തൊട്ടുമുൻപുള്ള മാത്രയിൽ കൊഞ്ചിയും
പട്ടുപോലുള്ള പർണങ്ങൾ വീശിയും
നിന്നെ മുട്ടിയിരുന്നവളിക്ഷണം
നിന്നെ മുട്ടിയിരുന്നവളിക്ഷണം
ഹാ! പക്ഷമറ്റുകിടക്കുന്നു പാതയിൽ.
പ്രാന്തമെല്ലാം മറന്നു പ്രണയത്താൽ
ഭ്രാന്തമായിടുമാനന്ദവായ്പ്പിനാൽ
തുള്ളുമുള്ളത്തൊടൊപ്പം പറന്നൊരാ
പാതമദ്ധ്യേയിരുന്നുവോ നിന്നിണ?
ചീറി വന്നൊരാ വാഹനവ്യൂഹമാ
കൊച്ചുജീവനെ തട്ടിക്കടന്നുപോയ്
ഞെട്ടിനിന്ന നിൻ നെഞ്ചിലെ വേദന
കണ്ടുഞെട്ടറ്റു വീണെൻറെ ചേതന...
പാതയിൽ പഞ്ഞി പോലെ പതിഞ്ഞൊരാ
പക്ഷിതൻ ഛദം കാറ്റിൽ പറക്കവേ
കൊക്ക് കൊണ്ടു നീ തൊട്ടുനോക്കുന്നുവോ
ചത്ത പ്രാണൻ പുനർജ്ജനിപ്പിക്കുവാൻ?
ഒറ്റ മാത്രയേ നോക്കിയുള്ളൂ, മതി...
വയ്യ വയ്യിനിപ്പൂട്ടുക കണ്ണുകൾ
ആർത്തനായൊരാ കൊച്ചുപറവ തൻ
ദൈന്യമാം മുഖം വിസ്മരിച്ചീടുമോ!
മർത്ത്യനോ മനം വേദനിച്ചീടുകിൽ
ആർത്തനാദനായ് പേർത്തുകരഞ്ഞിടാം
ചിത്തമാകെ മുറിഞ്ഞൊരാ പക്ഷിതൻ
വീർത്ത ദുഃഖമതെങ്ങനെ തോർന്നിടും?
ഇന്ന് രാവിലെയും കണ്ടു ഓഫീസിലേക്ക് പോകുന്ന വഴിയില്‍ ഒരു കിളി കിടക്കുന്നത്... പാവം കൂട്ടില്‍ നിന്ന് വീണു പോയതാവാം. അപ്പോള്‍ ഓര്‍ത്തിരുന്നു ഇതിന്‍റെ കൂടപ്പിറപ്പുകള്‍ ഇതു വല്ലതും അറിഞ്ഞിട്ടുണ്ടാകുമോന്ന്. കവിത വീണ്ടും വേദനിപ്പിച്ചു :(
ReplyDeleteഇതും ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു മുബീ. സിഗ്നലിൽ കാർ നിർത്തിയിട്ടിരിക്കുന്പോൾ കണ്ട കാഴ്ച. ജീവൻ വെടിഞ്ഞ കിളിയുടെ കാറ്റത്ത് പറക്കുന്ന ചിറകുകളിൽ കൊക്കുരസുന്ന ഇണക്കിളി മനസ്സിൽ നിന്നും കുറെ നാളത്തേയ്ക്ക് മായില്ല. വായനയ്ക്ക് നന്ദി കൂട്ടുകാരീ.
Deleteഒരു കിളിയുടെ വിയോഗവും ഇണയുടെ വേദനയും നന്നായി അവതരിപ്പിച്ചു
ReplyDelete.......മുട്ടിയിരുന്നവളിക്ഷണം എന്ന ഭാഗവും
ഹാ!എന്ന പ്രയോഗവും അത്ര ഭംഗിയായി തോന്നിയില്ല.
ഒരു കൊച്ചു കിളിക്ക് ഒരു ''വാഹന വ്യൂഹം" വേണമോ?
കവിത നന്നായി.
നന്ദി ബിപിൻ സർ . ആ കൊച്ചുകിളി റോഡിൻറെ നടുവിലേക്ക് പറന്ന് വന്ന ക്ഷണം ഒരു കാർ അതിനെ ഇടിച്ചിട്ട് പോയി. അപ്പോഴും അതിന് ചെറിയ ഒരനക്കമു ണ്ടായിരുന്നു. തൊട്ടുപുറകേ വായുവേഗത്തിൽ വന്ന വാഹനങ്ങൾ ഒന്നൊന്നായി അതിന്റെ വിയോഗം പൂർത്തിയാക്കിക്കൊണ്ട് അതിനെ റോഡിലോട്ടിച്ചേർന്ന പഞ്ഞി കണക്കെ ആക്കി. അതാണ് വാഹനവ്യൂഹം എന്നെഴുതിയത്. ഈ വാഹനങ്ങൾ ഓടിച്ചിരുന്നവരാരും അറിഞ്ഞുകൊണ്ട് ചെയ്ത പ്രവർത്തി അല്ല അത്. സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ കണ്ട കാഴ്ചയാണ്.
Delete'മുട്ടിയിരുന്നവൾ ' എന്നത് 'ഉരുമ്മിയിരുന്നവൾ ' എന്നാക്കിയിട്ടുണ്ട്.