Followers

Thursday, February 19, 2026

നവീ(ശീ)കരണം


ആത്തണലില്ലിനിമേലിലാക്കാവിലെ
കാടു പോയ്, വേവുന്ന ചൂടാണു ഭാവിയിൽ. 
കാടടച്ചുദ്ധരിച്ചാട്ടിക്കളഞ്ഞോരു
കാവിതിൽ നാഗങ്ങൾ കല്ലായിരിക്കുന്നു!
വെട്ടിനിരത്തിപ്പുതുക്കീ ശതകങ്ങ -
ളൂഴിയിലാഴ്ന്നു വേരോടിയ പൈതൃകം.
നൂറ്റാണ്ടുകൾ കണ്ട കാവിതിൽക്കാവലാ-
യിക്കണ്ടകാലം വസിച്ച ചരങ്ങളോ
കാടും കരിയിലച്ചപ്പും തിരഞ്ഞല -
ഞ്ഞെങ്ങോയിഴഞ്ഞുപോയാർക്കുമറിവീല
നാഗബിംബാരാധനയ്ക്കായണഞ്ഞവർ
വാഴ്ത്തുന്നു ജീവൻ നിലച്ചോരു കാവിനെ...
"കാടുപോയപ്പോൾ തെളിച്ചമായ് കാവിതിൽ
വന്നുപോകാനുമെളുപ്പമായ്, മെച്ചമായ് ,
പാമ്പു വരില്ലിനി, നിർഭയം ചെയ്തിടാം
നാഗപ്രീതിക്കായി പൂജാദികർമ്മങ്ങൾ !
കാവിൻ പുന:പ്രതിഷ്ഠോൽസവം കേമമായ് !
കാടിന്നടിയന്തരമഹോ കേമമായ് !
നിത്യം തൊഴാനിനി ചിത്രമായ് തൂക്കിടാം
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!
ചിത്രോടക്കല്ലേയനുഗ്രഹിച്ചീടുക!"


Before

 



After 


Sunday, February 15, 2026

ശിവേന സഹ മോദതേ

 


മുക്കണ്ണൻ, കൂവളപ്രിയൻ
മുപ്പുരം വെന്ന കാളവാഹനൻ
മഞ്ഞിൻ നിറമൊത്തവൻ
മഹാഗൗരീപ്രിയൻ, മനോഹരൻ
മഞ്ഞുമാമലവാസൻ, മന്മഥാരി
മഹാമൗനാന്തർഗതനർത്ഥഗർഭൻ
മയോഭവൻ, മഹാമൃത്യുഞ്ജയൻ
മയസ്ക്കരൻ, മതി ചൂടിയോൻ
മനോമായയാമെൻ മാലൊഴിപ്പാൻ
മംഗളരൂപ! നിൻ പ്രിയമായയോടിരപ്പേൻ!


#ശിവരാത്രി2026