Followers

Friday, December 7, 2012

വാക്ക്

വാക്കെന്ന വാക്കിന്‍റെ-
യാഴമറിയണം,
വായ്‌വിടും വാക്കിനെ
സൂക്ഷിച്ചുകൊള്ളണം

ഒരുവാക്കിലെന്തിത്ര
ചൊല്ലുവാനെന്നല്ല,
വാക്കിലാണെല്ലാം
വാക്കാണു സര്‍വ്വവും!

പറയുന്ന നേരത്തു
ചെറുതെന്നു തോന്നിടും
ചിലനേരം വാക്കുകള്‍
മലപോലെ നിന്നിടും!

വാക്കുകള്‍ കൊണ്ടൊരു
യുദ്ധം പിറന്നിടാം,
വാക്കുകള്‍തന്നെ
സമാധാനമായിടാം.

കനിവിന്‍റെ വാക്കുകള്‍,
വിനയത്തിന്‍ വാക്കുകള്‍,
അറിവിന്‍റെ വാക്കുകള്‍,
പൊരുളുളള വാക്കുകള്‍;

പകയുളള വാക്കുകള്‍,
പരിഹാസവാക്കുകള്‍,
മുനയുള്ള വാക്കുകള്‍,
വിനയാകും വാക്കുകള്‍...

വാക്കുകള്‍ ചെന്നു-
തറയ്ക്കുന്ന ദിക്കുകള്‍
ചുടുനിണം വാര്‍ന്നു
തളര്‍ന്നു ചുവന്നിടാം.

വായ്‌വിട്ട വാക്കുകള്‍
വാള്‍ത്തലപ്പായിടും,
വാഴ്വിൻറെ  നേര്‍ക്കതു 
വാളോങ്ങി നിന്നിടും.

പലതുണ്ടു വാക്കുകള്‍,
മറയുള്ള വാക്കുകള്‍,
അമൃതെന്നു തോന്നിടും
വിഷമുള്ള വാക്കുകള്‍!

വാക്കിന്‍റെയുണ്മ
തിരിച്ചറിഞ്ഞീടണം,
വാക്കില്‍പ്പതുങ്ങും
ചതിയുമറിയണം.

വാക്കു പാലിക്കുവാന്‍
ധൈര്യമുണ്ടാകണം,
വാക്കു പിഴയ്ക്കാതെ-
യോര്‍ത്തുനടക്കണം.

ഒരു വാക്കില്‍ * നിന്നുല്‍ -
ഭവിച്ചോരു ബ്രഹ്മവും
വാക്കാല്‍ നശിച്ചിടാ -
മശ്രദ്ധമാവുകില്‍!

വാക്കുകള്‍ക്കുള്ളില്‍
വെളിച്ചം നിറയ്ക്കണം
ഇരുള്‍നീക്കി വാക്കിന്‍
തിരി തെളിച്ചീടണം.

***************

('ഓം'  എന്ന വാക്കിൽനിന്നു പ്രപഞ്ചം ഉത്ഭവിച്ചു എന്നു ഹൈന്ദവവിശ്വാസം. )

Friday, September 28, 2012

മതി

മതിയെന്ന ചിന്തയതു
മതിയില്‍ വരുത്തുവാന്‍
മതിയായനുഗ്രഹം
നല്‍കിടേണം.

മതിയില്‍ മദിക്കുമാ
മദയാനയെത്തള-
ച്ചലതല്ലുമാശ-
യടക്കിടേണം.

 അതിമോഹമളവറ്റു
കൂടുന്ന വേളയില്‍
മതിയായ് വരില്ലൊന്നു-
മീയുലകില്‍,

മതിവരാ മനമതില്‍
മുളയിടും ചിന്തകള്‍
നാശം വിതയ്ക്കും
ധരിത്രി തന്നില്‍.

തെറ്റുകള്‍ ചെയ്യുവാ-
നുള്ളത്തിലുണ്ടാ-
യൊരല്പം മടിയു-
മകന്നുപോകും,

നാണം മറഞ്ഞിടും
മാനവും പോയിടും
സ്വാര്‍ത്ഥത മാത്രം
നിറഞ്ഞുവാഴും.

ആശയ്ക്കറുതി
വന്നീടുകിലാത്മാവില്‍
ശാന്തിതന്‍ പൂമരം
പൂത്തുനില്‍ക്കും!

ലോകം മുഴുവനും
ശാന്തി പരക്കുമാ
നല്ല നാളേയ്ക്കണി 
 ചേരുക നാം!



Sunday, September 9, 2012

സ്മൃതിഭ്രംശം


ഇന്നു ഞാന്‍ കാണുന്ന കാഴ്ചകള്‍ നാളെ -
യെന്നോര്‍മയില്‍  നിന്നു മറഞ്ഞുപൊപ്പോയിടാം

ആരാണു ഞാനെന്നുപോലുമറിയാത്ത
പാഴ്വസ്തുവായിക്കിടന്നിടാമേറെനാള്‍

ഓര്‍മതന്നേടുകള്‍ പൊയ് പ്പോയ പുസ്തക-
ച്ചട്ടപോല്‍ ജീവിതം   പിഞ്ഞിപ്പറിഞ്ഞിടാം

ഏടുകള്‍ കോര്‍ത്തൊന്നുകെട്ടുവാനാവാതെ
നിശ്ചലമായിക്കിടന്നിടാമേറെനാള്‍

അന്നെന്‍ പ്രിയപ്പെട്ടയാളുകള്‍ വന്നെന്ന-
വസ്ഥയെക്കണ്ടു  നെടുവീര്‍പ്പുകൊണ്ടിടാം

തന്നെ  മനസ്സിലായില്ലെയെന്നെന്നോടു
മെല്ലെയന്വേഷിച്ചു സങ്കടംകൊണ്ടിടാം

തിരിച്ചറിവില്ലാത്ത കുട്ടിയെപ്പോലെ ഞാന്‍
ബോധമില്ലാതന്നു   പൊട്ടിച്ചിരിച്ചിടാം

ചോര്‍ന്നുപോയോരെന്നോർമ്മകൾക്കുള്ളില്‍ ഞാന്‍
തേടിയലഞ്ഞിടാമോരോ മുഖങ്ങളെ

എന്നെ സ്നേഹിച്ചവര്‍ ചൊല്ലിടാമെന്തിന്നു
 നല്കിയിവള്‍ക്കീ ദുരിതദിനങ്ങളെ

മറിച്ചോ, വെറുത്തവര്‍  ചൊല്ലിടാമെല്ലാ-
മിവള്‍ ചെയ്ത കര്‍മ്മത്തിന്‍ തിക്തഫലങ്ങള്‍താന്‍ !
 
ഒന്നുമറിയാതെ പാവയെപ്പോലെ ഞാന്‍
കണ്ണും മിഴിച്ചു പകച്ചു കിടന്നിടാം

മച്ചിന്‍ മുകളിലെ നിശ്ചലബിന്ദുവില്‍
കണ്‍നട്ടു മൃത്യുവെക്കാത്തുകിടന്നിടാം

മാരുതന്‍വന്നു തൊടുന്ന പോലത്ര
തരളിതമാകുമോ  മൃത്യുവിന്‍ ലാളനം!

ഒട്ടുമെളുതല്ല ജീവിതം പാരിതി-
ലത്രമേല്‍ ദുഷ്ക്കരം മൃത്യുവുമോര്‍ക്കുകില്‍.

കാലം നമുക്കു കരുതിവച്ചിട്ടുള്ള-
താര്‍ക്കൊന്നു കാലേയറിഞ്ഞിടാനായിടും !

ജീവന്നു ചുറ്റും കറങ്ങുമീ മാനവന്‍
കാലന്നു ചുറ്റും കറങ്ങുന്നു കാലവും !





Friday, March 9, 2012

ബാല്യം


ഇന്നലെ:

വീടിന്‍ തൊടിയിലെ
പൂവിലും പുല്ലിലും
പാറിനടക്കുന്നു ബാല്യം,
മുത്തുകള്‍പോലങ്ങു
കോര്‍ത്തുവച്ചീടുന്നു
നേരിട്ടുകണ്ടതും കേട്ടതു-
മപ്പുറം അമ്മൂമ്മ ചൊന്നതും ചേലില്‍;


കാലം കഴിയവേ
ജീവിതമാര്‍ത്തങ്ങു 
വന്നാലുമന്നവന്‍ ശക്തന്‍,
നേരിട്ടുനിന്നിടാന്‍ പ്രാപ്തന്‍!

ഇന്ന്:

ഫ്ലാറ്റിന്‍റെ മൂലയില്‍
വച്ചോരു പെട്ടിയില്‍
പെട്ടുകിടക്കുന്നു ബാല്യം
പെട്ടിതന്നുള്ളിലെ
ലോകത്തിന്നപ്പുറം
ലോകമില്ലാത്തൊരു ബാല്യം
ലോകത്തെയാകവേ
പെട്ടിയിലാക്കി നാം
കുട്ടിയ്ക്കു നീട്ടിയ  നാളില്‍ ‍
കാണരുതാത്തതും
കേള്‍ക്കരുതാത്തതു-
മെല്ലാമറിഞ്ഞു വളര്‍ന്നു,
അവനുണ്മയെപ്പുല്‍കാന്‍ മറന്നു;

എല്ലാമറിയുന്ന നാട്യം
താനൊരു കുട്ടിയേയല്ലെന്ന  ഭാവം!
ലോകവിവരത്തില്‍ മുന്‍പന്‍,
ശാസ്ത്രഗണിതത്തില്‍  വന്‍പന്‍!

കാലം കഴിയവേ
ജീവിതം വന്നങ്ങു
മുന്നില്‍ നിന്നപ്പോള്‍ വലഞ്ഞു,
പെട്ടിയില്‍ക്കാഴ്ചകള്‍
കാണുന്നപോലത്ര
സാദ്ധ്യമല്ലീയുള്ള  ലോകം,
കൈവിരല്‍ത്തുമ്പാല്‍
നിയന്ത്രിതമായൊരു
കട്ടയാല്‍ ജീവിതം തീര്‍ക്കാ-
നാവില്ലിതാര്‍ക്കു മെന്നോര്‍ക്ക!
പെട്ടിതന്നുള്ളില്‍
കുരുങ്ങിക്കിടക്കുന്ന
ബാല്യം പുറത്തെടുത്തീടാം
പെട്ടിയില്‍ നിന്നു
പുറത്തു കടന്നൊരീ
നേരായ ജീവിതം കാണാം!





ആശയ ദാരിദ്ര്യം


കവിത വരും വരുമെന്ന്

കാത്തിരുന്നു മടുത്തു.


ബ്ലോഗിലിടാനാണെന്നു

പറഞ്ഞുനോക്കി,

വക വച്ചതേയില്ല .


കവിയരങ്ങില്‍ ചൊല്ലാനാണെന്നു

കെഞ്ചി,

പരിഹസിച്ചു തള്ളി.


ബുദ്ധിജീവി ചമയാനാണെന്നു സമ്മതിച്ചു,

ബുദ്ധിയുണ്ടായിട്ടു വേണ്ടേ എന്ന ഭാവം!


ഞെക്കി പഴുപ്പിച്ചു നോക്കി,

ഉള്ള കാമ്പ് കൂടി

നാശമായത് മിച്ചം....


കാമ്പില്ലാത്ത കവിതയെഴുതാന്‍

കമ്പമില്ലാത്തത്‌ കൊണ്ട്

തല്‍ക്കാലം അടങ്ങിയൊതുങ്ങിയിരിക്കാം.