മൊക്കെയും മർത്ത്യകുലത്തിൽ പിറന്നവർ
കീഴ്‌ജാതിയല്ല മേൽജാതിയുമല്ല, നാം
കർമ്മയോഗത്തിനാൽ* ശ്രേഷ്‌ഠരാകേണ്ടവർ
സത്യമായ് ചെയ്യുന്ന കർമ്മങ്ങളൊക്കെയും
മെച്ചമാണില്ലതിലുച്ചനീചത്വവും
അത്രയേ ചിന്തിച്ചിടേണ്ടതുള്ളൂ, മനം
കത്തുന്ന വൈരാഗ്യമൊക്കെ ശമിക്കുവാൻ
പായുന്ന കാറ്റിൻറെയൊപ്പവും, പാറുന്ന
പക്ഷിതൻ കാഷ്ഠത്തിനൊപ്പവും യാത്രയായ്,
വീഴുന്ന വിത്തുകൾ പൊട്ടിമുളയ്ക്കുന്നു
ദേശാന്തരങ്ങളെ സ്വന്തമാക്കീടുന്നു!
സ്വന്തമെന്നുള്ളൊരു ചിന്തയിൽ നിന്നുടൻ
വന്നുഭവിക്കുന്നു ദ്വന്ദമെന്നുള്ളതും!
പിന്നീടു ചിന്തിച്ചിടുന്നതിലൊക്കെയു-
'മെൻറെയെൻറേ'തെന്ന പാഴ് ശ്രുതി മാത്രമാം
സങ്കൽപ്പരേഖകൾ കൊണ്ടൊരീ പാരിനെ-
യാദ്യമായ് ഖണ്ഡിച്ച മർത്ത്യമസ്തിഷ്കമേ,
എന്തിന്നപരാധമീ വിധം ചെയ്തു നീ-
യിന്നതിനാലിങ്ങരുംകൊലയെന്നുമേ.
കോവിലോ മസ്ജിദോ പള്ളിയോ, മാർഗ്ഗ-
മതേതുമാകട്ടെ നാമെത്തുമൊരേയിടം
പർവ്വതാഗ്രം തന്നിലെത്തുന്നു, താഴ്‌വര-
ച്ചുറ്റിൽ നിന്നെത്തുന്ന പാതകളൊക്കെയും!
മാർഗ്ഗമദ്ധ്യേ വന്നുവീഴുന്ന സ്പർദ്ധകൾ
നീചരൊളിഞ്ഞിരുന്നെയ്യുന്നൊരമ്പുകൾ
മാർഗ്ഗം മുടക്കുന്ന മായാതിമിരമാ-
ണെന്നു തിരിച്ചറിഞ്ഞാൽ ശുഭമൊക്കെയും.
അജ്ഞാനമാകുമിരുട്ടിൻ കരിമ്പട-
ക്കീഴിലൊളിക്കുമറിവിൻ വിളക്കുകൾ
അക്ഷരദീപം തെളിച്ചകറ്റീടണം
ആത്മാവ് മൂടുന്ന ക്ളാവും കറകളും
അക്ഷരമൂറുന്ന നാക്കുകളേ, വിഷം
ചേർക്കാത്ത വാക്കുകൾ കാതുകൾക്കേകുക
വാക്കിലെയഗ്നി തൻ ശുദ്ധിയും സത്യവും
മായ്ക്കട്ടെ പാരിലെയജ്ഞതയൊക്കെയും
കർണ്ണപീയൂഷവും കർമ്മപീയൂഷവും
നിർമ്മലമായ്ത്തീർക്കുമീ വിശ്വമൊക്കെയും
സീമകൾ മായുന്ന നാൾ വന്നുചേരുകിൽ
ലോകമേ നീ സ്വർഗ്ഗഭൂമിയായ് തീർന്നിടും!
--------------------------------------------------------------------------------------
(*കർമ്മയോഗം = ഫലേച്ഛ കൂടാതെയുള്ള കർമ്മാനുഷ്‌ഠാനം)