Followers

Saturday, October 17, 2015

മുക്കുറ്റി - (നാട്ടുപൂക്കൾ)


മുക്കുറ്റി
ഗൂഗിൾ ചിത്രം


കുഞ്ഞുതെങ്ങെന്ന പോൽ നീളെ മുക്കുറ്റികൾ 
തിങ്ങും തൊടികൾക്കിതെന്തു ചന്തം!
സംയുക്തപത്രങ്ങൾ വൃത്തമൊത്തങ്ങനെ 
ഭൂമിമേൽ  പച്ചക്കുടകണക്കേ 

അക്കുടയ്ക്കുള്ളിൽനിന്നെത്തി നോക്കീടുന്നു 
കുഞ്ഞുമഞ്ഞപ്പൂക്കളിമ്പമോടെ 
ശാലീനഗ്രാമീണദേവത തന്നുടെ 
നാസികതന്നിൽ മൂക്കുത്തി പോലെ!

നിലവിട്ടുപൊങ്ങിടാത്തെങ്ങു പോലുള്ളതി-
നാൽ 'നിലംതെങ്ങെ'ന്നുമുണ്ടൊരു പേർ 
ഔഷധപൂരിതപുഷ്പദശങ്ങളി-
ലൊന്നിവളഞ്ചിതൾപ്പൂവുള്ളവള്‍ 

ഇദ്ദശപുഷ്പമണിഞ്ഞു തരുണിക-
ളുല്ലസിക്കും തിരുവാതിരനാൾ 
കർക്കിടകപ്പഞ്ഞമാസത്തിലും മുടി-
ച്ചാർത്തിലായ് ചൂടുമൈശ്വര്യത്തിനായ്  

ചിങ്ങത്തിൽ മാബലിത്തമ്പുരാനെയെതി-
രേൽക്കുവാൻ മുന്നിൽച്ചിരിച്ചുനിൽക്കും
കേരളമണ്ണിന്‍റെയോമനയായവൾ 
മാമാലനാടിൻ തനിമയിവൾ 

താഴ്മയോടെന്നുമീ ഭൂമിയിൽ ചേർന്നുനി-
ന്നീടുന്ന മുക്കുറ്റിയെത്ര ധന്യ!  
ആയുസ്സിവൾക്കൊരു വർഷം തികച്ചുമി-
ല്ലെങ്കിലുമാദരവുറ്റ  ജന്മം!

4 comments:

  1. മുക്കുറ്റിയെ തെങ്ങിനോട് ഉപമിക്കാം അല്ലേ. തെങ്ങിന്റെ മിനിയേച്ചര്‍ തന്നെയാണല്ലോ കാഴ്ചയില്‍

    ReplyDelete
  2. നന്നായിട്ടുണ്ട് കവിത
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  3. നിലംതെങ്ങെന്ന് മുക്കൂറ്റിക്ക് പേരുണ്ടായിരുന്നോ???

    നന്നായിരിക്കുന്നു...

    ReplyDelete
  4. കവിത കൊള്ളാം.

    ReplyDelete