പൈതൃകം നൽകിയ
ശീതളച്ഛായയിൽ
മെയ്യനങ്ങാതങ്ങു
തിന്നിരിക്കുന്നവർ
വന്നിരിക്കുന്നുവീ
മണ്ണിൽ മുളയിടും
വിത്തുകൾക്കുള്ളിൽ
വിഷം നിറച്ചീടുവാൻ
പണ്ടുള്ള സത്തുക്കൾ
ചൊല്ലിയതൊക്കെയും
നിന്ദിച്ചിടുന്നതോ
പുത്തനാം വിപ്ലവം?
നന്നെന്നു കേട്ടു
വളർന്നവയൊക്കെയും
ഭള്ളെന്നു ചൊല്ലുന്ന-
തത്രേ പുതുമതം!
സദാചാരമിന്നു കാലാ-
വധി തീർന്നതാം
പാഴ്പുരാവസ്തുവെ-
ന്നോതിടുന്നൂ ചിലർ
സംസ്കാരമെന്ന വാ-
ക്കോതുകിൽ നിശ്ചയം
പന്തം കൊളുത്തി
പ്രകടനം കണ്ടിടാം!
നന്നായ് നടപ്പതിനെ-
യുടനൊന്നാകെ
യില്ലായ്മ ചെയ്തു
വരുത്തുന്നു വിപ്ലവം!
ലടിമത്വമെന്നതോ
ഇന്നത്തെ സ്വാതന്ത്ര്യ
വിപ്ലവസൂക്തവും?!
നിന്ദിച്ചു നിന്ദിച്ചു
തീരുന്ന ജീവിതം
കൊണ്ടു സുഖമാർക്കു
വന്നിടാനൂഴിയിൽ?
വന്നതില്ലാർക്കുമേ
യിന്നേ വരേയ്ക്കൊരു
വല്ലായ്മയും മഹത്
വാക്കുകൾ കേൾക്കയാൽ
വടിവൊത്ത വാക്കുകൾ
തൻ ശുദ്ധിയൊക്കെയും
അണുബാധയേറ്റ പോ-
ലിന്നു വികലമായ്
പകരുന്ന വ്യാധിയെ
പടരുവാൻ വിട്ടവ-
രഴുകും വിഴുപ്പു
ചുമക്കുമണുക്കളായ്
വിപ്ലവമല്ലിതു
ചപ്പിളികുപ്പയാ-
ണെത്രയുംവേഗം
പടരുമണുക്കളും
വളരുന്ന മക്കളു-
മതിനടിപെട്ടുപോം
അതിനാലാവർക്കു
സൽബുദ്ധി നൽകീടണം
അണുതുല്യജീവിതം
അണുതുല്യജീവിതം
ഗുണമുറ്റതാക്കുവാൻ
തൃണതുല്യമായി നാം
വിനയം വരിക്കണം
മെതിയേറ്റടിഞ്ഞുപോം
തൃണമെന്നിരിക്കിലും
കറുകതൻ തുമ്പിനെ
കാറ്റു പിടിക്കൊലാ!
കടയറ്റ വൻമരം
ഉയിരറ്റു പോയിടും,
ഉയരത്തിൽ നിന്നു
പതിക്കും പ്രപാതവും
പതിക്കും പ്രപാതവും
മനുജപ്രതാപവു-
മൊരുനാൾ ശമിച്ചിടും
അതിരറ്റഹന്തയിൽ
പാറിപ്പറക്കുകിൽ
ഉയരത്തിലേക്കു നാം
കയറുന്ന കോണിയും
തറയിൽ നിന്നടിതെറ്റി
യെന്നാലുതകിടാ!
മനമുറച്ചീടണം
അടിയുറച്ചീടുവാൻ,
അടിയുറച്ചീടണം
പടിയുറച്ചീടുവാൻ
പിടിവിട്ട വാക്കുകൾ
ചൊരിയുന്ന നാക്കിനെ
വരുതിയിലാക്കുവാൻ
വിനയം പഠിക്കണം!
അഹമെന്ന ഭാവത്തി-
നറുതി വരുത്തുകി-
ലിഹസുഖം വന്നു
ഭവിച്ചിടും നിശ്ചയം!
ഇതുകേട്ടു കടുകയ്പ്പു
നീർ കുടിച്ചെന്നപോൽ
പുരികം വളയ്ക്കുന്നു
പരിഹാസചിന്തകർ.
സദ് വചനങ്ങള്‍ ഇഷ്ടപ്പെട്ടു ടീച്ചര്‍.
ReplyDeleteആശംസകള്‍
അർത്ഥമുള്ള വരികൾ. കവിത നന്ന് . ആശംസകൾ ടീച്ചർ.
ReplyDeleteപിടികിട്ടാത്ത ന്യൂ ജനറെഷന്സ് !!.
ReplyDeleteസുഭാഷിതം നന്നായി. ഒഴുക്കുള്ള വരികൾ. നല്ല കവിത.
ReplyDeleteപിടിവിട്ട വാക്കുകൾ.... ആ നാല് വരി സുന്ദരമായി