വര - ഗിരിജ നവനീത് |
നിൻ തിരുനടയിൽ നിൽക്കുമ്പോൾ
തൊഴുകൈ കൂപ്പി വണങ്ങുമ്പോൾ
എന്തേയിങ്ങനെ ഭഗവാനേയെൻ
മിഴികൾ രണ്ടും നിറയുന്നു?!
അഴലിൻ നിഴലുകളുള്ളത്തിൽ
നിൻ കൃപയാലിന്നില്ലൊട്ടും,
പിന്നെയുമെന്തെൻ മിഴിനീരാൽ
മറയുന്നിതു തവമുഖപദ്മം?
പലനാൾകൂടി കണ്ടിട്ടോ? നിൻ
പരിഭവവചനം കേട്ടിട്ടോ?
ഓടക്കുഴൽവിളിനാദത്തിൽ
വിരഹത്തിൻ ശ്രുതി ചേർന്നിട്ടോ?
എഴുതിരി തീർക്കും കതിരൊളിതൻ
തീഷ്ണതയാൽ മുറിവേറ്റിട്ടോ ?
കഴലിണ കഴുകിയ തീർത്ഥത്താലെൻ
കണ്ണിൻ പീലി നനഞ്ഞിട്ടോ?
കർപ്പൂരത്തിൻ ധൂപച്ചുരുളെൻ
കണ്കളെരിക്കുന്നതിനാലോ ?
ഹരിനാമത്താൽ മുഖരിതമെന്നുടെ
ചിത്തം വിങ്ങുന്നതിനാലോ ?
ശിരസ്സു നമിക്കും പൊൻപടി മേൽ
നിൻ പാദം കണ്ടതിനാലോ !
നടയിലെ മണ്ണിൻതരി കണ്ണിൽ
പുണ്യംപോൽ പെട്ടതിനാലോ?
നിൻ മേഘച്ചുരുൾമുടിയിൽ നി-
ന്നെൻ മിഴിയിൽ മഴ പെയ്തിട്ടോ?
നിറുകിൽ പീലികളാടുമ്പോൾ
*ജരനെയ്തോരമ്പോർത്തിട്ടോ?
എരകപ്പുൽമുനയാലങ്ങെൻ
ദർപ്പമൊടിക്കുന്നതിനാലോ?
അണ മുറിയാതൊഴുകുന്നുണ്ടെൻ
മിഴിയും മനവും ഒരുപോലെ !
കലരും ഭക്തിക്കടലിൻ നിൻ
കരുണാമയമാം തിരുരൂപം
അവതാരപ്പൊരുളുൾക്കൊള്ളാൻ
കഴിയാഞ്ഞെൻ മിഴി കവിയുന്നു !!
*(യാദവകുലത്തിന്റെ അന്ത്യത്തിൽ ജരൻ എന്ന വേടനാണു ശ്രീകൃഷ്ണന്റെ പാദം കണ്ടിട്ടു മാനായി തെറ്റിദ്ധരിച്ച് അമ്പെയ്തത് എന്ന് പുരാണങ്ങളിൽ പറയുന്നു.)
*(യാദവകുലത്തിന്റെ അന്ത്യത്തിൽ ജരൻ എന്ന വേടനാണു ശ്രീകൃഷ്ണന്റെ പാദം കണ്ടിട്ടു മാനായി തെറ്റിദ്ധരിച്ച് അമ്പെയ്തത് എന്ന് പുരാണങ്ങളിൽ പറയുന്നു.)