Followers

Thursday, February 7, 2019

യൂണിവേഴ്സൽ ശക്തികൾ (ഒരു സാങ്കല്പികസംവാദം )

[ഈ സംവാദം തികച്ചും സാങ്കല്പികമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന വ്യക്തികൾക്കോ സംഭാഷണങ്ങൾക്കോ സംഭവങ്ങൾക്കോ നടന്നതോ നടക്കാനിരിക്കുന്നതോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ  എന്തിനോടെങ്കിലുമോ ആരോടെങ്കിലുമോ സാമ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.] 



"ങ്ഹാ! ഇതാര്? എത്ര നാളായി കണ്ടിട്ട്! ഇതെന്താ ഇവിടെ?"

"ഞാൻ എൻറെ ഒരു മൗലികാവശപ്രശ്നം നടത്തിയെടുക്കാൻ വേണ്ടി വന്നതാ. കാര്യം ഞാൻ ഒരു ഇന്ത്യൻ പൗരിയാണല്ലോ! എനിക്ക് അമ്പത് വയസ്സ് തികയാൻ ഇനി അധിക ദിവസങ്ങളില്ല. എന്നാലും എനിക്ക് നാട്ടിലെ ഏതെങ്കിലും പി എസ് സി ടെസ്റ്റ് എഴുതി ഒരു സർക്കാർ ജോലിയിൽ കേറണംന്നൊരു ആഗ്രഹം. എന്താ, പറ്റുമോ?"

""അതെങ്ങനെ പറ്റും?"

"ഇല്ല അല്ലേ? അതെന്താ കാരണം?"

"അതിന് പി എസ് സി ചട്ടങ്ങൾ (ആചാരങ്ങൾ!!) അനുവദിക്കുന്നില്ല. നിങ്ങൾക്ക് അതിനുള്ള പ്രായമൊക്കെ കഴിഞ്ഞുപോയില്ലേ? അത് തന്നെ."

"ഓഹോ, അത് ശരി!!
എന്നാ പിന്നെ എന്നെ മെഡിക്കൽ എൻട്രൻസ് എഴുതാൻ സമ്മതിക്കുമോ? ഡോക്ടർ ആവണമെന്ന് പണ്ടേ മോഹമൊണ്ടായിരുന്നു. പക്ഷേ അന്നൊന്നും അതിനൊരു   സാഹചര്യം ഒത്തുവന്നില്ല. അതുകൊണ്ടാ."

"ഹേയ് അതൊന്നും നടക്കുന്ന കാര്യമല്ല. അതിനൊക്കെ ഒരു നിശ്ചിതപ്രായപരിധിയില്ലേ? മാത്രവുമല്ല ബിരുദത്തിന് നിങ്ങളുടെ   ഐച്ഛികവിഷയം ചരിത്രമായിരുന്നില്ലേ?
പിന്നെങ്ങനെ ഡോക്ടർ ആവും?" ഇതിനൊക്കെ ചില നിബന്ധനകൾ (അനുഷ്ഠാനങ്ങൾ!! ) നിശ്ചയിച്ചിട്ടുണ്ടല്ലോ."

"അതു ശരി. എന്നാ പിന്നെ ഞാനൊരു ടാക്സി ഡ്രൈവർ ആകാം. അതാകുമ്പോൾ പ്രായോം  ലിംഗോം 
വിദ്യാഭ്യാസോം  ഒന്നും ഒരു പ്രശ്നമല്ലല്ലോ. പൊതുപ്രവർത്തനത്തിന് ഇപ്പൊ പഴേ പോലെ ഫണ്ടൊന്നും കിട്ടുന്നില്ല. അതാ"

"ങ്ഹാ, അത് നോക്കാവുന്നതാണ്. പക്ഷേ  നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ?"

"അതില്ല. പക്ഷേങ്കി  എനിക്ക് വണ്ടി ഓട്ടിക്കാൻ അറിയാം."

"അതുകൊണ്ടു കാര്യമില്ല, വണ്ടി ഓടിക്കണമെങ്കിൽ ലൈസൻസ് വേണം. മാത്രവുമല്ല നിങ്ങളുടെ കണ്ണിൻറെ കാഴ്ചയ്ക്ക് കുഴപ്പമില്ല എന്ന സർട്ടിഫിക്കറ്റും വേണം. അങ്ങനെയൊക്കെയാ അതിൻറെ നിയമങ്ങൾ."

"ലൈസൻസ്  എടുക്കാൻ  മെനക്കെടാനൊന്നും എനിക്ക് പറ്റൂല. കണ്ണിൻറെ ടെസ്റ്റും നടത്തൂല. പക്ഷേ എനിക്ക് ടാക്സി ഓട്ടിക്കണം. അതെൻറെ മൗലികാവകാശമാണ്. ചിരകാലാഭിലാഷവും."

"നടക്കണ വല്ല കാര്യോം പറ..."

"നടക്കില്ല അല്ലേ? ങ്‌ഹും ...    എന്താ അവിടെ ഒരു പ്രസംഗം? 'വിദ്യാരംഭം' എന്നൊക്കെ പറയണുണ്ടല്ലോ. അതാരാ?"
"ഓ, അതൊരു നഗ്നകവിയാണ്. വിദ്യാരംഭത്തിന് കുട്ടികളെക്കൊണ്ട്
ഹ രി ശ്രീ എന്നെഴുതിക്കുന്നതിനു പകരം ഇനിത്തൊട്ട് കു പു ശ്രീ എന്നെഴുതിക്കണമെന്ന് ഉപദേശിക്കുകയാണ്. കാര്യമാക്കണ്ട."


ഹ! അത് കൊള്ളാമല്ലോ! 
ഈ പറയുന്നതിനൊക്കെ ഭയങ്കര അർത്ഥമായിരിക്കുമല്ലേ? കണ്ടിട്ട് പണ്ഡിതനാണെന്നു തോന്നുന്നു...!! 
ഉം...അതേതാ ആ കെട്ടിടം? " 

"അതറിയില്ലേ? അത് സെക്രട്ടറിയേറ്റ്."

"എന്നാപ്പിന്നെ ഞാനൊന്നകത്തുപോയി കണ്ടേച്ചും വന്നോട്ടെ.  ഇന്ന് വിദ്യാരംഭമായാതോണ്ട്  ഇന്ന് തന്നെ കാണണോന്ന് എനിക്ക് ആഗ്രഹോണ്ട്. സെക്രട്ടറിയേറ്റുകളീ പോയി എനിക്ക് എക്സ്പീരിയൻസൊണ്ട്. അഞ്ചാറ് വർഷായിട്ട് ഞാൻ കേറുന്നൊണ്ട്. എനിക്കീ സെക്രട്ടറിയേറ്റിലിരിക്കുന്നവരെയൊക്കെ ഭയങ്കര വിശ്വാസവാ! ഈ യൂണിവേഴ്സിലെ ഇതുപോലുള്ള എല്ലാ ശക്തികളേം എനിക്ക് വിശ്വാസവാ! ഞാനൊന്നു പോയി കണ്ടോട്ട്."

"അവിടേയ്‌ക്കൊന്നും അങ്ങനെയങ്ങോട്ട് തോന്നിയപോലെ കേറിച്ചെല്ലാൻ പറ്റില്ല. അവര് പിടിച്ച് അകത്തിടും. പറഞ്ഞേക്കാം. അവിടെ ചില കർശനനിയമങ്ങളൊക്കെ (നിഷ്ഠകൾ!!) ഇല്ലേ?"

"ഹോ! ഇതാണ്! എൻറെ മൗലികാവകാശത്തിൻറെ ഗതിയെപ്പറ്റി  ഓർക്കുമ്പഴാ എനിക്ക് വെഷമം.  ങ്ഹാ, ഇലക്ഷനൊക്കെ വരികയല്ലേ? ഇത്തവണ എൻറെ മോളെക്കൊണ്ടും വോട്ടു ചെയ്യിപ്പിക്കണം."

"അതിനവൾക്ക് പതിനെട്ട് തികഞ്ഞിട്ടില്ലല്ലോ. പിന്നെങ്ങനാ?"

"അതിപ്പോ വോട്ടവകാശം മൗലികമല്ലേ? അതിനങ്ങനെ പ്രായ, വർണ, ലിംഗ, ജാതിവിവേചനങ്ങൾ പാടൊണ്ടോ?"

"അത് വിവേചനമല്ലല്ലോ . നിയന്ത്രണമല്ലേ? വിവാഹം കഴിക്കാനും ആണിനും പെണ്ണിനും പ്രായം നിശ്ചയിച്ചിട്ടില്ലേ?
 കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കാനും ഉണ്ട് ഒരു പ്രത്യേക പ്രായം. അതൊക്കെ സമൂഹം അതിൻറെയൊരു ക്രമമായ ഗതിയിൽ അച്ചടക്കത്തോടെ പോകാനുള്ള ചട്ടവട്ടങ്ങളല്ലേ?"

"എന്നാ പിന്നെ വേറൊരു കാര്യം ചോദിക്കാം. എൻറെ   പരിചയത്തിൽ ഒരു കുട്ടിയൊണ്ട്. അവൾക്ക്  ഇവിടെ ഹൈ സ്‌കൂളിൽ ഒരു അഡ്മിഷൻ വേണം. സാധിക്കുവോ?"
"ങ്ഹാ, അതു വേണമെങ്കിൽ നോക്കാം. എന്താ കുട്ടീടെ പേര്?"

"സുരേശൻ"

ങ്ഹേ?! പെൺകുട്ടിയാണെന്നല്ലേ പറഞ്ഞത്?"

"അതെ, എന്താ പെൺകുട്ടിയ്ക്ക് സുരേശൻ  എന്ന് പേരിടാൻ പാടില്ലേ? നിങ്ങളൊക്കെ ഏതു കാലത്താ ജീവിക്കണേ ആവൊ?! പെമ്പിള്ളാർക്കായി എന്നും പറഞ്ഞ് ഇവിടുത്തെ സവർണ്ണമാടമ്പിമാർ  മാറ്റിവച്ച കൊറേ  പേരുകളുണ്ട്. തൻറെ കുട്ടിയ്ക്ക് സുകേശിനി എന്ന് പേരിടണമെന്ന് നിർബന്ധിച്ച ഭർത്താവിനെ   എതിർത്തതിനെ ചൊല്ലിയുണ്ടായ പീഡനത്തെ തുടർന്നാണ്  1800 -1814 കാലഘട്ടത്തിൽ ഒരു സ്ത്രീ അവളുടെ മുട്ടറ്റമുള്ള മുടി മുറിച്ച് ആ ഭർത്താവിൻറെ മുഖത്തെറിഞ്ഞത്?!!! ഈ സംഭവത്തിൻറെ ഓർമ്മയ്ക്കായി അവൾ തൻറെ മകൾക്ക്  നിഷ്‍ക്കേശൻ എന്ന് പേരിട്ട ചരിത്രം നമ്മൾ മറക്കരുത്!  ഈ അടിച്ചമർത്തലിനൊക്കെ ഒരു മാറ്റം വരണം. ചൊവ്വേല്  വരെ പെമ്പിള്ളാര് പോയിത്തൊടങ്ങി."

"എന്തോ ആവട്ടെ, ഈ പറഞ്ഞതൊക്കെ   സത്യമാണെങ്കിലും അല്ലെങ്കിലും അത്തരം അനാചാരങ്ങളൊക്കെ പണ്ടേ മഹാന്മാരായ കുറേ സാമൂഹ്യപരിഷ്ക്കർത്താക്കൾ  ഇല്ലാതാക്കിയില്ലേ? അതും പറഞ്ഞ് ഇന്ന് സ്വസ്ഥമായിക്കഴിയുന്ന സമൂഹത്തെ എന്തിനുപദ്രവിക്കുന്നു? ഇക്കഴിഞ്ഞ ദിവസം ഇവിടെ ഇതുപോലൊരു സംഭവമുണ്ടായി. വളരെ മര്യാദക്കാരനായി ആർക്കുംഉപദ്രവമില്ലാതെ ജീവിക്കുന്ന
ഒരു ചെറുപ്പക്കാരൻ  ഇതേ റോഡിലൂടെ
നടന്നുപോകുമ്പോൾ മറ്റൊരാൾ എതിരേ വന്ന് കരണക്കുറ്റിയ്ക്ക് ഒറ്റയടി. കാരണം തിരക്കിയപ്പോൾ അടിച്ചയാൾ പറയുകയാണത്രേ, അയാളുടെ  മുതുമുത്തച്ഛന്മാരുടെ  പിതാമഹന്മാരിൽ ആരോ ഒരാളെ അടികൊണ്ടയാളുടെ മുതുമുത്തച്ഛന്മാരുടെ പിതാമഹന്മാരിലാരോ  ഒരാൾ പീഡിപ്പിച്ച് അടിച്ചമർത്തിയിട്ടുണ്ടെന്ന്! ഏതോ പത്രത്തിൽ വാർത്ത കണ്ടത്രേ!! എന്തുപറയാൻ!! ചരിത്രം പഠിക്കുന്നതും മനസ്സിലാക്കുന്നതും ഒക്കെ നല്ലത് തന്നെ. പക്ഷേ അത് ഒരു രോഗമാവാമോ?"

"എന്നൊക്കെ പറഞ്ഞാ അതൊക്കെ അങ്ങനെ വെറുതേ വിട്ടുകൊടുക്കാൻ പറ്റുവോ? ഭൗതികവാദികളും പ്രതിക്രിയാവാദികളും തമ്മിലുള്ള ഒരു അന്തർധാരയുടെ പ്രശ്നമില്ലേ?  - അതിരിക്കട്ടെ ഞാൻ പറഞ്ഞ ആ പെൺകുട്ടിയ്ക്ക്  ഹൈസ്‌കൂളിൽ അഡ്മിഷൻ മേടിച്ചെടുത്ത്തരാൻ പറ്റുവോ ഇല്ല്യോ?"

"ഉം... നോക്കാം, അവൾക്ക് ഏത് സ്‌കൂളിലാ അഡ്മിഷൻ വേണ്ടത്?"

"ടൗണിലെ ബോയ്സ് ഹൈസ്‌കൂളിൽത്തന്നെ വേണം. അതവൾക്ക് നിർബന്ധമാ. ആണുങ്ങൾക്ക് പോകാവുന്നിടത്തൊക്കെ അവൾക്കും പോണംന്ന് ഒരേ വാശി. അതോണ്ടാ പഠിച്ചോണ്ടിരുന്ന നല്ല ഒന്നാംതരം മിക്സഡ് സ്കൂളീന്ന് ടി സി മേടിച്ച് പോന്നത്. ഈ ലിംഗനീതീടെ ഒരു കെടപ്പേ...! ഏത്? ഈ ആവശ്യം പറഞ്ഞ് അവളാ സ്കൂളീ ചെന്നപ്പോ അവിടുത്തെ പ്രിൻസിപ്പാൾ ഓടിച്ചുവിട്ടു. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികമാണെന്ന്  പറഞ്ഞിട്ട് അയാൾ കേട്ടില്ല. അഹങ്കാരി! പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന പണ്ടത്തെ ഇരുണ്ട കാലഘട്ടത്തിലേക്കാണ് നമ്മൾ പോകുന്നത്, അതനുവദിക്കരുത് എന്ന് കാണിച്ച് അയാൾക്കെതിരെ ഒരു കേസ് കൊടുക്കാൻ ഞാൻ അവളോട് പറഞ്ഞു. കൂട്ടത്തീ ന്യൂനപക്ഷസമുദായാംഗമായ വിദ്യാർത്ഥിനി എന്ന് തന്നെ പെറ്റീഷനിൽ സൂചിപ്പിക്കാൻ പറഞ്ഞിട്ടൊണ്ട് !!"

"അതിനവൾ മിക്സഡ് സ്‌കൂളിൽ തന്നെയല്ലേ നേരത്തേ പഠിച്ചിരുന്നത്? അവിടെ തുല്യനീതിയായിരുന്നില്ലേ ? പിന്നെന്തിനാ ടി സി മേടിച്ചത്?"

"ഛെ! അത് വല്ലോം  നമ്മൾക്ക് ചേർന്ന നവോത്ഥാനമാണോ? നമ്മള് ചോദിക്കാതെതന്നെ അതവിടെ നേരത്തേ  ഒണ്ടായിരുന്നതല്ലേ? അതാർക്ക് വേണം? നമ്മളിങ്ങനെ, അച്ചടക്കമായി നടന്നുവരുന്ന സ്ഥലത്തൊക്കെ കേറിയിറങ്ങി  വളവളവളാന്ന് പറഞ്ഞ് സർവത്ര വെടക്കാക്കണം.
എന്നിട്ടവിടെ  ഇടിച്ചുകേറണം. അപ്പഴേ നമ്മള് നമ്മടെ അവകാശം പിടിച്ചുവാങ്ങീതാന്നൊരു  ഗുമ്മ് കിട്ടത്തൊള്ളൂ...ഏത്?" 

"പക്ഷേ ഇമ്മാതിരി യുക്തിയില്ലാത്ത കേസൊക്കെ കോടതി സ്വീകരിക്കുമോ?"

"അതായിപ്പോ നന്നായേ! കോടതി പഴേ കോടതിയല്ലെൻറെ ചങ്ങാതീ, കോടതി ഞങ്ങടെ മുത്തല്ലേ! അവർക്ക്  ഇപ്പൊ ഇമ്മാതിരി കേസുകളിലാ  കമ്പം. ഭർത്താവുൾപ്പെടെയുള്ള വീട്ടുകാരാരോരുമറിയാതെ, സ്വന്തം കുട്ടികളേം ഓർക്കാതെ  വീടുവിട്ടുപോയി ദിവസങ്ങളോളം ഏതോ  അജ്ഞാതകേന്ദ്രത്തീന്ന് അശരീരി മാത്രം കേൾപ്പിച്ചോണ്ടിരുന്ന ഒരു പെണ്ണ് സർക്കീട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോ വീട്ടുകാരുമായി കശപിശയായ കേസ്സ് കോടതി പുഷ്പം പോലെയല്ലേ വിധി പറഞ്ഞത്! 
സ്‌കൂളുകളിൽ ഇനിമുതൽ ഈശ്വരപ്രാർത്ഥന വേണ്ട, പകരം 'എൻറമ്മേടെ ജിമിക്കിക്കമ്മൽ' പോലെയൊള്ള ശാസ്ത്രാവബോധം നിറഞ്ഞ സംഗതികൾ മാത്രമേ പാടൊള്ളൂ എന്നുപറഞ്ഞ് ആരാണ്ടു കൊടുത്ത കേസ് കോടതി രണ്ടു കൈയും  നീട്ടി മേടിച്ചുവച്ചത്  അറിഞ്ഞില്ലേ ? അപ്പൊ ഞങ്ങടെ ഈ കേസും എടുക്കാതിരിക്കത്തില്ല.   പക്ഷേങ്കി  കേസ് കൊടുക്കുമ്പോ 
ഏതെങ്കിലും വക്കീലന്മാരെക്കൊണ്ട് തന്നെ കൊടുപ്പിക്കണം എന്നാ എല്ലാരും പറയുന്നെ. കേട്ടാൽ ആളുകള് മൂക്കത്ത് വെരല്  വയ്ക്കുന്ന ഇജ്ജാതി
സമയംകൊല്ലിക്കേസുകള്  പോലും നല്ല മണി വച്ച  യുക്തിയുണ്ടെന്ന് തോന്നിപ്പിക്കണ  മാതിരി വാദിച്ച് ആടിനെ പട്ടിയാക്കാൻ തക്ക കഴിവുള്ള  വക്കീലന്മാരു വേണം.  വാദം കഴിയുമ്പോ ആട് പോലും സമ്മതിച്ചുപോകും, താനൊരു പട്ടിയാണെന്ന് മനസ്സിലാക്കിത്തന്ന വക്കീല് കേമൻ തന്നെയെന്ന്!"

"അപ്പൊ ആ പ്രിൻസിപ്പാളിനും അതുപോലെ  വാദിക്കാനറിയാവുന്ന വക്കീലിനെ കിട്ടില്ലേ?"

" ഓ,  അവനെയൊക്കെ കോടതി  സമയമില്ലെന്നു പറഞ്ഞ് ഒതുക്കിക്കോളും. ദേഷ്യം വന്നാ കോടതി മഹാപെശകാ.  ആരുടെയെങ്കിലും പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കി  മുമ്പിലുള്ള  ഫയലൊക്കെ മേശപ്പൊറത്ത് എടുത്തടിച്ച് ശാസിക്കും എന്നാ ടീവീലൊക്കെ കണ്ടത്!"

"നമ്മുടെ നാട്ടിലെ കോടതിയോ?!! അസംബന്ധം പറയരുത്. അങ്ങനെയൊക്കെ വികാരത്തിന് വശംവദനായി പ്രതികരിക്കുന്ന കോടതിയുടെ കയ്യിൽ കൊട്ടുവടി പോലുള്ള ഉപകരണമൊക്കെ  കൊടുക്കുന്ന ആചാരം അപകടമല്ലേ? വാദം കേൾക്കുന്നതിനിടെ പിരിമുറുക്കം കൂടുമ്പോൾ അതെടുത്തെറിയണം എന്നെങ്ങാനും തോന്നിയാലോ?!
നിങ്ങളേതായാലും മനുഷ്യനെ ഉപദ്രവിക്കുന്ന ഇമ്മാതിരി കേസിനൊന്നും പോകണ്ടെന്നാ എൻറെ അഭിപ്രായം."

"അതൊന്നും പറഞ്ഞാ പറ്റത്തില്ല. ഇങ്ങനെ എന്തെങ്കിലുമൊക്കെ എപ്പഴും ചെയ്തോണ്ടിരുന്നില്ലേ  'തുല്യനീതി' വീതിച്ചെടുക്കുമ്പോ ഞങ്ങൾക്കൊന്നും കിട്ടത്തില്ല! ഇപ്പൊത്തന്നെ ഞങ്ങടെ  ആൾക്കാർക്ക്  ഒരു ചുറുചുറുക്കില്ലെന്ന കാരണം പറഞ്ഞ് കൊറേ 'തുല്യനീതി' കിട്ടാൻ ബാക്കിയൊണ്ട്."

"നിങ്ങൾക്ക് തലയ്ക്ക് വട്ടാ! നിങ്ങൾ ആ റോഡിൻറെ നടുക്കൂന്ന് എന്തായാലും ഇങ്ങോട്ട് മാറി നടക്ക്. ഇല്ലെങ്കി ലിംഗനീതി കിട്ടണേന് മുമ്പ് ലോറി കേറി പടമാകും. പറഞ്ഞേക്കാം."

"അതെന്താ? ഞാനിവിടുത്തെ ഒരു പൗരിയല്ലേ? ഇത് പൊതുവഴിയല്ലേ? സഞ്ചാരസ്വാതന്ത്ര്യം എൻറെ മൗലികാവകാശമല്ലേ? ഞാൻ കോടതിയിൽ കേസ് കൊടുക്കും. എന്നോടാ കളി!"

"ങ്ഹാ, അത് വല്ല ശബരിമലേലും പോയി പറഞ്ഞാ നടക്കും. അവിടെയാവുമ്പോ പിന്നെ ആർക്കും എന്തും കാണിക്കാം. നിയമോം ചിട്ടവട്ടങ്ങളും അചാരോം അനുഷ്‌ഠാനോം ഒക്കെ സമ്പൂർണ്ണ നിയമസംരക്ഷണത്തോടെ ലംഘിക്കാവുന്ന ഒരു  വെള്ളരിക്കാപട്ടണമാക്കി വികസിപ്പിച്ചെടുത്തിട്ടുണ്ട് ശബരിമലയെ.  വേഗം അങ്ങോട്ട് വിട്ടോ.
അതാവുമ്പോ സെക്രട്ടറിയേറ്റ്‌പടിക്കേന്ന് പോലീസ് സംരക്ഷണമുള്ള ആംബുലൻസും  അന്നന്നത്തെ  ചെല്ലും ചെലവും എല്ലാം കിട്ടും.

"ആണോ!! എന്നാ ഞാൻ ദേ പോയി! എനിക്കിപ്പൊത്തന്നെ  ഏതെങ്കിലും ഒരു ആചാരം ലംഘിച്ച്  എൻറെ മൗലികാവകാശം സംരക്ഷിക്കണം. എൻറെ പൊന്നുംകുരിശ് മുത്തപ്പാ... അല്ല... ശബരിമല അയ്യപ്പാ!!! അപ്പൊ ശരി..."
                                     -----------------


2 comments:

  1. ഇതായിരിക്കുന്നു ഇന്നത്തെ ആചാരം.
    സംഭവിക്കുന്നത് എന്തെന്ന് അറിയാത്ത ചിന്താ ശക്തി ഇല്ലാത്ത കുറെ ആളുകളും.

    ReplyDelete
    Replies
    1. ഹിന്ദുവിനോടുള്ള വിരോധം മൂത്ത് മൂത്ത് പലർക്കും അതിപ്പോൾ സ്വന്തം രാജ്യത്തിന് തന്നെ എതിരായ ഗറില്ലായുദ്ധമായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ സങ്കടം. ശ്വസിക്കുന്ന വായുവിൽ പോലും രാഷ്ട്രീയപ്പാർട്ടികൾ അവരവരുടെ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്നു. വിദേശരാജ്യങ്ങളിൽ ചെന്നിറങ്ങി തൻറെ രാജ്യത്തിലാകെ അടിമത്തവും അധഃപതനവുമാണെന്ന രീതിയിൽ ഭാരതത്തിനെ നാണം കെടുത്തുന്ന രാഷ്ട്രീയപ്രസംഗം നടത്തി തിരിച്ച് അധികാരത്തിൻറെ മുഷ്ക് കാണിക്കാൻ അതേ രാജ്യത്തിലേക്ക് തന്നെ പോകുക എന്നത് ഇന്ത്യയിലെ ഉത്തരവാദപ്പെട്ട രാഷ്ട്രീയ സാമൂഹിക സ്ഥാനങ്ങൾ വഹിക്കുന്നവർ പോലും പതിവാക്കിയിരിക്കുന്നു. ഇത് മറ്റേതെങ്കിലും രാജ്യത്തിനെതിരെ അവരുടെ പൗരന്മാർ ചെയ്‌താൽ തിരികെചെല്ലുമ്പോൾ അവരെ രാജ്യദ്രോഹത്തിന് തൂക്കിലേറ്റുകയോ തുറുങ്കിലടയ്ക്കുകയോ ചെയ്തിരിക്കും എന്നുറപ്പ്. എന്നാൽ ഈയടുത്തകാലത്തായി നമ്മുടെ ജുഡീഷ്യറിയുടെ പല നിലപാടുകളും വിധികളും ഇന്ത്യയുടെ ധാർമ്മികാന്തരീക്ഷത്തെ
      തകർക്കാനുള്ള നീക്കങ്ങൾക്ക് ആക്കം കൂട്ടുന്നതാണെന്ന തിരിച്ചറിവ് ഭയപ്പെടുത്തുന്നു.

      Delete