Followers

പാളിപ്പോയ സംഗീതത്താൽ പോറലേറ്റ ഹൃദയം

27-02-2022


കലയും ഭക്തിയും പരസ്പരപൂരകങ്ങളാണ്. കലയിലൂടെ ഈശ്വരോപാസനയും ഭക്തിയിലൂടെ കലാവൈഭവവും തെളിയിച്ച എത്രയെത്ര ശ്രേഷ്ഠരായ ഉപാസകരുടെ നാടാണു നമ്മുടേത്. കലയിൽ ഭക്തിയും ഭക്തിയിൽ കലയും തീർച്ചയായും ഉൾക്കൊണ്ടിട്ടുണ്ട്‌.  എന്നാൽ ഊർജ്ജസങ്കേതങ്ങളായ വേദമന്ത്രങ്ങൾ  നിഗ്രഹാനുഗ്രഹശക്തികളുള്ളവയാണ്.   അവ തീർച്ചയായും കേവലം വിനോദോപാധിയായി ഉപയോഗിക്കേണ്ടവയല്ല. ഓരോ സ്വരത്തിനും അക്ഷരത്തിനുംപോലും  അന്തരാർത്ഥങ്ങൾ കല്പിച്ചിട്ടുള്ള അവ വളരെയധികം ശ്രദ്ധയോടെയും നിഷ്ഠയോടെയും ശുദ്ധിയോടെയും ഭക്തിയോടെയും മാത്രം ഉച്ചരിക്കപ്പെടേണ്ടവയാണ്.    

വെറുതെ റീലുകൾക്കിടയിലെ വിടവു നികത്താനും കാഴ്ചക്കാരിലും കേൾവിക്കാരിലുമൊക്കെ ഒരു ഓളമുണ്ടാക്കാനും ഇതുവരെ ആരും പരീക്ഷിക്കാത്ത പശ്ചാത്തലസംഗീതമൊരുക്കാനുമൊക്കെയായി അത്തരം വൈദികശാക്തേയമന്ത്രങ്ങൾ തട്ടുപൊളിപ്പൻ സംഗീതവും ചേർത്ത്  ഉത്തരവാദിത്തബോധമില്ലാതെ ഉപയോഗിക്കുന്നതിലെ അവിവേകം പറഞ്ഞുതിരുത്തിക്കൊടുക്കാൻ നമ്മുടെ സിനിമാസംഗീതരംഗത്തു  ദക്ഷിണാമൂർത്തിസ്വാമികളെപ്പോലെയൊക്കെയുള്ള സംഗീതാചാര്യന്മാർ ആരും ഇന്നു ജീവിച്ചിരിപ്പില്ലാതെപോയല്ലോ എന്നു സങ്കടമുണ്ട്. 

കുളിച്ചുശുദ്ധമായി ഇരുസന്ധ്യകളിലും പൂജാമുറിയിൽ വിളക്കുവച്ച് ഒരു നാക്കുപിഴപോലും  വരുത്തരുതേയെന്ന പ്രാർത്ഥനയോടെ മാത്രമേ ചൊല്ലാവൂ എന്ന നിഷ്ക്കർഷയോടെ നമ്മുടെ പൂർവ്വികർ നമുക്കു പഠിപ്പിച്ചുതന്ന ശക്തിയേറിയ മന്ത്രങ്ങൾ കേവലം ഒരു പ്രണയസിനിമയിലെ ദൃശ്യങ്ങൾക്കു കൊഴുപ്പുകൂട്ടാൻ  അവിടവിടെ മേമ്പൊടിയായി ഉപയോഗിച്ചിരിക്കുന്നതു കണ്ടപ്പോൾ  അനുചിതമായ പശ്ചാത്തലസംഗീതം കൊണ്ടാകമാനം പോറലേറ്റ സിനിമ എന്നാണു  തോന്നിയത് #ഹൃദയം കണ്ടപ്പോൾ. 

('നഗുമോ' എന്ന എന്ന ത്യാഗരാജകീർത്തനം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ചല്ല ഇത്രയും പരാമർശിച്ചത്.  പല മന്ത്രങ്ങളും അതിലും വികലമായിട്ടാണ്  ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അതും സന്ദർഭത്തിന് ഒരുതരത്തിലും ചേരാത്തവിധത്തിൽ. സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ?!

പശ്ചാത്തലസംഗീതം അനുചിതമായി എന്നതു  മാറ്റിനിർത്തിയാൽ ചിത്രം തരക്കേടില്ല. കണ്ടിരിക്കാവുന്ന ഒരു പ്രണയസൗഹൃദചിത്രം. അത്രമാത്രം.




No comments:

Post a Comment