Followers

Friday, December 19, 2014

മോക്ഷശൈലം



നിരർത്ഥകം ജന്മമാകെയും ശിവ 
ശൈല ദർശനാർത്ഥം വിനാ 
കൈലാസമേരുവാം  ദിവ്യലക്ഷ്യം  
പുണരാതെ വ്യർത്ഥമെൻ ജീവിതം  

ഒറ്റ മാത്രയാ ദിവ്യദർശനം 
കണ്ടിടാൻ  ഗൗരീപതേ 
കൊണ്ടുപോവുകയെന്നെ നിന്നുടെ 
പഞ്ചശൈലതടങ്ങളിൽ 

നിൻ കൊടുമുടി ചൂഴ്‌ന്നിടും കൊടും 
ഗൂഢ നിമ്ന്നോന്നതങ്ങളിൽ,
ചെന്നു ചേരണമെൻറെ ചേതന 
നിൻറെ  ചാരുഹിമാചലേ  

പുണ്യശൈലശൃംഗങ്ങൾ  താണ്ടി 
നീങ്ങും  തടിനികൾ  പോലെയെൻ 
ചിന്തകൾ ഹിമസാനു സീമക-
ളാകവേ  തഴുകീടവേ 

ചാരത്തു  കാണുവാനാ മഹാശിവ 
പാർവതീ വിഹാരങ്ങളെ  
തടുത്തിടാനരുതാത്ത തീവ്രമാം 
മോഹമുള്ളുലച്ചീടവേ  

മാമുനികൾ മന്വന്തരങ്ങളായ് 
തപം ചെയ്യുമോംകാരഭൂതലേ   
അനർഹയെങ്കിലുമെൻറെ പാദം 
പതിഞ്ഞിടാനിടയേകുമോ? 

ചാരു പദ്മദള സഹസ്ര 
വിരാജിതം കനകമണ്ഡലം
എന്നു കണ്ടിടുമാ മഹാദ്രി,
യതുല്യമാനസതീർത്ഥവും?

അമ്പിളിക്കല വീണു നീന്തിടും 
ബ്രഹ്മമാനസപ്പൊയ്കയിൽ   
മുങ്ങിനീർന്നു മോക്ഷം ലഭിച്ചിടാ -
നെന്നു നാളണഞ്ഞീടുമോ?

കഥകളൊട്ടു ഞാൻ കേട്ടഭൗമമാ  
പുണ്യഭൂമി തൻ വിസ്മയം 
മറ്റൊന്നിലും മനമൊട്ടുറച്ചിടാ-
തേകമാ തുംഗചിന്തയിൽ !

ഇക്കണ്ട കാലവും  കണ്ടതൊക്കെയും 
കേവലം പൂജ്യമോർക്കുകിൽ 
ഇത്ര നാളുമോംകാര വീചികൾ 
കേൾക്കാതെ പാഴായ് ദിനങ്ങളും 

ശൃംഗമമ്മാനമാടിയന്നൊരു 
രാക്ഷസൻ പോലുമെത്രയും 
ഭയഭക്തി പൂണ്ടു നിൻ ദാസനായ്, 
വരം നീ കൊടുത്തയച്ചില്ലയോ 

കൈവല്യ ദായിയാം കൈലമീവിധം 
ചിന്തയെ കവർന്നീടവേ 
നിൻ പദങ്ങളിൽ വന്നണഞ്ഞിടാ-
നെന്നിലും കൃപയേകണേ 

കൈലാസ മേരുവാം ദിവ്യ ലക്ഷ്യം 
പുണരുന്ന നാളിലെൻ ജീവിതം 
സാർത്ഥകം, പുനരൊന്നിലും കൊതി 
തോന്നുകില്ലതു നിശ്ചയം!


Audio

http://www.4shared.com/music/timxpnsfba/Voice_0281.html?#

14 comments:

  1. ഉള്ളില്‍തട്ടുന്ന വരികള്‍... നന്നായി ടീച്ചറെ.. "ഗൂഡ നിമ്‌നോന്നതങ്ങള്‍.." എന്ന വരിയില്‍ "ഗൂഢ" എന്നതായിരുന്നില്ലേ കൂടുതല്‍ നല്ലത്.

    ReplyDelete
    Replies
    1. നന്ദി സുധീർ, ദേ, ശരിയാക്കി.

      Delete
  2. ഭക്തിരസപ്രധാനമായ മനോഹരമായൊരു കവിത
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  3. നല്ല കവിത. ആദ്യത്തെ 3 ശ്ലോകങ്ങളിലെ താളവും ഒഴുക്കുംപിന്നീടുള്ള ഭാഗങ്ങളിൽ ഭംഗം വന്നത് പോലെ തോന്നി. അത് പോലെ ആശയ ആവർത്തനം പോലെയും. വായിച്ചപ്പോൾ തോന്നിയത് എഴുതിയതാണ്. നിരൂപണം ഒന്നുമല്ല. കവിത കൊള്ളാം.

    ReplyDelete
    Replies
    1. കൈലാസം കാണണമെന്ന മോഹത്തിന്റെ തീവ്രതയുടെ നൂറിൽ ഒരംശം പോലും കവിതയിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം സർ. എന്തോ ചില ചേരായ്കകൾ എനിക്കും feel ചെയ്തു എന്നത് നേര്. ശ്രദ്ധിക്കാൻ ശ്രമിക്കാം. അഭിപ്രായത്തിനു നന്ദി സർ.

      Delete
  4. കൈലാസത്തിലേയ്ക്കുള്ള പ്രയാണവും മഹേന്ദ്ര ദർശനവും സഫലമാവട്ടെയെന്നാശംസിക്കുന്നു...
    കവിതയ്ക്ക് നല്ല താളവും ഈണവും ഉണ്ടെങ്കിലും അനുഷ്ടുഭത്തിന്റെ (അനുഷ്ട്ടുപ്പ് ) വികലമായ ഒരു ശ്രമം എന്നേ പറയാൻ പറ്റു. കുറഞ്ഞപക്ഷം എല്ലാ പാദങ്ങളിലും ഛന്ദസ്സ് ക്രമീകരണം പാലിച്ചാൽ കൂടുതൽ ഭംഗി ഉണ്ടാകുമായിരുന്നു. ഇതൊന്നും കവിത മോശമായിപ്പോയി എന്ന അഭിപ്രായമല്ല. :) ആശംസകൾ.. അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. പദ്യനിർമിതിയുടെ നിയമങ്ങളെ കുറിച്ച് പരിമിതമായ അറിവേ ഉള്ളൂ. കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിലേയ്ക്ക് ഉപകരിക്കുന്ന വിമർശനങ്ങളും അഭിപ്രായങ്ങളും കാണുന്നത് എപ്പോഴും സന്തോഷം. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete
  5. ഗാനം കേട്ടു ,നല്ല വരികള്‍

    ReplyDelete