കൊതി മൂത്തു കാട്ടുമിഹ ക്രൗര്യങ്ങളെന്തു കഥ!
പക മൂത്ത ചിത്തമതിനകമേ നിറച്ച മല-
മതിൽ നിന്നുയർന്നിടുമശുദ്ധാണു സംഗരവും.
അണുബാധയേറ്റു സുഖമകമേ നശിച്ചരചൻ
ചെയ്യുന്നു കർമ്മമവയോരോന്നധർമ്മവഴി,
ചെയ്യിച്ചിടുന്നതുമധർമ്മങ്ങളാജ്ഞ നിറ-
വേറ്റാൻ വിധിച്ചവരെ വച്ചും, ജയിപ്പതിനായ്.
അരുതാരുമഖിലേശ്വരൻ തൻറെ നാമമിനി
മേലാൽ ജപിക്കരുതുരയ്ക്കുന്നു രാജനിഹ!
ഭജനങ്ങളൊക്കെയുമെനിക്കുള്ളതാകണ-
മതല്ലാത്തതൊക്കെയുമടക്കും, സ്മരിക്ക പ്രജ!
പണ്ടോരു രാക്ഷസനവൻ തൻറെ പുത്രനൊടു-
രച്ചൂ നിറുത്തിടുക നിൻ വിഷ്ണുനാമജപം
ഹരിനാമകീർത്തനമതല്ലാതെയില്ല ഗതി-
യെന്നത്രെയന്നു ഭയമില്ലാതെ ചൊന്നു സുതൻ!
എന്നാലതൊന്നറിയതന്നേ,യുടൻ തരിക
ദൃഷ്ടാന്തമിത്തരുണമല്ലായ്കിലന്ത്യമുടൻ,
കോപാഗ്നി കൊണ്ടു മതി കെട്ടോരു രാക്ഷസ-
നവൻ തൻറെ പുത്രനെയൊടുക്കാനുറച്ചുടനെ.
കാണട്ടെ, നിൻറെ ഹരി തൂണിൽ, തുരുമ്പിലു-
മതുണ്ടെങ്കിലിന്നിവിടെയിത്തൂൺ പിളർന്നുടനെ...
ചൊല്ലേണ്ടതാമസമതാ തൂൺ പിളർന്നുടനെ
കാണായി വിഷ്ണു നരസിംഹം കണക്കെ, ഹര!
ശേഷം നടന്ന കഥ ചൊല്ലേണ്ടതില്ല, ഹരി-
നാമം ജപിക്കുമവരൊക്കെയറിഞ്ഞ കഥ.
ഭുവനത്തിലെത്ര മനുഭാവങ്ങളത്ര വിധ-
മോരോന്നുമുണ്ടു കഥയാചാര്യഭാവനയിൽ!
ഇന്നും ജഗത്തിലിഹ കാണായ് വരുന്നു ചില
ജന്മങ്ങളിത്തരമഹങ്കാരരൂപികളായ്
ബാഹ്യേ നടിച്ചിടുമവർ ധൈര്യശാലികൾ പോ-
ലെന്നാൽ ഭയം തൻ നിഴൽ പോലുമെന്ന ഗതി!
ഏറുന്നു ചിന്തയവനും ഭാരമുള്ള മടി-
ശീലയ്ക്കു വന്നുപെടുമൂനം നിനച്ചിടവേ,
കൈവിട്ടു പോകുമൊരു സൗഭാഗ്യജീവിതവു-
മോർത്താൽ മതിയ്ക്കു ഭ്രമമല്ലെങ്കിലെന്തു വഴി?
തൂണും തുരുമ്പുമൊരു പുല്ലിൻറെ തുമ്പുമൊരു
നാളെൻറെയന്തകനതായീടുമെന്ന ഭയം
വർദ്ധിച്ചിടുന്നളവിലൂണും ഉറക്കവു -
മൊഴിഞ്ഞങ്ങിരിക്കുമൊരു ഭ്രാന്തൻ കണക്കുമിതി!!
മനോഹരമായായ കവിത
ReplyDeleteആശ0സകൾ ടീച്ചർ
Thank you sir
Deleteനല്ല കവിത.. കൂടുതൽ ആധികാരികമായി പറയാനുള്ള അറിവില്ലാത്തതിനാൽ അതിനു മുതിരുന്നില്ല ;-)
ReplyDeleteനന്ദി മഹേഷ്
Delete