- മൂന്നാംനാൾ ഞായറാഴ്ച
- സർബജിത്
- കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
- പിങ്ക്
ഇക്കഴിഞ്ഞ അവധിക്കാലത്ത് മൂന്ന് നാല് നല്ല സിനിമകളുടെ സി ഡികൾ കണ്ടു. കാണാനിരുന്ന സമയം പാഴായിപ്പോയില്ല എന്ന സംതൃപ്തി തന്ന നാല് സിനിമകൾ.
നാടോടുമ്പോൾ നടുവേ ഓടുന്ന ബഹളമയമായ സിനിമകൾക്കപ്പുറം ഇത്തരം കൊച്ചുകൊച്ചു വലിയ സിനിമകളെ സ്നേഹിക്കുന്നവരിൽ ആരെങ്കിലും ഇവ കാണാത്തവരുണ്ടെങ്കിൽ അവരുടെ ശ്രദ്ധയിലേക്കായി ഇതാ നല്ല നാല് സിനിമകൾ.
'മൂന്നാംനാൾ ഞായറാഴ്ച'
ഒരു കുടുംബത്തിൻറെ മതപരിവർത്തനവും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിഷയമാക്കിയ സിനിമ. വിഷയത്തിൻറെ പുതുമയും ലളിതമായ അവതരണവും കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളും അവരുടെ തന്മയത്ത്വമാർന്ന അഭിനയവും മുഷിപ്പിക്കുന്ന തമാശകളുടെ അഭാവവും ഈ സിനിമയെ സുന്ദരമാക്കിയിരിക്കുന്നു. സലീംകുമാർ കറ കളഞ്ഞ അഭനയം കാഴ്ച വച്ചിരിക്കുന്നു. ബാബു ആന്റണി എന്ന നടന് ഇത്ര അനായാസമായി അഭിനയിക്കാൻ കഴിയും എന്നത് ഈ സിനിമ കണ്ടപ്പോൾ തിരിച്ചറിഞ്ഞു. പണ്ട് വൈശാലിയിൽ ചെയ്ത ലോമപാദരുടെ വേഷത്തിനു ശേഷം ബാബു ആൻറണി ചെയ്ത നല്ലൊരു വേഷം.
ടി എ റസാഖിന്റെ കഥ അദ്ദേഹം തന്നെ സംവിധാനം ചെയ്ത് സലിംകുമാർ നിർമ്മിച്ചിരിക്കുന്ന ഈ മികച്ച ചിത്രം എന്ത് കാരണങ്ങൾ കൊണ്ടാണ് ജനങ്ങളിൽ എത്താതെ പോയത് എന്നത് ചിന്തനീയം.
സർബജിത്
ഒട്ടുമിക്ക ആളുകളും ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കാവുന്ന ഈ സിനിമയുടെ ഉള്ളടക്കത്തെ പറ്റി ഒന്നും പറയേണ്ടതായില്ല. അത്രയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണല്ലോ ഇത്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെ തമ്മിൽ വിഭജിക്കാൻ മനുഷ്യർ വരച്ചിരിക്കുന്ന സാങ്കല്പികരേഖകൾ മാഞ്ഞുമാഞ്ഞു പോകുന്ന കാലം എത്രയും വേഗം ഉണ്ടാകണേ എന്ന് തീവ്രമായി ആഗ്രഹിച്ചുപോയി.
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
പേര് കേട്ടപ്പോൾ ആദ്യം, ' ഓ. വല്ല വളിച്ച തമാശയുമായിരിക്കും' എന്ന മുൻ വിധിയോടെയാണ് കാണാനിരുന്നത്. പക്ഷേ ആദ്യത്തെ കുറച്ച് ഭാഗം കഴിഞ്ഞപ്പോഴേയ്ക്കും രസച്ചരട് മുറുകിയിരുന്നു. സിനിമ മുഴുവൻ കഴിഞ്ഞപ്പോഴേയ്ക്കും കൊച്ചവ്വ എന്ന അജയനും അയ്യപ്പദാസും നിസ്സാരക്കാരല്ല എന്ന് ബോദ്ധ്യവുമായി. കുഞ്ചാക്കോ ബോബൻറെ നിർമാണത്തിൽ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ തീർച്ചയായും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു സദുദ്ദേശസിനിമയാണ്. കുഞ്ചാക്കോ ബോബൻ എന്ന നടൻ ഒരു നിർമ്മാതാവായപ്പോൾ മറ്റു പല പ്രശസ്ത നടന്മാരും ചെയ്യുന്നതുപോലെ സ്വന്തം കീശ വീർപ്പിക്കാനുള്ള ചേരുവകളെ അന്വേഷിച്ചുപോകാതെ സമൂഹത്തിലെ ഇളംതലമുറയോടുള്ള ഒരു കരുതൽ കാണിക്കുവാൻ സന്നദ്ധനായത് വളരെ ആശ്വാസകരവും അഭിനന്ദനാർഹവും ആണ്. ഇത്തരത്തിലുള്ള സിനിമകൾ തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു. അയ്യപ്പദാസ് എന്ന കേന്ദ്രകഥാപാത്രത്തെ രുദ്രാക്ഷ് സുധീഷ് എന്ന മിടുക്കനായ ബാലതാരം അവിസ്മരണീയമാക്കിയിരിക്കുന്നു. പൗലോ കൊയ്‌ലോ എന്ന വിശ്വ വിഖ്യാതനായ എഴുത്തുകാരൻറെ 'ആൽക്കെമിസ്റ്റ്' എന്ന നോവലിലെ ആ പ്രശസ്തമായ വാചകം തന്നെയാണ് ഈ സിനിമയുടെയും സന്ദേശം. ഒപ്പം, ആഗ്രഹം നേടിയെടുക്കുന്നതിനിടയിൽ മനുഷ്യത്വം മറക്കാതിരിക്കണം എന്ന അപ്രധാനമല്ലാത്ത അനുബന്ധവും.
പിങ്ക്
ഒരു റിവ്യൂവിൻറെയും പ്രശസ്തിപത്രം ആവശ്യമില്ലാത്ത, ഈ കാലഘട്ടത്തിന് അനിവാര്യമായ സിനിമ! ഈ കാലഘട്ടം വരുത്തിവച്ച സിനിമ!
No comments:
Post a Comment