Followers

Wednesday, October 4, 2017

മഹീ... മനോഹരീ



ഇരുളൂർന്നുവീഴുമ്പൊഴോ സൂര്യകിരണങ്ങൾ 
ഇടതൂർന്നുതിർന്നുമെയ് പുണരുമ്പൊഴോ 
അധികം മനോഹരിയാകുന്നതെപ്പൊഴെൻ 
മതിമോഹിനീ മഹീ പറയുമോ നീ?

മഴനൂലിഴച്ചാർത്തിലലിയുമ്പൊഴോ നിലാ- 
പ്പാലാഴിയിൽ നീയുലാവുമ്പൊഴോ 
ഇടിമിന്നലൂർന്നുവന്നുടയാടയിൽ വെള്ളി-
യിഴയുള്ള കസവായ്ത്തിളങ്ങുമ്പൊഴോ  

സുഖദയാം കാറ്റിൻറെ പരിലാളനങ്ങൾ നിൻ 
തനുവാകെ  പരിമളം പൂശുമ്പൊഴോ 
അതിലോലമായിടും മൃദുലമേഘങ്ങൾ നി-
ന്നരികിൽ വന്നരുമയായ് പൊതിയുമ്പൊഴോ  
  
തരുശാഖകൾ തോറുമിളകിയാടും മൃദു-
പല്ലവങ്ങൾ ചൂടി നിൽക്കുമ്പൊഴോ 
ശിശിരം വിരൽ തൊട്ടടർത്തിയോരിലകൾ തൻ
വർണ്ണോത്സവത്തിൽ നീ മുങ്ങുമ്പൊഴോ

വിടരാനൊരുങ്ങുന്ന പൂക്കളിൽ നീഹാര- 
മണിയിച്ചുകുളിരാർന്നുനിൽക്കുമ്പൊഴോ
മരതകകാന്തിയിൽ മിന്നുന്ന പുൽക്കൊടി- 
ത്തുമ്പുകൾ തൻ മെത്ത നീർത്തുമ്പൊഴോ  

കടലോടു ചേരുവാൻ കവിയുന്ന കരളുമാ-
യൊഴുകുന്ന നദികളെ പേറുമ്പൊഴോ 
കടലിന്നപാരമാം കാണാപ്പുറങ്ങളെ 
തിരമാലയാക്കി നീയെത്തുമ്പൊഴോ

കവിയായി മാറാൻ   നിശാചരർക്കൊക്കെയും-
അറിവിൻ ചിതൽപ്പുറ്റുയർത്തുമ്പൊഴോ!
താനിരിക്കും മൗഢ്യമാകുന്ന കൊമ്പറു-
ത്തവനിൽ നിൻ ജ്ഞാനം നിറയ്ക്കുമ്പൊഴോ!! 

അധികം മനോഹരിയാകുന്നതെപ്പൊഴെൻ 
മതിമോഹിനീ മഹീ പറയുമോ നീ?
അറിയാനെനിക്കതിയായിടും മോഹമി-
ന്നവനിയിൽത്തന്നെ ലയിക്കട്ടെ ഞാൻ!
അവനിയിൽത്തന്നെ ലയിക്കട്ടെ ഞാൻ!!


4 comments:

  1. കവിത മനോഹരമായിട്ടുണ്ട് ടീച്ചര്‍
    ആശംസകള്‍

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും നന്ദി പ്രിയവ്രതൻ. ബ്ലോഗിൽ പുതിയ വിരുന്നുകാരെ കാണുമ്പോൾ കൂടുതൽ സന്തോഷമുണ്ട്. താങ്കളുടെ 'പ്രിയതമം' എന്ന ബ്ലോഗ്ഗ് ആദ്യമായാണ് കാണുന്നത്. ഒന്ന് ഓടിച്ച് നോക്കി.വായിക്കാൻ ഗൗരവമുള്ള വിഷയങ്ങൾ അതിലുണ്ടെന്ന് തോന്നി.
      വിശദമായ വായനയ്ക്കായി ബുക്ക്മാർക്ക് ചെയ്തുവച്ചിട്ടുണ്ട്. ആശംസകൾ.

      Delete