൊന്നു നോവുകിൽ
കാറ്റവൻ ചുഴലിക്കടലായിടും
നല്ലവനിവൻ, സഞ്ചരിച്ചീടുന്നു
പാരിനാകെയും പ്രാണൻ കൊടുക്കുവാൻ
വേഗമേറിയും മന്ദമായ് വീശിയും
പാശമോടെയൊഴുകും സമീരണൻ...
ഹൃദ്യമായ കവിത
ReplyDeleteപണ്ട് ചുറ്റും സുഗന്ധവും,കുളിര്‍മയും പരത്തികൊണ്ടോടുന്ന ആ വികൃതി ചെക്കനില്‍ ഇന്ന് അല്പം മാറ്റംവന്നിട്ടുണ്ട് ടീച്ചര്‍..........
ആശംസകള്‍
കാറ്റുപോയാല്‍ പിന്നെ എന്തുഗതി!!
ReplyDeleteനല്ല കവിത