Followers

ക്രോസ്സ്‌റോഡ് - സിനിമ

 August 7, 2018


ക്രോസ്സ്‌റോഡ് - അത്ര നിസ്സാരമല്ല ഈ നാൽക്കവല. വെറുതേയിത്തിരി നേരം കൊല്ലാനിരുന്നപ്പോഴാണ് ക്രോസ്സ്‌റോഡ് എന്ന സിനിമയുടെ സി ഡി കിട്ടിയത്. എന്നാൽ, പത്തു ചെറുസിനിമകളടങ്ങിയ, ഏതാണ്ട് രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ ദൃശ്യാവിഷ്‌ക്കാരം കണ്ടുകഴിഞ്ഞപ്പോൾ വെറും നേരംകൊല്ലി സിനിമകളുടെ ഗണത്തിൽ പെടുത്തേണ്ട ഒന്നല്ല ഇതെന്ന തിരിച്ചറിവാണുണ്ടായത്. പലപ്പോഴും കണ്ണും കാതും ബുദ്ധിയും അടിച്ചുപോകുന്ന 

തരത്തിലുള്ള പരസ്യകോലാഹലങ്ങൾ കണ്ട് മനം മയങ്ങുകമൂലം കണ്ടുപോകുന്ന വമ്പൻ സിനിമകളേക്കാൾ നമ്മെ ചിന്തിപ്പിക്കും ഇത്തരത്തിൽ, വളരെ തികഞ്ഞ ഉത്തരവാദിത്തത്തോടെ സമൂഹത്തോട് സംവദിക്കുന്ന ചെറുസിനിമകൾ.

'ഒരു രാത്രിയുടെ കൂലി', 'കാവൽ', 'പക്ഷിയുടെ മണം', 'മൗനം','ബദർ', 'മുദ്ര', 'ലേക്ക് ഹൗസ്', 'കൊഡേഷ്യൻ', 'ചെരിവ്', 'പിമ്പേ നടപ്പവൾ' എന്നിങ്ങനെ വൈവിദ്ധ്യമുള്ള പത്തു സിനിമകളാണ് ക്രോസ് റോഡിലുള്ളത്. ആദ്യത്തെ സിനിമയായ 'ഒരു രാത്രിയുടെ കൂലി' കണ്ടുതീരുമ്പോൾ അതിലെന്തോ ഒരു ലോജിക്കില്ലായ്മ അനുഭവപ്പെടുമെങ്കിലും പിന്നീടു വരുന്ന സിനിമകൾ കൂടുതൽ മെച്ചപ്പെട്ടവയാണ്. എന്നിരുന്നാലും ഏറ്റവും അഭിനന്ദനാർഹം ജയരാജ് സംവിധാനം ചെയ്ത 'കോഡേഷ്യൻ' തന്നെ. ഞെട്ടലോടെ മാത്രം കാണാൻ സാധിക്കുന്ന ഇതിൻറെ അവസാനരംഗം ഷൂട്ട് ചെയ്തവർക്ക് ഒരു ബിഗ് സല്യൂട്ട്. പുതുസംവിധായിക നയന സൂര്യയുടെ 'പക്ഷിയുടെ മണം', അശോക് ആർ. നാഥിൻറെ 'ബദർ', ലെനിൻ രാജേന്ദ്രൻറെ 'പിൻപേ നടപ്പവൾ', ബാബു തിരുവല്ലയുടെ 'മൗനം' എന്നിവയും വളരെ ശ്രദ്ധേയം.

എടുത്തുപറയേണ്ട മറ്റൊന്ന് കൊഡേഷ്യൻ  എന്ന സിനിമയിൽ പ്രധാന വേഷം അഭിനയിച്ച എഴുപത്തൊമ്പതു വയസ്സുകാരിയായ കാഞ്ചന എന്ന വസുന്ധരാദേവിയുടെ അഭിനയത്തികവാണ്. അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് 1964 മുതൽക്ക് തുടങ്ങിയ സിനിമാജീവിതത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി നൂറ്റമ്പതിനു മുകളിൽ സിനിമകളിൽ തൻറെ കഴിവ് തെളിയിച്ച മികച്ച അഭിനേത്രിയാണ് ഈ തമിഴ് നാട്ടുകാരി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ പ്രായത്തിലും ഇത്രയും തന്മയത്വമായ അഭിനയം കാഴ്ച വയ്ക്കുന്ന ഈ അഭിനേത്രിയെ അനുയോജ്യമായ റോളുകളിൽ ഇനിയും കാണാൻ മലയാളസിനിമാസ്വാദകർ ഇഷ്ടപ്പെടുമെന്നത് തീർച്ച.

കച്ചവടക്കണ്ണിനപ്പുറം സമൂഹത്തോട് സത്യസന്ധമായ കടപ്പാടുള്ളവർക്ക് സാമൂഹികതിന്മകളേയും പ്രശ്നങ്ങളേയും ശക്തമായി പ്രതിപാദിക്കുവാനും അവയ്‌ക്കെതിരെ പ്രതിഷേധിക്കുവാനും അശ്ലീലദൃശ്യപദാവലികളുടെ അഴിഞ്ഞാട്ടമില്ലാതെ തന്നെ സാദ്ധ്യമാണെന്ന് ഫോറം ഫോർ ബെറ്റർ ഫിലിംസിൻറെ ബാനറിൽ ഇറങ്ങിയ ക്രോസ്സ്‌റോഡ് എന്ന ഈ ചെറുസിനിമ നമ്മെ കാണിച്ചുതരുന്നു. ഇതിൻറെ ശില്പികൾക്ക് ഈ വൈകിയ വേളയിലെങ്കിലും അഭിനന്ദനങ്ങൾ നേരുന്നു.

No comments:

Post a Comment