Followers

Thursday, September 24, 2015

ചരിത്രാവശേഷം

ചരിത്രം വിചിത്രമേതേതു  സത്യമീ 
തലമുറകൾക്കു പകർന്നു നൽകാൻ ?

പുസ്തകത്താൾ വരികൾക്കിടയിൽ
ശബ്ദമില്ലാതൊളിക്കുന്നുവോ ചരിത്രം?

ഒരു നാളിരുണ്ടു വെളുത്തിടും നേരം 
പൊയ്യായിടാമറിഞ്ഞ  ചരിത്രമെല്ലാം! 

കർമ്മ പർവ്വമഴിഞ്ഞു  കഥാവശേഷരായ് 
ധർമ്മമറിഞ്ഞു വാണ കോടി മഹാരഥർ 

പിന്നൊരു നാളിലോ കേൾപ്പൂ, പാപികൾ,
ഇവരല്ലോ പൈതൃക കുലം മുടിച്ചവർ !

ആരാരു യുദ്ധം ചെയ്തവരാർ ജയിച്ചവർ 
വീറോടെ മണ്ണിനെ കാത്തു പിടിച്ചവർ  ?

ചതിയാരു ചെയ്തവരാരിരയായവർ 
കഥകളൊന്നൊന്നായ്‌ നീ കഥയ കാലമേ!

കാലമെത്ര കളഞ്ഞുവിക്കാലമത്രയും 
ഇക്കാണായ  ചരിത്രമോർത്തു വക്കുവാൻ!

ഇക്കാലഗതിയൊന്നു പിന്നോട്ടു പായുകി-
ലറിഞ്ഞു വരാമതു  സത്യമസത്യഭേദം ! 

ഇന്നീ നിമിഷമൊരു ചരിത്രമായിടും നാളെ, 
പോരുമെത്ര പേരതിൽ പൊയ് കലക്കുവാൻ?

കളവു  താൻ  മുഖമുദ്രയിക്കാലഘട്ടത്തി-
ലറിയാ ചരിത്ര വഴികളേ നേർ നയിക്ക നീ

നിജമായുള്ള കഥയറിയുവാനുള്ള വ്യഥയി-
ലലയുമിനിയും ചരിത്രമെഴുതും ഭഗീരഥർ  

ആർ  കുറിക്കുന്നുവാർ തിരുത്തുന്നൂ ചരിത്രം? 
തൃക്കണ്ണേ! തൃകാല ജ്ഞാനിയാകാമിനി !



7 comments:

  1. സത്യം ചിലപ്പോൾ മിഥ്യയാകുന്നു മിഥ്യ സത്യമാകുന്നു ചരിത്രം . നാം പഠിച്ചു വന്ന ചരിത്രങ്ങളിൽ ചിലത് മാറ്റിപ്പറയുന്നു.
    കവിത അർത്ഥവത്തായി പറഞ്ഞിരിക്കുന്നു. ആശംസകൾ

    ReplyDelete
  2. സത്യം!
    ചരിത്രാവശേഷം!!!
    തൃക്കണ്ണേ!തൃ കാല ജ്ഞാനിയാകാമിനി!!
    ശക്തമായ വരികള്‍ ടീച്ചര്‍.
    ആശംസകള്‍

    ReplyDelete
  3. ഈ നല്ല കവിതകളും ഒരു ചരിത്ര ഭാഗമാകട്ടെ നാളെ... എന്റെ ആശംസകൾ...

    ReplyDelete
  4. ചരിത്രം പലപ്പോഴായി പലതും അടിച്ചേൽപ്പിക്കുന്നു.
    നല്ല വരികള്‍... ആശംസകള്‍

    ReplyDelete
  5. ഈ എഴുത്തും ഒരു ചരിത്രമാകാം. പോളിച്ചെഴുത്തുകളിൽ ചരിത്രം മാറി മറിയുന്നു. നല്ല കവിത.

    ReplyDelete