Followers

Sunday, December 25, 2011

പുതുവത്സരചിന്തകള്‍

കാലമാം വൃക്ഷത്തിന്‍ കൊമ്പില്‍നിന്നൊരു പീത-
പത്രവുംകൂടിപ്പൊഴിഞ്ഞിതാ വീഴവേ
തിരിഞ്ഞൊന്നു നോക്കണം തിരികെ നടക്കുവാ-
നാകാത്ത തീരത്തു നാമെത്തി നില്‍ക്കവേ,


തിരഞ്ഞൊന്നുനോക്കണം നാം ചെയ്ത കര്‍മ്മങ്ങള്‍,  
പാപവും പുണ്യവും തെറ്റും ശരികളും,
മനസിന്‍  തുലാസിന്‍റെ തട്ടിലായ്ത്തൂക്കണം
പുണ്യപാപങ്ങള്‍തന്‍ ഏറ്റക്കുറവുകള്‍.


ആശയാമിന്ധനം കോരിനിറച്ചു കൊ-
ണ്ടാ വഴിയീവഴിയോടുന്ന വേളയില്‍
കാല്‍ക്കീഴില്‍ വന്നുപെടുന്ന പുഴുക്കളെ
കാല്‍വിരല്‍കൊണ്ടു ഞെരിക്കുന്നു നിര്‍ദ്ദയം!


ദൈന്യമാം രോദനം കേള്‍ക്കാത്ത ഭാവേന
ശീഘ്രം ഗമിക്കുന്നു ഞാനെന്ന ചിന്തയില്‍
കണ്‍മുന്നില്‍ വീണുപിടയുന്ന ജീവനെ
കാണാത്ത ഭാവേന പിന്‍ തിരിഞ്ഞീടുന്നു.


പരനെയപായപ്പെടുത്തുവാനുള്ളോരു-
പായവുമോര്‍ത്തു നടപ്പു നാമെപ്പോഴും,
ഹൃത്തിലൊളിപ്പിച്ച വൈരവുമായി നാ-
മെപ്പോഴും പുഞ്ചിരിച്ചീടുന്നു ഗൂഢം!

തന്‍ സുഖം മാത്രം പരതിനടക്കവേ
യാര്‍ക്കുണ്ടു നേരം പരസുഖമോര്‍ക്കുവാന്‍!
സ്വാര്‍ത്ഥലാഭത്തിനായാര്‍ത്തി പൂണ്ടിട്ടു നാം
തെറ്റിന്‍ വഴിയിലിരുളിലലയുന്നു.


കയ്യൂക്കു കൊണ്ടു നാമീവിധം നേടുന്ന
നേട്ടങ്ങളെത്ര ക്ഷണികമെന്നോര്‍ക്കണം!
ഏതൊരു തീരത്തണയുവാനീവിധം
മത്സരിച്ചോടിയണയ്ക്കുന്നു നമ്മള്‍!

അപരന്‍റെ  കണ്ണുനീര്‍ വീഴ്ത്തി നാം നേടിയ 
നേട്ടങ്ങളൊക്കെയും വ്യര്‍ത്ഥം, അനര്‍ത്ഥം...
നമ്മള്‍ക്കു മക്കളായ് തീര്‍ന്നവര്‍ പേറിടും
നാം ചെയ്ത കര്‍മ്മത്തിന്‍ ശാപങ്ങള്‍ നിശ്ചയം!

സ്വാര്‍ത്ഥം വെടിഞ്ഞു നാ,മാര്‍ത്തി വെടിഞ്ഞങ്ങു
ജീവിച്ചു കാട്ടുമിനിയുള്ള നാളുകള്‍;
കാലമാം വൃക്ഷത്തില്‍ നിന്നു പൊഴിയുമാ 
പീതപത്രത്തില്‍ കുറിയ്ക്കുകീ വാക്കുകള്‍.  

4 comments:

  1. വാസ്തവത്തില്‍ നല്ലൊരു കവിത വായിച്ച സംതൃപ്തി
    എനിക്കുണ്ടായി.
    രചനാഗുണം തികഞ്ഞതും,അര്‍ത്ഥനിര്‍ഭരവുമായ വരികള്‍..---=...,ജീവിത തത്വം വിളിച്ചോതുന്ന രചന.
    അഭിനന്ദനങ്ങള്‍............, ..
    ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
    നിറഞ്ഞ ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. @ C.V.Thankappan: അഭിനന്ദനങ്ങള്‍ക്ക് നന്ദി

    ReplyDelete
  3. തന്‍ സുഖം മാത്രം പരതി നടക്കവേ
    യാര്‍ക്കുണ്ട് നേരം പരസുഖമോര്‍ക്കുവാന്‍!
    സ്വാര്‍ത്ഥ ലാഭത്തിനായാര്‍ത്തി പൂണ്ടിട്ടു നാം
    തെറ്റിന്‍ വഴിയിലിരുളിലലയുന്നു.

    nice

    please remove word verification

    ReplyDelete
    Replies
    1. @Gopan Kumar- Thanks for reading. Word verification is removed.

      Delete