Followers

Friday, August 14, 2015

യന്ത്രപ്പാവകൾ


ഇക്കൊച്ചു കുട്ടികളൊക്കെയുമെന്തീ
ചുമരുകൾക്കുള്ളിലൊളിച്ചിരിപ്പൂ സദാ?
ഇപ്രപഞ്ചത്തിലെക്കാണായ കാഴ്ചകൾ
നിങ്ങളെത്തേടിയല്ലോ തളിർപ്പൂ മുദാ!

കയ്യിൽ പലവിധ യന്ത്രങ്ങൾ, ഞെക്കിയാൽ
മുന്നിൽത്തെളിയുന്നു  ബ്രഹ്മാണ്ഡവുമതിൽ
ലോകം വിരൽത്തുമ്പിലായെന്നു കേമത്ത-
മോടെ ഞെളിയുന്നു പുത്തൻതലമുറ

സൃഷ്ടിതൻ നാദം ശ്രവിക്കാതെ കാതുകൾ -
ക്കുള്ളിൽത്തിരുകും ശ്രവണസഹായികൾ
സത്യമായ് ബ്രഹ്മമരികത്തു നിൽക്കിലും
പഥ്യമവർക്കതു ചിത്രമായ് കാണുവാൻ!

ചുറ്റിലും പൂത്തും തളിർത്തും കതിർക്കുല-
യേന്തിയ വൃക്ഷലതാദികൾ തേടുന്നു  
കുഞ്ഞുകരങ്ങൾ തൻ ലാളനത്തിൻ സുഖം
കിട്ടാക്കനിയതെന്നുള്ളു പറകിലും

ആടുന്ന വള്ളിയൂഞ്ഞാലുകൾ കാറ്റിനോ-
ടൊപ്പം തിരയുന്നു കൊച്ചുസതീർത്ഥ്യരെ,
തേനിനായ് പുഷ്പങ്ങൾതോറും തിരയും
ശലഭങ്ങൾ കൂട്ടിനായ് തേടുന്നു നിങ്ങളെ

പാട്ടു പഠിപ്പിച്ചിടുവാൻ വിളിക്കുന്നു
വീട്ടുതൊടിയിലെ പക്ഷികൾ കുഞ്ഞിനെ,
തോടും പുഴകളും തീരത്തിലെങ്ങുമേ  
പൈതങ്ങളാം കളിത്തോഴരെത്തേടുന്നു

കുട്ടികൾ വന്നുതൊടുന്നതും കാത്തുകാ-
ത്തുന്മേഷമറ്റു തൊട്ടാവാടി നിൽക്കുന്നു, 
മുറ്റത്തു കെട്ടിക്കിടക്കും മഴവെള്ള -
മോർക്കുന്നു കുഞ്ഞിൻ കടലാസുതോണിയെ

മാനത്തു വില്ലു വിരിയിച്ചുനിൽക്കുന്നൊ -
രേഴു നിറങ്ങളും ചോദിച്ചു നിങ്ങളെ
അത്ഭുതം കൂറുന്ന പിഞ്ചുമിഴികളെ
കണ്ടിട്ടു നാളുകളേറെയായെന്നവർ

തെക്കോട്ടു നീളുന്ന കുഞ്ഞുറുമ്പിൻ നിര
കുഞ്ഞിക്കുറുമ്പരെ കാണാൻ കൊതിച്ചു പോയ്‌,
മണ്ണിൽ ചെറുകുഴിയ്ക്കുള്ളിൽ കുഴിയാന
ബാലകരെക്കാത്തു കണ്ണു കഴച്ചുപോയ്‌

എങ്ങുപോയ്‌ കാണായ കുഞ്ഞുങ്ങളൊക്കെയെ-
ന്നിപ്രകൃതീശ്വരി സങ്കടംചൊല്ലുന്നു
നേരായ കാഴ്ചകൾ കാണാതെ നേരിനെ
മൂടും നിഴലിനെക്കണ്ടു ഭ്രമിപ്പവർ!

തൊട്ടരികത്തിരുന്നീടും സുഹൃത്തിനെ 
ചിത്രങ്ങൾ നോക്കിത്തിരിച്ചറിയുന്നവർ !
കാണാമറയത്തിരുന്നു മിണ്ടുന്നവർ
നേരിട്ടു കാണവേ മൗനം ഭജിപ്പവർ!  

എന്തൊരു  ജീവിതശൈലിയീ ലോക-
മിതെങ്ങോട്ടു നമ്മളെക്കൊണ്ടുപോയീടുന്നു ?
യന്ത്രലോകത്തിന്നടിമകളായി നാം 
യന്ത്രങ്ങൾ തന്നെയായ് തീരുന്നുലകിതിൽ 

കാഴ്ചകൾ കാണുവാൻ കണ്ണു തന്നീശ്വരൻ
ശബ്ദം ശ്രവിക്കുവാൻ കാതുകൾ  തന്നവൻ
കണ്ടതും കേട്ടതും സൂക്ഷിച്ചുവയ്ക്കുവാ-
നേറ്റം സുരക്ഷിതം ഹൃത്തടം തന്നവൻ

തന്നുള്ളിലുള്ളൊരീ ജീവചൈതന്യത്തെ-
യിപ്പുതുനാമ്പുകളെന്തറിയാതെയായ്?
കൃത്രിമ ബുദ്ധിയ്ക്കടിയറ വച്ചുപോയ്
കുഞ്ഞുപൈതങ്ങൾതൻ ചിന്തയാം മൊട്ടുകൾ

കഷ്ടമെന്നേ പറയാവൂ പ്രകൃതിയെ
കാണാത്ത കണ്ണിലെക്കൂരിരുൾ കാണവേ
എത്ര ഹതഭാഗ്യർ, തൊട്ടു നിൽക്കുന്നൊരീ
വിശ്വമാം വിസ്മയം തൊട്ടറിയാത്തവർ!











6 comments:

  1. പ്രപഞ്ചവിസ്മയത്തെ കാണനം, കണ്ടുവളരണം

    ReplyDelete
  2. നല്ല ഒരു കവിത. അതിന്റെ ആശയം ഗംഭീരം. ചുറ്റും നിറയുന്ന പ്രകൃതിയെ കാണാതെ വളരുന്ന ഒരു തലമുറ. ലോകം വിരൽതുമ്പിൽ എന്ന് അഹങ്കരിക്കുന്നു. അവതരണവും ഭംഗിയായി.

    ReplyDelete
  3. ഇഷ്ടപ്പെട്ടു,നല്ല കവിത.
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  4. എന്തൊരു  ജീവിതശൈലിയീ ലോക-
    മിതെങ്ങോട്ടു നമ്മളെ കൊണ്ടുപോയീടുന്നു ?

    ReplyDelete
  5. വിശ്വമാം വിസ്മയം തൊട്ടറിയാതെ പോകുന്നവര്‍... നല്ല വരികള്‍.

    ReplyDelete
  6. Dear friends, അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി

    ReplyDelete