പരമ്പരാഗതങ്ങളായ ആത്മീയചര്യകളിലൂടെയും ഭാരതീയരായ പൂർവ്വമനീഷികൾ വിഭാവനം ചെയ്തുതന്നിട്ടുള്ള വിവിധങ്ങളായ ആരാധനാപദ്ധതികളിലൂടെയും മനഃശാന്തിയും സന്തോഷവും ഉള്ളതും അത്യാഗ്രഹങ്ങൾ ഇല്ലാത്തതുമായ ധാർമ്മികജീവിതം നയിക്കുന്ന ഒരു വലിയ ജനസമൂഹത്തിനോടുള്ള വെറുപ്പ് പ്രകടമാകുംവിധം തൻ്റെ എല്ലില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്നു ധരിച്ചിട്ടുള്ള സംസ്ഥാനനിയമസഭാസ്പീക്കറായ എ. എം. ഷംസീറിൻ്റെയും അയാളെ പിന്തുണയ്ക്കുന്നവരുടെയും അധിക്ഷേപകരമായ പ്രസ്താവനകളോട് തികഞ്ഞ അവജ്ഞയും രോഷവും രേഖപ്പെടുത്തുന്നു.
ഒപ്പം എന്താണു ഗണപതിതത്ത്വത്തിൻ്റെ അന്തരാർത്ഥം എന്ന് ഇതേക്കുറിച്ച് ആധികാരികമായ അറിവുള്ള ആചാര്യന്മാരുടെ വാക്കുകളിലൂടെയും എൻ്റെ പരിമിതമായ സ്വാദ്ധ്യായ,മനന,അനുഭവങ്ങളിലൂടെയും മനസ്സിലാക്കിയിട്ടുള്ള പരിമിതമായ ബോദ്ധ്യങ്ങൾ ഇവിടെ എനിയ്ക്കറിയാവുന്ന ഭാഷയിൽ താല്പര്യമുള്ളവർക്കു വായിക്കാനായി പങ്കു വയ്ക്കുന്നു.
പ്രാരംഭപ്രാർത്ഥന
തത്ത്വം പഠിക്കുവാൻ സത്വമതികൾക്കു
വ്യക്തമാം ലിംഗങ്ങളുണ്ടതിയുത്തമം
കേവലം മൂർഖത്വവുമസത് ഭാഷണ -
വാസനയും നശിച്ചർത്ഥം ഗ്രഹിക്കുവാൻ,
സങ്കല്പശുദ്ധി കൈവന്നീടുവാനുള്ള
കാലവിളംബവിഘ്നങ്ങളെ നീക്കുവാൻ
സത്തിനെ "മിത്തെ"ന്നികഴ്ത്തുന്നവറ്റകൾ-
ക്കത്തലും നീങ്ങിയിട്ടുള്ളം തെളിയുവാൻ
വക്രതുണ്ഡമഹാകായൻ തുണയ്ക്കണം!
ബുദ്ധിതൻ വക്രതയൊക്കെയും നീക്കണം!
ആയതിനോംകാരമൂർത്തിയെ ധ്യാനിച്ചു
പത്തി കുനിച്ചു വണങ്ങണമാദ്യമേ!
തത്ത്വസംഗ്രഹം
പക്ഷപാതിത്തമില്ലമ്മയ്ക്കു മക്കൾത-
ന്നാൾത്തലതന്നിലുമാനത്തലയിലും!
ഉത്തമന്മാരിലുമുത്തമരാകുവാൻ
ബന്ധമില്ലാകൃതിയെന്തെന്നിരിക്കിലും!
മർത്ത്യശിരസ്സുപോയ്, ശേഷം ലഭിച്ചൊരു
സത്ത്വരജസ്തമസ്സറ്റ കരിമുഖം,
മർത്ത്യൻ ത്രിഗുണങ്ങളെ ജയിച്ചീടുകെ-
ന്നുള്ളൊരു തത്ത്വമരുളും ഗജാനനം!
ഹസ്തിതൻ മസ്തകം ബുദ്ധിതൻ വൈഭവം
വ്യക്തമാക്കീടുന്ന ലിംഗാർത്ഥസൂചകം.
വിത്തിബ്രഹ്‌മാകാരമായിരിക്കുന്ന സത്-
ചിത്തസ്വരൂപൻ, ദ്വിജൻ, പ്രണവാത്മകൻ!
ഭക്തർ വിളിക്കവേ വിഘ്‌നമകറ്റുവാ-
നെത്തും ചെവിയാട്ടി ശീഘ്രം ഗണേശ്വരൻ!
ശ്രോത്രങ്ങൾതൻ ധർമ്മമാകുന്നതുത്തമ-
ശ്രദ്ധയെന്നോതിടുന്നാനച്ചെവികളാൽ
ഏറ്റം വിശാലമാം കർണ്ണങ്ങൾ വേണമീ
നാനാജഗത്തിൽനിന്നും പുറപ്പെട്ടിടും
ഭദ്രമാം ശബ്ദങ്ങളൊക്കെ ശ്രവിക്കുവാ-
നെന്നുള്ള സൂക്ഷ്മമമാർത്ഥം ഗ്രഹിക്കുവിൻ!
ഭദ്രമല്ലാത്തതാം മൂർഖോക്തികൾ സദാ
ത്യക്തങ്ങളെന്നതുമൊപ്പമറിയണം.
ക്ഷിപ്രവരപ്രദൻ താൻ പ്രസാദിക്കണം
വിത്തും പതിരും തിരിച്ചറിഞ്ഞീടുവാൻ!
ബാഹ്യവിഷയങ്ങളെ വിവേകത്തോടെ
ഘ്രാണിച്ചവലോകനം ചെയ്തറിയുവാൻ
പ്രജ്ഞ വളർന്നവർന്നവർക്കാപത്തകന്നുപോ-
മെന്നു സൂചിപ്പിക്കുമാ വളർനാസിക!
എന്തും മണത്തറിയാനുള്ള വിത്തിയെ-
ക്കാട്ടുന്നു തുമ്പിക്കരത്താൽ ഗണേശ്വരൻ,
വക്രസ്ഥാനത്തൊളിപ്പിച്ച വിപത്തുമാ
വക്രതുണ്ഡംകൊണ്ടു നീക്കുമയത്നമായ്!
കാഴ്ചകൾക്കപ്പുറം കാണേണ്ട കാഴ്ചയാ-
മുൾക്കാഴ്ചയെക്കുറിച്ചീടുന്ന ദൃക്കുകൾ
ഏറ്റവും സൂക്ഷ്മതരമായിരിക്കണം
തന്മാത്രയെയും തുളച്ചകത്തെത്തുവാൻ
നാനാസുഖദുഃഖഭോജ്യങ്ങളും സമം
സ്വീകരിക്കും മഹാകുക്ഷിയെക്കാണുവിൻ!
ലംബോദരംകൊണ്ടു നന്നായ് ദഹിപ്പിച്ചു
സത്തെടുത്താഹാരിക്കുന്നാത്മഭോജനം!
കൊമ്പൊന്നൊടിഞ്ഞുപോയൊപ്പം വികല്പവും,
ശേഷിച്ച കൊമ്പിലുണ്ടദ്വൈതദർശനം!
മൂഷികനോ! പെരുംകായൻ്റെ വാഹനം?!
നിന്ദയോടെച്ചിരിക്കുന്നുവജ്ഞാനികൾ...
ആശയാകുന്നിതു മൂഷികനെന്നതു-
മാശയ്ക്കു വേണം നിയന്ത്രണമെന്നതും-
കാട്ടിത്തരും വിഘ്‌നേശ്വരൻ്റെ കാൽക്കീഴി-
ലിരിക്കുന്ന പൂർണ്ണവിധേയനാം മൂഷികൻ!
ആശകൾ കൊണ്ടു ചലിക്കുന്ന ജീവിത-
വാഹനമേറിപ്പറക്കുമ്പൊഴൊക്കെയും
വേണമതിൻ കടിഞ്ഞാൺ സദാ നമ്മുടെ
കൈപ്പിടിയ്ക്കുള്ളി,ലാ വ്യംഗ്യമറിയണം!
കീർത്തനനാമപ്രിയൻ ക്ഷിപ്രസന്തുഷ്ട-
നർത്തനവാദ്യാദിസത്ക്കലാവല്ലഭൻ
ഭൂതഗണനായകൻ, ശിവപാർവ്വതീ-
പുത്രൻ മഹാതത്ത്വവാഹകൻ വാഴുക!
നിര്‍ണ്ണയം
ഈ വിധം ഭക്തിയും യുക്തിയും ബുദ്ധിയും
ഋദ്ധിയും സിദ്ധിയും ജ്ഞാനവും മുക്തിയു-
മൊന്നിച്ചുചേരുന്ന സമ്പൂർണ്ണവിഗ്രഹ-
തത്ത്വങ്ങളെത്തന്നുപോയ ഋഷീശ്വര-
ശ്രേഷ്ഠരനേകം യുഗങ്ങൾ തപം ചെയ്ത-
റിഞ്ഞു വിഭാവനം ചെയ്ത ശാസ്ത്രങ്ങളെ
ഖണ്ഡിച്ചിടാനുള്ള യോഗ്യതയിന്നലെ
പ്പെയ്ത മഴയ്ക്കു കുരുത്തവർക്കെന്തെടോ?!
എത്രയും ദ്വന്ദ്വങ്ങളെത്രയും ഭിന്നങ്ങ-
ളത്രയുമത്രയും സൂക്ഷ്മതതത്ത്വങ്ങളും!
നിർമ്മലഭക്തിയന്യേയില്ലുപാധികൾ
തത്ത്വബോധംകൊണ്ടു സത്തമരാകുവാൻ.
ശാസ്ത്രമൊന്നെങ്കിലും നിത്യസ്വാദ്ധ്യായവും
ചെയ്‌തതിൻ സോമരസാമൃതസാരവു-
മുള്ളിൽത്തെളിയുവാൻ കർമ്മം തുണയ്ക്കണം,
ഭക്തിയും നിർമ്മലചിത്തവുമൊക്കണം.
മംഗളം
സംസ്ഥാനശ്രീകോവിൽ തന്നുച്ചഭാഷിണി-
'മിത്തായി' മാറാതിരിക്കുവാൻ നല്ലൊരു
നാളികേരമുടച്ചീടുവാൻ ശ്രീപഴ-
വങ്ങാടിനാഥൻ തുണയ്‌ക്കട്ടെ സന്തതം!!