2020, December 1
പെല്ലിശ്ശേരി സിനിമകളോട് ഇതോടെ സുല്ല് . 👎
അവധിദിവസങ്ങൾ തുടങ്ങുകയാണല്ലോ, ഏതെങ്കിലും പുതിയ സിനിമയുണ്ടെങ്കിൽ കണ്ടുകളയാം എന്നുകരുതി. കണ്ണിൽ തടഞ്ഞതോ, ജെല്ലിക്കെട്ട്.
ഹോ! എന്തുപറയാൻ? പറ്റിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. അത്രയും സമയം കളഞ്ഞതിനു പശ്ചാത്തപിക്കുന്നു. മുഴുവനുമൊന്നും കണ്ടില്ല. ആദ്യത്തെ കുറേ സീനുകൾ കടിച്ചുപിടിച്ച് ക്ഷമിച്ചിരുന്നുനോക്കി, ഉദാത്തമായതെന്തോ വരാനുണ്ടെന്നു പ്രതീക്ഷിച്ച്. (ഓസ്കാറിനൊക്കെ നോമിനേറ്റ് ചെയ്തു എന്നാണല്ലോ കേൾക്കുന്നത്, വെറുതെ ഒരു പ്രതീക്ഷ) ക്ഷമ കെട്ടപ്പോൾ ഓടിച്ചുവിട്ടുകണ്ടുനോക്കി. അവസാനഭാഗത്തെങ്കിലും എന്തെങ്കിലും കാണുമെന്നു കരുതി. തെറ്റ് എൻ്റെ തന്നെ. പൊടിപ്പും തൊങ്ങലും വച്ചു പടച്ചുവിട്ട അഭിനന്ദനറിവ്യൂകളെ അടിസ്ഥാനമാക്കി സിനിമ കാണാനിരിക്കുന്നതിനു മുൻപ് ഓർക്കേണ്ടതായിരുന്നു ഈ സംവിധായകൻ്റെ പേരിൽ മുമ്പിറങ്ങിയ സിനിമകളുടെ ഉള്ളടക്കത്തെയും അവതരണരീതിയെയും കുറിച്ച്. തമോഗുണപ്രധാനമല്ലാത്തതോ, സാമൂഹ്യപ്രതിബദ്ധതയുള്ളതോ, സദ്ഭാവനയെ ഉണർത്തുന്നതോ, കണ്ടാൽ വീണ്ടും കാണാൻ തോന്നിക്കുന്നതോ ഇതൊന്നുമല്ലെങ്കിൽ സ്വയം തെറ്റ് തിരുത്താനുതകുന്നതോ ആയ ഒരു സീനോ സംഭാഷണശകലമോ പോലും ഇദ്ദേഹത്തിൻറെ സിനിമകളിൽ കാണാൻ കിട്ടാറില്ല എന്നതു മറന്നുപോയത് എൻ്റെ കുറ്റം തന്നെ. ഏതായാലും ഇനി മറക്കില്ല.
പിന്നെ മറ്റൊരു സംശയം, എന്തിനാണാവോ ഇതിനു ജെല്ലിക്കെട്ട് എന്നു പേരിട്ടിരിക്കുന്നത്? യഥാർത്ഥത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ടിൻ്റെ ആശയവുമായി പുലബന്ധം പോലും ഈ സിനിമയ്ക്കില്ല. എങ്കിലും ഇതു കാണുന്ന സായിപ്പന്മാരെയും മദാമ്മമാരെയും പറ്റിക്കാം ഇതുപോലെ എന്തോ ഒന്നാണു തമിഴ്നാട്ടുകാർ ആവേശത്തോടെ പൊരുതിനേടിയെടുത്ത കോടതിവിധിക്കടിസ്ഥാനമായ ജെല്ലിക്കെട്ട് എന്ന്. (സ്‌പെയിനിലെ കാളപ്പോരിൽ പങ്കെടുക്കുന്ന യോദ്ധാക്കളുടെ സാഹസികതയെ വാനോളം പുകഴ്‌ത്താൻ മടിയില്ലാത്ത പലർക്കും തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവരുടെ സാഹസികതയെ അംഗീകരിക്കാൻ കുറച്ചിലാണെന്നത് മറ്റൊരു ഇരട്ടത്താപ്പ്- ആ ജെല്ലിക്കെട്ടുമായി ഈ സിനിമയ്‌ക്കൊരു ബന്ധവുമില്ലെങ്കിലും സന്ദർഭവശാൽ എഴുതിയെന്നുമാത്രം.) സാംസ്കാരികമായി ഉയർന്നുവെന്നു നടിക്കുന്ന മനുഷ്യവർഗ്ഗം ഇപ്പോഴും പോത്തിൽ നിന്നും പോത്തിനെ വേട്ടയാടിപ്പിടിച്ചിരുന്ന കാട്ടാളന്മാരിൽ നിന്നും ഒട്ടും ഉയർന്നിട്ടില്ല എന്നാണു 'കവി' പറയാൻ ഉദ്ദേശിച്ചതെന്നാണ് എവിടെയോ റിവ്യൂ വായിച്ചത്. അതുതന്നെയാണു സംവിധായകൻ ഉദ്ദേശിച്ചതെങ്കിൽ, തൻ്റെയും തൻ്റെ നാടിൻ്റെയും സാംസ്കാരികോന്നതിയിൽ അഭിമാനിക്കുന്നവർക്കു നേരെ ഉന്നം വയ്ക്കുന്നതാകണം ഈ സിനിമ. അങ്ങനെയെങ്കിൽ ഓസ്കാർ നോമിനേഷനും ആ വഴിക്കു തന്നെ വന്നതാകണം. സ്വന്തം നാടിനെ ഇകഴ്ത്താനും ചില പ്രശസ്തിപത്രങ്ങൾക്കു കഴിയും എന്ന് ചുരുക്കം.
എന്തായാലും സിനിമ എനിക്കു പിടിച്ചില്ല, തീരെ ഉൾക്കൊള്ളാനായില്ല എന്നു മാത്രമേ പറയാനുദ്ദേശിച്ചുള്ളൂ. (അതിനു "താനാരുവാ" എന്ന് ചോദിക്കരുത്, 'തനിക്കു താനാരാണെന്നറിയാൻ പാടില്ലെങ്കിൽ.... 'എന്നു മാത്രമുത്തരം!😛)
ഇതൊരു ഉദാത്തമായ കലാസൃഷ്ടിയായി കരുതുന്ന സുഹൃത്തുക്കൾ സദയം എന്നോടു പൊറുക്കുക.😌
No comments:
Post a Comment