Followers

Wednesday, October 11, 2017

ഭ്രമിതകുസുമം



Related image
google picture















വിടർന്ന പൂവിൽ വന്നണഞ്ഞളികളാ 
മധു നുകരവേയടർന്നു പൂവിതൾ. 
കൊഴിഞ്ഞ പൂവിനെത്തിരിഞ്ഞു നോക്കിടാ-
തൊഴിഞ്ഞുപോകയായ് ഭ്രമരജാലവും. 

നനഞ്ഞ മണ്ണിലെ കുളിർമ മാത്രമാ 
കൊഴിഞ്ഞ പൂവിനെ പുണർന്നു ഗാഢമായ്! 
വിരിഞ്ഞുനിന്നനാളറിഞ്ഞതില്ലവൾ
മൺമനസ്സിലെ  സ്നേഹവായ്‌പിനെ... 

തുടുത്ത യൗവ്വനം തൊടുത്തൊരമ്പുകൾ 
തടുത്തുനിർത്തിയുൾക്കാഴ്ചയൊക്കെയും, 
കടുത്ത തൻനിറപ്പകിട്ടിലെത്രയും 
ഭ്രമിച്ചുനിൽക്കവേ മറന്നു സർവ്വവും. 

പരിഭ്രമിച്ചുടൽ തളർന്നുപോകവേ 
തിരിച്ചറിഞ്ഞവൾ തണുത്ത സ്പർശനം, 
അടർന്നടർന്നവൾ പൊഴിഞ്ഞുഭൂമിതൻ 
അഗാധതയിൽ മണ്മറഞ്ഞു ധന്യയായ്!!

അപ്പൊഴും പുതുപൂക്കളിക്കഥ-
യറിഞ്ഞതില്ലവർ രമിച്ചു  ഭൂമിയിൽ! 
അടുത്തതാരുടെയൂഴമെന്നു കൺ 
പാർത്തുഖിന്നയായുഴന്നു ഭൂമിയും. 

1 comment:

  1. ചിന്താബന്‌ധുരമായ വരികള്‍
    ഹൃദ്യമായ കവിത
    ആശംസകള്‍ ടീച്ചര്‍

    ReplyDelete